സണ്ണി തായങ്കരി
ഉറക്കമില്ലാത്ത രാത്രികളുടെ പരമ്പരതന്നെയായിരുന്നു പിന്നീട്. മനസ്സ് പിടക്കുന്നവന് ഉറങ്ങാൻ കഴിയുന്നതെങ്ങനെ? കണ്ണടച്ചാൽ ദുഃഖങ്ങൾ ദുർഭുതങ്ങളായി മുന്നിൽ നിറഞ്ഞാടുകയായി...
ഇസഹാക്ക് ഓർക്കുകയായിരുന്നു.
നന്നേ ചെറുപ്പംമുതൽ ദുരന്തങ്ങൾ ഒന്നൊന്നായി ഏറ്റുവാങ്ങാനായിരുന്നു നിയോഗം. ബാല്യത്തിൽ ജ്യേഷ്ഠസഹോദരൻ ഇസ്മായേലിനെ വേർപിരിഞ്ഞു. അത് സൃഷ്ടിച്ചതു തികഞ്ഞ എകാന്തത്തയാണ്. ശൂന്യതാബോധം മനസ്സിനെ ഏറെക്കാലം നീറ്റി. മാതാവായ സാറായോട് കൂടുതൽ പറ്റിച്ചേരാൻ കാരണവും അതുതന്നെയായിരുന്നിരിക്കണം. പിന്നീട് മാതാവിനെ വേർപിരിഞ്ഞൊരു ജീവിതം അചിന്ത്യമായി. യൗവനം ശരീരത്തിന്റെ ഓരോ കോശങ്ങളിലും മായാജാലങ്ങളുടെ വർണക്കൂട്ടുകൾ നിർലോഭം ചാർത്തുമ്പോഴും യാതൊരു സ്വപ്നവും മനസ്സിനെ മോഹിപ്പിച്ചില്ല. അമ്മയായിരുന്നു എല്ലാം. അമ്മമാത്രം മതിയായിരുന്നു എന്തിനും. അവരുടെ വേർപാട് പെട്ടെന്ന് ഒരുനാൾ അംഗീകരിക്കേണ്ടിവന്നപ്പോൾ തകർന്നുപോയി. ആ നീറ്റലും പുകച്ചിലും മാറ്റിയെടുക്കാനുള്ള ശ്രമത്തിൽ വൈകിയാണെങ്കിലും റെബേക്കായെന്ന ജീവിതപങ്കാളി പൂർണമായും വിജയിച്ചു. ജീവനിൽ സുരക്ഷിതത്വത്തിന്റെ കുളിർമ തീർത്ത്, ആയിരം കൈകൾകൊണ്ട് തന്നോട് ചേർത്തുപിടിച്ച പടർന്നുപന്തലിച്ച മഹാവൃക്ഷംപോലെയായിരുന്നു പിതാവായ അബ്രാഹം. ആ വേർപാട് ജീവനിൽ കൽമഴയായി പെയ്തിറങ്ങിയപ്പോൾ അമ്പേ തകർന്നുപോയി. റെബേക്കയുടെ സാമീപ്യവും സാന്ത്വനവും തെല്ലാശ്വാസം പകർന്നെങ്കിലും ആ മഹാമേരുവിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ലെന്ന് തിരിച്ചറിഞ്ഞു. അനാഥത്വം ബോധാബോധങ്ങളിലെ ഹൃദയവ്യഥയായി.
അപ്പോൾ ആത്മാവും ശരീരവും ദാഹിച്ചതു ഒന്നിനുവേണ്ടിമാത്രം! തന്റെ രക്തത്തിൽ പിറക്കുന്ന ഒരു കുഞ്ഞ്. റെബേക്കയുടെ ഗർഭപാത്രത്തിൽ ഉരുവാക്കപ്പെടുന്ന കടിഞ്ഞൂൽ സന്തതിക്കുവേണ്ടി പ്രാർഥനയോടെ കാത്തിരുന്ന സംവത്സരങ്ങൾ! കർത്താവ് തെരഞ്ഞെടുത്ത അബ്രാഹത്തിന്റെ സന്തതിക്ക് ഒരു പുത്രനെ നൽകാതിരിക്കാൻ മാത്രം കരുണയില്ലാത്തവനല്ല അവിടുന്ന് എന്ന ബോധ്യമുണ്ടായിരുന്നു. തികഞ്ഞ വിശ്വാസവും. പക്ഷേ, യൗവനത്തുടുപ്പേറിയ പ്രത്യാശയുടെ ദിനരാത്രങ്ങൾക്ക് പതിറ്റാണ്ടുകളുടെ കിതപ്പേറിപ്പോൾ തകർന്നുപോയി. ആശകളുടെ തിരിനാളങ്ങൾ നിരാശകളുടെ കരിന്തിരിയായി പുകഞ്ഞു. ജീവിതം വ്യർഥതയുടെ പട്ടടയിൽ കത്തിയമരുന്ന ഒരു കനൽ മാത്രമാണെന്ന ബോധ്യം, മനസ്സിന്റെ തരിശിടങ്ങളെ ദുർഭൂതങ്ങളുടെ നടനവേദിയാക്കി.
വന്ധ്യയായ റെബേക്കാ ഒരിക്കലും പ്രസവിക്കില്ലെന്ന് സ്വയം ബോധ്യപ്പെടുത്തി. എന്നാൽ സന്താനഭാഗ്യമില്ലാത്തവനായ താൻ കർത്താവ് ദാനമായിതന്നതൊക്കെ ദാസൻമാർക്ക് വിട്ടുകൊടുത്ത് ഒരുനാൾ ഈ ലോകത്തോട് വിടപറയേണ്ടിവരുമല്ലോയെന്ന ചിന്ത ആത്മാവിനെ ദഹിപ്പിക്കുന്ന അഗ്നിയായി. അനാഥത്വത്തിന്റെയും അപകർഷതാബോധത്തിന്റെയും നെരിപ്പോടിന് നിരാശ ഇന്ധനമായി.
റെബേക്കയുടെ ദു:ഖത്തിന് കനൽക്കാറ്റിന്റെ ഊഷരതയാണ്. പ്രിയന്റെ ബീജമേറ്റുവാങ്ങി ഒരു ജീവനെ ഗർഭപാത്രത്തിൽ ഉരുവാക്കി ആ കരങ്ങളിലേക്ക് നൽകാൻ യോഗ്യമല്ലാത്ത തന്റെ സ്ത്രീത്വത്തെ അവൾ ശപിച്ചു. പാഴ്ച്ചെടിപോലും മുളയ്ക്കാത്ത മണ്ണ് ചുടലപ്പറമ്പിനേക്കാൾ നികൃഷ്ടമാണ്. മനുഷ്യന്റെ വിചാരങ്ങളിൽനിന്നുപോലും അത് അന്യവൽക്കരിക്കപ്പെടും. പൂർണതയിലെത്താത്ത സ്ത്രീ ജന്മമായി ഒടുങ്ങേണ്ടിവരുമെന്ന വേദനയെക്കാൾ എത്രയോ വലുതായിരുന്നു അദ്ദേഹത്തിന്റെ വംശപരമ്പര നിലനിർത്താൻ ഒരു കുഞ്ഞിന് ജന്മമേകാൻ കഴിയാതിരിക്കുക എന്ന ദുർവിധി.
"റെബേക്കാ..."
ഇസഹാക്കിന്റെ വിളി കേട്ട് അവൾ തിരിഞ്ഞുകിടന്നു. രാവേറെചെന്നിട്ടും അവൾ ഉറങ്ങിയിട്ടില്ലെന്ന് അപ്പോഴാണ് മനസ്സിലായത്. സന്താനഭാഗ്യമില്ലാത്ത ഒരു സ്ത്രീയുടെ ഹൃദയവ്യഥ പുരുഷന്റേതിൽനിന്ന് എത്രയധികമായിരിക്കും! അതവർ സ്വകാര്യദുഃഖമായി സൂക്ഷിക്കും. അത് സ്ത്രീയുടെ പരിമിതിയുടെ മറ്റൊരു മുഖം!
"അങ്ങിതുവരെ ഉറങ്ങിയില്ലേ?" ഇസഹാക്കിന്റെ നഗ്നമായ നെഞ്ചിലെ നരച്ചരോമങ്ങളിൽ വിരലോടിച്ചു റെബേക്കാ. മൗനം നിദ്രയുടെ ഭാഗമല്ലാതായിത്തീർന്ന യാമങ്ങൾക്ക് ദൈർഘ്യമേറെയാണെന്ന് റെബേക്കയ്ക്കുതോന്നി.
"അങ്ങെന്താണ് ആലോചിക്കുന്നത്?"
"റെബേക്കാ, ഞാനൊരു കാര്യം..."
ഏതുകാര്യവും വെട്ടിത്തുറന്നുപറയുന്ന അദ്ദേഹത്തിനിപ്പോൾ ഒരു വാക്യം പൂർത്തിയാക്കാൻ കഴിയുന്നില്ല! അവൾക്ക് ആശ്ചര്യം തോന്നി.
"എന്താണ് നാഥാ...?"
"നമുക്കിനി ഒരു സന്താനമുണ്ടാകില്ല."
അവൾ പ്രതികരിച്ചില്ല. അംഗീകരിച്ചാലും ഇല്ലെങ്കിലും അതല്ലേ സത്യം? ഈ ഊഷരഭൂമിയിൽ വിതയ്ക്കപ്പെടുന്ന വിത്തുകളൊന്നും പൊട്ടിമുളയ്ക്കില്ലെന്ന് കാലം തെളിയിച്ചുകഴിഞ്ഞു.
"സ്വന്തമല്ലെങ്കിലും നമുക്കൊരു കുഞ്ഞുവേണം."
"അങ്ങയുടെ പിതാവിനെപ്പോലെ മറ്റൊരു സ്ത്രീയെപ്രാപിച്ച് ഒരു കുഞ്ഞിനെ നേടാൻ അങ്ങ് ആഗ്രഹിക്കുന്നില്ലല്ലോ."
"ഇല്ല. എന്റെ ജീവിതത്തിൽ നീയല്ലാതെ മറ്റൊരു സ്ത്രീയുണ്ടാകില്ല. ഒന്നിനുവേണ്ടിയും എന്റെ സ്നേഹം ഞാൻ പങ്കുവെയ്ക്കില്ല. അതൊരു കുഞ്ഞിനുവേണ്ടിയാണെങ്കിൽപ്പോലും
ആ പ്രഖ്യാപനം പുതിയതല്ല. ഇസഹാക്കിന്റെ ജീവിതദർശനത്തിന്റെ സുവിക്തത്ത ഒന്നുകൂടി ആവർത്തിച്ച് ഉറപ്പിച്ചെന്നുമാത്രം. ഏതൊരു സ്ത്രീയുടെയും സ്വത്വബോധത്തെയും സ്വാഭിമാനത്തെയും വാനോളമുയർത്തുന്ന വാക്കുകൾ!
"അങ്ങെന്താണ് ഉദ്ദേശിക്കുന്നത്?" ആ നെഞ്ചിൽ അവൾ തല ചേർത്തു. അവളുടെ നീണ്ട മുടിയിഴകളിൽ മന്ദം തലോടി, ഇസഹാക്ക്.
"നമുക്ക് ജ്യേഷ്ഠസഹോദരന്റെ ഏതെങ്കിലുമൊരു മകനെ...."
അത് മുഴുവിപ്പിക്കും മുൻപ് അയാളുടെ നെഞ്ചിൽനിന്നും കൈ പിൻവലിച്ച് അവൾ ഒട്ടൊരു അത്ഭുതത്തോടെ ചോദിച്ചു-
"അങ്ങെന്താണീ പറയുന്നത്? പിതാവിന്റെ ശവകുടീരത്തിൽനിന്നുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ മറന്നുപോയോ...?"
"ഇല്ല. ഒന്നും മറന്നിട്ടില്ല. എത്ര നിഷേധിയാണെങ്കിലും ഉള്ളിന്റെയുള്ളിൽ എന്നോട് അദ്ദേഹത്തിന് സ്നേഹമുണ്ട്. അത് നീയും അനുഭവിച്ചറിഞ്ഞതല്ലേ? നമ്മുടെ ദു:ഖമറിയുമ്പോൾ നമുക്കായി ഒരു മകനെ തരാതിരിക്കുമോ? നെബായോത്ത് മുതൽ കേദമാവരെയുള്ള പുത്രരിൽ ആരെയെങ്കിലും...?"
റെബേക്കാ അശുഭചിന്തകളുടെ നീർച്ചുഴിയിൽപ്പെട്ടു. വ്യത്യസ്തമായ രണ്ടു പന്ഥാവുകളിലൂടെ നീങ്ങുന്ന ജീവിതങ്ങളാണ് അവരുടേതും തങ്ങളുടേതും. ജീവിതവും വിശ്വാസവും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. ഒരിക്കലും യോജിപ്പിക്കാനാവാത്ത നേർരേഖകൾ...
"ജ്യേഷ്ഠസഹോദരന് പിതാവ് നിഷേധിച്ച അവകാശം മാത്രമല്ല; നമുക്കുള്ളതു മുഴുവൻ സഹോദരപുത്രന് നൽകുമ്പോൾ പ്രശ്നങ്ങൾ തീരും. എല്ലാം ശുഭമാകും."
"പക്ഷേ, അങ്ങയുടെ പിതാവിന്റെ പാരമ്പര്യം... അത് നിലനിർത്താൻ അങ്ങയുടെ പുത്രനല്ലേ കഴിയു?" വിയോജിപ്പിനെ നിഗോൂഢതയുടെ ആവരണമണിയിച്ചു, അവൾ.
"അതിനുള്ള വിദൂരസാധ്യതപോലുമില്ലല്ലോ. ആ സ്ഥിതിക്ക്..." ഏറെക്കാലമായി മനസ്സ് നെയ്തുകൂട്ടിയ സ്വപ്നസാമ്രാജ്യത്തെ ഒരൊറ്റനിമിഷംകൊണ്ട് കൈപ്പിടിയിലൊതുക്കുകയായി ഇസാഹാക്ക്.
"നമ്മുടെ സമ്പത്തിന് അവകാശിയായി ഒരു പുത്രൻ ഈ ഭവനത്തിൽ വേണം. അത് അന്യനായ ഒരുവന്റേതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത്. എന്റെ നിർദേശം ജ്യേഷ്ഠൻ തിരസ്കരിക്കില്ല. മകനായി നാം സ്വീകരിക്കുന്നവൻ എന്റെ പിതാവിന്റെ പാരമ്പര്യത്തെ മുറുകെ പിടിക്കുമെങ്കിൽ... അങ്ങനെ ആശിക്കുകയെങ്കിലും ചെയ്തുകൂടെ റെബേക്കാ നമുക്ക്...?"
ഇസഹാക്ക് തീരുമാനച്ചുറപ്പിച്ചു കഴിഞ്ഞു.
ഒന്നും പറയാനില്ലാത്തതുകൊണ്ടല്ല, വാക്കുകൾക്ക് കനംവച്ചതുകൊണ്ടാണ് റെബേക്കാ അവാച്യമായ മൗനത്തിലേക്ക് ഊളിയിട്ടത്. എന്നാൽ അവളുടെ മൗനം സമ്മതമായി ഇസഹാക്ക് കരുതി. ഏറെ താമസിയാതെ അയാളുടെ കൂർക്കംവലി കേട്ടു.
റെബേക്കയിൽനിന്ന് നിദ്രയും നിദ്രയിൽനിന്ന് റെബേക്കയും അകന്നു. അവളുടെ ചിന്തകളിൽ കർത്താവിന്റെ തിരുഹിതത്തിനെതിരായി എന്തോ സംഭവിക്കാൻ പോകുന്നുവേന്ന ഭീതിയായിരുന്നു. വേദനയുടെയും ഉത്കണ്ഠയുടേയും കുറുങ്ങൽ പേടിസ്വപ്നത്തിന്റെ ചിറകടിയായി അവളിൽ വളർന്നു.
വിളവെടുപ്പ് പൂർത്തിയാകാൻ ഇസഹാക്ക് അക്ഷമയോടെ കാത്തിരുന്നു. വല്ലാത്തൊരു ഉത്സാഹ മായിരുന്നു അയാൾക്ക്. ഓരോ പ്രവൃത്തിയിലും അത് നിഴലിക്കുന്നത് അതിശയത്തോടെ റെബേക്കാ കണ്ടു. നിരാശയുടെ അഗാധതയിൽനിന്ന് പ്രത്യാശയുടെ തീരത്തെത്തിയ ഭാവം! അന്യന് സ്വന്തമായത് ദാനമായി ലഭിക്കുമെന്ന് ഉറപ്പില്ലാത്തപ്പോഴും അതിനുവേണ്ടിയുള്ള അതിരുകളില്ലാത്ത മോഹം...!
ഏകതാനതയിലൂന്നിയ വാക്കും പ്രവൃത്തിയുമാണ് ഇസഹാക്കിൽനിന്ന് ഉണ്ടായത്. അത് റെബേക്കയിൽ മാറ്റത്തിന്റെ യാതൊരു അനുരണനവും സൃഷ്ടിച്ചില്ല. എല്ലാം തന്റെ കുറവുകൾ കാരണമാണ്. അതവളെ പ്രതികരണശേഷിയില്ലാത്തവളാക്കി.
ഊഷരയായ ഭൂമി... പൂക്കാനും കായ്ക്കാനും മറന്നുപോയ പാഴ്മരം... താനെവിടെയാണെന്നും എന്താണെന്നുമുള്ള ബോധ്യത്തിലേക്ക് അവളെന്നേ എത്തിപ്പെട്ടു കഴിഞ്ഞു. എങ്കിലും സ്വന്തമല്ലാത്ത ഒരു കുട്ടിയെ ഭവനത്തിൽ സ്വീകരിക്കുന്ന കാര്യത്തിൽ അവൾ വിമുഖയായിരുന്നു.
യാത്രയ്ക്കുവേണ്ട ഒരുക്കങ്ങൾ ഇസഹാക്ക് നേരത്തെതന്നെ തുടങ്ങിയിരുന്നു. സഹോദരനുള്ള വിശിഷ്ടസമ്മാനങ്ങൾകൊണ്ട് കൂടാരം നിറച്ചു. മാസങ്ങൾ സൂക്ഷിച്ചാലും കേടുവരാത്ത അപൂർവ പഴവർഗങ്ങൾ നിറച്ച കൂടകളാൽ കലവറകൾ നിറഞ്ഞു. ബേർളഹായ്‌റോയിയിലും കാനാൻ ദേശത്തും ലഭ്യമായ മുന്തിയ വസ്ത്രങ്ങൾ നിറച്ച പെട്ടികൾ അടുക്കിവെച്ചു. മനസ്സിൽ സങ്കടങ്ങളുടെ കടൽ ഇരമ്പുമ്പോഴും നാഥന്റെ ഇഷ്ടങ്ങൾക്ക് എതിരു നിൽക്കാതെ വിനീതവിധേയയായ ഭാര്യയായി റെബേക്കാ എപ്പോഴും അയാൾക്കൊപ്പമുണ്ടായിരുന്നു.
അവസാനത്തെ ധാന്യപ്പുരയും നിറഞ്ഞു കഴിഞ്ഞപ്പോൾ ഇസഹാക്കും ഏതാനും ഭൃത്യന്മാരും ഈജിപ്തിന് എതിർവശത്തുള്ള ഷൂറിലേക്ക് യാത്രയായി. വിലപിടിപ്പുള്ള സമ്മാനങ്ങൾ നിറച്ച ഭാണ്ഡങ്ങൾ വഹിക്കുന്ന ഒട്ടകങ്ങൾ അവരെ പൈന്തുടർന്നു. ജീവിതംതന്നെ തിരുത്തിയെഴുതിയേക്കാവുന്ന ഈ യാത്രയിൽ ഒപ്പം കൂടാൻ റെബേക്കയെ ഇസഹാക്ക് നിർബന്ധിച്ചെങ്കിലും അവളൊഴിഞ്ഞുമാറി.
കൊയ്ത്തുകഴിഞ്ഞ വയലുകൾതാണ്ടി ഇസഹാക്കും ഭൃത്യൻമാരും ഹിത്യനായ എബ്രോണിന്റെ വിളഞ്ഞുകിടക്കുന്ന ചോളവയലുകൾക്കിടയിലുള്ള വഴിത്താരയിലൂടെ മുന്നേറി. കരിമ്പനകൾ അതിരിട്ട ജലമൊഴുകുന്ന അരുവിക്കരയിൽ ഉച്ചച്ചൂടിൽ ദാഹശമനത്തിനായി അവർ ഒട്ടകങ്ങളെ നിർത്തി. മനുഷ്യരും ഒട്ടകങ്ങളും ദാഹശമനം വരുത്തി യാത്രതുടരാൻ ശ്രമിക്കവെ, ഒട്ടകങ്ങൾക്ക് കടന്നുപോകാനാവാത്തവിധം ഒരു ഭീമൻ വൃക്ഷം അരുവിക്ക് കുറുകെ കടപുഴകി വീണുകിടക്കുന്നതുകണ്ടു. അതൊരു അപൂർവ ജാനസ്സിൽപ്പെട്ടതായിരുന്നു. അത്തരമൊന്ന് കാനാനിലോ നേഗബിലോ കണ്ടവരില്ല. വെള്ളം കുടിക്കാൻ അരുവിക്കരയിൽ ഒട്ടകങ്ങളെ നിർത്തുമ്പോഴും അതവിടെ കണ്ടതായി ആരും ഓർമിക്കുന്നില്ല.
"നമുക്ക് ഈ മരം വലിച്ചുമാറ്റാം." ഭൃത്യന്മാരിൽ ഒരാൾ അഭിപ്രായപ്പെട്ടു.
"നമ്മൾ പത്തുപേർ പിടിച്ചാൽ അനങ്ങുകപോലുമില്ലിത്." മറ്റൊരാൾ.
"വാൾകൊണ്ട് മറിച്ചുമാറ്റണമെങ്കിലും ദിവസങ്ങൾ വേണ്ടിവരും. തിരിച്ചുപോയി മറുവഴിയിലൂടെ യാത്ര തുടരാം."
ഇസഹാക്കിന്റെ നിർദ്ദേശമനുസരിച്ച് ഒട്ടകങ്ങൾ വന്നവഴിയിലൂടെ തിരിച്ച് സഞ്ചരിച്ചു.
തുടരും