24 Nov 2013

നാളികേരവും നാട്ടുവൈദ്യവും


ബിന്ദു ശിവ
നാളികേര വികസന ബോർഡ്‌, കൊച്ചി

"പൃഥിവ്യാം ഔഷധീഭ്യോളന്നം"
അന്നാത്‌ പുരുഷാസവ ഏഷപുരുഷോളന്നരസമായ്‌
(യജുർവ്വേദം)
     ഭൂമിയിൽ നിന്ന്‌ ഔഷധികളും ഔഷധികളിൽ നിന്ന്‌ അന്നവും അന്നത്തിൽ നിന്ന്‌ ശരീരവുമുണ്ടായി; ഭൂമിയിലെ സകല ജീവികളുടെയും ആരോഗ്യവും ജീവനും, അവയുടെ ആഹാരത്തിന്റെ പരിശുദ്ധിയേയും പൂർണ്ണതയേയും ആശ്രയിച്ചാണിരിക്കുന്നത്‌ എന്നർത്ഥം.
മനുഷ്യനുൾപ്പെടെയുളള സകലജീവിവർഗ്ഗങ്ങളുടെയും പൂർണ്ണ ആരോഗ്യത്തിന്‌ പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി (സൂര്യപ്രകാശം), ജലം, 
ഭൂമി എന്നീ പ്രകൃതി ഘടകങ്ങളെല്ലാം പൂർണ്ണരൂപത്തിൽ ശുദ്ധമായ അവസ്ഥയിൽ തന്നെ ആവശ്യമാണ്‌. ആദിമ മനുഷ്യൻ ഈ ഘടകങ്ങളെയെല്ലാം ദേവതുല്യം ആരാധിച്ചിരുന്നു. ഇതിൽ 'ഭൂമി'യുമായി ബന്ധപ്പെടുത്തുന്നത്‌ ശരിയായ ഭക്ഷണ രീതിയാണ്‌.  പഴങ്ങളും, ധാന്യങ്ങളും, അണ്ടി വർഗ്ഗങ്ങളും, പച്ചക്കറികളുമൊക്കെയടങ്ങിയ സമീകൃതമായ ഭക്ഷണം. ഈ ഭക്ഷണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരേ സമയം ആഹാരവും ഔഷധവുമാണ്‌.  ആയുസ്സും ആരോഗ്യവും നിലനിർത്താനുളള വഴിയും ഇതുതന്നെ.
സമീകൃതാഹാരത്തിൽ അണ്ടി വർഗ്ഗത്തിൽപ്പെട്ട തേങ്ങയും ഔഷധഗുണങ്ങളാൽ സമ്പന്നമായ കേരോൽപന്നങ്ങളും മറ്റു നിർമ്മാണപ്രവർത്ത നങ്ങൾക്ക്‌ തടിയും ഓലയുമൊക്കെ പ്രയോജനപ്പെടുത്തുന്ന തരത്തിൽ തെങ്ങ്‌ കേരളീയർക്ക്‌ കൽപവൃക്ഷവും ഭാരതീയർക്ക്‌ പുണ്യതരുവുമാണ്‌. 'പാമേസി' കുടുംബത്തിൽപ്പെട്ട 'കൊക്കോസ്‌ ന്യൂസിഫെറ ലിൻ' സംസ്കൃത ഭാഷയിൽ തൃണരാജ, ദീർഘവൃക്ഷാ, സദാഫല, രസായനതരു, നാരികേല, ദൃഢബല, തുംഗ, കുബേരക എന്നീ പേരുകളിൽ അറിയപ്പെടുന്നു.
തെങ്ങിന്റെ ആയുസ്സ്‌ ഒരു പുരുഷായുസ്സാണ്‌. അതായത്‌ 120 വർഷം വരെ. ഈ വൃക്ഷത്തിന്‌ മനുഷ്യ സാമീപ്യം അറിയുവാനുളള കഴിവുണ്ടെന്ന്‌ പഴമക്കാർ പറയുന്നു. കാരണം മനുഷ്യശബ്ദം കേൾക്കുന്ന സ്ഥലത്ത്‌ നിൽക്കുന്ന തെങ്ങുകളിൽ കായ്ഫലം അധികമാണെന്ന വസ്തുത തന്നെ. കേരളത്തിൽ സമൃദ്ധിയായി വളരുന്ന തെങ്ങിന്റെ ഔഷധഗുണത്തെ പറ്റി മലയാളികൾ വേണ്ടത്ര ബോധവാൻമാരല്ല. തെങ്ങിന്റെ വേര്‌, ഇല, പൂവ്‌, കൂമ്പ്‌, തേങ്ങ, എണ്ണ, തേങ്ങാവെളളം എന്നിവയൊക്കെ ഔഷധയോഗ്യമാണ്‌. കാൽസ്യം, സോഡിയം,  പൊട്ടാസ്യം, സൾഫർ, ഇരുമ്പ്‌ തുടങ്ങിയ ധാതുലവണങ്ങളാൽ അനുഗ്രഹീതമായ കേരവൃക്ഷ ത്തിന്റെ ഔഷധഗുണങ്ങൾ തിരിച്ചറിയേണ്ടതാണ്‌.
രാസഘടകങ്ങൾ
തേങ്ങാപ്പാലിൽ പഞ്ചസാര, പശ, ആൽബുമിൻ, ടാർടാറിക്‌ ആസിഡ്‌ എന്നിവയും വെളിച്ചെണ്ണയിൽ കാപ്രിലിക്‌ ആസിഡ്‌, ഗ്ലിസറൈഡുകൾ, മിറിസ്റ്റിക്‌ ആസിഡ്‌, സ്റ്റിയറിക്‌ ആസിഡ്‌ എന്നിവയും അടങ്ങിയിരിക്കുന്നു. തെങ്ങിന്റെ ഓല ചുട്ടെടുക്കുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ്‌ അടങ്ങിയിട്ടുണ്ട്‌. കൂമ്പിൽ നിന്നെടുക്കുന്ന കളളിൽ ദഹനത്തെ ത്വരിതപ്പെടുത്തുന്ന എൻസൈമുകളും കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്‌.
ആയുർവ്വേദ -രസാദി ഗുണങ്ങൾ
രസം : മധുരം   
ഗുണം :ഗുരു, സ്നിഗ്ദ്ധം(എണ്ണമയമുളളത്‌)
വീര്യം : ശീതം
വിപാകം (സ്വാദ്‌) : മധുരം
ഔഷധഗുണങ്ങൾ
ഗുരു, സ്നിഗ്ദ്ധ ഗുണങ്ങൾ ഉളളതുകൊണ്ട്‌ വാതപിത്ത രോഗങ്ങളെ ശമിപ്പിക്കുന്നു. ഹൃദ്രോഹം, അതിസാരം, കോളറ, തണ്ണീർദാഹം, അർശ്ശസ്സ്‌, അസ്ഥിസ്രാവം എന്നീ രോഗങ്ങൾക്ക്‌ തെങ്ങിന്റെ വിവിധ ഭാഗങ്ങളുടെ പ്രയോഗം ഫലപ്രദമാണ്‌. തേങ്ങ വാജീകരണശക്തിയുളളതാണ്‌. ഇത്‌ പുരുഷന്മാരിൽ ശുക്ലം വർദ്ധിപ്പിക്കുന്നു. കൂടാതെ സ്ത്രീകളിൽ തടഞ്ഞിരിക്കുന്ന ആർത്തവത്തെ പ്രവർത്തിപ്പിക്കുന്നു.
മറ്റ്‌ ഒറ്റമൂലി ചികിത്സകൾ
കരിക്കിൻ വെളളം

ഏറ്റവും ഫലപ്രദമായ ഔഷധവും ക്ഷീണമകറ്റാനും ശരീരത്തിന്‌ ഓജസ്സും ശക്തിയും പ്രധാനം ചെയ്യുന്ന ഫലവത്തായ ഒരു ആയുർവ്വേദ ടോണിക്കുമാണ്‌ കരിക്കിൻ വെളളം. ലഘുശീതഗുണമുളളതും സ്നിഗ്ദവും മധുരരസത്തോട്‌ കൂടിയതുമായതിനാൽ ശരീരത്തിലെ ദഹനസംബന്ധമായ എൻസൈമുകളുടെ പ്രവർത്തനം അധികരിപ്പിക്കുന്നു. വസ്തിയെ ശുദ്ധമാക്കുകയും തണ്ണീർദാനം, വാതപിത്തകോപം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ക്ഷാരാംശം അധികമുളള ഒരു പാനീയമാകയാൽ പ്രമേഹരോഗികൾക്ക്‌ ഇത്‌ സദ്ഫലം ചെയ്യും. ഗർഭിണികൾ കരിക്കിൻവെളളം കുടിക്കുന്നത്‌ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന്‌ നല്ലതാണ്‌.
അതിസാരം, ഛർദ്ദി, കോളറ പോലുളള രോഗങ്ങൾ മൂലമുളള ശരീരത്തിലെ അമിതമായ ജലനഷ്ടം പരിഹരിക്കാൻ കരിക്കിൻവെളളം ഇടവിട്ട്‌ കൊടുക്കുന്നത്‌ ഫലപ്രദമാണ്‌,  ഇത്‌ നിർജ്ജലീകരണം തടയും. കണ്ണിലെ ചുവപ്പ്‌ മാറുന്നതിന്‌ കരിക്കിൻവെളളം കണ്ണിലൊഴിച്ചാൽ മതിയാകും. ഹൃദ്‌രോഗികളിൽ ഉപ്പ്‌ വർജ്യമായതുകൊണ്ട്‌ അതിന്റെ അഭാവം കൂടുതൽ ക്ഷീണം ഉണ്ടാക്കും.  ഈ അവസ്ഥയിൽ കരിക്കിൻ വെളളം കൊടുത്താൽ ഇതിൽ അടങ്ങിയിട്ടുളള ഉപ്പുരസം ഹൃദ്‌രോഗിയെ കൂടുതൽ ഉന്മേഷവാനാക്കുന്നു. യഥാർത്ഥ ഉപ്പിന്റെ പാർശ്വഫലങ്ങളില്ലതാനും. മൂത്ര തടസ്സം മാറുന്നതിനും സഹായിക്കും.
തെങ്ങിൻ പൂങ്കുല
സ്ത്രീകളിലെ അസ്ഥിസ്രാവത്തിന്‌ തെങ്ങിൻ പൂങ്കുലയരികൊണ്ട്‌ കഷായമുണ്ടാക്കി കഴിക്കുന്നത്‌ നല്ലതാണ്‌. തെങ്ങിൻ പൂങ്കുല ലേഹ്യം ആർത്തവ സംബന്ധമായ അസുഖങ്ങൾക്ക്‌ നിന്ന്‌ ശമനം നൽകുന്നു.
വെളിച്ചെണ്ണ
നിത്യജീവിതത്തിലെ പാചകഎണ്ണ എന്നതിലുപരി ആയുർവേദത്തിലെ പല ഔഷധങ്ങളുടേയും മാധ്യമം വെളിച്ചെണ്ണയാണ്‌.  തൈലങ്ങൾ, കുഴമ്പുകൾ, എണ്ണകൾ എന്നിവ പാകപ്പെടുത്താൻ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്‌. എളെളണ്ണ, ആവണക്കെണ്ണ, കടുകെണ്ണ, കൊട്ടെണ്ണ, പൂവത്തെണ്ണ എന്നിവയാണ്‌ ഇതിനായി ഉപയോഗിച്ചു വരുന്ന മറ്റ്‌ എണ്ണകൾ. കരപ്പൻ തൈലം, ചെമ്പരത്ത്യാദി വെളിച്ചെണ്ണ, ജാത്യാദിതൈലം, ദിനേശേലാദിതൈലം, നാൽപാമരാദിതൈലം, നീലിദളാദിതൈലം, മുറിവെണ്ണ, ഗോപാത്മജാദിതൈലം, ശുദ്ധദുർവാദിതൈലം, ദേവദാർവ്യാദി എന്നീ ഔഷധക്കൂട്ടുകളിൽ  വെളിച്ചെണ്ണയാണ്‌ പതിവായി ഉപയോഗിക്കാറുളളത്‌.
തലമുടി വളരാൻ ഇന്ന്‌ വിപണിയിൽ പുറത്തിറക്കുന്ന ബ്രാൻഡഡ്‌ ഉൽപന്നങ്ങളിൽ ഏറിയ പങ്കും വെളിച്ചെണ്ണ മിശ്രിതമാണ്‌. നാട്ടുവൈദ്യത്തെ മുറുകെ പിടിക്കുന്ന പാരമ്പര്യ വൈദ്യന്മാരും പറയുന്നത്‌ ത്വക്കു സംബന്ധമായ രോഗങ്ങൾക്കുളള പ്രതിവിധി വെളിച്ചെണ്ണയുടെ ഉപയോഗം തന്നെയെന്നാണ്‌. അതിനൊപ്പം മറ്റ്‌ ഔഷധക്കൂട്ടുകളും ഉപയോഗിക്കാം. മുടി വളരുന്നതിനായി പുരാതനകാലം മുതലേ കേട്ടു തഴമ്പിച്ച നീലിഭൃംഗാദിയിലും വെളിച്ചെണ്ണ തന്നെ.
ശുദ്ധമായ വെളിച്ചെണ്ണയിൽ വെട്ട്പാലയുടെ ഇല ഇട്ട്‌ 7 ദിവസം  വെയിൽ കൊളളിക്കുക. ഇത്‌ പുരട്ടിയാൽ സോറിയാസിസ്‌  രോഗത്തിന്‌ ശമനം ലഭിക്കും. തമിഴ്‌നാട്ടിലും ഗുജറാത്തിലും ഒരു കാലത്ത്‌ പ്ലേഗ്‌ സംഹാരതാണ്ഡവം ആടിയപ്പോൾ മലയാളിയുടെ പ്രിയപ്പെട്ട വെളിച്ചെണ്ണയുടെ ഉപയോഗം പ്ലേഗിനെതിരെ രോഗപ്രതിരോധശക്തി ഉണ്ടാക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്‌.
എണ്ണതേച്ചുകുളി
മലയാളികളിൽ പിറന്നു വീണ ശിശുവിനു മുതൽ ജരാനരകൾ ബാധിച്ചു തുടങ്ങിയ വൃദ്ധർവരെ  എണ്ണ തേച്ചുകുളി  നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കി കൊണ്ടു പോകുന്നു. കുട്ടിയുടെ ശരീരത്തിൽ പറ്റിയേക്കാവുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുവാനും തണുത്തവായു തട്ടിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങളെ  തടയാനും ശരീരോഷ്മാവ്‌ നിലനിർത്താനും ഇത്‌ ഉപകരിക്കും.  മുതിർന്നവരിൽ ജരാനരകൾ അകറ്റുവാനും ക്ഷീണമില്ലാതാക്കുവാനും വാതരോഗങ്ങൾ വരാതിരിക്കുവാനും ദിവസവും എണ്ണതേച്ചുകുളി ശീലമാക്കുന്നത്‌ നല്ലതാണ്‌. രോഗപ്രതിരോധ ശേഷിയും ദേഹബലവും വർദ്ധിക്കുന്നതോടൊപ്പം തന്നെ കാഴ്ചശക്തി, സുഖനിദ്ര, ദേഹപുഷ്ടി, ദീർഘായുസ്സ്‌ എന്നിവയും എണ്ണതേച്ചുകുളികൊണ്ടു നേടാം.
മറ്റു ഔഷധയോഗ്യ ഭാഗങ്ങൾ
തെങ്ങിന്റെ വേരുകൊണ്ട്‌ കഷായം വെച്ച്‌ വായിൽ കുലുക്കിക്കുഴിഞ്ഞാൽ പല്ലുവേദന മാറുന്നതാണ്‌. 20 ഗ്രാം തെങ്ങിൻ വേര്‌ ചതച്ച്‌ നാഴിവെളളത്തിൽ 15 മിനിട്ട്‌ നേരം തിളപ്പിച്ച്‌ കഷായം കുടിച്ചാൽ വയറുവേദന, വയറുവീർക്കൽ എന്നിവ ശമിക്കും. അതുപോലെത്തന്നെ ചിരട്ട കത്തിച്ച്‌ പൊടിച്ച്‌ കുരുമുളകും ഉപ്പും ചേർത്ത്‌ പല്ലുതേക്കുവാൻ ഉപയോഗിച്ചാൽ പല്ലുവേദന, മോണപഴുപ്പ്‌, രക്തംപൊടിയൽ തുടങ്ങിയ രോഗങ്ങൾക്ക്‌ നല്ലതാണ്‌. ചകിരി കരിച്ചെടുത്ത ഭസ്മവും സമം കൽക്കണ്ടവും ചേർത്ത്‌ ഇളനീരിൽ കലക്കി കഴിക്കുന്നത്‌ രക്തസ്രാവത്തിന്‌ നല്ലതാണ്‌. കൂടാതെ ചകിരി ചാമ്പൽ വെളളത്തിൽ കലക്കി ഊറ്റി എടുത്തുണക്കിയ പൊടി 4 മുതൽ 8 ഡെക്കാഗ്രാം വരെ ദിവസം മൂന്നോ നാലോ നേരം കഴിക്കുകയും പാല്‌ ആനുപാതികമായി കുടിയ്ക്കുകയും ചെയ്താൽ പുളിച്ചുതികട്ടൽ ശമിക്കും. തൊണ്ട്‌ ഇടിച്ചു പിഴിഞ്ഞ നീരും കരിക്കിൻ വെളളവും പുളിച്ചുതികട്ടൽ ശമിപ്പിക്കും.
രസം (mercury) ശരീരത്തിൽ കടന്നാൽ ഉണ്ടാകുന്ന വിഷബാധയിൽ തേങ്ങാവെളളം പലപ്രാവശ്യം കുടിക്കുന്നത്‌ വിഷശമനത്തിന്‌ സഹായിക്കും. വായ്പ്പുണ്ണ്‌ മാറാൻ കൊട്ടത്തേങ്ങയും കൽക്കണ്ടവും ചേർത്ത്‌ ചവച്ച്‌ തിന്നാൽ മതി. തെങ്ങിൻ കൂമ്പ്‌ ചെത്തിയെടുക്കുന്ന മധുരക്കള്ള്‌ ശരീരപുഷ്ടി ഉണ്ടാക്കുന്നു.
ഗ്രഹണി ബാധിച്ചിട്ടുളള കുട്ടികൾക്ക്‌ തേങ്ങാപ്പാൽ വിശേഷപ്പെട്ട ഒരാഹാരമാണ്‌. പ്രോട്ടീൻ കുറഞ്ഞതിന്റെ വൈഷമ്യങ്ങളെ അതുപരിഹരിക്കാം. വൃദ്ധർക്ക്‌ ഇതൊരു ടോണിക്കുമാണ്‌. മറ്റു പല ഔഷധക്കൂട്ടുകളുടെ ലായകമായും തേങ്ങാപ്പാൽ ഉപയോഗിക്കുന്നു.
തേങ്ങിൽ നിന്നും അനുബന്ധ ഉൽപ്പന്നങ്ങളിൽ നിന്നുമുളള ഈ ഒറ്റമൂലി പ്രയോഗങ്ങൾക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.  ജൈവ സമ്പന്നമാകയാൽ ശരീരത്തോട്‌ ഇണങ്ങും പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന പേടിയും വേണ്ട. കൽപതരുവിന്റെ ഔഷധ മഹിമകൾ ഇവിടെ തീരില്ല. നമ്മുടെ പൂർവ്വികരായ നാട്ടുവൈദ്യന്മാർ താളിയോലകളിൽ കുറിച്ചിട്ടതും പാരമ്പര്യ മായി കൈമാറി വന്നതുമായ വിവരങ്ങൾ ഇന്നു ക്ഷയിച്ചു കൊണ്ടിരിക്കു കയാണ്‌.  തലമുറകളെ ബോധവത്കരിക്കാൻ  ഇവ രേഖപ്പെടുത്താതെ പോവരുത്തെന്നുമാത്രം.
കടപ്പാട്‌ :
ഔഷധ സസ്യങ്ങൾ - ഡോ. എസ്‌. നേശമണി,
1051 ഒറ്റമൂലികൾ - ഡോ. എ. പി. അബ്ദുൾ ഗഫൂർ.
ഔഷധനിർമ്മാണ രഹസ്യം - കെ.ആർ. രാമൻ നമ്പൂതിരി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...