ലുനാറ്റിക്‌ അസെയിലം

ശിവപ്രസാദ്‌  താനൂർ

അമ്മ അയാൾക്ക്‌ ഒരു ദൗർബല്ല്യമായിരുന്നു. വിവാഹം കഴിഞ്ഞ സഹോദരി ഭർത്താവിനൊപ്പം അയർലന്റിൽ താമസമാക്കിയപ്പോൾ അയാളും അമ്മയും മാത്രമായി തറവാട്ടിൽ. അമ്മയുടെ സർവ്വകാര്യങ്ങളും ശ്രദ്ധാപൂർവ്വം നോക്കി നടത്തി അയാൾ. എണ്ണ, കുഴമ്പ്‌, കുളി, തേവാരം തുടങ്ങി എല്ലാ ശുശ്രൂഷകളും ചിട്ടപോലെ നടത്തിപ്പോന്നു. പ്രായത്തിന്റെ അസ്ക്യത അമ്മയെ അലട്ടരുതെന്ന്‌ അയാൾക്ക്‌ നിർബന്ധമായിരുന്നു.            
                                                                                                                  
    ഇതിനിടയിലാണ്‌ സഹോദരിയുടെ അറിയിപ്പ്‌ : " അമ്മ കുറച്ച്‌ ദിവസം ഇവിടെ അയർലന്റിൽ ഞങ്ങളുടെ കൂടെ നിൽക്കട്ടെ. എന്റെ പ്രസവം അടുത്തിരിക്കുന്നു. ചേട്ടനാണെങ്കിൽ ഇവിടെ തിരക്കോട്‌ തിരക്കാണ്‌. പ്രസവം കഴിഞ്ഞാലുടൻ എനിക്കു തിരികെ ജോലിയിൽ പ്രവേശിക്കുകയും വേണം. അതുമല്ല  അയർലന്റ്‌ കാണാനുള്ള ഒരു  മഹാഭാഗ്യം കൂടിയല്ലേ നമ്മുടെ അമ്മയ്ക്ക്‌ കൈവന്നിരിക്കുന്നത്‌. അതുകൊണ്ട്‌ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കണം ....... " 
    അമ്മയ്ക്ക്‌ ഏറെ സന്തോഷമായി. വിമാനത്തിൽ കയറാമല്ലോ. അയർലന്റ്‌ കാണാമല്ലോ. വിദേശികളെ അറിയാമല്ലോ. അയർലന്റിലെത്താൻ അമ്മയ്ക്ക്‌ തിടുക്കമായി.
    മകൻ ആകെ ധർമ്മസങ്കടത്തിലായി. എന്തു ചെയ്യും ?. അവിടെ ആകെ തണുത്ത കാലാവസ്ഥയാണ്‌. ശരീര സുഖമില്ലാത്ത അമ്മയെ വീട്ടുവേലയ്ക്കാണ്‌ കൊണ്ടുപോകുന്നത്‌. വിദേശങ്ങളിൽ ആയയ്ക്കുള്ള ശമ്പളം ഭീമമാണ്‌. ആ കാശ്‌ ലാഭിക്കാനുള്ള  ഒരു അടവാണിത്‌. പക്ഷേ ഇതൊന്നും പറഞ്ഞാൽ അമ്മയ്ക്ക്‌ മനസ്സിലാവില്ല. മകൾ അത്രമാത്രം അമ്മയെ പറഞ്ഞ്‌ പ്രലോഭിപ്പിച്ചിരിക്കുന്നു.
    അടുത്ത ദിവസം തന്നെ മകളുടെ ഭർത്താവ്‌ അമ്മയെ കൊണ്ടുപോകാനായി വന്നു. എന്തായാലും പോയിട്ട്‌ വരട്ടെ. അയാൾ യാത്രയ്ക്കുള്ള എല്ലാ ഏർപ്പാടുകളും  ചെയ്തുകൊടുത്തു. എണ്ണ, കുഴമ്പ്‌, രാസ്നാദി തുടങ്ങി പനി വരാതിരിക്കാനുള്ള മരുന്ന്‌, ഇനി പനി വന്നാൽ കഴിക്കാനുള്ള മരുന്ന്‌ തുടങ്ങി അമ്മക്ക്‌ വേണ്ടതായ എല്ലാ സാധന സാമഗ്രികളുമായി നിറഞ്ഞ മിഴികളോടെ അമ്മയെ യാത്രയാക്കി.
    അയർലന്റിൽ ചെന്നിറങ്ങിയ അമ്മ വേറെ ഏതോ ലോകത്ത്‌ എത്തിയ അവസ്ഥയിലായിരുന്നു. മകളുടെ വേഷവിധാനം കണ്ട്‌ ഒന്നു പകച്ചെങ്കിലും വേഷം നമ്മുടെ നാട്ടുകാരൊന്നും കാണുന്നില്ലല്ലോ എന്ന്‌ സമാധാനിച്ച്‌ മൗനം ഭജിച്ചു.
    ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവവും മറ്റു കാര്യങ്ങളും കഴിഞ്ഞ്‌ അവർ  ഫ്ലാറ്റിൽ  തിരിച്ചെത്തി. പിറ്റേന്നു തന്നെ മകൾ ജോലിക്ക്‌ പോകാൻ തുടങ്ങി. അമ്മ മകളെ ആവുന്നത്ര ഉപദേശിച്ചു. " മോളേ .... മൂന്ന്‌ മാസമെങ്കിലും പ്രസവ ശുശ്രൂഷ നടത്തണം". മകൾക്ക്‌ അതൊന്നും സ്വീകാര്യമായിരുന്നില്ല. "അമ്മേ, ഇത്‌ നമ്മുടെ നാടല്ല. ഞാൻ കൂടി ജോലി ചെയ്തിട്ടാണ്‌ ഈ ഫ്ലാറ്റ്‌ വാങ്ങിയത്‌. ഇനിയും പണം സമ്പാദിക്കണമെങ്കിൽ ഇവിടെ ഇരുന്നാൽ കഴിയില്ല. ചേട്ടൻ ഒട്ടും വിശ്രമമില്ലാതെ അലയുന്നത്‌ അമ്മ കാണുന്നില്ലേ. അമ്മ അതൊന്നും ആലോചിച്ച്‌ തല പുണ്ണാക്കേണ്ട. കുഞ്ഞിന്‌ ഈ കുപ്പി പാലും കൊടുത്ത്‌ ഇവിടെ ഇരുന്നാൽ മതി. തണുപ്പ്‌ കൂടിയാൽ മുറിയിലെ ഹീറ്ററിന്റെ സ്വിച്ച്‌ അമർത്തിയാൽ മതി. ആവശ്യത്തിന്‌ ചൂടായാൽ  ഓഫാക്കിക്കോളൂ". മകളിൽ വന്നു ഭവിച്ച മാറ്റമോർത്ത്‌ ആ അമ്മ ഒരു നിമിഷം അന്ധാളിച്ചു നിന്നു.
    അമ്മയ്ക്ക്‌ ഹീറ്റർ ഓഫാക്കാനേ കഴിഞ്ഞില്ല. കാരണം തണുപ്പ്‌ ശരീരമാകെ തളർത്തുന്നു. കുഞ്ഞ്‌ കരഞ്ഞ്‌ ബഹളമുണ്ടാക്കുന്നു. കുഞ്ഞിന്‌ ചൂട്‌ പറ്റുന്നില്ല ഹീറ്റർ ഓഫാക്കിയാൽ അമ്മ  തണുത്ത്‌ വിറക്കുന്നു. ഇപ്പോൾ അയർലന്റിൽ നല്ല കാലാവസ്ഥയാണെന്നാണ്‌ മരുമകൻ പറഞ്ഞത്‌. ഈ അവസ്ഥയിൽ ഇത്ര തണുപ്പാണെങ്കിൽ തണുപ്പ്‌ കാലത്തിന്റെ അവസ്ഥയോർത്ത്‌ ആ അമ്മയുടെ ഉള്ള്‌ പിടഞ്ഞു. കുളിയും തേവാരവും മുടങ്ങി. എണ്ണതേപ്പും കുഴമ്പ്‌ തേപ്പും അവസാനിച്ചു. വീട്ടുജോലിയും കുഞ്ഞിനെ ശുശ്രൂഷിക്കലുമായി ആ അമ്മ ശരിക്കും ആയയായി മാറി.
    മകളും മരുമകനും ടൂറുകളും മറ്റുമായി ഓടി നടന്നു. കുഞ്ഞിനെ ശരിക്കൊന്ന്‌ നോക്കുക പോലും ചെയ്യുന്നില്ല. അമ്മയെ കണ്ട ഭാവം നടിക്കുന്നില്ല. വല്ലതും കഴിച്ചോ എന്ന്‌  ആരായുന്നില്ല. ജോലി കഴിഞ്ഞ്‌ അസമയങ്ങളിലൊക്കെ കയറി വരുന്ന അവർ എന്തെങ്കിലും ഭക്ഷണപ്പൊതി അമ്മയ്ക്ക്‌ നീട്ടും. ആ പൊതിയുടെ  ദുർഗന്ധം അമ്മയ്ക്ക്‌ സഹിക്കാൻ പറ്റാത്തത്തായി. പൊടിയരിക്കഞ്ഞിയുടേയും ചക്കപ്പുഴുക്കിന്റേയും കടുമാങ്ങ അച്ചാറിന്റേയും കൂടെ മകന്റെ സ്നേഹം കൂട്ടിയുള്ള  ഭക്ഷണം കഴിക്കാൻ  ആ അമ്മയ്ക്ക്‌ കൊതിയായി. ശരീരവും മനസ്സും നുറുങ്ങുന്ന വേദനയോടെ അമ്മ അപേക്ഷിച്ചു. " എനിക്ക്‌ എന്റെ മകനോട്‌ ഒന്ന്‌ സംസാരിക്കണം. ആ ഫോൺ  ഒന്ന്‌ തന്നാൽ മതി". അമ്മയുടെ അപേക്ഷ അവർ നിരസിച്ചു. അമ്മയ്ക്കിവിടെ പരമസുഖമാണെന്നും അമ്മ സന്തോഷത്തിന്റെ പാരമ്യതയിലാണെന്നും അവർ മകനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ഒന്നും ഉരിയാടാൻ അമ്മക്ക്‌ അനുവാദമുണ്ടായില്ല. എന്തെങ്കിലും പറയാൻ  ഭാവിച്ചാൽ തന്നെ മരുമകന്റെ ശബ്ദം ഉയരും. "അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോളണം- നിങ്ങളെക്കൊണ്ട്‌ ഞങ്ങൾക്ക്‌ നഷ്ടമേ ഉള്ളൂ. ർറൂമിലെ ഹീറ്റർ ഒരു മിനുട്ട്‌ ഓഫാക്കുന്നുണ്ടോ ?. കറന്റ്‌ ചാർജ്ജ്‌ എത്രയായെന്നറിയോ ? ഇതൊക്കെ ഞാൻ സഹിക്കുന്നത്‌ എന്റെ  ഭാര്യയുടെ അമ്മയാണെന്ന്‌ കരുതിയാണ്‌."
    ഒരു തറവാട്ടിലെ മുതിർന്നവളായി സ്നേഹത്തോടെ ആജ്ഞാപിക്കുകയും അനുസരിപ്പിക്കുകയും ചെയ്തിരുന്ന  ആ അമ്മ മാനസികമായി ആകെ തളർന്നു. ഫ്ലാറ്റിന്റെ ഒരു കോണിൽ അവർ മൂടിപ്പുതച്ച്‌ കിടന്നു. കുഞ്ഞിനെ നോക്കാനോ സ്വന്തം കാര്യങ്ങൾക്കോ അവർക്ക്‌ കഴിയാതായി. മനോനില തകർന്ന അവർ എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടിരുന്നു.
    നിവൃത്തിയില്ലാതായപ്പോൾ മകളും മരുമകനും കൂടി അമ്മയെ ആശുപത്രിയിലാക്കി. ഡോക്ടറുടെ മരുന്നുകൾക്കൊന്നും അവരുടെ രോഗത്തെ ശമിപ്പിക്കാനായില്ല. അവസാനം മകൾ നാട്ടിലെ സഹോദരനെ ഫോണിൽ വിളിച്ചു. അമ്മയ്ക്ക്‌ എന്തോ ശരീരത്തിന്‌ സുഖമില്ല.  ഹോസ്പിറ്റലിലാണ്‌. എന്നു മാത്രം അറിയിച്ചു.
മറ്റൊന്നും ആലോചിയ്ക്കാതെ അയർലന്റിലേക്ക്‌ പോകാനുള്ള ശ്രമം അയാൾ ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ ആയാൾ ആശുപത്രിയിലെത്തി. അമ്മയുടെ പേക്കോലം കണ്ട്‌ അയാൾ നടുങ്ങി. അമ്മയും മകനും കെട്ടിപ്പിടിച്ച്‌ മണിക്കൂറുകളോളം കരഞ്ഞു. " അമ്മക്കെന്താണ്‌  അസുഖം ? " അമ്മ മിണ്ടിയില്ല. വാർഡിലെ ചുമരിലെ ചുവന്ന അക്ഷരങ്ങളിലുള്ള ബോർഡിൽ അയാളുടെ കണ്ണ്‌ ഉടക്കി. " ഘൗ​‍ിമശേര അ​‍്യെഹൗ​‍ാ" അതിന്റെ അർത്ഥമറിയാതെ അയാൾ സംശയിച്ച്‌ നിന്നു. പിന്നെ മലയാളി മുഖമുണ്ടെന്നു തോന്നിയ ഒരു നേഴ്സിനോടു ചോദിച്ചു.
" എന്താ ഇതിനർത്ഥം"
നേഴ്സ്‌ അയാളെ ഒന്നു നോക്കി - പിന്നെ പതുക്കെപ്പറഞ്ഞു : -
"മനസ്സിലായില്ലേ ?. ഭ്രാന്താശുപത്രി !

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ