24 Nov 2013

നാളികേരവും ആധുനിക ചികിത്സയും


സിന്ധു. എസ്‌.
 ചീഫ്‌ ഡയറ്റീഷ്യൻ, മെഡിക്കൽട്രസ്റ്റ്‌ ആശുപത്രി, കൊച്ചി.

നാളികേരം അഥവാ തേങ്ങ ഒറ്റത്തടി വൃക്ഷമായ തെങ്ങിൽ നിന്ന്‌ ലഭ്യമാകുന്ന കായ്‌ ഫലമാണ്‌.  നാളികേരത്തിന്റെ ചരിത്രം വളരെ പഴക്കമുളളതാണ്‌.  കേരളത്തിന്റെ നാമോൽപത്തിയിൽ പോലും കേരമുണ്ട്‌.  ആയുർവേദത്തിലും, പുരാണങ്ങളിലും വരെ ഇതിനെക്കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌.  അതുകൊണ്ട്‌ തന്നെ ആചാരപരമായ ചടങ്ങുകളിലും പൂജകളിലും നാളികേരത്തിന്‌ ശ്രേഷ്ഠമായ സ്ഥാനം തന്നെയുണ്ട്‌.  തേങ്ങയുടെ എല്ലാ ഘടകങ്ങൾക്കും ഏതെങ്കിലും തരത്തിലുളള ഉപയോഗമുണ്ട്‌.  അതുകൊണ്ട്‌ തന്നെ ഇതൊരു ഫലവത്തായ ഉൽപന്നമാണ്‌.
തേങ്ങയുടെ പോഷകമൂല്യം
നാളികേരത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്‌ ഊർജ്ജവും കൊഴുപ്പും ഫോസ്ഫറസും പൊട്ടാസ്യവുമാണ്‌.
തേങ്ങയിൽ നിന്നും ലഭ്യമാകുന്ന തേങ്ങാപ്പാൽ, തേങ്ങാവെളളം, വെളിച്ചെണ്ണ എന്നിവയ്ക്ക്‌ അതിന്റെ തനതായ രുചിയും ഗന്ധവും ഉണ്ട്‌.  അതിനാൽ ഇവ ഓരോന്നും പലവിധത്തിലുളള പാചകരീതികളിലും ഉപയോഗിക്കുന്നു. ഈ ഒരു സവിശേഷത നാളികേരത്തിനു മാത്രമേ ഉള്ളൂ.
കേരളത്തിനും, മറ്റ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും (തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, ഗോവ) പുറമേ ശ്രീലങ്ക, തായ്‌ലന്റ്‌, മലേഷ്യ, ഫിലിപ്പീൻസ്‌ എന്നീ രാജ്യങ്ങളിലെ പാചകവിധികളിലും നാളികേരത്തിന്‌ പ്രധാന പങ്കുണ്ട്‌.
തേങ്ങയിൽ അടങ്ങിയിരിക്കുന്ന നാരിന്റെ അംശം ഭക്ഷണത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്‌.  അതിനാൽ തേങ്ങ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വയർ നിറഞ്ഞു എന്ന സുഖാനുഭവം ലഭിക്കുന്നു.  ഇതിലെ നാര്‌ ശരിയായ ദഹനത്തിനും സഹായിക്കുന്നു.
തേങ്ങയിൽ അടങ്ങിയിരിക്കുന്ന ലോറിക്ക്‌ ആസിഡ്‌ ശരീരത്തിൽ വച്ച്‌ രൂപാന്തരപ്പെട്ട്‌ മോണോലോറിൻ ആയിമാറുന്നു. വൈറസുകൾ, ബാക്ടീരിയ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ ശരീരത്തിന്‌ ഇത്‌ പ്രതിരോധ ശക്തി നൽകുന്നു.
തേങ്ങയിൽ നിന്നും ലഭ്യമാകുന്ന വെളിച്ചെണ്ണയെപ്പറ്റി പലതരത്തിലുളള അഭ്യൂഹങ്ങൾ ഇപ്പോഴും നിലവിലുണ്ട്‌.  ഇതിൽ അടങ്ങിയിരിക്കുന്ന പൂരിതകൊഴുപ്പാണ്‌ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടിട്ടുളളത്‌.  എന്നാൽ ഇതിലെ പൂരിതകൊഴുപ്പ്‌ മീഡിയം ചെയിൻ ഫാറ്റി ആസിഡ്‌ (MCT)എന്ന വിഭാഗത്തിൽപെടുന്നവയാണ്‌.  ശരീരത്തിൽ ഇവയുടെ ആഗിരണത്തിന്‌ മറ്റ്‌ കൊഴുപ്പുകളെപ്പോലെ പിത്തരസത്തിന്റെ (bile) ആവശ്യം ഇല്ല. ഇവ വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും കരളിന്റെ രക്തവാഹിനിയായ പോർട്ടൽ വെയിൻ (portal vein) വഴി സഞ്ചരിച്ച്‌ ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഈ തരത്തിലുളള ഗുണങ്ങൾ ഉണ്ടെങ്കിലും തേങ്ങയിൽ എസൻഷ്യൽ ഫാറ്റിആസിഡിന്റെ (Essential Fatty Acid, EFA) അളവ്‌ കുറവാണ്‌. ഈ അഭാവം നികത്താൻ, വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനൊപ്പം, പാചകത്തിൽ എസൻഷ്യൽ ഫാറ്റി ആസിഡ്‌ അടങ്ങിയ സസ്യ എണ്ണകളായ നിലക്കടലഎണ്ണ, തവിടെണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നത്‌ അഭികാമ്യമാണ്‌. എന്നിരുന്നാലും ഒരു എണ്ണയും അമിതമായി ഉപയോഗിക്കുന്നത്‌ ശരീരത്തിന്‌ നല്ലതല്ല.  എല്ലാ എണ്ണയിലും പൂരിത-അപൂരിത കൊഴുപ്പുകളുടെ അനുപാതം വ്യത്യസ്തമാണ്‌.  അതുകൊണ്ട്‌ തന്നെ ദിവസേന ഉളള ഭക്ഷണക്രമത്തിൽ രണ്ട്‌ തരം എണ്ണ ഉൾപ്പെടുത്തുന്നത്‌ ആണ്‌ അഭികാമ്യം.
തേങ്ങയുടെ ആവശ്യാനുസരണമുളള ഉപയോഗം വളരെയേറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നതാണ്‌.  തേങ്ങയുടേയും, വെളിച്ചെണ്ണയുടേയും രോഗപ്രതിരോധ ശക്തിയേയും മറ്റ്‌ ഗുണങ്ങളേയും പറ്റി, പല ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്‌. ഇവയിൽ പ്രാധാന്യം ഏറെ അർഹിക്കുന്നത്‌ അൽഷിമേഴ്സ്‌, ഹൃദ്രോഗം, അർബുദം, ഹൈപ്പോതൈറോയിഡിസം എന്നിവയിലുളള ഗവേഷണങ്ങളാണ്‌.
അതുകൊണ്ട്‌ തന്നെ വരും കാലങ്ങളിൽ ഇത്‌ ആധുനിക ജീവിതത്തിലെ പല രോഗങ്ങളേയും ചെറുത്തു നിൽക്കാൻ ശേഷിയുളള മുതൽക്കൂട്ടായി മാറും എന്നതിന്‌ സംശയം വേണ്ട.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...