സി.രാധാകൃഷ്ണൻ
ഒരു
കൂട്ടുകുടുംബത്തിലായിരുന്നു എന്റെ കുട്ടിക്കാലം. വലിയമ്മചെറിയമ്മമാരുടെ
മക്കളായി ധാരാളം കുട്ടികൾ. എപ്പോഴും കലപില, ചിലപ്പോൾ കശപിശ, അപൂർവം
അവസരങ്ങളിൽ അടിപിടിയും! നല്ലരസം!
കൂട്ടത്തിൽ ഒരു മുഷ്കനും
ഉണ്ടായിരുന്നു. എന്നേക്കാൾ രണ്ടു വയസ്സു കൂടുതലുള്ള ഒരാൾ. ഒരു വലിയമ്മയുടെ
ഇളയ മകൻ. മൂപ്പർക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുപോയി. അതിനാൽ
അച്ഛനില്ലാക്കുട്ടി എന്ന പരിഗണനയിൽ അൽപം ലാളന അധികം കിട്ടിയതിനാലോ എന്തൊ
വേണ്ടാവാശികൾ വേണ്ടത്ര ഉണ്ടായിരുന്നു.
വീട്ടിലോ ചുറ്റുവട്ടത്തൊ
ആരുടെയെങ്കിലും കൈയിൽ ചന്തമോ രുചിയോ പുതുമയോ ഉള്ള എന്തു കണ്ടാലും അത് ഉടനെ
വേണം. കിട്ടിയാലേ അടങ്ങൂ. അതുവരെ അലമുറയും കലിയും അക്രമംപോലും
പതിവായിരുന്നു. അമ്മാമൻമാരാരും ശിക്ഷിക്കാൻ മുതിർന്നില്ല. അച്ഛൻ
ഇല്ലാത്തത്തല്ലേ? അമ്മമാരും മറ്റുള്ളവരോട് നല്ല വാക്കു പറഞ്ഞും
അപേക്ഷിച്ചും ആ വാശിക്കാരന്റെ ആഗ്രഹങ്ങൾ എവ്വിധവും സാധിപ്പിച്ചുകൊടുക്കും.
ഈ നിലപാടും പരിപാടിയും
ശരിയല്ല എന്ന് ചെറിയമ്മാമൻ മാത്രം കൂടെക്കൂടെ പറയും. 'ഈ പോക്കു പോയാൽ ഇവൻ
നാടിനും വീടിനും കൊള്ളരുതാത്തവനാവും' ആരുടെയും പൈന്തുണ ഈ പക്ഷത്തിനു
കിട്ടാത്തതിനാൽ പക്ഷെ, തിരുത്തൽ നടപടികളൊന്നും ഉണ്ടായില്ല.
ഇങ്ങനെ ഇരിക്കെ, ഒരിക്കൽ
എന്തോ ആവശ്യത്തിന് കോഴിക്കോട്ടു പോയി വന്ന ഒരു വലിയച്ഛൻ ഹൽവയും വറുത്ത
കായയും ദ്വീപുചക്കരയും കൊണ്ടുവന്നു. ഇതു മൂന്നും ആയിരുന്നല്ലോ
കോഴിക്കോടിന്റെ വിശിഷ്ടവിഭവങ്ങൾ. നല്ല സാധനം എന്തുകിട്ടിയാലും ആളോഹരി
തുല്യമായി പങ്കുവയ്ക്കുകയാണ് തറവാട്ടിലെ പതിവ്. സ്ഥലത്തില്ലാത്തവരുടെ
പങ്ക് അവരുടെ അമ്മമാരോ മൂത്തവരോ വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും പിന്നീട്
അവർക്ക് കൊടുക്കുകയും ചെയ്യും. ഏറ്റവും പ്രായംകൂടിയ വലിയമ്മയാണ്
വിതരണക്കാരി. ഏറെ ആക്കത്തൂക്കവ്യത്യാസം വരാതെ അവർ ആ ചുമതല കഷ്ടി
ഒപ്പിക്കും.
ഇതിനിടെ വാശിക്കാരനായ
ചേട്ടൻ കരഞ്ഞും ബഹളമുണ്ടാക്കിയും മറ്റുള്ളവർക്ക് കിട്ടുന്നതിൽ ഏറെ
സംഘടിപ്പിക്കും. ഹൽവ കണ്ടപ്പോൾ ഈ അധികാവകാശവും പോരാ എന്നായി മൂപ്പരുടെ
നിലപാട്.
പ്ലാസ്റ്റിക്കു
വരുന്നതിനു മുമ്പുള്ള കാലമായതിനാൽ ഓലപ്പായത്തടുക്കിലാണ് ഹൽവ
പൊതിഞ്ഞിരുന്നത്. ആ പൊതി മൂപ്പർ കടന്നൊരു പിടി പിടിച്ചു. വലിയമ്മ
വിടാതെയും പിടിച്ചു. വാശിയേറിയ ആ പിടിവലിയിൽ വലിയമ്മ ജയിച്ചു. പക്ഷെ,
മേറ്റ് കക്ഷി തോൽവി സമ്മതിക്കാൻ കൂട്ടാക്കിയില്ല. പുറത്തളത്തിലെ
മുക്കിലിരുന്നു വാവിട്ടു കരയാനും കൈകാലിട്ടടിക്കാനും തുടങ്ങി. അലർച്ച
കേട്ട് അയൽക്കാർവരെ എത്തി. കൂടെ ചെറിയമ്മാമനും തൊടിയിൽനിന്നു വന്നു. അവിടെ
ഉഴുന്നു വിതയ്ക്കാൻ നിലമൊരുക്കുകയായിരുന്നതിനാൽ കന്നിനെ തെളിക്കുന്ന
മുടിങ്കോലും കൈയിൽ ഉണ്ടായിരുന്നു.
ചുട്ട രണ്ടു പിട മനസ്സിൽ
കണ്ടാണ് ഞങ്ങൾ നിന്നത്. ചെറിയമ്മാമന്റെ മനസ്സിനും അതുതന്നെ ആയിരുന്നു
എന്ന് തിരിച്ചറിഞ്ഞ മുത്തശ്ശി ആ മുടിങ്കോൽ പിടിച്ചു വാങ്ങി. 'വേണ്ട, അവനെ
ഞാൻ പറഞ്ഞു മനസ്സിലാക്കാം'.
'എങ്കിൽ അതൊന്നു
കാണട്ടെ!' എന്ന് ചെറിയമ്മാമൻ ഊരയ്ക്കു കൈയ്യുമൂന്നി നിന്നു. മുത്തശ്ശി
'പൊന്നേ, കുട്ടാ, മിടുക്കാ, കണ്ണാ!' എന്നൊക്കെ പറഞ്ഞതു വെറുതെയായി. തഞ്ചം
കിട്ടിയപ്പോൾ വലിയമ്മയുടെ കൈയിലെ ഹൽവപ്പൊതി ഏട്ടൻ വീണ്ടും ചാടിപ്പിടിച്ചു!
ഇതെല്ലാം കണ്ടു കേട്ടും
വടക്കിനിയിലെ ചാരുപടിയിൽ ഉച്ചമയക്കമുണർന്നു കിടന്ന വലിയമ്മാമൻ പതുക്കെ
എഴുന്നേറ്റു വന്നു. 'സാരമില്ല, നമുക്കു നേരെയാക്കാം?'
അദ്ദേഹം
ആരെയും ശിക്ഷിക്കാറില്ല. ആരും കരയുന്നത് കേൾക്കാൻ വയ്യാത്ത സ്വഭാവം.
എന്തെങ്കിലും കാര്യം നടത്തിക്കിട്ടാൻ കുട്ടികളുൾപ്പെടെ പ്രയോഗിക്കുന്ന
വിദ്യയാണ് വലിയമ്മാമൻ കേൾക്കെ ഉറക്കെ കരയൽ. ഉടനെ വരും കൽപന, 'അകായില്
ആരെങ്കിലും ഉണ്ടെങ്കിൽ അയാൾക്ക് എന്താ വേണ്ടത് എന്ന് അന്വേഷിക്ക്യ'.
ഇത്തവണയും വാശിക്കാരന്റെ
വാശി നിറവേറുകതന്നെയാണ് ചെയ്തത്. പക്ഷെ, ഈഷൽ വ്യത്യാസത്തോടെ എന്നു
മാത്രം. വലിയമ്മയുടെ കൈയിൽനിന്ന് ഹൽവപ്പൊതി വാങ്ങി വലിയമ്മാമൻ 'അങ്ങന്നേം
മുഴ്വോനേം എനിക്കു വേണം!' എന്നു കരയുന്നവന്റെ നേർക്കു നീട്ടി, 'ഇതാ,
അങ്ങന്നേം മുഴ്വോനേം! പോരെ?'
അതു വാങ്ങാൻ ഏട്ടന്റെ കൈ
ഉത്സാഹത്തെടെ നീണ്ടപ്പോൾ പക്ഷെ, വലിയ കാരണവർ ഒരു നിബന്ധന വച്ചു.'അങ്ങന്നേം
മുഴ്വോനേം തിന്നേ്ം വേണം!' എന്നു കരയുന്നവന്റെ നേർക്കു നീട്ടി, 'ഇതാ,
അങ്ങന്നേം മുഴ്വോനേം! പോരെ?'
അതു വാങ്ങാൻ ഏട്ടന്റെ കൈ ഉത്സാഹത്തോടെ നീണ്ടപ്പോൾ പക്ഷെ, വലിയ കാരണവർ ഒരു നിബന്ധന വച്ചു,'അങ്ങന്നേം മുഴ്വോനേം തിന്നേം് വേണം!'
മണ്ടൻമാരായ ഞങ്ങളെല്ലാം അപ്പോൾ കരുത്തിയത് ആ ഏട്ടൻ മനസ്സിൽ വിചാരിച്ചതുതന്നെയാണ്, 'സംഗതി കുശാലായില്ലേ, തിന്നാണെന്തു പ്രയാസം?'
വായിൽ
പത്തേമ്മാരികളോടിക്കാൻ മതിയായ അളവിൽ വെള്ളമൂറി ഞങ്ങളെല്ലാം കണ്ടുനിൽക്കെ
ഏട്ടൻ പൊതി തുറന്ന് തീറ്റ തുടങ്ങി. നല്ല ഗുണനിലവാരമുള്ള ഹൽവയാണ്, ഒരു
ചെറിയ തുണ്ട് വായിലിട്ടാലും അത് കടിച്ചരച്ചലിയിക്കാൻ നേരം കുറച്ചു വേണം.
രണ്ടുമൂന്നു കിലോഗ്രാം ഹൽവയുണ്ടായിരുന്നു ആ പൊതിയിൽ.
കൈകൊണ്ടു തോണ്ടിയെടുക്കാൻ
പറ്റാത്തതിനാൽ കടിച്ചുപറിച്ച് ആർത്തിയോടെയായിരുന്നു തീറ്റ. അഞ്ചുപത്തു
വായ തിന്നതോടെ കക്ഷിക്കു മതിയായി. എന്നിട്ടും പക്ഷെ, രണ്ടുമൂന്നു വായ കൂടി
ഒരുവിധം അകത്താക്കി. അതിമധുരവുമല്ലേ, പിന്നെ വയ്യ!
വലിയമ്മാമൻ അത്യപൂർവമായ കർശനസ്വരത്തിൽ ആവശ്യപ്പെട്ടു. 'ഉം തിന്ന്. മുഴുവൻ തിന്നണം'!
ഒരു
തുണ്ടുകൂടിയേ തിന്നാനൊത്തുള്ളൂ. പിന്നെ ഏട്ടൻ വലിയമ്മാമനെയും ഹൽവയിലും
ദയനീയമായി മാറിമാറി നോക്കി. ചെറിയമ്മാമൻ മുടിങ്കോലുകൊണ്ട്
കോലായത്തിണ്ടത്ത് ഓങ്ങിയൊരു അടി അടിച്ചു. 'കേട്ടില്ലേ, നിന്നോടാണ്
പറഞ്ഞത്. അങ്ങന്നേം മുഴ്വോനേം തിന്നണം! പൊതിഞ്ഞ പായയല്ലാതെ ഒന്നും
ബാക്കിയാവരുത്ത്. ഉം, വേഗം വേണം!'
ശേഷിച്ച ഹൽവ മാറോടണച്ചുപിടിച്ച് ഏട്ടൻ തേങ്ങിക്കരയാൻ തുടങ്ങി, 'എനിക്കിനി തിന്ന്വയ്യല്ലോ, എന്റമ്മേ!'
'ശരി,
അലറണ്ട!' ഇളമുറക്കാരന്റെ കൈയിൽനിന്ന് മുടിങ്കോൽ മാങ്ങി അതൊരു
സ്ഥാനദണ്ഡുപോലെ നെട്ടനെ പിടിച്ച് വലിയമ്മാമൻ ചോദിച്ചു, 'ഇപ്പൊ എങ്ങനെ
ഇരിക്ക്ണു? കാര്യം മനസ്സിലായ്യോ? ഈ ഭൂമിയിൽ ഒന്നും ഒരാൾക്ക് മാത്രമായി
ഉള്ളതല്ല. ആവശ്യമുള്ളതേ ആർക്കും വേണ്ടു. എനിക്കാവശ്യമുള്ളപോലെ
മറ്റുള്ളവർക്കും ആവശ്യമുണ്ടെന്ന് ഞാൻ എപ്പോഴും ഓർക്കണം. ആ പൊതി
വല്യമ്മയ്ക്ക് കൊടുക്ക്.
എല്ലാ പരാക്രമവും ഉപേക്ഷിച്ച് ഏട്ടൻ ആട്ടിൻകുട്ടിയെപ്പോലെയായി, അനുസരിച്ചു.
വലിയമ്മാമൻ തുടർന്നു, 'വലതു കൈ നീട്ടു'.
ഹലുവയുടെ എണ്ണമയം പുരണ്ട കൈപ്പത്തിയിൽ മുടിങ്കോൽ ചിളുന്നനെ വീണു.
ആരെയെങ്കിലും വലിയമ്മാമൻ
ശിക്ഷിക്കുന്നത് ഞങ്ങൾ അന്നാദ്യമായി കാണുകയായിരുന്നു. ആ അടി
ഞങ്ങൾക്കെല്ലാവർക്കുമാണ് കിട്ടിയതെന്നു തോന്നിയതിനാൽ ഞങ്ങൾ
കൂട്ടക്കരച്ചിലായി...മറ്റുള് ളവർക്ക് ഇല്ലെന്നാലും ഞങ്ങൾക്കു കിട്ടണമെന്ന ആഗ്രഹം ഞങ്ങളിൽ മിക്കവർക്കുമുണ്ടായിരുന്നുവല്ലോ . അതിനായി സമരമൊന്നും ഞങ്ങളാരും സംഘടിപ്പിക്കാറില്ലെന്നേ ഉള്ളൂ.
പതിവില്ലാത്ത വേറെ
ചിലതുകൂടി അന്ന് സംഭവിച്ചു. അത്താഴത്തിനിരുന്നപ്പോൾ വലിയമ്മാവൻ ഏട്ടനെ
പിടിച്ച് അരികിലിരുത്തി ചോറു കുഴച്ച് ഉരുട്ടി വായിൽ കൊടുത്ത് ഊട്ടി.
അതിനിടെ തോളത്തെ തോർത്തുകൊണ്ട് കണ്ണുതുടച്ചുകൊണ്ടുമിരുന്നു. അറകളുടെയും
മുറികളുടെയും വാതിൽ മറഞ്ഞു നിൽക്കുന്ന അമ്മയും വലിയമ്മമാരും കണ്ണുകൾ
തുടയ്ക്കുന്നുണ്ടായിരുന്നു. ഒഴിച്ചുകൂട്ടാനിലെ എരിവായിരുന്നില്ല ആ
കണ്ണീരിനു കാരണം.
ഗുരുവായൂരിൽ
തിങ്ങത്തൊഴലിനു പോയ മുത്തച്ഛൻ അപ്പോഴാണ് വന്നത്. പതിനാലു നാഴിക
അങ്ങോട്ടുമിങ്ങോട്ടും നടന്നാണ് യാത്ര. വെളുക്കുമ്മുമ്പു പോയതായിരുന്നു.
എങ്കിലും അകായിൽ കാലു കുത്തിയ നിമിഷത്തിൽ മുത്തച്ഛനു മനസ്സിലായി, എന്തൊ
അസാധാരണമായി സംഭവിച്ചിട്ടുണ്ടെന്ന്.
എപ്പോഴാണ്,
അരോടന്വേഷിച്ചാണ്, മുത്തച്ഛൻ കഥയറിഞ്ഞത് എന്നു നിശ്ചയമില്ല. രാത്രി
പതിവുപോലെ ഞങ്ങളെല്ലാരും മുത്തച്ഛന്റെ കൂടെ ഉറങ്ങാൻ കിടന്നപ്പോൾ അന്നാണ്
മുത്തച്ഛൻ പാക്കനാരുടെ മുറംവിൽപനയുടെ കഥ പറഞ്ഞുതന്നത്. പത്തു മുറം പണിയും.
അതുമായി വിൽപനയ്ക്കിറങ്ങും. പത്തും പരിശോധിക്കാൻ ഒരു വീട്ടുകാർക്കു നൽകി
പുറത്തു നിൽക്കെ വിളിച്ചു പറയും, 'എന്റെ ആ ഒമ്പതു മുറോം ഇങ്ങു തന്നാൽ
എനിക്കു പോവായിരുന്നു!' മുറക്കാരന് കണക്കു പിഴച്ചെന്നു സന്തോഷിച്ച് ഒരു
മുറം മാറ്റി വച്ച് വീട്ടുകാർ ഒമ്പതു തിരികെ കൊടുക്കും. അങ്ങനെ ഒമ്പതു
വീടുകളിലെ കച്ചവടം കഴിഞ്ഞ് ഒരുമുറം മാത്രം ശേഷിക്കുമ്പോൾ അതിന്റെ
വിലവാങ്ങി അതുകൊണ്ട് ആഹാരം നേടി പാക്കൻ വീട്ടിൽപോയി മതിയാവോളം
ചിരിച്ചുരസിച്ചു കിടന്നുറങ്ങും.
മുത്തച്ഛൻ തുടർന്നു,
'അങ്ങന്നേം
മുഴ്വോനേം മറ്റുള്ളവർക്കു കൊടുക്കുന്നതാണ് കൂടുതൽ സന്തോഷകരം. വേണമെങ്കിൽ
പരീക്ഷിച്ചു നോക്കാം. പക്ഷെ, അവനവന് ഉള്ളതോ അവനവൻ ഉണ്ടാക്കിയതൊ മാത്രമേ
കൊടുക്കാവൂ. കൊടുക്കാനായാലും കക്കാണോ കവരാണോ പാടില്ല. അഥവാ,
വാല്മീകിയെപ്പോലെ കവർച്ചക്കാരനായിരുന്നാലും, ഇനി ഞാനത് ചെയ്യില്ല എന്നു
നിശ്ചയിച്ചാൽ ആർക്കും മഹാമഹർഷിയാവാനും ഒക്കും!
ആ എട്ടൻ പിന്നീടൊരിക്കലും ഒന്നിനും ആർത്തിയോ ശാഠ്യമോ കാണിച്ചില്ല.
മറ്റുള്ള
ആർക്കെങ്കിലും കിട്ടിയതൊ കിട്ടാനിരിക്കുന്നതൊ ആയ എന്തെങ്കിലും എനിക്കു
വേണം എന്ന അന്തമില്ലായ്മ തോന്നുമ്പോഴൊക്കെ ഞാൻ ഓർക്കാറ് ഈ സംഭവമാണ്.
അതോടെ ആ ആലോചനയുടെ കുരുക്ക് എന്റെ കഴുത്തിൽനിന്നു മാറി ഞാൻ
സ്വതന്ത്രനാവും. ഈശ്വരാ, എന്തൊരു അനുഗ്രഹം, എത്ര സുഖം!