22 Sept 2013

അത്തച്ചമയം - ഒരു ചരിത്രമാമാങ്കം


ഡോ.അംബികാ എ.നായർ

കേരളത്തിന്റെ ചരിത്രവഴിയിലെ കൗതുകമുണർത്തുന്ന കാഴ്ചയാണ്‌ തൃപ്പൂണിത്തുറയിലെ അത്തച്ചമയം.  ഇത്‌ തൃപ്പൂണിത്തുറയുടെ ചരിത്രഭൂപടത്തിലെ മതസൗഹാർദ്ദത്തിന്റെ രേഖയാണ്‌.  ദേശീയോത്സവമായ തിരുവോണത്തിനു മുന്നോടിയായി ചിങ്ങമാസത്തിലെ അത്തംനാളിൽ കൊച്ചീരാജാവ്‌ സർവ്വാഭരണവിഭൂഷിതനായും സർവ്വസൈന്യസമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന ചരിത്രസംഭവമാണ്‌ രാജഭരണകാലത്തെ അത്തച്ചമയം.  തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടെയും ചരിത്രകാലഘട്ടത്തിൽ രാജാക്കന്മാർ ചിങ്ങത്തിലെ അത്തം നാൾ നാനാ ജാതിമതസ്ഥരായ നാട്ടുപ്രാണികൾക്കൊപ്പം തിങ്ങിനിറഞ്ഞ സമസ്തജനവിഭാഗങ്ങളുടേയും നടുവിലൂടെ ചമഞ്ഞൊരുങ്ങി എഴുന്നെള്ളുന്ന മഹാഘോഷയാത്രയാണിത്‌.  ഇതിന്റെ ഐതിഹ്യം ഇന്നും സന്ദേഹമായി നിലകൊള്ളുന്നു.
    കേരളോൽപ്പത്തി, ചന്ദ്രോത്സവം തുടങ്ങിയവയിൽ ചമയത്തെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌.  ചോള-കേരളയുദ്ധത്തിൽ കൊല്ലത്തുനിന്ന്‌ ചോളന്മാരെ കേരളീയരെല്ലാം ചേർന്ന്‌ പുറത്താക്കിയതിന്റെ വിജയസ്മാരകമായി നടത്തിവന്നിരുന്ന ആഘോഷമായിരിക്കും അത്തച്ചമയമെന്ന്‌ ഒരു വാദഗതിയുണ്ട്‌.  രാമേശ്വരം ക്ഷേത്രത്തിലെ ശിലാരേഖയിൽ ഈ യുദ്ധപരാമർശമുണ്ട്‌.   ആധുനിക കൊച്ചിയുടെ അടിത്തറ പാകിയ ശക്തൻ തമ്പുരാന്റെ കാലത്ത്‌ തൃശൂരിലും, സാമൂതിരി രാജാവിന്റെ കാലത്ത്‌ കോഴിക്കോട്ടും അത്തച്ചമയത്തിന്റെ ചരിത്രം പരാമർശവിഷയമായുണ്ട്‌.  കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനം കൊച്ചിയിലായിരുന്നപ്പോഴും അവിടെയും ചരിത്രത്തിൽ സൂചിതമാന്നുണ്ട്‌.  പല കഥകളും ഐതിഹ്യങ്ങളും ഈ ഉത്സവത്തിന്റെ പിന്നിൽ അണിനിരക്കുന്നു.
    കൊച്ചി രാജ്യത്തിന്റെ തലസ്ഥാനനഗരിയായിരുന്ന തൃപ്പൂണിത്തുറയിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവം കാണുന്നതിനുള്ള രാജാവിന്റെ ചമയപ്പുറപ്പാടായിരുന്നു അത്തച്ചമയം എന്നുപറയുന്നുണ്ട്‌.  രണ്ടാം ചേര സാമ്രാജ്യത്തിന്റെ അവസാനത്തെ ചക്രവർത്തിയായ രാമവർമ്മ പിൻതുടർച്ചാവകാശിയില്ലാത്തതുകൊണ്ട്‌ കേരളം അൻപത്തിയാറ്‌ രാജാക്കന്മാർക്കായി പകുത്തുകൊടുത്തു.  അവരുടെയെല്ലാം കുടുംബ പരദേവത തൃക്കാക്കരയപ്പനായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനമായ ക്ഷേത്രമായിരുന്നു തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.  മതിലകത്തിനു പതിമൂന്ന്‌ ഏക്കർ വിസ്താരവും എട്ട്‌ ഏക്കർ വിസ്താരമുള്ള കുളവും അവിടെയുണ്ടായിരുന്നു.  വിഷ്ണുണുഭഗവാന്റെ തൃക്കാൽവെച്ച കര- തൃക്കാൽക്കരയും പിന്നീട്‌ തൃക്കാക്കരയുമായി മാറി. അൻപത്തിയാറ്‌ രാജാക്കന്മാർ ചേർന്ന്‌ തിരുവോണം ഉൽസവവും രണ്ടുരാജാക്കന്മാർ ചേർന്ന്‌ ഒരു അഹസ്സും നടത്തിയിരുന്നു.  അതിൽ അത്തം നാളിലെ ഉത്സവം നടത്തിയിരുന്നത്‌ കൊച്ചിയിലെ മഹാരാജാവും സാമൂതിരിയും ചേർന്നായിരുന്നു.  ഈ ഉത്സവത്തിനായുള്ള ഘോഷയാത്രയാണ്‌ അത്തംഘോഷയാത്ര.  പിന്നീട്‌ ക്ഷേത്രഭരണം ഇടപ്പള്ളി രാജാവിന്റെ കീഴിൽ വന്നതിനുശേഷം യാത്ര തൃക്കാക്കരയ്ക്കു പോകാറില്ല.  കോട്ടക്കകം ചുറ്റി രാജാവ്‌ താമസിക്കുന്ന സ്ഥലത്തേക്ക്‌ തിരിച്ചുപോവുകയാണ്‌ പതിവ്‌.
    അത്തച്ചമയത്തിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച്‌ പലകഥകളുണ്ട്‌. കോഴിക്കോടുമായുള്ള ചിരന്തര വൈരത്തിന്റെ ഭാഗമായി നടന്നിട്ടുള്ള നിരവധി യുദ്ധങ്ങളിലൊന്നിൽ കൊച്ചിയുടെ ഭാഗമായിരുന്ന വന്നേരി പ്രദേശം നഷ്ടമായത്‌ തിരിച്ചുപിടിക്കാൻ നടത്തിയ പടനീക്കയാത്രയുടെ അനുസ്മരണമാണ്‌ അത്തച്ചമയം എന്നൊരുപക്ഷം
അത്തം യാത്രയുടെ മുൻനിരയിൽ വന്നേരി തിരിച്ചുപിടക്കാതെ രാജാധികാര ചിഹ്നമായ കിരീടം ധരിക്കുകയില്ലെന്ന ഉഗ്രശപഥത്തോടെ കിരീടം മടിയിൽവെച്ച്‌ പല്ലക്കിലിരിക്കുന്ന  കൊച്ചിമഹാരാജാവ്‌ ആ ദുരന്തസ്മൃതിയുടെ പ്രതീകം കൂടായാണ്‌ എന്നഭിപ്രായമുണ്ടെങ്കിലും അത്തരമൊരു മഹാനഷ്ടത്തിന്റെ കഥ അത്തച്ചമയം പറയുന്നില്ല.  രാജ്യത്തിന്റെ സൈനിക ശക്തിപ്രകടനമായിരുന്നു എന്നും കൊച്ചിയും വടക്കും കൂറുമായുണ്ടായ യുദ്ധത്തിൽ കൊച്ചിരാജാവ്‌ ജയിച്ചതിന്റെ ഓർമ്മ നിലനിർത്താനാണ്‌ ഇതെന്നും പറയപ്പെടുന്നു.

പത്തൊൻപതാം  നൂറ്റാണ്ടിൽ നിളാനദിയുടെ തീരത്തു നടന്ന മാമാങ്കം പോലെ കേരള ചരിത്രത്തിൽ ഇടം നേടിയ അത്തച്ചമയം 'ദേശമറിയിക്കൽ' ചടങ്ങോടെയാണ്‌ ആരംഭിച്ചിരുന്നത്‌. അത്തം നാളിന്‌ മൂന്ന്‌ നാൾ മുമ്പ്‌ (മകം) പോങ്ങന്മാർ (പല്ലക്കു ചുമക്കുന്നവർ) ആനപ്പുറത്തു നിന്ന്‌ വലിയ 'നകാരം' (ഒരുരുതരം ചെണ്ട) മുഴക്കി  അത്തച്ചമയത്തിന്റെ രാജവിളംബരം പ്രധാനവീഥികളിൽ വായിച്ചറിയിക്കുന്നു. അത്തം നാൾ രാജാവ്‌ പൂജാകാര്യങ്ങൾക്കു ശേഷം മിന്നുന്ന വേഷവിധാനങ്ങോടുകൂടി ഇളയരാജാക്കന്മാരുടെ അകമ്പടിയോടെ സിംഹാസനാരൂഢനാകുന്നു.  വീരാളിപ്പട്ടുടുപ്പുകളും തങ്കത്തലപ്പാവും എല്ലാം അണിയിക്കുന്നത്‌ തിരുമുൽപ്പാടന്മാരും നമ്പൂതിരിമാരും സേവകന്മാരും ആണ്‌.  അതിനുശേഷം ഉടവാൾ എടുത്ത്‌ കൈയിൽ കൊടുക്കുന്നു.  പിന്നീട്‌ അതിഥികളായ പ്രഭുക്കന്മാർ മുഖംകാണിക്കുന്നു. ആദ്യമായി രാജാവിനെ മുഖം കാണിക്കുന്നതിനുള്ള അവകാശം കക്കാട്ടു കാരണവപ്പാടിനാണ്‌.  അത്തച്ചമയം കഴിഞ്ഞാൽ അദ്ദേഹത്തിന്‌ ഓണപ്പുടവയുണ്ട്‌.  ഈ സമയം 'നെട്ടൂർ തങ്ങൾ' പരിവാരങ്ങളുമായെത്തി കുറുകുഴൽ വായിക്കും. തുടർന്ന്‌ രാജാവ്‌ കിരീടം മടിയിൽ വെക്കും.  ചമയത്തിന്റെനു സാക്ഷ്യം വഹിക്കാൻ 'കരിങ്ങാച്ചിറ കത്തനാരും' രാവിലെ തന്നെ എത്തുമായിരുന്നു.  ചെപ്പും കയറും രാജാവിനു നൽകാൻ വേണ്ടി 'ചെമ്പിലരയൻ' വഞ്ചിയിലെത്തും.  നടമേൽ പള്ളിയിൽ നിന്ന്‌ ശർക്കര തട്ടവും കാഴ്ചയായെത്തും. ആന, അമ്പാരി, മുത്തുക്കുട, കാലാൾപ്പട, കുതിരപ്പട, കുതിരപ്പടയാളികൾ, പോലീസ്‌, പട്ടാളം ഉദ്യോഗസ്ഥപ്രമാണിമാർ, നെട്ടൂർതങ്ങളുടെ നേതൃത്വത്തിൽ മുസ്ലീംകൾ എന്നിവരുടെ അകമ്പടിയോടെ രാജാവ്‌ ആനക്കൊമ്പുകൊണ്ടുള്ള പല്ലക്കിൽ നാടുകാണാൻ എഴുന്നള്ളുന്നു.

    പീരങ്കിവെടികൾ ചമയത്തിന്‌ മുഖ്യയിനമാണ്‌.  തലയിൽ പട്ടുറുമാലും കൈയിൽ ഓരോ വടിയുമായി തണ്ടാന്മാരും പ്രത്യേക വേഷവിധാനങ്ങളോടും ചിലവാദ്യങ്ങളോടും കൂടി മുസ്ലീംകളും നേരത്തെ എത്തും.  തണ്ടാന്മാർ കോട്ടക്കകത്ത്‌ പ്രവേശിക്കാറില്ല എന്നും രേഖകളിൽ കാണാം. ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത്‌ ജാതിമതഭേദമന്യേ ഈ ദിവസം എല്ലാവർക്കും കൊട്ടാരത്തിൽ പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നു.  രാജകുകുടുംബാംഗങ്ങൾ ഇതിൽ പങ്കെടുത്തിരുന്നില്ല. ജനങ്ങൾക്ക്‌ സദ്യയും പുത്തനും നൽകിയിരുന്നു. ഘോഷയാത്രയ്ക്കുശേഷം പൊന്നുതമ്പുരാന്റെ അമൃതേത്തും (ചേർത്തു തുന്നിക്കെട്ടിയ വലിയ നാക്കിലയിൽ അറുപത്തിനാല്‌ കൂട്ടം വിഭവങ്ങൾ) അതുകഴിഞ്ഞ്‌ എച്ചിലെടുപ്പും വലിയ ചടങ്ങായിരുന്നു. പട്ടോലമേനോൻ എന്ന ഉദ്യോഗസ്ഥൻ ഓലക്കെട്ടു നോക്കി സ്ഥാനികളുടെ പേരുവിളിക്കുമ്പോൾ ഓരോരുത്തരും വന്ന്‌ തൊഴുതു പുത്തൻ വാങ്ങി പോകും. (വാഴയില വാട്ടി നൂൽകൊണ്ടുകെട്ടിയ പൊതിയാണ്‌ പുത്തൻ). ഏറെ ആകർഷവും പങ്കാളിത്തവുമുള്ള ഒന്നായി അത്തച്ചമയം മാറിയത്‌ ചൊവ്വരയിൽ രാമവർമ്മ രാജാവിന്റെ കാലത്താണ്‌.  പരീക്ഷിത്തു തമ്പുരാന്റെ കാലമായപ്പോഴേക്കും പല്ലക്ക്‌ ചുമക്കുന്ന രീതി നിർത്തലാക്കി പല്ലക്ക്‌ സാമാനം അലങ്കരിച്ച ഒരു വാഹനത്തിലാക്കി എഴുന്നള്ളത്ത്‌.  1949 ൽ പരീക്ഷിത്ത്‌ മഹാരാജാവ്‌ എഴുന്നെള്ളിയ ചടങ്ങായിരുന്നു അവസാനത്തെ രാജകീയ അത്തച്ചമയം.  തുടർന്ന്‌ തിരുകൊച്ചി സംയോജനവും 1956 ൽ കേരളപ്പിറവിയും പിന്നിട്ടു നാലുവർഷം കഴിഞ്ഞതിനുനുശേഷമാണ്‌ 1961 ൽ ജനകീയ അത്തച്ചമയം ആരംഭിച്ചതു.  1979നു നുശേഷം ഇത്‌ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഏറ്റെടുത്ത്‌ നടത്തിവരുന്നു. ഹിൽപാലസിന്‌ പകരം തൃപ്പൂണിത്തുറ ബോയ്സ്‌ ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തം നഗറിലെത്തുന്നതാണ്‌ ഇന്നത്തെ അത്തച്ചമയം.

    ഗതകാല പ്രൗഢി വിളിച്ചോതുന്ന ഈ ഉത്സവം സർവ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ്‌.  മതനിരപേക്ഷമായ ഈ ആഘോഷത്തെ അർത്ഥസമ്പുഷ്ടിയുള്ള വേറിട്ട ഒന്നാക്കി മാറ്റുന്നത്‌ രാജകീയസ്മൃതികളുമായി അതിനുള്ള അഭേദ്യബന്ധം തന്നെ.  കാലത്തിന്റെ രൂപഭാവങ്ങൾ അത്തച്ചമയത്തെ ബാധിച്ചിട്ടുണ്ട്‌.  ഇന്ന്‌ കൂടുതൽ ജനകീയമാണീ ഉത്സവം.  ആബാലവൃദ്ധം അണിനിരക്കുന്ന ഈ ഘോഷയാത്ര വർണ്ണശബളതകൊണ്ട്‌ ഏറെ മാറിയിരിക്കുന്നു.  കേരളത്തിന്‌ അകത്തും പുറത്തുമുള്ള കലാകാരന്മാർ നൂതനവും പ്രാചീനവുമായ കലാരൂപങ്ങളുമായി അണിനിരക്കുന്ന കാഴ്ച ആസ്വാദ്യകരമാണ്‌. തുടർന്ന്‌ അത്തപ്പൂക്കള മത്സരവും വിവിധകലാപരിപാടികളും കലാസാഹിത്യമത്സരങ്ങളും നടത്തുന്നു.  എല്ലാ സാധനങ്ങളുടേയും വിപണനമേളയും ഇന്നുണ്ട്‌.  മുത്തുക്കുടകൾ, ഗജവീരന്മാർ, ബാൻഡ്മേളങ്ങൾ, മാർച്ച്‌ പാസ്റ്റുകൾ, പൗരാണികകഥാരചനകളടങ്ങിയ ഫ്ലോട്ടുകൾ എന്നിങ്ങനെ ദൃശ്യ-ശ്രവ്യാനുഭവം ഇന്നനുഭവപ്പെടുന്നു.

    ജനകീയ അത്തച്ചമയം ആരംഭിച്ചതിന്റെ സുവർണ്ണജൂബിലിയും നഗരസഭ ഏറ്റെടുത്തതിന്റെ സിൽവർ ജൂബിലി 2011 ൽ ആയിരുന്നു.  പിന്തിരിഞ്ഞു നോക്കവെ അടർന്നു പോയ ഒരു രാജഭരണകാലത്തിന്റെ പുനർവായനയാണ്‌ ഇന്നത്തെ അത്തച്ചമയം എന്ന്‌ നമുക്കു കാണാം.  ജനമനസ്സുകളുടെ നൂതനമായ ഭാവനകളാൽ സമ്പന്നമായ ഈ അത്താഘോഷം തൃപ്പൂണിത്തുറയുടെ മാത്രം സ്വന്തമാണ്‌.  രാജസ്മൃതികളും ഓണക്കിനാക്കളും ഇഴനെയ്തിണങ്ങുന്ന ഈ നാട്‌ ഇന്ന്‌ അകം കാഴ്ചകൾക്കും പുറംകാഴ്ചകൾക്കും നേരെ മിഴിതുറക്കുന്നു.  ചരിത്രവും ഭാഷയും സംസ്ക്കാരവും അന്യം നിന്നുന്നുപോകാത്ത ഈ ജനതതിയാണ്‌ തൃപ്പൂണിത്തുറയുടെ ആത്മാവ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...