ഡോ കെ ജി ബാലകൃഷ്ണൻ
നിമിഷം മിഴി തുറക്കുന്നത് തുടക്കം;
നിന്റെ ചുണ്ടനക്കം -
ഈ ഒച്ചയില്ലായ്മയുടെ
ഒടുക്കം;
എഴാമിന്ദ്രിയത്തിന്റെ
മിടിപ്പ്;
ഉൾപ്പുളകത്തിന്റെ
ഇനിപ്പ്;
ഈ കുഞ്ഞുവീർപ്പ്.
നിശ്ശബ്ദമെന്ന് ഋഷി;
മൌനം
ഒച്ചയില്ലായ്മ
ഒന്നുമില്ലായ്മ.
പൂജ്യമെന്ന് ശാസ്ത്രകാരൻ;
സ്വപ്നമെന്ന് കവി.
എന്റെ കണ്ണുനീരിന്റെ അർത്ഥം;
ആകാശനീലിമയുടെ അനർത്ഥം;
ഉൾപ്പുതുമയുടെ തിളക്കം;
അറിവെഴായ്മയിൽ
അറിവിന്റെ മുഴക്കം.
വീണപൂവിനെ ഓർത്ത്
പുതുകവിയുടെ
കള്ളക്കരച്ചിൽ-
ഇനിയും പൂവിരിയുമെന്ന്
രാഷട്രീയക്കാരന്റെ
തൊള്ള/ തൊല്ല-
ചൊറിച്ചൽ-
നേരിനെ നുണ കൊണ്ടളക്കുന്ന
തുലാസ്-
കട്ടിയും ദ്രവ്യവും
സമാസമമായില്ലെങ്കിൽ
ഇളംകാറ്റ്
കൊടുംകാറ്റാവുമെന്ന്.
നിമിഷസൂചിയുടെ
കുഞ്ഞനക്കം;
കാലത്തിന്റെ കുത്തൊഴുക്കിന്
മിഴിയിളക്കം-
മണ്ണ് വെള്ളം വെളിച്ചം
ഒരിറ്റ് വായു;
നേർനിറവിടം-
എനിക്ക് തരൂ,
ഞാൻ വിരിയാം
നിനക്കായി-
നിനക്കായി!