മോഹൻ ചെറായി
ഒരിക്കലും ജയിക്കാത്ത
ഒരു ക്ലാവർ രാജാവ്,
ആഢ്യൻ റാണിയെ
തലാക്കു ചൊല്ലാൻ തീരുമാനിച്ചു-
ഒരിക്കലെങ്കിലും ജയിക്കാൻ.
എരിതീയിൽ തണുത്തുറയുന്ന മനസ്സ്
മനസ്സിൽ,
ഇലകൊഴിയുന്ന സ്വപ്നങ്ങൾ !
കൊഴിയുമിലകൾ ചേർത്തുതയിച്ച്
കിരീടമുണ്ടാക്കി;
അനന്തരം കാർഡിൽ നിന്നിറങ്ങി,
ഒന്നു ജയിക്കാൻ !
പെയ്തിറങ്ങുന്ന വറുതിയിൽ ,
കൊയ്തു കൂട്ടിയോരഗ്നിയിൽ,
മഞ്ഞുകട്ട ചുട്ടെടുത്ത്
ചതുരംഗപ്പലകയാക്കി
കരുക്കളൊരുക്കി - ഒരന്ത്യമാച്ചിന്.
നോക്കുമ്പോൾ,
കറുപ്പിന്റെ കൂട്ടത്തിൽ രാജാവില്ല !
സ്വന്തം പെരുവിരൽ മുറിച്ചവിടെ വച്ചു !!
( കുറത്തപെരുവിരൽ പാകം )
വെളുപ്പിന്റെ കൂട്ടത്തിൽ മന്ത്രിയുമില്ല !
മാച്ചിനു വന്ന റാണിയുടെ
വെളുത്ത ചൂണ്ടുവിരൽ
കടം ചോദിച്ചു..........
വംശീയത പറഞ്ഞ്
അവൾ അയാലെ
ഫസഹ് ചൊല്ലി !
രാജാവു പകച്ചിരുന്നു
ദിവസങ്ങളോളം !
കളത്തിൽ വച്ച പെരുവിരൽ
ചീഞ്ഞുണങ്ങിയിട്ടും
ഒരു വെളുത്ത
ചൂണ്ടുവിരൽ കിട്ടിയില്ല -
കളി തുടങ്ങാൻ !
ജയിക്കാതെ എങ്ങനെ
കാർഡിലേക്കു തിരിച്ചുകയറും ?. . . . . . . . !