22 Sept 2013

ജൈവവളം മാത്രം പോരേ?


ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്കുവാൻ ശേഷിയുള്ള മിത്രസൂക്ഷ്മ ജീവികൾ ജൈവാംശമുള്ള മണ്ണിലേ വളരുകയുള്ളൂ. അതായത്‌ ജൈവാംശമില്ലാത്ത മണ്ണിൽ മിത്ര സൂക്ഷ്മജീവികൾ ഉണ്ടാവുകയില്ല. ഇപ്രകാരമുള്ള ജീവനില്ലാത്ത മണ്ണിൽ രാസവളം ചേർത്താൽ ഒരു പ്രയോജനവും ലഭിക്കുകയില്ല എന്ന്‌ നാം ആദ്യം മനസ്സിലാക്കണം.
വളരെയധികം ഊർജ്ജദായക വസ്തുക്കൾ തരുന്ന തെങ്ങ്‌ മണ്ണിൽ നിന്ന്‌ വളരെയധികം പോഷകമൂലകങ്ങൾ ഇതിനായി വലിച്ചെടുക്കുന്ന ഒരു വിളയാണെന്ന സത്യം നാം ആദ്യം മനസ്സിലാക്കണം. നമുക്ക്‌ തേങ്ങയായും ചിരട്ടയായും വെളിച്ചെണ്ണയായും മറ്റും തരുന്ന ഊർജ്ജത്തിന്‌ തത്തുല്യമായ ഊർജ്ജം വളമായി തെങ്ങിൻ തടത്തിൽ ചേർത്തുകൊടുത്തെങ്കിൽ മാത്രമേ തെങ്ങിൽ നിന്ന്‌ സുസ്ഥിരമായി കൂടിയ വിളവ്‌ ലഭിക്കുകയുള്ളൂ. അതായത്‌ വർഷങ്ങളായി കൃഷി ചെയ്യുന്ന നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തോട്ടങ്ങളിലെ പുനരുജ്ജീവനത്തിന്‌ നാം ആദ്യമായി മുൻഗണന കൊടുക്കേണ്ടത്‌ ചിട്ടയായ ജൈവവളപ്രയോഗത്തിലൂടെ മണ്ണിലെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്നതിനാണ്‌. കൂടിയ അളവിൽ ജൈവവളം ചേർക്കാൻ സൗകര്യമുള്ള കർഷകർ ജൈവവളം മാത്രം ചേർത്താലും മതി. ജൈവവളം മാത്രം ചേർത്തുകൊണ്ട്‌ വർഷംതോറും 100ൽ കൂടുതൽ നാളികേരം ലഭിക്കുന്നുണ്ടെങ്കിൽ അതുതന്നെ തുടരുന്നതാണ്‌ ഉത്തമം. എന്നാൽ കാറ്റുവീഴ്ച രോഗം ബാധിച്ച്‌ ഉത്പാദനക്ഷമത തീരെക്കുറഞ്ഞ തെങ്ങുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ജൈവവളത്തോടൊപ്പം രാസവളവും ശുപാർശ അനുസരിച്ച്‌ ചേർക്കേണ്ടതായി വരും. രാസവളം ചേർക്കുന്നെങ്കിൽ ശരിയായി ജൈവവളം ചേർത്തതിനുശേഷം ശരിയായ തോതിൽ, ശരിയായ രീതിയിൽ മണ്ണിൽ ചേർത്തുകൊടുത്തെങ്കിൽ മാത്രമേ അതുകൊണ്ടുള്ള പ്രയോജനം തെങ്ങിന്‌ ലഭിക്കുകയുള്ളൂ.
ഇനി ജൈവവളം തെങ്ങിൻ തടത്തിൽ ചേർക്കുമ്പോൾ എന്തുസംഭവിക്കും എന്ന്‌ നോക്കാം. ജൈവവളങ്ങളിൽ എല്ലാം തന്നെ തെങ്ങിനാവശ്യമായ പോഷകമൂലകങ്ങൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്‌.  ഈ പോഷക മൂലകങ്ങൾ രാസവളങ്ങളിലേപ്പോലെ പെട്ടെന്ന്‌ മണ്ണിൽ നിന്ന്‌ നഷ്ടമാവുന്നില്ല. നേരെമറിച്ച്‌ ഇവ ദീർഘകാലം തെങ്ങിൻ തടത്തിൽ തങ്ങിനിൽക്കുകയും ദീർഘകാലം ചെറിയ അളവിൽ ലഭ്യമാവുകയും ചെയ്യുന്നു. തെങ്ങിനെപ്പോലെയുള്ള ഒരു ദീർഘകാലവിളയുടെ പുനരുജ്ജീവനത്തിന്‌ ദീർഘകാലം മണ്ണിൽ പോഷകമൂലകങ്ങൾ നിലനിർത്തുവാൻ കഴിവുള്ള ജൈവവളങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു.
ജൈവവളം ചേർക്കുമ്പോൾ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന്‌ ആക്കം കൂടുകയും ചെയ്യുന്നു. അതായത്‌ ചെളിമണ്ണിൽ ജൈവവളം ചേർക്കുമ്പോൾ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും മണ്ണിൽ കൂടുതൽ വായൂ സഞ്ചാരം ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ തന്നെ മണൽ മണ്ണിൽ ജൈവവളം ചേർക്കുമ്പോൾ മൺതരികളെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും മണ്ണിൽ ജലത്തെ പിടിച്ചുനിർത്താനുള്ള കഴിവ്‌ കൂടുകയും ചെയ്യുന്നു. കൂടാതെ പോഷകമൂലകങ്ങൾ മണ്ണിലൂടെ അരിച്ചിറങ്ങി വെള്ളത്തിൽക്കൂടി നഷ്ടപ്പെടാതെ പിടിച്ചുനിർത്തുന്നതും ജൈവവളങ്ങളാണ്‌.
വർഷങ്ങളായി തെങ്ങുകൃഷി ചെയ്തുവരുന്ന നമ്മുടെ നാട്ടിലെ മണ്ണുകളിൽ പൊട്ടാസ്യം, മഗ്നീഷ്യം, ക്ലോറിൻ, നൈട്രജൻ എന്നീ പോഷകമൂലകങ്ങളുടെ കുറവ്‌ സാധാരണ കണ്ടുവരാറുണ്ട്‌. ഈ കുറവ്‌ വളപ്രയോഗത്തിലൂടെ പരിഹരിച്ചില്ലെങ്കിൽ തെങ്ങിന്റെ ഉത്പാദനക്ഷമതയും ഗണ്യമായികുറയും. ഓരോ വർഷവും നല്ല ആരോഗ്യമുള്ള 100 തേങ്ങ തരുന്ന ഒരു തെങ്ങ്‌ 406 ഗ്രാം ക്ഷാരവും (പൊട്ടാസ്യം), 321 ഗ്രാം നൈട്രജനും, 72 ഗ്രാം മഗ്നീഷ്യവും മണ്ണിൽ നിന്ന്‌ ആഗിരണം ചെയ്യുന്നുണ്ടെന്നാണ്‌ കണക്ക്‌. അതുകൊണ്ട്‌ മണ്ണിന്റേയും തെങ്ങിന്റെയും  ആരോഗ്യം നിലനിർത്തണമെങ്കിൽ വളപ്രയോഗത്തിലെ ഈ കുറവും നികത്തിയേ മതിയാകൂ.
ഇനി തെങ്ങിന്‌ ചേർക്കേണ്ട ജൈവവളങ്ങൾ ഏതൊക്കെയാണെന്ന്‌ നോക്കാം. തെങ്ങുകൃഷിയിൽ ഏറ്റവുമധികം ചെലവ്‌ വരുന്നത്‌ വളപ്രയോഗത്തിനാണ്‌. വളപ്രയോഗം വേണ്ടരീതിയിൽ ചെയ്താൽ മാത്രമേ അതിൽ അടങ്ങിയിരിക്കുന്ന പോഷക മൂലകങ്ങൾ തെങ്ങിന്‌ ലഭിക്കുകയുള്ളൂ. തെങ്ങിന്റെ ചുവട്ടിൽ നിന്ന്‌ 1.8 മീറ്റർ വ്യാസാർദ്ധത്തിൽ തടമെടുത്ത്‌ മണ്ണിൽ ഈർപ്പമുള്ളപ്പോൾ വേണം ജൈവവളങ്ങൾ ചേർത്തുകൊടുക്കാൻ.
പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവ്വികർ തെങ്ങിന്‌ ചേർത്തിരുന്നത്‌ നാടൻ ചാണകം, ചാരം, കറിയുപ്പ്‌ എന്നീ വളങ്ങളായിരുന്നു. എന്നാൽ മണ്ണിൽ പോഷകമൂലകങ്ങളുടെ അളവ്‌ തീരെക്കുറഞ്ഞ ഇന്നത്തെ അവസ്ഥയിൽ ഈ വളങ്ങൾ കൂടിയ അളവിൽ   ചേർത്താൽ മാത്രമേ തെങ്ങിന്‌ ആവശ്യമായ പോഷകമൂല്യങ്ങൾ ലഭ്യമാകൂ. തെങ്ങിൽ നിന്നും കിട്ടുന്ന അവശിഷ്ടങ്ങളായ തെങ്ങിന്റെ ഓല, പൂക്കുലത്തണ്ട്‌, ചൂട്ട്‌, കൊതുമ്പ്‌, മടൽ, തൊണ്ട്‌, ചകിരിച്ചോറ്‌, കമ്പോസ്റ്റ്‌, ഓലയിൽ നിന്നുള്ള മണ്ണിര കമ്പോസ്റ്റ്‌ തുടങ്ങിയവ തന്നെയാണ്‌ തെങ്ങിന്‌ ഏറ്റവും യോജിച്ച ജൈവവളങ്ങൾ. ഇവയിൽ തെങ്ങ്‌ ഓരോ വർഷവും മണ്ണിൽ നിന്ന്‌ വലിച്ചെടുക്കുന്ന പോഷകമൂലകങ്ങൾ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്‌.  അതുകൊണ്ട്‌ ഇവ തിരികെ തെങ്ങിൻ തടത്തിലേയ്ക്ക്‌ ജൈവവളമായി ചേർത്തുകൊടുക്കാവുന്നതാണ്‌. കൂടാതെ ഓലയും, തൊണ്ടും തെങ്ങിൻ തടത്തിൽ നിന്ന്‌ ജലാംശം നഷ്ടപ്പെടാതിരിക്കുവാൻ പുതയിടാനും ഉപയോഗിക്കാവുന്നതാണ്‌.  തെങ്ങിൻ തൈ നടുമ്പോൾ കുഴിയുടെ അടിഭാഗത്തായി രണ്ടുവരി തൊണ്ട്‌  മലർത്തിയടുക്കുന്നത്‌ വളരെ നല്ലതാണ്‌. കൂടാതെ രണ്ടുവരി തെങ്ങുകൾക്കിടയിലായി അരമീറ്റർ വീതിയിലും, ഒന്നരയടി താഴ്ച്ചയിലും ചാലുകീറി അതിൽ തൊണ്ടുമലർത്തി അടുക്കി മൂടുന്നത്‌ തെങ്ങിൻ തോട്ടങ്ങളിലെ ജലാശം നിലനിർത്തുന്നതിനും, വളക്കൂറ്‌ കൂട്ടുന്നതിനും വളരെ നല്ലതാണ്‌. തൊണ്ടിൽ തെങ്ങിൻ​‍്‌ ഏറ്റവും അധികം ആവശ്യമായ പൊട്ടാഷ്‌ എന്ന പോഷക മൂലകം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്‌. ഇത്‌ കൂടുതൽ കാലം മണ്ണിൽ നിലനിൽക്കുകയും തുടർച്ചയായി തെങ്ങിന്‌ ലഭിക്കുകയും ചെയ്യുന്നു.  അതായത്‌ 100 തൊണ്ടിന്‌ ഏകദേശം 1 കി. ഗ്രാം പൊട്ടാഷ്‌ എന്ന പോഷകമൂലകം മൂന്നും നാലും വർഷം തെങ്ങിന്‌ നൽകുവാൻ കഴിവുണ്ട്‌. കൂടാതെ മറ്റ്‌ പോഷകമൂലകങ്ങളും ചെറിയ തോതിൽ തൊണ്ടിൽ നിന്ന്‌ ലഭ്യമാകുന്നു.
കമ്പോസ്റ്റ്‌ ചെയ്ത ചകിരിച്ചോറാണ്‌ തെങ്ങിന്‌ ചേർക്കാൻ പറ്റിയ മറ്റൊരു ജൈവവളം. ഇതിലും തെങ്ങിൻ ചുവട്ടിൽ ഏറ്റവും കൂടുതൽ ആവശ്യമായ പൊട്ടാഷ്‌ മറ്റു ജൈവവളങ്ങളെ അപേക്ഷിച്ച്‌ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്‌. ചകിരിച്ചോറ്‌ പ്ലൂറോട്ടസ്‌ സാജർ കാജു എന്ന കുമിളും യൂറിയയും ചേർത്ത്‌ ജീർണ്ണിപ്പിച്ച്‌ കമ്പോസ്റ്റാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചിട്ടുണ്ട്‌. ഒരു ടൺ ചകിരിച്ചോറ്‌ ജൈവവളമാക്കി മാറ്റുവാൻ 5 കുപ്പി കുമിളും, 5 കി.ഗ്രാം യൂറിയായും വേണം. ആദ്യമായി തണലുള്ള സ്ഥലത്ത്‌ ഒരു പോളിത്തീൻ ഷീറ്റ്‌ വിരിക്കുക. അതിലേയ്ക്ക്‌ 10 കി. ഗ്രാം ചകിരിച്ചോറ്‌ 10 സെ. മി. കനത്തിൽ വിതറുക. പിന്നീട്‌ അതിനുമുകളിൽ ഒരു കുപ്പി കുമിൾ (പിത്ത്പ്ലസ്‌) വിതറുക. അതിനുശേഷം വീണ്ടും 100 കി.ഗ്രാം ചകിരിച്ചോറ്‌ നിരത്തുക, അതിന്‌ മുകളിൽ ഒരു കി.ഗ്രാം യൂറിയ വിതറുക . ഇങ്ങനെ ഓരോ അട്ടി ചകിരിച്ചോറിന്‌ മീതെ യൂറിയയും കുമിളും മാറിമാറി വിതറുക. ഇപ്രകാരം ഒരു മീറ്റർ ഉയരത്തിൽ കൂട്ടിയിടുക. ഇടയ്ക്കിടക്ക്‌ വെള്ളം മുകളിൽ തളിച്ച്‌ കൊടുക്കണം. ഏകദേശം 45 ദിവസം കൊണ്ട്‌ ചകിരിച്ചോറ്‌ കമ്പോസ്റ്റായി മാറിക്കിട്ടും. ഈ കുമിൾ (പിത്ത്പ്ലസ്‌) ലഭിക്കുന്നതിന്‌ ഡയറക്ടർ, സേൻട്രൽ കയർ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടുമായോ (0477-22558480), വെള്ളായണി കാർഷിക കോളേജുമായോ  (0471-2381002) ബന്ധപ്പെടുക.
പച്ചിലവളം ചേർക്കൽ, തെങ്ങിൻ തടത്തിലെ ജൈവാംശം വർദ്ധിപ്പിക്കാൻ പറ്റിയ മാർഗ്ഗമാണ്‌. മഴക്കാലാരംഭത്തോടുകൂടി തെങ്ങിൻ തടത്തിലും ഇടസ്ഥലങ്ങളിലും പച്ചിലവളച്ചെടികൾ വളർത്തി മഴക്കാലത്തോടുകൂടി തടത്തിൽ വെട്ടിയിട്ട്‌ മൂടുക. കിലുക്കി,ദെയിഞ്ച, ചണമ്പ്‌ തുടങ്ങിയവ ഇപ്രകാരം തെങ്ങിന്‌ ചേർത്തുകൊടുക്കുവാൻ യോജിച്ച പച്ചിലവളച്ചെടികളാണ്‌. കൂടാതെ ശീമക്കൊന്ന, സൂബാബൂൾ എന്നിവയും തെങ്ങിൻതോപ്പിന്റെ അതിരുകളിൽ വളർത്തി പച്ചിലവളമായി ഉപയോഗിക്കാവുന്നതാണ്‌. തെങ്ങിന്‌ ചേർക്കാൻ ഏറ്റവും അനുയോജ്യമായൊരു ജൈവവളമാണ്‌ വേപ്പിൻ പിണ്ണാക്ക്‌. ഇതിലുള്ള പോഷകമൂലകങ്ങൾ തെങ്ങിന്‌ എളുപ്പത്തിൽ ലഭ്യമാകുകയും മണ്ണിൽ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു. ഒരു തെങ്ങിന്‌ വർഷം തോറും 5 കി.ഗ്രാം വേപ്പിൻ പിണ്ണാക്ക്‌ കൊടുത്താൽ തെങ്ങിന്‌ പോഷകമൂലകങ്ങൾ ലഭിക്കുന്നതിന്‌ പുറമേ ഉപദ്രവകാരികളായ സൂക്ഷ്മജീവികളേയും, നിമാ വിരകളേയും നശിപ്പിക്കുകയും ചെയ്യും.
തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം സ്ഥായിയായി നിലനിർത്താൻ ഉതകുന്ന മറ്റൊരു ജൈവവളമാണ്‌ മണ്ണിര കമ്പോസ്റ്റ്‌.  കായ്ക്കുന്ന തെങ്ങിന്‌ 10 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്‌ ചേർത്ത്‌ കൊടുത്താൽ ഏകദേശം 50 ശതമാനം വരെ രാസവളങ്ങൾ ഒഴിവാക്കി പ്രസ്തുത തെങ്ങിന്റെ ഉയർന്ന ഉത്പാദനക്ഷമത നിലനിർത്താൻ കഴിയുമെന്ന്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ പഠനങ്ങൾ തെളിയിക്കുന്നു. തെങ്ങിൽ നിന്ന്‌ കിട്ടുന്ന ഈർക്കിൽ ഒഴിച്ച്‌ മറ്റ്‌ എല്ലാ ജൈവാവശിഷ്ടങ്ങളും ഗുണമേന്മയുള്ള കമ്പോസ്റ്റാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ ഇന്ന്‌ ലഭ്യമാണ്‌. ഓരോ കർഷകനും ആവശ്യമായ ഈ ജൈവവളം അവരവരുടെ വീട്ടിൽ തന്നെ മനസ്സുവെച്ചാൽ ഉണ്ടാക്കാവുന്നതാണ്‌.
വെള്ളം കെട്ടിനിൽക്കാത്ത കൂടുതൽ സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലമാണ്‌ ഇതിനായി തെരഞ്ഞെടുക്കേണ്ടത്‌. ചെറിയ രീതിയിൽ കമ്പോസ്റ്റ്‌ നിർമ്മാണത്തിന്‌ 2.5 മീറ്റർ നീളവും 1.00 മീറ്റർ വീതിയും 0.5 മീ ആഴവുമുള്ള കുഴിയോ, ടാങ്കോ മതിയാകും. എന്നാൽ ജൈവാവശിഷ്ടങ്ങളുടെ ലഭ്യത അനുസരിച്ച്‌ കുഴിയുടെ വലിപ്പം കൂട്ടാം. എന്നാൽ കുഴിയുടെ ആഴം 0.5 മീറ്ററിൽ കൂടുതലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം മണ്ണിന്റെ ഉപരിതലത്തിൽ വായു സഞ്ചാരമുള്ള മേഖലയിൽ കാണുന്ന യൂഡ്രിലസ്‌ യൂജിനിയേ, ഐസീനിയ ഫോയിറ്റിഡ തുടങ്ങിയ വിരകളാണ്‌ 'കമ്പോസ്റ്റ്‌' നിർമ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌. മണ്ണ്‌ നിരന്ന്‌ പോകാതിരിക്കാൻ കുഴിയുടെ പുറം കല്ലുകൊണ്ടോ ഇഷ്ടിക കൊണ്ടോ കെട്ടുക. കുഴിയുടെ അടിഭാഗവും മറ്റു വശങ്ങളും നല്ലതുപോലെ അടിച്ചുറപ്പിക്കുക. ഇപ്രകാരമുള്ള കുഴിക്ക്‌ പകരം സിമന്റ്‌ ടാങ്കായാലും മതി. കുഴിയുടെ/ ടാങ്കിന്‌ മുകളിലായി സൂര്യപ്രകാശം എൽക്കാത്തവിധം ഓലകൊണ്ട്‌ പന്തലിട്ട്‌ കൊടുക്കണം.
കുഴി തയ്യാറാക്കുന്നതിന്‌ മുമ്പായി നമുക്ക്‌ ആവശ്യമായ മണ്ണിരയെ സംവർദ്ധന പ്രക്രിയയിലൂടെ ഉണ്ടാക്കുന്നതിനുവേണ്ട നടപടിയെടുക്കണം.തെങ്ങോലയെപ്പോലും പെട്ടെന്ന്‌ കമ്പോസ്റ്റ്‌ ആക്കാൻ കഴിവുള്ള യൂഡ്രിലസ്‌ ഇനത്തിൽപെട്ട മണ്ണിരയാണ്‌ ഏറ്റവും നല്ലത്‌. ഒരു ടൺ ജൈവാവശിഷ്ടത്തെ കമ്പോസ്റ്റാക്കി മാറ്റാൻ 1 കി. ഗ്രാം മണ്ണിര (1000 മണ്ണിര) എന്നതാണ്‌ മണ്ണിരയുടെ തോത്‌. ഇതനുസരിച്ച്‌ ലഭ്യമായ ജൈവാംശത്തിന്‌ അനുസരിച്ച്‌ മണ്ണിര സംവർദ്ധനയിലൂടെ ഉണ്ടാക്കണം. ഒന്നു രണ്ട്‌ മാസം കൊണ്ട്‌ മണ്ണിരയെ 300 മടങ്ങായി വർദ്ധിപ്പിക്കാൻ അതായത്‌ 50 മണ്ണിര വാങ്ങിയാൽ 5000 മണ്ണിരയായി (5 ടൺ ജൈവാവശിഷ്ടം കമ്പോസ്റ്റാക്കാൻ ആവശ്യത്തിന്‌) സംവർദ്ധന പ്രക്രിയയിലൂടെ വർദ്ധിപ്പിച്ചെടുക്കാൻ സാധിക്കും. അതിനായി ചാണകവും അഴുകിയ ഇലകളോ മറ്റ്‌ ജൈവാവശിഷ്ടങ്ങളോ 1 : 1 അനുപാതത്തിൽ ഒരു ബക്കറ്റിലോ, സിമന്റ്‌ ടാങ്കിലോ എടുക്കുക. ഇപ്രകാരമെടുത്ത 10 കി.ഗ്രാം മിശ്രിതത്തിന്‌ 50 എണ്ണം എന്നതോതിൽ മണ്ണിരയെ നിക്ഷേപിക്കുക. ഉണങ്ങിയ ഇലകൾ കൊണ്ട്‌ പുതയിടുകയും, ഇടയ്ക്കിടക്ക്‌ നനയ്ക്കുകയും ചെയ്യുക. ബക്കറ്റിൽ നിന്ന്‌ വെള്ളം വാർന്ന്‌ പോകുന്നതിന്‌ ദ്വാരമുണ്ടായിരിക്കണം. ഒന്നു രണ്ട്‌ മാസം കൊണ്ട്‌ 300 മടങ്ങായി മണ്ണിര പെരുകുന്നു.
മണ്ണിര തയ്യാറായി കഴിഞ്ഞാൽ കമ്പോസ്റ്റ്‌ നിർമ്മാണം തുടങ്ങാം. തയ്യാറാക്കിയ ടാങ്കിന്റെയോ കുഴിയുടെയോ അടിഭാഗത്തായി കുറച്ച്‌ പൊടിമണൽ വിതറുക, അതിന്‌ മുകളിലായി ചകിരിയോ, കൊത്തി നുറുക്കിയ മടലോ, തെങ്ങിൻ കഷണങ്ങളോ നിരത്തുക. അതിനുശേഷം ജൈവാവശിഷ്ടങ്ങൾ നിറയ്ക്കുക. ഒരുടൺ ജൈവാവശിഷ്ടത്തിന്‌ 100 കി. ഗ്രാം ചാണകം (ജൈവാവശിഷ്ടത്തിന്റെ 10 ശതമാനം) എന്ന തോതിൽ കലക്കി ഒഴിക്കണം. അതിനുശേഷം നന്നായി ഇളക്കുക. രണ്ടാഴ്ച  കഴിഞ്ഞ്‌ ജൈവവസ്തുക്കൾ പകുതി ജീർണ്ണിച്ച ശേഷം മണ്ണിരയെ 1 കി. ഗ്രാം ഒരു ടൺ ജൈവവസ്തുക്കൾക്ക്‌ എന്ന തോതിൽ ഇടുക. കുഴി/ടാങ്ക്‌ ചാക്കുകൊണ്ടോ, തെങ്ങോല കൊണ്ടോ മൂടുക. ആവശ്യാനുസരണം ഈർപ്പം നിലനിർത്താൻ വെള്ളം തളിച്ചുകൊടുക്കുകയോ ആഴ്ചയിലൊരിക്കൽ ജൈവാവശിഷ്ടങ്ങൾ ഇളക്കി കൊടുക്കുകയോ വേണം. 40-50 ദിവസം കൊണ്ട്‌ ജൈവവസ്തുക്കൾ കറുത്ത്‌ പൊടിഞ്ഞ്‌ തരിരൂപത്തിലുള്ള മണ്ണിര കമ്പോസ്റ്റായി മാറും.

ഈ ലളിതമായ, ഗുണമേന്മയുള്ള ജൈവവള നിർമ്മാണം സ്വയംതൊഴിൽ കണ്ടെത്തുന്നതിനും, അതിലൂടെ വരുമാനം വർദ്ധിപ്പിക്കാനും ഉതകുന്ന ഒരു സംരംഭമായി തുടങ്ങാവുന്നതാണ്‌. ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉത്പാദക സംഘങ്ങൾക്ക്‌ സഹകരണാടിസ്ഥാനത്തിൽ ഈ സംരംഭം തുടങ്ങാവുന്നതാണ്‌. സംഘത്തിലെ അംഗങ്ങൾക്ക്‌ ഗുണമേന്മയുള്ള ജൈവവളം ലഭിക്കുന്നതിന്‌ പുറമേ ണല്ലോരു വരുമാനമാർഗ്ഗവും പരിസ്ഥിതി സംരക്ഷണവും ഇതുവഴി സാധ്യമാകും. മണ്ണിര കമ്പോസ്റ്റ്‌ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേശീയ ഉദ്യാനവിള മിഷൻ പദ്ധതിയിലൂടെയും നാളികേര വികസന ബോർഡിന്റെ സംയോജിത കേരകൃഷി വികസന പദ്ധതിയിലൂടെയും സാമ്പത്തിക സഹായം നൽകി വരുന്നു.
ഇനി നമുക്ക്‌ ഇന്നത്തെ ചുറ്റുപാടിൽ അനിവാര്യമായ വളപ്രയോഗമേതെന്ന്‌ നോക്കാം. മഴക്കാലാരംഭത്തോടുകൂടി ജൈവവളം 25 മുതൽ 50 കി.ഗ്രാം വരെ ചേർത്തുകൊടുക്കാം. കൂടാതെ മുകളിൽ വിവരിച്ച ചകിരിച്ചോറ്‌ കമ്പോസ്റ്റ്‌, മണ്ണിര കമ്പോസ്റ്റ്‌ തെങ്ങോന്നിന്‌ 10 കി.ഗ്രാം എന്നതോതിൽ ചേർക്കണം. ചാണകം, ചാരം, പച്ചിലവളം, വേപ്പിൻ പിണ്ണാക്ക്‌ തുടങ്ങിയവയാണ്‌ പ്രധാനമായി ഉപയോഗിക്കുന്ന ജൈവവളങ്ങൾ. നീർവാർച്ച കുറഞ്ഞ കായൽ പ്രദേശങ്ങളിൽ ജൈവവളത്തോടൊപ്പം കായൽചെളി, ആറ്റുചെളി തുടങ്ങിയവ ഇടുന്നത്‌ നല്ലതാണ്‌. നമ്മുടെ നാട്ടിലെ മിക്കവാറും സ്ഥലങ്ങളിലെ മണ്ണിലും അമ്ലത്വം കൂടുതലുണ്ട്‌. ഇത്‌ വർഷം തോറും കുമ്മായം ചേർത്ത്‌ ക്രമീകരിച്ച്‌ നിർത്തിയെങ്കിൽ മാത്രമേ തെങ്ങിന്‌ ആവശ്യമായ പോഷക മൂലകങ്ങൾ മണ്ണിൽ നിന്ന്‌ വലിച്ചെടുക്കാൻ പറ്റുകയുള്ളൂ. അതിനാൽ കായ്ക്കുന്ന തെങ്ങോന്നിന്‌ 1 കി.ഗ്രാം എന്നതോതിൽ കുമ്മായം ചേർക്കണം. മണ്ണ്‌ പരിശോധനയിലൂടെ മണ്ണിലെ അമ്ലത്വത്തിന്റെയും മറ്റ്‌ പോഷകങ്ങളുടെയും തോത്‌ മനസ്സിലാക്കാൻ കഴിയും. രാസവളപ്രയോഗം നടത്തുമ്പോൾ മണ്ണ്‌ പരിശോധനയുടെ അടിസ്ഥാനത്തിൽ വളം ചെയ്യുന്നതാണ്‌ ഉത്തമം. തെങ്ങിന്‌ ചേർക്കേണ്ട രാസവളങ്ങളുടെ അളവ്‌ പട്ടിക-1 ൽ കൊടുത്തിട്ടുണ്ട്‌.
തെങ്ങിൻ തോട്ടത്തിൽ നിന്ന്‌ മണ്ണ്‌ എടുക്കേണ്ട വിധം
തെങ്ങിൻ തടത്തിൽ നിന്നാണ്‌ സാമ്പിൾ എടുക്കേണ്ടത്‌.  തെങ്ങിന്റെ കടഭാഗത്ത്‌ നിന്ന്‌ 1 മീ. അകലത്തിൽ 50 സെ. മീ. ആഴത്തിലുള്ള മണ്ണാണ്‌ എടുക്കേണ്ടത്‌. ഇതിനായി 'വി' ആകൃതിയിൽ ഒരു കുഴിയുണ്ടാക്കി അതിന്റെ ഒരുഭാഗത്ത്‌ നിന്ന്‌ ഒരു മൺവെട്ടി മാട്‌ മണ്ണ്‌ എന്ന കണക്കിനോ, അല്ലെങ്കിൽ 2 സെ. മി. വ്യാസാർദ്ധമുള്ള അഗ്രം കൂർത്ത കുഴൽ  മണ്ണ്‌ ശേഖരിക്കുന്ന കുഴിയിൽ 50 സെ.മീ. ആഴത്തിൽ അടിച്ചിറക്കി കുഴലിൽ കിട്ടുന്ന മണ്ണോ ആണ്‌ ശേഖരിക്കേണ്ടത്‌. ഇപ്രകാരം തടത്തിൽ മൂന്ന്‌ വശത്തുനിന്ന്‌ മണ്ണ്‌ എടുത്ത്‌ കൂട്ടിച്ചേർക്കുക. ഒരു ഹെക്ടർ സ്ഥലത്ത്‌ നിന്ന്‌ ഇപ്രകാരം  10-12 സാമ്പിളുകൾ ശേഖരിക്കുക. ഇങ്ങനെ ശേഖരിച്ച മണ്ണ്‌ കൂട്ടികളർത്തി കൂമ്പാരമാക്കുക. ഈ മണ്ണ്‌ കോണുകളായി 4 ഭാഗമായി വിഭജിച്ച്‌ എതിരെയുള്ള രണ്ട്‌ ഭാഗങ്ങൾ ഉപേക്ഷിക്കുക. മറ്റ്‌ രണ്ട്‌ ഭാഗങ്ങൾ കൂട്ടികളർത്തി ഈ പ്രക്രിയ 1 കി. ഗ്രാം മണ്ണ്‌ ലഭിക്കുന്നതുവരെ ആവർത്തിക്കാം. ഈ സാമ്പിളിൽ കൃഷിക്കാരന്റെ പേരും, മേൽവിലാസവും തെങ്ങിൻ തോട്ടത്തിന്റെ സർവ്വേ നമ്പരും മറ്റു വിവരങ്ങളും എഴുതി അടുത്തുള്ള മണ്ണ്‌ പരിശോധന കേന്ദ്രത്തിൽ എത്തിക്കണം.

ജൈവവളങ്ങൾ കിട്ടാവുന്നിടത്തോളം നൽകി തെങ്ങിൻ തടത്തിലെ മണ്ണിന്‌ പുതുജീവൻ നൽകുകയാണ്‌ ഇന്നത്തെ ചുറ്റുപാടിൽ നമ്മുടെ തെങ്ങിൻ തോട്ടങ്ങളുടെ പുനരുജ്ജീവനത്തിന്‌ ആദ്യം ചെയ്യേണ്ടത്‌. അതിനുശേഷം നിശ്ചിത സമയത്ത്‌ ജൈവവളത്തിന്റെ പോരായ്മ തീർക്കാൻ മാത്രം രാസവളങ്ങൾ മണ്ണ്‌ പരിശോധനയുടെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്ത അളവിൽ ചേർക്കാവുന്നതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...