ടി.കെ.ഉണ്ണി
ഉദകപ്പോളക്കുള്ളിലെ നെയ്ത്തിരി
പാതിവെന്ത വെളിച്ചം പോലെ.!
ആരോ പെറ്റിട്ടുപോയ ശാപത്തിന്ന്
കണ്ണോക്ക് പാടാനെത്തിയ മൂങ്ങ
ജന്മമെന്നതൊരു പാഴ്വാക്ക്.!
ആറടി മണ്ണും അരിയിട്ടുവാഴ്ചയും
അഗതികൾക്കില്ലാത്തൊരാർഭാടം
ഏറ്റുവാങ്ങുകിലതുഭേദമെന്നുരചെയ് വോർ..
അരചനാവുന്നതോ, യിന്നെന്റെ മേനി.!
ജന്മമെന്നതൊരു പാഴ്വാക്ക്.!
നെഞ്ചൂറ്റിയെടുത്തകന്നവരൊട്ടനേ കം
നഞ്ഞകത്താക്കിത്തന്നവരതിലധികം
ജരാനരകളകറ്റാൻ
തൃഷ്ണകൾ അളക്കാൻ
കാമനകളൊരുക്കാൻ
വാതായനങ്ങളടച്ച്
കോരിയെടുത്തവരെന്റെ ജന്മം..
ജന്മമെന്നതൊരു പാഴ്വാക്ക്.!
തളിർത്തതും പൂത്തതും
വിരിഞ്ഞതും കരിഞ്ഞതും
പൊഴിഞ്ഞതും പറന്നതും
എല്ലാമെല്ലാം പാഴ്വാക്കുകൾ.
ജന്മങ്ങളെല്ലാം പാഴ്വാക്കുകൾ.!!