അമ്പാട്ട് സുകുമാരൻനായർ
ഞാൻ ദുഃഖിതനാണ്. ഭാരതത്തിൽ ജീവിച്ചിട്ടും ഒരു ജനാധിപത്യരാഷ്ട്രത്തിൽ ജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നദുഃഖം. ബ്രിട്ടീഷുകാർ ഭാരതത്തെ അടിമയാക്കി വച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലെ രാജഭരണം കണ്ടു. അതിനുശേഷം സ്വതന്ത്രഭാരതത്തിലെ ജനകീയ മന്ത്രിമാരുടെ ഭരണവും കണ്ടു.
ബ്രിട്ടീഷുകാർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഭാരതത്തിലെ നാട്ടുരാജാക്കന്മാരെ ചൊൽപ്പടിയിൽ നിർത്തി ജനങ്ങളുടെ മേൽ ക്രൂരമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള ഭരണമായിരുന്നു നടത്തിയിരുന്നത്. ജനങ്ങളെ അവരുടെ അടിമകളായിട്ടാണ് കരുതിയിരുന്നത്. ദക്ഷിണഭാരത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ ജനങ്ങൾക്ക് അതിന്റെ കെടുതികൾ ഏറെയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. എങ്കിലും ഉത്തരേന്ത്യയിലെ ജനങ്ങൾ അനുഭവിച്ച കൊടിയയാതനകളുടെയും വേദനകളുടെയും കഥകൾ കേട്ടറിഞ്ഞിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ഭയം തോന്നുമായിരുന്നു. ക്രൂരമായ ആ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയായിരുന്നു ഭാരതത്തിലെ ജനങ്ങൾ ഒന്നടങ്കം ജാതിമതഭേദം മറന്ന് വർണവർഗ വ്യത്യാസമില്ലാതെ സമരാങ്കണത്തിലേക്കിറങ്ങി പുറപ്പെട്ടത്.
ആ സമരത്തിന്റെ നേതൃത്വം മഹാത്മാഗാന്ധി ഏറ്റെടുത്തത് ഇന്ത്യൻ ജനതയുടെ ഭാഗ്യമെന്നുവേണം കരുതാൻ. അല്ലെങ്കിൽ ഭാരതഭൂമി രക്തപങ്കിലമാകുമായിരുന്നു. പലപ്പോഴും കൊടിയ കലാപം പൊട്ടിപ്പുറപ്പെടുമായിരുന്ന സന്ദർഭങ്ങളിലെല്ലാം ഗാന്ധിജിയുടെ സമയോചിതമായ ഇടപെടലുകൾ ആ സമരത്തെ നേർവഴിക്കുതന്നെ നയിച്ചു.
ഒടുവിൽ ബ്രിട്ടീഷുകാർ ഇന്ത്യവിട്ടു പോകാൻ നിർബ്ബന്ധിതമായപ്പോൾ ഇന്ത്യയിലങ്ങോളമിങ്ങോളം ആഹ്ലാദത്തിന്റെ അലമാലകളുയരേണ്ടതായിരുന്നു. പക്ഷേ, ഇവിടെ വർഗീയ വിദ്വേഷത്തിന്റെ അഗ്നി ജ്വാലകൾ ആളിപ്പടരുകയായിരുന്നു. ജനങ്ങളെതമ്മിൽ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക എന്ന നീചമായ നയമാണ് ബ്രിട്ടീഷുകാർ കൈക്കൊണ്ടത്. മതപ്രീണനത്തിലൂടെയാണ് അവർ ആ ലക്ഷ്യം സാധിച്ചതു. ഒരമ്മയുടെ മക്കളെന്നപോലെ ഒന്നായി നിന്ന ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു. അവരിൽ കടുത്ത വർഗ്ഗീയ വിഷം കുത്തിവച്ചു. പെട്ടെന്നുണ്ടായ ആ കലാപം സ്വാതന്ത്ര്യലബ്ധിയുടെ എല്ലാ ആഹ്ലാദവും കെടുത്തിക്കളഞ്ഞു. സ്വന്തം ജീവന് തെല്ലുപോലും വില കൽപ്പിക്കാതെ മഹാത്മാഗാന്ധി കലാപബാധിതപ്രദേശത്തേക്കോടിയെത്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതാണ്. സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടി മാത്രമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതോടെ ആ ലക്ഷ്യം നിറവേറിക്കഴിഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യവിട്ടു. ഇനി ഇന്ത്യയുടെ ഭരണം ജനങ്ങളെ ഏൽപിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതു. യഥാർത്ഥത്തിലുള്ള ജനാധിപത്യമാണ് അദ്ദേഹം വിഭാവനംചെയ്തത്. ഭരണരംഗത്ത് ഒരു പാർട്ടിയുടെയും ആധിപത്യം ഉണ്ടാകരുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അധികാരമോഹികൾ കടന്നുകൂടിയിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷേ, അദ്ദേഹം പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല. അതനുസരിച്ചിരുന്നുവേങ്കിൽ ഇന്ത്യ തുണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെടുകയില്ലായിരു
പാർട്ടി ഭരണം നിലവിൽ വന്നതോടെ നേതാക്കന്മാരുടെയും അനുയായികളുടെയും പ്രധാനലക്ഷ്യം പാർട്ടി വളർത്തുക എന്നതായി. രാജ്യത്തിന്റെ കാര്യം രണ്ടാം സ്ഥാനത്തായി. പാർട്ടിയാണ് ഭരണം നിയന്ത്രിക്കുന്നത്. നാം വിഭാവനം ചെയ്ത ജനാധിപത്യഭരണം പാർട്ടി ആധിപത്യഭരണമായി മാറി. വോട്ടവകാശം ജനങ്ങൾക്കുണ്ടെങ്കിലും ആ അവകാശം വിനിയോഗിക്കപ്പെടുന്നത് പാർട്ടി നിർദ്ദേശിക്കുന്ന പ്രതിനിധികൾക്കുവേണ്ടിയാണ്. ജനങ്ങളുടെ പ്രതിനിധി ആരായിരിക്കണമെന്നു തീരുമാനിക്കുന്നത് പാർട്ടിയാണ്. ജനങ്ങൾക്കതിൽ യാതൊരു പങ്കുമില്ല. അതുകൊണ്ട് നിയമനിർമ്മാണസഭകളിലേക്ക് തെരഞ്ഞെടുത്തയയ്ക്കുന്നത് പാർട്ടിയുടെ പ്രതിനിധികളെയാണ്. ജനങ്ങളുടെ പ്രതിനിധികളെയല്ല. അതുകൊണ്ടുതന്നെയാണ് ഇവിടെ അഴിമതിയും സ്വജനപക്ഷപാതവും വളർന്നു വന്നത്. ഒന്നിച്ചു നിൽക്കേണ്ട ജനങ്ങളെ പല പാർട്ടിക്കാരായി ഭിന്നിപ്പിച്ച് കലഹിപ്പിച്ചതും ഈ പാർട്ടി ആധിപത്യഭരണ സംവിധാനം തന്നെയാണ്.
ഭരണരംഗത്ത് പാർട്ടിക്കാധിപത്യമുള്ളതുകൊണ്ട്
ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഒരിക്കൽ ഒരു പദ്ധതി പ്രദേശം സന്ദർശിക്കാനിടയായി. നാടിന് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയായിരുന്നു അത്. വർഷങ്ങൾക്കു മുമ്പ് അതിന്റെ കുറെ പണികൾ ചെയ്ത് പൂർത്തിയാക്കാതിട്ടിരിക്കുകയാണ്
ലളിതമായ ഒരുദാഹരണമാണ് ആദിവാസികൾ. കാട്ടിൽ അല്ലലറിയാതെ സുഖമായി ജീവിച്ചിരുന്ന ആദിവാസികളെ സമുദ്ധരിക്കാനാണെന്നു പറഞ്ഞ് എത്രയോ കോടി രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചിട്ടുണ്ട്! ആ പണമൊക്കെ എവിടെ എങ്ങനെയൊക്കെ ചെലവഴിച്ചുവേന്ന് ആരും അന്വേഷിക്കാറില്ല. എന്നിട്ടെന്തു സംഭവിച്ചു? ആദിവാസികൾ വഴിയാധാരമായി. അവരുടെ ഭൂമി മുഴുവൻ കുടിയേറ്റക്കാർ കൈയടക്കി. പാർട്ടി സ്വാധീനമുപയോഗിച്ച് പലരും ആ ഭൂമിക്ക് പട്ടയം വാങ്ങിക്കഴിഞ്ഞു. ആദിവാസികൾ നിരാധാരരായി. അവർ പട്ടിണിക്കോലങ്ങളായി മാറി. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു. മഹാരോഗങ്ങൾ അവരെ കാർന്നുതിന്നുന്നു. അവരുടെ പെൺകുട്ടികൾ വിശപ്പടക്കാൻ വേണ്ടി സ്വന്തം ശരീരം വിൽക്കാൻ നിർബ്ബന്ധിതരായി. അവർ അനാഥശിശുക്കളെ പ്രസവിച്ച് ആ ശിശുക്കളെയും തോളിലിട്ടുകൊണ്ട് തെരുവുനീളെ അലയുന്നു. പോഷകാഹാരമില്ലാത്തതുകൊണ്ടും ആഹാരമേ ഇല്ലാത്തതുകൊണ്ടും അവരുടെയിടയിൽ അകാലമരണങ്ങൾ സംഭവിക്കുന്നു. എന്നിട്ടു പറയുന്നു, അവർ മദ്യം കഴിച്ചതുകൊണ്ടാണ്. ഈ ദുർമരണങ്ങൾ സംഭവിക്കുന്നതെന്ന്! ഇതിനാരാണുത്തരവാദി? ഇവരുടെ ക്ഷേമത്തിനുവേണ്ടി മുടക്കിയ കോടികളൊക്കെ എവിടെപോയി? ഇനിയിവർ കാട്ടിലേക്കുതന്നെ തിരിച്ചുപോകാമെന്നു വിചാരിച്ചാൽ അതിനുകാടെവിടെ? പാർട്ടിയിലും ഉദ്യോഗസ്ഥന്മാരിലും സ്വാധീനമുള്ളവർ ആ കാടൊക്കെവെട്ടിക്കടത്തി. ഇതുപോലെയാണ് എല്ലാകാര്യങ്ങളും.
ജനങ്ങൾക്കാധിപത്യമുള്ളതല്ലൊരു ഗവണ്‍മന്റായിരുന്നു ഇന്ത്യഭരിച്ചിരുന്നതെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. എന്തിനാണ് നാം സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയത്? ബ്രട്ടീഷുകാർ ഇന്ത്യവിട്ടു പോയതിനുശേഷം ഭരണരംഗത്തെന്തെങ്കിലും മാറ്റം വന്നോ എന്നുചോദിച്ചാൽ എന്താണ് മറുപടി പറയുക? ഇംഗ്ലീഷുകാർ ഭരിച്ചപ്പോഴുണ്ടായിരുന്നതിനേക്
മാതൃഭാഷയോടുള്ള ഈ അവഗണനയ്ക്കിടയിലും നാം മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്തു! നമ്മുടെ സാമൂഹ്യജീവിതത്തിൽ അതിന്റെ പ്രതിഫലനം എന്തായിരിക്കുമെന്നു കണ്ടറിയണം. ഒരു കല്യാണക്കുറി അടിക്കണമെങ്കിൽ പോലും അത് മലയാളത്തിലടിക്കാൻ ബഹുഭൂരിപക്ഷത്തിനും താൽപര്യമില്ല. എന്റെ ഒരനുഭവം പറയാം. സ്വാതന്ത്ര്യം കിട്ടിയിട്ട് നാലോ അഞ്ചോവർഷത്തിനുശേഷം ഉണ്ടായ ഒരനുഭവമാണ്. പഞ്ചസാരയ്ക്ക് ഏറെ ക്ഷാമമുള്ളകാലം. ഒരു വിശേഷാവശ്യത്തിന് നാലോ അഞ്ചോകിലോ പഞ്ചസാരയ്ക്കു വേണ്ടി താലൂക്ക് സപ്ലൈ ആഫീസറുടെ അടുത്ത് ഒരപേക്ഷയുമായി ചെന്നു. എന്റെ അപേക്ഷ വായിച്ചു നോക്കിയിട്ട് അദ്ദേഹം അത് ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്കിട്ടു. എന്റെ നേരെ ദേഷ്യത്തോടെ നോക്കിയിട്ട് ആ മലയാളി സായിപ്പു പറഞ്ഞു:
"മലയാളത്തിലാണോ അപേക്ഷ എഴുതിക്കൊണ്ടു വരുന്നത്?"
ഒന്നും പറഞ്ഞില്ല. അപേക്ഷ ഇംഗ്ലീഷിൽ എഴുതികൊടുക്കേണ്ടി വന്നു. ഈ ഒരനുഭവം എങ്ങനെയാണ് മറക്കാൻ കഴിയുക? സ്വതന്ത്രഭാരതത്തിലെ ഒരു പൗരനുണ്ടായ അനുഭവമാണിത്. ഇംഗ്ലീഷുകാരൻ തന്നെയാണ് ഇപ്പോഴും ഇന്ത്യ ഭരിക്കുന്നതെന്ന തോന്നൽ അന്നെനിക്കുണ്ടായി. മലയാളം ശ്രേഷ്ഠഭാഷയാണെങ്കിലും ഒരു ചെക്ക് മലയാളത്തിലെഴുതാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ? മലയാളത്തിലെഴുതിയ ചെക്ക് പാസാകുകയില്ലെന്നാണ് പലരുടെയും ധാരണ. ഈ മനോഭാവം മാറ്റിയെടുക്കാൻ ഇത്രയും കാലമായിട്ടും നമുക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മഹാത്മാഗാന്ധി പറഞ്ഞത്, ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യത്തിൽ നിന്ന് നാം മോചിതരായില്ലെങ്കിൽ സ്വാതന്ത്ര്യം പൂർണ്ണമാവുകയില്ലെന്ന്
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയപ്പോൾ ഭരണരംഗത്ത് കാര്യമായ മാറ്റമൊന്നും വരുത്താൻ കഴിഞ്ഞില്ലെങ്കിലും വിദ്യാഭ്യാസരംഗത്ത് ആവശ്യം ഒരു പൊളിച്ചെഴുത്തു നടത്തേണ്ടതായിരുന്നു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടിയിരുന്നത്. അതുചെയ്തില്ലെന്നു മാത്രമല്ല, ഇംഗ്ലീഷിനുള്ള പദവി കൂട്ടിക്കൂട്ടി കൊണ്ടുവരികയും ചെയ്തു. മാതൃഭാഷയിൽ നിന്ന് ജനങ്ങളെ ആവുന്നത്ര അകറ്റി നിർത്താനാണ് സംസ്ഥാനസർക്കാരുകളും കേന്ദ്രസർക്കാരും ശ്രമിച്ചതു. ജനങ്ങളെ ഭരണത്തിൽ നിന്നകറ്റി നിർത്താനല്ലേ ഈനയം ഉപകരിക്കൂ. ഇതെങ്ങനെ ജനാധിപത്യമാകും? ജനങ്ങൾക്ക് പങ്കാളിത്തമില്ലാത്ത ഈ ഭരണം ഇവിടെ അടിച്ചേൽപ്പിച്ചതു ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെയാണ്. സ്വാതന്ത്ര്യം കിട്ടിയപ്പോൾത്തന്നെ ഭരണം മാതൃഭാഷയിലാക്കേണ്ടതായിരുന്നു. അതുചെയ്യാതെ ജനങ്ങളെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുന്ന ഒരുനയമാണ് കോൺഗ്രസ് ഗവണ്‍മന്റ് കൈക്കൊണ്ടത്. അന്ന് ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷ അറിയാമായിരുന്നത് കേവലം രണ്ടു ശതമാനം ആൾക്കാർക്കായിരുന്നു. ഈ രണ്ടു ശതമാനത്തിന്റെ ഭാഷകൊണ്ടാണ് തൊണ്ണൂറ്റെട്ട് ശതമാനം ആൾക്കാരുടെ മേൽ ഭരണം നടത്തിയത്. എന്നിട്ട് നാം ഈ ഭരണം നടത്തിയതുകൊണ്ടാണ് ഭാരതം ഇത്തരത്തിൽ അധഃപതിച്ചതു. ഭരണാധികാരികൾ അഴിമതിയിൽ മുങ്ങിക്കുളിച്ചതിന്റെയും കാരണം മറ്റൊന്നല്ല.
ഇംഗ്ലീഷിന്റെ സഹായമില്ലാതെ തന്നെ ശാസ്ത്ര-സാങ്കേതിക രംഗത്ത് പുരോഗതി കൈവരിച്ച എത്രയോ രാഷ്ട്രങ്ങളുണ്ട്. പിന്നെന്തുകൊണ്ടാണ് ഇന്ത്യമാത്രം ഇംഗ്ലീഷിന്റെ ദാസ്യവൃത്തി ചെയ്ത് ഇങ്ങനെ കടിച്ചു തൂങ്ങിക്കിടക്കുന്നത്! ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിലെ ജനങ്ങളെ രണ്ടുതരം പൗരന്മാരായി വേർതിരിക്കാൻ കഴിഞ്ഞു എന്നത് അഴിമതി ഭരണം നടത്തുന്നവർക്ക് ഒരു നേട്ടം തന്നെയാണ്.
ഇനി ഇവിടെ വേണ്ടത് ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനുവേണ്ടിയു
വേറെയും കുഴപ്പങ്ങളുണ്ട്. നമ്മുടെ ജനാധിപത്യത്തിൽ ഭരണം നടത്തുന്നത് ഭൂരിപക്ഷമല്ല. പലപ്പോഴും ന്യൂനപക്ഷത്തിന്റെ കൈകളിലാണ് ഭരണം എത്തിച്ചേരുന്നത്. നൂറു വോട്ടർമാരുള്ള ഒരു പ്രദേശത്ത് മൂന്നു പാർട്ടികൾ മത്സരിക്കുന്നു. അവർക്ക് നാൽപത്തഞ്ച്, മുപ്പത്തഞ്ച്, ഇരുപത് എന്നീ അനുപാദത്തിൽ വോട്ടുലഭിക്കുന്നു. ഇവരിൽ മുപ്പത്തഞ്ചും ഇരുപതും കൂട്ടിയോജിച്ച് ഭരണം കൈയാളുന്നു. തമ്മിൽ ഭൂരിപക്ഷം കിട്ടിയ പാർട്ടി പ്രതിപക്ഷത്തും. ഇവിടെ രണ്ട് ന്യൂനപക്ഷപാർട്ടികൾ ചേർന്നാണ് ഭൂരിപക്ഷമുണ്ടാക്കിയത്. ഇത് ഭൂരിപക്ഷം ജനങ്ങൾ അഭിലഷിക്കാത്ത ഒരു ഭരണസമ്പ്രദായമാണ്. തിരഞ്ഞെടുപ്പുവേളയിൽ പരസ്പരം കലഹിച്ച രണ്ടു പാർട്ടികൾ തമ്മിൽ കൂടിച്ചേർന്ന് ഒരു ഭരണം നടത്തിയാൽ അതൊരിക്കലും ശരിയായ ഒരു ഭരണമായിരിക്കുകയില്ല. എപ്പോഴും കലഹം തന്നെയായിരിക്കും. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിൽ കൂട്ടുകക്ഷി ഭരണമാണ് മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നടക്കുന്നത്. അത് നാടിനു ശാപമാണ്. ഇന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നതും അതുതന്നെയാണ്.
ജനങ്ങൾ അവരുടെ പ്രതിനിധികളെ നിയമ നിർമ്മാണസഭകളിലേക്കയക്കുന്നത് ജനങ്ങളുടെ പ്രശ്നങ്ങൾ അവിടെ ചർച്ചചെയ്യാൻ വേണ്ടിയാണ്. നിയമ നിർമ്മാണസഭകളിൽ ഒരു ബില്ലവതരിപ്പിക്കുമ്പോൾ അത് സശ്രദ്ധം കേട്ടിരുന്ന് സമാധാനപരമായ അന്തരീക്ഷത്തിൽ ആ ബില്ലിന്റെ എല്ലാവശങ്ങളും ചർച്ചചെയ്ത് പോരായ്മകൾ പരിഹരിച്ച് അത് പാസ്സാക്കിയെടുക്കണം. അതിനുവേണ്ടിയാണ് ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ അയച്ചിട്ടുള്ളത്. പക്ഷേ, അവിടെ നടക്കുന്നതോ? കൂക്കി വിളിയും ബഹളവും ബില്ല് വലിച്ചു കീറലും സഭസ്തംഭിപ്പിക്കലും സഭ നിയന്ത്രിക്കുന്ന സ്പീക്കറുടെ നിർദ്ദേശങ്ങൾ അവഗണിക്കലും സഭ ബഹിഷ്ക്കരിക്കലുമൊയാണ്. ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് ഈ സഭകൾ സമ്മേളിക്കുന്നത്. രാവിലെ നിയമസഭകളിലേക്കുവന്ന് ചർച്ച തുടങ്ങുമ്പോൾ മുതൽ ബഹളം വച്ച് സഭ അലങ്കോലപ്പെടുത്തും. ഒടുവിൽ കലാപമുണ്ടായിട്ട് സഭ ബഹിഷ്കരിക്കും. ഈ സഭാ ബഹിഷ്കരണം ദിവസങ്ങളോളം നീണ്ടു നിൽക്കും. അവസാനം സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിടും. ഇതൊക്കെ ജനങ്ങൾ ടി.വി.യിൽ കണ്ടുകൊണ്ട് കണ്ണും മിഴിച്ചിരിക്കും. ജനങ്ങൾക്കെന്തു ചെയ്യാൻ കഴിയും? അവർ ആരോടാണ് ആവലാതിപ്പെടുക? ഇനി ഇവരെ കാണുന്നത് അടുത്ത തിരഞ്ഞെടുപ്പു വരുമ്പോഴാണ്. ആരാണിവരെ സ്ഥാനാർത്ഥിയായി നിർത്തിയിട്ടുള്ളത്? ജനങ്ങളല്ലേയല്ല. പാർട്ടിയാണ്. പാർട്ടിയുടെ സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.
നിയമസഭകളിൽ ചെന്ന് ജനങ്ങളുടെ പ്രശ്നം ചർച്ചചെയ്യാതെ നിയമസഭയിൽ നിന്നിറങ്ങിപ്പോയാൽ അവർക്കൊരു നഷ്ടവുംവരാനില്ല. അവരുടെ ശമ്പളത്തിൽ ഒരു പൈസപോലും കുറിയില്ല. അലവൻസിലും കുറവുവരില്ല. വേറെയും ഒരുപാടാനുകൂല്യങ്ങളുണ്ട്. ആ ആനുകൂല്യങ്ങൾക്കൊന്നും ഒരു കുറവും സംഭവിക്കുകയില്ല. സഭയിൽ നിന്നു പുറത്തുപോയാൽ തന്നിഷ്ടം പോലെ എന്തും ചെയ്യാം. അതുകൊണ്ട് വേറെയും നേട്ടങ്ങളുണ്ട്. ഇങ്ങനെയൊക്കെ ബഹളം വച്ച് അഞ്ചുവർഷം തികച്ചാൽ ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടും. അഞ്ചുവർഷം തികയ്ക്കണമെന്നില്ല. രണ്ടു വർഷം ഒപ്പിച്ചാലും മതി. സമൂഹത്തിൽ ഏറ്റവും ഉത്തരവാദപ്പെട്ട, മാന്യമായ തൊഴിൽ ചെയ്യുന്ന ഒരധ്യാപകൻ പത്തുമുപ്പത്തഞ്ചുവർഷക്കാലം പണിയെടുത്തെങ്കിലേ പെൻഷൻ കിട്ടൂ. യഥാർത്ഥത്തിൽ ജനങ്ങളുടെ പ്രതിനിധികളാണവിടെ പോകുന്നതെങ്കിൽ ഇങ്ങനെ അഴിഞ്ഞാട്ടം നടത്താൻ പറ്റുമോ? പാർട്ടിയുടെ പ്രതിനിധികൾക്ക് പാർട്ടി പറയുന്നതുമാത്രമേ അനുസരിക്കാൻ കഴിയൂ. ജനങ്ങളോടവർക്ക് യാതൊരുത്തരവാദിത്വവുമില്ല. ഈ പ്രതിഭാസത്തെയാണ് നാം ജനാധിപത്യം എന്നു പറഞ്ഞ് താലോലിക്കുന്നത്! ഈ "ജനാധിപത്യ"മാണോ ജനങ്ങൾക്കുവേണ്ടത്? ഇത് ജനാധിപത്യമല്ല, പാർട്ടി ആധിപത്യമാണ്.
ഇവിടെ നാട്ടിലെന്തെല്ലാം പ്രശ്നങ്ങളുണ്ട്. ഒരു വശത്ത് ആദിവാസികൾ പട്ടിണികിടന്നു മരിക്കുന്നു. നാട്ടിൻപുറത്തും നഗരങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടി മഹാരോഗങ്ങൾ പരത്തുന്നു. കുടിവെള്ളം പോലും കിട്ടാതെ ജനങ്ങൾ വലയുന്നു.കൃഷി ചെയ്യാൻ നിർവാഹമില്ലാതെവയലുകളെല്ലാം കാടുംപടലും കയറി നശിയ്ക്കുന്നു. ഭക്ഷണപദാർത്ഥങ്ങളിൽ മാരകമാംവിധ മായം കലർത്തി ജനങ്ങളെ കാലപുരിക്കയയ്ക്കുന്നു. അത്യാവശ്യം വേണ്ടമരുന്നുകൾക്ക് കൊല്ലുന്ന വിലവാങ്ങി ജനങ്ങളെകൊള്ളയടിക്കുന്നു. വിദ്യാഭ്യാസവ്യവസായികൾ അധ്യാപകരെ നിയമിക്കുന്നതിന് ലക്ഷങ്ങൾ കോഴവാങ്ങി അവരുടെ വ്യവസായം കൊഴുപ്പിക്കുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നൂറു നൂറായിരം പ്രശ്നങ്ങൾ! ഈ പ്രശ്നങ്ങളെല്ലാം കത്തി നിൽക്കുമ്പോൾ ഒരു സുന്ദരിപ്പെണ്ണ് സൃഷ്ടിച്ച പ്രശ്നങ്ങളുടെ പിന്നാലെപോയി എന്തെല്ലാം പ്രശ്നങ്ങളാണിവിടെ സൃഷ്ടിച്ചതു! എത്രകോടിരൂപയാണ് സർക്കാർ ഈ ഇനത്തിൽ കളഞ്ഞുകുളിച്ചതു!? ഇതെല്ലാം പാവപ്പെട്ട ജനങ്ങളുടെ വിയർപ്പിന്റെ കാശാണെന്നോർക്കന്നു! കോടാനുകോടി രൂപ ഖജനാവിൽ നിന്ന് മുടക്കിയിട്ടും നിരാധാരരായി പട്ടിണികിടന്ന് ആദിവാസികൾ മരിച്ചിട്ടും അതിന്റെ പേരിൽ ഒരു സമരവും ആരും നടത്തിയില്ല. അവർ മദ്യം കുടിച്ചാണ് മരിക്കുന്നതെന്ന് കുറെ കേമന്മാർ വിധി എഴുതുകയും ചെയ്തു. ഇനിയും ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ വേണ്ടിയാണ് മുഖ്യമന്ത്രി തലപുകഞ്ഞാലോചിക്കുന്നത്!
ഇതിൽനിന്നൊക്കെ ഒരു മോചനം അനിവാര്യമാണ്. അതിന് ഇനിയും ഒരു സ്വാതന്ത്ര്യ സമരം കൂടിയേ കഴിയൂ. അതിന് വൈകാതെതന്നെ ഒരു ജനമുന്നേറ്റം ഉണ്ടാകുകതന്നെ ചെയ്യും. മഹാത്മാഗാന്ധി വീണ്ടും വരും. അദ്ദേഹം കാണിച്ചുതരുന്ന പാതയിലൂടെ ജനം മുന്നേറും. അന്നേ ഇവിടെ ജനാധിപത്യം സുസ്ഥാപിതമാവുകയുള്ളൂ.