Skip to main content

നടീൽ വസ്തുക്കളുടെ ഉത്പാദനം: ബോർഡ്‌ പദ്ധതികളും പ്രവർത്തനങ്ങളും


എ. കെ. നന്തി
സെക്രട്ടറി , നാളികേര വികസന ബോർഡ്‌, കൊച്ചി

കാലഭേദമില്ലാതെ ഏക്കാളത്തും വിളവ്‌ തരുന്ന തെങ്ങ്‌ അക്കാരണം കൊണ്ട്‌ തന്നെ മറ്റ്‌ ഉദ്യാനവിളകളിൽ വച്ച്‌ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. മാനവരാശിക്ക്‌ ആവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന തെങ്ങ്‌ ആഹാരം, പാനീയം, തടി, ഇന്ധനം എന്നിവയ്ക്ക്‌ പുറമെ വാണിജ്യപ്രാധാന്യമുള്ള നിരവധി ഉൽപന്നങ്ങളുടേയും ഭാവിയിലേക്കുള്ള ജൈവ ഇന്ധനത്തിന്റെയും സ്രോതസ്സ്‌ കൂടിയാൺ​‍്‌. ചെറുകിട, നാമമാത്ര കർഷകന്റെ വിളയായ തെങ്ങ്‌ നമ്മുടെ രാജ്യത്ത്‌ 18 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും കൃഷി ചെയ്യുന്നു. ദേശീയ സമ്പട്‌ വ്യവസ്ഥയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വരുമാന സമ്പാദനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേകിച്ച്‌ താഴ്‌ന്ന വരുമാനക്കാർക്ക്‌, തെങ്ങിന്റെ പങ്ക്‌ അദ്വിതീയമാണ്‌.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളർച്ചാനിരക്കിൽ (ഏഉജ) നാളികേരത്തിന്റെ സംഭാവന 8,300 കോടി രൂപയാണ്‌; സസ്യ എണ്ണ ഉത്പാദനത്തിലാകട്ടെ ആറ്‌ ശതമാനവും. കയറുൽപന്നങ്ങൾ ഉൾപ്പെടെയുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ 1500 കോടിയോളം രൂപയുടെ വിദേശ നാണ്യമാണ്‌ രാജ്യത്തിന്‌ ലഭിക്കുന്നത്‌. നമ്മുടെ രാജ്യത്ത്‌ ഒരു കോടിയോളം ജനങ്ങൾ തെങ്ങുകൃഷിയേയും വ്യവസായത്തേയും ആശ്രയിച്ച്‌ ജീവിക്കുന്നു.
1981 ൽ നാളികേര വികസന ബോർഡ്‌ നിലവിൽ വന്നതോടെ ഇന്ത്യയിലെ നാളികേര മേഖലയക്ക്‌ പുതിയൊരു ഉണർവ്വ്വ്‌ കൈവന്നു. രാജ്യത്തെ തെങ്ങുകൃഷിയുടേയും അനുബന്ധ വ്യവസായത്തിന്റേയും വികസനമായിരുന്നു ബോർഡിന്റെ ഉദ്ദേശ്യലക്ഷ്യം. ബോർഡ്‌ 1982-83ൽ അതായത്‌ ആറാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷം മുതൽ വികസന പരിപാടികൾ നടപ്പാക്കിത്തുടങ്ങി. പ്രാരംഭകാലത്ത്‌ തെങ്ങുകൃഷി വ്യാപനം, നടീൽ സാമഗ്രികളുടെ ഉത്പാദനം, വിതരണം എന്നീ പദ്ധതികളാണ്‌ പ്രധാനമായും ഊന്നൽ നൽകിയത്‌ പ്രസ്തുത കാലയളവിൽ ബജറ്റ്‌ വിഹിതം 3.67 കോടി രൂപയായിരുന്നു. ഏഴാം പഞ്ചവത്സര പദ്ധതികാലത്ത്‌ ഇത്‌ 10.22 കോടി രൂപയായി വർദ്ധിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതികാലയളവിൽ ബജറ്റ്‌ വിഹിതം 395 കോടി രൂപയായിരുന്നു. 12-​‍ാം പദ്ധതിക്കാലത്ത്‌ ബോർഡ്‌ 1,000 കോടിയുടെ പദ്ധതി നടത്തിപ്പാണ്‌ ലക്ഷ്യമിടുന്നത്‌.
രാജ്യത്തെ കേരകർഷക സമൂഹത്തിന്റെ നന്മയ്ക്കായി നാളികേര വികസന ബോർഡ്‌ നിരവധി ദീർഘകാല പദ്ധതികളും ഹ്രസ്വകാല പദ്ധതികളും നടപ്പിലാക്കിവരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ബോർഡ്‌ നേരിട്ടും സംസ്ഥാന കൃഷി വകുപ്പിന്റേയോ ഹോർട്ടികൾച്ചർ വകുപ്പിന്റെയോ സഹായത്തോടെയും പദ്ധതികൾ നടപ്പിലാക്കുന്നു.  നാളികേരോത്പാദനവും  ഉൽപന്ന സംസ്ക്കരണവും കേരോൽപന്നങ്ങളുടെ കയറ്റുമതിയും ത്വരിതപ്പെടുത്തുന്നതിനായി ബോർഡ്‌ നടീൽ സാമഗ്രികളുടെ ഉത്പാദനവും വിതരണവും, തെങ്ങുകൃഷി വ്യാപനം, ഉത്പാദനക്ഷമത വർദ്ധനവിനായി സംയോജിത കൃഷി, സാങ്കേതികവിദ്യ പ്രദർശനം, വിപണി അഭിവൃദ്ധിപ്പെടുത്തൽ, വിവരശേഖരണവും വിവര സാങ്കേതിക വിദ്യയും, നാളികേര ടെക്നോളജി മിഷൻ, കേര ഇൻഷൂറൻസ്‌ പദ്ധതി,  തെങ്ങ്‌ പുനരുദ്ധാരണ പദ്ധതി എന്നീ പദ്ധതികളാണ്‌ നടപ്പിലാക്കുന്നത്‌. പ്രസ്തുത പദ്ധതികളിൽ അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌ നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാർ വകുപ്പുകൾ മുഖേന സങ്കരയിനങ്ങളുടേയും അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടേയും ഉത്പാദനവും വിതരണവും, പ്രാദേശിക തെങ്ങിൻ തൈ നഴ്സറികൾ സ്ഥാപിക്കൽ, ന്യൂക്ലിയസ്‌ വിത്ത്‌ തോട്ടങ്ങളും നഴ്സറികളും സ്ഥാപിക്കുന്നതിന്‌ ധനസഹായം എന്നീ പരിപാടികൾ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അനുയോജ്യമായ തെങ്ങിനങ്ങൾ കണ്ടെത്തേണ്ടതിന്റെയും തെങ്ങിൻ തൈകളുടെ ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിന്റേയും പ്രധാന്യം കണക്കിലെടുത്ത്‌ രാജ്യത്ത്‌ വ്യത്യസ്ത കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇപ്പോൾ ബോർഡിന്റെ കീഴിൽ മൊത്തം 240 ഹെക്ടർ ഭൂവിസ്തൃതി വരുന്ന 7 പ്രദർശന വിത്തുത്പാദന തോട്ടങ്ങളാണുള്ളത്‌. കേരളത്തിൽ നേര്യമംഗലത്തും കർണ്ണാടകയിൽ മാണ്ഡ്യയിലും ആന്ധ്രാപ്രദേശിൽ വേഗിവാഡയിലും ഛത്തീസ്ഗഢിൽ  കൊണ്ടഗാവിലും ബീഹാറിൽ മധേപുരയിലും ഒഡീഷയിൽ പിട്ടാപ്പിള്ളിയിലും ആസ്സാമിൽ അഭയപുരിയിലും ബോർഡിന്റെ ഫാമുകൾ പ്രവർത്തിക്കുന്നു. തമിഴ്‌നാട്‌, മഹാരാഷ്ട്ര, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതുകൃഷിക്കും അടിത്തൈ വെയ്ക്കുന്നതിനുമായി വൻതോതിൽ തെങ്ങിൻ തൈകൾ ആവശ്യമുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ പ്രസ്തുത സംസ്ഥാനങ്ങളിൽ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾ സ്ഥാപിക്കുവാൻ ബോർഡ്‌ നടപടികളെടുത്തിട്ടുണ്ട്‌.  മഹാരാഷ്ട്ര സർക്കാർ ഫാം തുടങ്ങുന്നതിനായി ഡപോളിയിലെ പാൽഘറിൽ 40 ഹെക്ടർ സ്ഥലം ബോർഡിന്‌ കൈമാറിയിട്ടുണ്ട്‌. അവിടെ തോട്ടം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
നടീൽ സാമഗ്രികളുടെ ആവശ്യകത
തെങ്ങ്‌ ഒരു ദീർഘകാല വിളയായതിനാലും തൈ നട്ട്‌ എട്ടോ, ഒൻപതോ വർഷങ്ങൾക്ക്‌ ശേഷം മാത്രം അതിന്റെ വിളവിനെക്കുറിച്ച്‌ ശരിയായ ധാരണ ലഭിക്കുകയുള്ളൂ എന്നതിനാലും തെങ്ങുകൃഷിയിൽ ഗുണമേന്മയുള്ള നടീൽ സാമഗ്രികളുടെ തെരഞ്ഞെടുക്കൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. അപര്യാപ്തമായ തെരഞ്ഞെടുപ്പും പരിപാലനരീതികളും വൻ സാമ്പത്തിക നഷ്ടത്തിലേക്കാണ്‌ നയിക്കുക. കർഷകർക്ക്‌ സമയനഷ്ടവും ധനനഷ്ടവുമാണുണ്ടാവുക. അതിനാൽ ആവശ്യമുള്ള തെങ്ങിനങ്ങളുടെ ഉത്തമഗുണമേന്മയുള്ള നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കാൻ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌.
നമ്മുടെ രാജ്യത്ത്‌ കഴിഞ്ഞ ദശാബ്ദത്തിൽ തെങ്ങുകൃഷിയുടെ വളർച്ചയിൽ 0.8 ശതമാനം വളർച്ചയുണ്ടായി. വരും വർഷങ്ങളിലും ഇതേ തോതിൽ വർദ്ധനയുണ്ടായാൽ ഇപ്പോൾ തെങ്ങുകൃഷി ചെയ്യുന്ന 18.9 ലക്ഷം ഹെക്ടറിൽ ഒരു ശതമാനം, അതായത്‌ 18,900 ഹെക്ടറോളം വർദ്ധന ഉണ്ടാകുമെന്ന്‌ കണക്കാക്കാം. ഒരു ഹെക്ടറിൽ 175 തെങ്ങുകളെന്ന്‌ കണക്കാക്കിയാൽ 33 ലക്ഷം തെങ്ങിൻ തൈകൾ ഒരു വർഷം ആവശ്യമായി വരും. ഇതിന്‌ പുറമേയാണ്‌ പുതുകൃഷിക്കും അടിത്തൈവെയ്ക്കുന്നതിനും തെങ്ങുകൃഷി പുനരുദ്ധാരണത്തിനും ആവശ്യമായി വരുന്ന തൈകൾ. ഇപ്പോഴുള്ള തെങ്ങുകൃഷിയുടെ രണ്ട്‌ ശതമാനം സ്ഥലത്തെങ്കിലും അടിത്തൈ വെയ്ക്കലും തെങ്ങു പുനരുദ്ധാരണവും നടത്തിയാൽ തന്നെ പ്രതിവർഷം 66 ലക്ഷം തെങ്ങിൻ തൈകൾ ആവശ്യമായി വരും. കേരളത്തിലെ 11 ജില്ലകളിലെ തെങ്ങിൻ തോട്ടങ്ങളുടെ പുനരുദ്ധാരണം 12-​‍ാം പഞ്ചവത്സര പദ്ധതിയിൽ ശേഷിക്കുന്ന കാലയളവിൽ നടപ്പിലാക്കുന്നതിന്‌ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌. 4 വർഷത്തിനുള്ളിൽ ഏകദേശം 180 ലക്ഷത്തോളം തെങ്ങുകൾ വെട്ടിമാറ്റേണ്ടി വരുമെന്നും പകരമായി 90 ലക്ഷത്തോളം തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കേണ്ടിവരുമെന്നു
ം കണക്കാക്കിയിരിക്കുന്നു. ഇതിന്റെ അമ്പത്‌ ശതമാനമെന്ന്‌ കണക്കാക്കിയാൽ തന്നെ പ്രതിവർഷം 11 ലക്ഷമെന്ന നിരക്കിൽ 44 ലക്ഷം തെങ്ങിൻതൈകളാണ്‌ ആവശ്യം വരുക. ഇപ്രകാരം കണക്കാക്കിയാൽ രാജ്യത്ത്‌ വർഷം തോറും 1.10 കോടി തെങ്ങിൻ തൈകളോളം ആവശ്യമായി വരും. 1.10 കോടി തെങ്ങിൻ തൈകൾ ഉത്പാദപ്പിക്കുന്നതിന്‌ 1.76 കോടി വിത്തുതേങ്ങകൾ ശേഖരിച്ച്‌ പാകി കിളിർപ്പിക്കേണ്ടതായിട്ടുണ്ട്‌.
തെങ്ങിൻ തൈ ഉത്പാദനത്തിന്‌ അവലംബിക്കേണ്ട മാർഗ്ഗങ്ങൾ
നമ്മുടെ രാജ്യത്ത്‌ അത്യുത്പാദനശേഷിയുള്ള തെങ്ങിനങ്ങളുടെ ദൗർലഭ്യം കേരമേഖല അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്‌. ഡി ത ടി സങ്കരയിനങ്ങൾക്ക്‌ കർഷകർക്കിടയിൽ വളരെയേറെ സ്വീകാര്യതയുണ്ട്‌. ഇവ നേരത്തെ കായ്ക്കുകയും ഉയർന്ന വിളവ്‌ നൽകുകയും ചെയ്യുന്നതിന്‌ പുറമേ അധികം ഉയരം വെയ്ക്കുകയും ചെയ്യുന്നില്ല. കുറിയ ഇനം മാതൃവൃക്ഷങ്ങളുടെ ദൗർലഭ്യമാണ്‌ ഡി ത ടി സങ്കരയിനങ്ങളുടെ ഉത്പാദനത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന തടസ്സം.
ബോർഡിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ്‌ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ നിന്നും സംസ്ഥാന കൃഷി വകുപ്പിന്റെയും സംസ്ഥാന കാർഷിക സർവ്വകലാശാലകളുടേയും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റേയും നഴ്സറികളിൽ നിന്നും സ്വകാര്യ നഴ്സറികളിൽ നിന്നും കുറിയയിനം തെങ്ങിൻ തൈകൾ ലഭ്യമാകുന്നതാണ്‌.
ഡി ത ടി സങ്കരയിനങ്ങളുടേയും മറ്റ്‌
അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടേയും ഉത്പാദനം

ഡി ത ടി സങ്കരയിനങ്ങളുടേയും മറ്റ്‌ അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടേയും ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക്‌ വിവിധ സംസ്ഥാനങ്ങളിൽ എട്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ ബോർഡ്‌ തുടക്കമിട്ടു. പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ വിവിധ സംസ്ഥാന സർക്കാർ വകുപ്പുകൾക്ക്‌ സങ്കരയിനം തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ധനസഹായം നൽകിവരുന്നു. തൈ ഉത്പാദനത്തിന്‌ വേണ്ടിവരുന്ന ചെലവ്‌ 50:50 അനുപാതത്തിൽ ബോർഡും സംസ്ഥാന സർക്കാരുകളും തുല്യമായി വഹിക്കുന്നു.  തെങ്ങിൻ തൈകളുടെ വിൽപ്പനയിൽ നിന്നുള്ള ആദായം 50:50 അനുപാതത്തിൽ പങ്കുവെയ്ക്കുന്നു. കേരളം, കർണ്ണാടകം, ഒഡീഷ, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലായി 28.35 ലക്ഷത്തോളം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിൽപന നടത്തിയിട്ടുണ്ട്‌.
പ്രാദേശിക തെങ്ങിൻ നഴ്സറികൾ സ്ഥാപിക്കൽ
സംസ്ഥാന സർക്കാരിന്റെ നഴ്സറി പദ്ധതികൾക്ക്‌ പൈന്തുണയേകുക എന്നതാണ്‌ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യം. ഓരോ തെങ്ങിൻ തൈക്കും 12.50 രൂപ നിരക്കിലാണ്‌ ധനസഹായം നൽകുക. ഈ പദ്ധതിയും സംസ്ഥാന സർക്കാരുമായി ചേർന്ന്‌ 50:50 അനുപാതത്തിലാണ്‌ നടപ്പിലാക്കുക. പ്രസ്തുത പദ്ധതിയുടെ കീഴിൽ 2001-02 മുതൽ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഒഡീഷ, ഗുജറാത്ത്‌, ആസ്സാം, ത്രിപുര, നാഗലാന്റ്‌, അരുണാചൽപ്രദേശ്‌, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 59.825 ലക്ഷം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ചു.
ന്യൂക്ലിയസ്‌ വിത്തുതോട്ടം
സ്വകാര്യമേഖലയിൽ ഉത്തമ മാതൃ, പിതൃ വൃക്ഷങ്ങളിൽ നിന്ന്‌ ഉയർന്ന ഗുണനിലവാരമുള്ള സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ മാതൃ,പിതൃ വൃക്ഷങ്ങളുടെ വിത്തുതോട്ടം സ്ഥാപിക്കുകയെന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ വിത്തുതോട്ടം സ്ഥാപിക്കുന്നതിന്‌ 4 ഹെക്ടർ സ്ഥലത്ത്‌ ചുരുങ്ങിയത്‌ 600 തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്നതിന്‌ 6 ലക്ഷം രൂപ ധനസഹായമായി മൂന്ന്‌ വർഷത്തേക്ക്‌ നൽകുന്നു. ആദ്യവർഷം തെങ്ങിൻ തൈകൾ നട്ട്‌ പിടിപ്പിക്കുകയും ആവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതിനുശേഷം ചെലവായ തുകയുടെ 25 ശതമാനം പരമാവധി 3 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. അടുത്ത രണ്ട്‌ വർഷങ്ങളിൽ തോട്ടത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചതിനുശേഷം 1.50 ലക്ഷം രൂപ വീതം രണ്ടുവർഷങ്ങളിലായി നൽകുന്നു. കേരളം പോലെ സ്ഥലലഭ്യത കുറഞ്ഞ സംസ്ഥാനങ്ങളിൽ 2 ഹെക്ടർ സ്ഥലത്ത്‌ ന്യൂക്ലിയസ്‌ വിത്തുതോട്ടം സ്ഥാപിക്കുന്നതിനും ആനുപാതികമായ ധനസഹായം നൽകുന്നുണ്ട്‌. പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രാപ്രദേശ്‌, നാഗാലാന്റ്‌ എന്നീ സംസ്ഥാനങ്ങളിലായി 49 വിത്തുതോട്ടങ്ങൾക്ക്‌ ധനസഹായം നൽകിയിട്ടുണ്ട്‌.
സ്വകാര്യ നഴ്സറികൾ
സ്വകാര്യ നഴ്സറികളിൽ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനായി ബോർഡ്‌ രണ്ട്‌ ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. 25,000 തെങ്ങിൻ തൈകൾ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന നഴ്സറികൾക്ക്‌ ആദ്യ രണ്ട്‌ വർഷം ഒരുലക്ഷം രൂപ വീതമാണ്‌ ധനസഹായം നൽകുന്നത്‌. 6250 തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ചെറുകിട തെങ്ങിൻതൈ നഴ്സറികൾക്ക്‌ 25,000 രൂപ വീതം രണ്ട്‌ വർഷത്തെ തവണകളായി നൽകുന്നു. 2001-02 ൽ ആരംഭിച്ച പദ്ധതിയ്ക്ക്‌ കീഴിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 253 നഴ്സറികൾക്ക്‌ ധനസഹായം നൽകിയിട്ടുണ്ട്‌.
പ്രദർശന വിത്തുത്പാദന തോട്ടങ്ങളിലെ നഴ്സറികൾ
രാജ്യത്ത്‌ വ്യത്യസ്ത കാർഷിക കാലാവസ്ഥയുള്ള വിവിധ സംസ്ഥാനങ്ങളിൽ അവിടങ്ങളിലേക്ക്‌ അനുയോജ്യമായ ഗുണമേന്മയേറിയ നെടിയ, കുറിയ ഇനം തെങ്ങിൻ തൈകളും വിവിധ മാതൃ,പിതൃ വൃക്ഷങ്ങളിൽ നിന്ന്‌ ഉരുത്തിരിച്ചെടുത്ത സങ്കരയിനങ്ങളും ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബോർഡ്‌ പ്രദർന വിത്തുത്പാദന തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.  ഈ തോട്ടങ്ങൾ തെങ്ങുകൃഷി, പരിപാലനം, സംസ്ക്കരണം എന്നീ മേഖലകളിൽ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും ഗുണമേന്മയേറിയ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള സ്രോതസ്സായി വർത്തിക്കുന്നു.  എല്ലാ തോട്ടങ്ങളിലും വർഗ്ഗസങ്കരണം നടത്തി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ പര്യാപ്തമായ തോതിൽ നെടിയ ഇനത്തിലും കുറിയ ഇനത്തിലുംപെട്ട തെങ്ങുകൾ കൃഷി ചെയ്യുന്നു. കർണ്ണാടകയിലെ മാണ്ഡ്യ, കേരളത്തിലെ നേര്യമംഗലം, ആസ്സാമിലെ അഭയപുരി എന്നിവിടങ്ങളിലുള്ള പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ സങ്കര തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്‌.
തെങ്ങിൻ തൈ ഉത്പാദനം
നാളികേര വികസന ബോർഡ്‌ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ചാവക്കാട്‌ ഓറഞ്ച്‌ കുറിയ ഇനം (സിഒഡി), ചാവക്കാട്‌ പച്ച കുറിയഇനം (സിജിഡി), മലയൻ മഞ്ഞ കുറിയ ഇനം (ഏംവൈഡി), മലയൻ ഓറഞ്ച്‌ കുറിയ ഇനം (എംഒഡി) എന്നീ ഇനങ്ങളിൽപ്പെട്ട മാതൃവൃക്ഷങ്ങളിൽ തിപ്തൂർ നെടിയ ഇനം പിതൃവൃക്ഷമായി സങ്കരണ പ്രവർത്തനം ആരംഭിച്ചു. നാളിതുവരെ 3 ലക്ഷം സങ്കരയിനം തെങ്ങിൻ കൈൾ ഉത്പാദിപ്പിച്ച്‌ തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർക്ക്‌ വിതരണം ചെയ്തിട്ടുണ്ട്‌. ബോർഡിന്റെ ഏഴ്‌ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിലെല്ലാം കൂടി 4000 മാതൃവൃക്ഷങ്ങളെ കണ്ടെത്തി പരിപാലിച്ച്‌ വരുന്നു. നേര്യമംഗലം, അഭയപുരി, വേഗിവാഡ എന്നിവിടങ്ങളിലുള്ള പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ സങ്കരണപ്രവർത്തനങ്ങൾ വേഗതയാർജ്ജിച്ചുവരുന്നു. 25,000 പൂങ്കുലകൾ വിപുംസീകരണം നടത്തി 2 ലക്ഷം സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. കുറിയ ഇനങ്ങളുടെ സ്ഥാനത്ത്‌ സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്‌ വഴി അനവധി മടങ്ങ്‌ ലാഭമാണ്‌ ലഭിക്കുക. സ്വകാര്യ നഴ്സറികൾ കുറിയയിനം തെങ്ങിൻ തൈകൾ തൈ ഒന്നിന്‌ 70 രൂപമുതൽ 100 രൂപ വരെ വിലയ്ക്ക്‌ വിൽക്കുമ്പോൾ സങ്കരയിനങ്ങളുടെ വില 250 രൂപമുതൽ 350 രൂപ വരെയാണ്‌. അതിനാൽ സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്‌. നാളികേര ഉത്പാദനത്തിന്റെ കാര്യത്തിലും ഒരു സങ്കരയിനം തെങ്ങിൽ നിന്ന്‌ പ്രതിവർഷം 150 നാളികേരം ലഭിക്കുമ്പോൾ കുറിയയിനത്തിൽ നിന്ന്‌ തെങ്ങോന്നിന്‌ 100 നാളികേരമാണ്‌ ലഭിക്കുക.
 നാളികേര വികസന ബോർഡ്‌ സങ്കരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേരോത്പാദക സംഘങ്ങൾ, ഫെഡറേഷനുകൾ എന്നിവ മുഖേന കുറിയയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ധനസഹായം നൽകിവരുന്നു. തമിഴ്‌നാട്ടിലും കർണ്ണാടകയിലും ആന്ധ്രയിലുമായി കുറിയയിനങ്ങളുടെ അമ്പതിലധികം തെങ്ങിൻ തോട്ടങ്ങളാണ്‌ നാളികേരോത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ബോർഡിന്റെ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾക്കും കുറിയയിനം വിത്തുതേങ്ങകൾ വിതരണം ചെയ്യുന്നതിനായി ബോർഡ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. കഴിഞ്ഞ രണ്ട്‌ വർഷങ്ങളിലായി പൊള്ളാച്ചിയിലേയും ഉടുമൽപേട്ടിലേയും തെരഞ്ഞെടുക്കപ്പെട്ട തെങ്ങിൻ തോട്ടങ്ങളിൽ നിന്ന്‌ 3.50 ലക്ഷത്തോളം വിത്തുതേങ്ങകൾ സംഭരിച്ചിട്ടുണ്ട്‌.
പുതിയ പ്രദർശന വിത്തുത്പാദന
തോട്ടങ്ങൾ സ്ഥാപിക്കൽ

മഹാരാഷ്ട്രയിലെ താന ജില്ലയിൽ പാൽഘർ താലൂക്കിലെ ഡപോളിയിൽ 2012-13ൽ പ്രദർശന വിത്തുത്പാദന തോട്ടം സ്ഥാപിക്കുന്നതിനായി 40 ഹെക്ടർ സ്ഥലം മഹാരാഷ്ട്ര സർക്കാർ ബോർഡിന്‌ നൽകി. പ്രാരംഭപ്രവർത്തനങ്ങൾ ഫാമിൽ ആരംഭിച്ചിട്ടുണ്ട്‌. പ്രാദേശിക ഇനമായ ബെനോളിം നെടിയ ഇനത്തിന്റെ വിത്തുതേങ്ങകൾ സംഭരിച്ച്‌ നടീൽ സാമഗ്രികൾ ഉത്പാദിപ്പിക്കുന്ന പ്രവർത്തനം ഉടനടി ആരംഭിക്കുന്നതാണ്‌. വിവിധയിനങ്ങളിൽപ്പെട്ട തെങ്ങിൻ തൈകൾ ശാസ്ത്രീയ പരിപാലന രീതികൾ അവലംബിച്ച്‌ ഫാമിൽ നട്ടുപിടിപ്പിക്കും. വിവിധയിനം തെങ്ങുകളുടെ മാതൃവൃക്ഷത്തോട്ടമായായിരിക്കും ഈ പ്രദർശന വിത്തുത്പാദന തോട്ടം പ്രവർത്തിക്കുക. മഹാരാഷ്ട്രയിൽ തെങ്ങിൻ തൈകളുടെ ആവശ്യകത നികത്തുന്നതിന്‌ ഉതകുന്ന വിധം വൻതോതിൽ തെങ്ങിൻ തൈകൾ ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്‌.
തമിഴ്‌നാട്‌ സർക്കാരും തിരുപ്പൂർ ജില്ലയിലെ ഉടുമൽപെട്ട്‌ താലൂക്കിൽ തലി ഗ്രാമത്തിൽ പ്രദർശന വിത്തുത്പാദന തോട്ടം സ്ഥാപിക്കുന്നതിന്‌ 33.50 ഹെക്ടർ സ്ഥലം നൽകാമെന്ന്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ ത്രിമൂർത്തി പർവ്വത നിരകളുടെ താഴ്‌വാരത്തിലാണ്‌ തോട്ടം സ്ഥിതി ചെയ്യുന്നത്‌. പൊള്ളാച്ചിയിൽ നിന്നും ഉടുമൽപെട്ടിൽ നിന്നും 20 കിലോമീറ്റർ അകലെയാണ്‌ പ്രസ്തുത സ്ഥലം. 2013-14ൽ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ഫാമിൽ കുറിയയിനങ്ങളുടേയും സങ്കരയിനങ്ങളുടേയും നടീൽ സാമഗ്രികളുടെ ഉത്പാദനത്തിന്‌ പുറമെ, വർഗ്ഗ സങ്കരണ പ്രവർത്തനം, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം തുടങ്ങിയ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതാണ്‌.
കൊളാബറേറ്റീവ്‌ റിസർച്ച്‌
ബോർഡ്‌ നാളികേര ടെക്നോളജി മിഷന്‌ കീഴിൽ  സ്വകാര്യ മേഖലയിലെ കുറിയയിനം തെങ്ങിൻ തോട്ടങ്ങളിലോ, കർഷകരുടെ തോട്ടങ്ങളിലോ വർഗ്ഗ സങ്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു. മാതൃവൃക്ഷങ്ങൾ കണ്ടെത്തുന്നതിനും അവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും സ്ഥാപനങ്ങൾക്ക്‌ ധനസഹായം നൽകുന്നുണ്ട്‌. 40,000 സങ്കരയിനങ്ങളും 20,000 കുറിയ ഇനങ്ങളും മൂന്നാംവർഷം മുതൽ ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ 35 ലക്ഷം രൂപ ധനസഹായം നൽകുന്നു. കേരളത്തിൽ ആറ്‌ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത്‌ കഴിഞ്ഞു. മാതൃവൃക്ഷങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലക്കാട്‌ ജില്ലയിലെ മുതലമട ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയായ മൈത്രി 2012-13ൽ പദ്ധതിയിൽ പങ്കാളിയായി. വർഗ്ഗസങ്കരണത്തിനായി 2450 കുറിയയിനത്തിൽപ്പെട്ടതും 500 നെടിയയിനത്തിൽപ്പെട്ടതുമായ മാതൃവൃക്ഷങ്ങൾ കണ്ടെത്തി. ഇതുവരെ 275 കുറിയയിനം മാതൃവൃക്ഷങ്ങളിൽ സങ്കരണം നടത്തിയിട്ടുണ്ട്‌. പാലക്കാടുള്ള പ്യൂപ്പിൾ സർവ്വീസ്‌ സോസൈറ്റി എന്ന സർക്കാരേതര സംഘടനയും പദ്ധതിയിൽ ചേരാൻ മുന്നോട്ട്‌ വന്നിട്ടുണ്ട്‌.
മാതൃവൃക്ഷം തെരഞ്ഞെടുക്കൽ
ബോർഡും വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളും മറ്റ്‌ സർക്കാർ ഏജൻസികളും തെങ്ങിൻ തൈകളുടെ ആവശ്യകത നികത്താൻ നടത്തുന്ന പരിശ്രമങ്ങൾ 1.10 കോടി തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ പര്യാപ്തമല്ല. ഇതിനായി കേരകർഷകരുടേയും നാളികേരോത്പാദക സംഘങ്ങളുടേയും കേരകർഷക സംഘടനകളുടേയും കൂട്ടായപ്രവർത്തനം അത്യന്താപേക്ഷിതമാണ്‌. ഗുണമേന്മയുള്ള വിത്തുതേങ്ങ ശേഖരിക്കുന്നതിന്‌ മുന്നോടിയായി നല്ല മാതൃവൃക്ഷത്തോട്ടങ്ങളും മാതൃവൃക്ഷങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്‌. തെങ്ങുകൃഷി ചെയ്യുന്ന വിവിധ മേഖലകളിൽ നിന്ന്‌ 1.50 ലക്ഷം മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കാമെന്ന്‌ കണക്കാക്കിയിരിക്കുന്നു (പട്ടിക 1).
തെരഞ്ഞെടുക്കുന്ന മാതൃവൃക്ഷങ്ങളിൽ നിന്ന്‌ വർഷം തോറും ചുരുങ്ങിയത്‌ 40 വിത്തുതേങ്ങകളെങ്കിലും ശേഖരിക്കാവുന്നതാണ്‌. വിവിധ തെങ്ങുകൃഷി മേഖലകളിൽ നിന്ന്‌ അപ്രകാരം  വിവിധ ഇനങ്ങളിൽപ്പെട്ട 60 ലക്ഷം വിത്തുതേങ്ങകൾ ശേഖരിക്കാവുന്നതാണ്‌. ഇവയിൽ നിന്ന്‌ 36 ലക്ഷത്തോളം തെങ്ങിൻ തൈകളാണ്‌ ഉത്പാദിപ്പിക്കുവാൻ സാധിക്കുന്നത്‌. അതുവഴി ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ആവശ്യകത ഒരു പരിധിവരെ പൂർത്തീകരിക്കാൻ സാധിക്കും.  ഇതുവരെ മഹാരാഷ്ട്രയിലെ സിന്ധുടുർഗ്‌, രത്നഗിരി, പാൽഘർ, താനെ എന്നീ ജില്ലകളിൽ 50,000 മാതൃവൃക്ഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌.  വരുന്ന പത്ത്‌ വർഷക്കാലയളവിൽ മഹാരാഷ്ട്രയിലേയും അയൽ സംസ്ഥാനങ്ങളിലേയും പ്രാദേശിക തെങ്ങിൻ തൈ നഴ്സറികളിലും പാൽഘറിലെ പുതിയ പ്രദർശന വിത്തുത്പാദന തോട്ടത്തിലും പാകുന്നതിന്‌ ആവശ്യമായി വരുന്ന വിത്തുതേങ്ങകൾ ഈ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്ന്‌ ലഭിക്കുന്നതാണ്‌.
സ്വകാര്യമേഖലയിലെ തെങ്ങിൻ തൈ ഉത്പാദനം
സ്വകാര്യമേഖലയിലെ നഴ്സറികളും ന്യൂക്ലിയസ്‌ വിത്ത്‌ തോട്ടങ്ങളും ഗുണമേന്മയുള്ള നടീൽ സാമഗ്രികൾ ഉത്പാദിപ്പിക്കുന്നതിൽ ഗണ്യമായ പങ്ക്‌ വഹിക്കുന്നുണ്ട്‌. കേരളത്തിൽ രണ്ടായിരത്തോളം സ്വകാര്യനഴ്സറികൾ തെങ്ങിൻ തൈ ഉത്പാദിപ്പിക്കുന്നുണ്ട്‌. സ്വകാര്യനഴ്സറികൾ ഉത്പാദിപ്പിക്കുന്ന തെങ്ങിൻ തൈകളുടെ ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നതിനുതകുന്ന മാനദണ്ഡങ്ങളും സാക്ഷ്യപ്പെടുത്തലും നിജപ്പെടുത്തേണ്ടതുണ്ട്‌.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ തെങ്ങുകൃഷി 21 ലക്ഷം ഹെക്ടറിലേക്ക്‌ വ്യാപിപ്പിക്കുവാനും ഉത്പാദനം 2100 കോടി നാളികേരമായി ഉയർത്തുവാനുമാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. തെങ്ങിൻ തൈ ഉത്പാദിപ്പിക്കുന്നതിന്‌ മേൽപ്രതിപാദിച്ച പ്രവർത്തന തന്ത്രങ്ങൾ അവലംബിച്ച്‌ നടപ്പിലാക്കുന്നതോടെ പ്രസ്തുതലക്ഷ്യം അനായാസം കൈവരിക്കാവുന്നതാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…