24 Nov 2013

അഞ്ചാംഭാവം



ജ്യോതിർമയി ശങ്കരൻ
ഒരു നാടകാനുഭവം (തൊഴിൽകേന്ദ്രത്തിലേയ്ക്ക്)


തൃശ്ശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തിൽ നാടകസൌഹൃദത്തിന്റെ ബാനറിൽ  ഒരു നാടകം അരങ്ങേറുന്നു, ഒക്ടോബർ 30, 31 , നവംബർ 1 എന്നീ തീയതികളിൽ.ഏതാനും മാസങ്ങൾക്ക് മുൻപായി അശോകൻ ചരുവിലിന്റെ നാലു കഥകളുടെ നാടകാവിഷ്ക്കാരം ഇതേ ബാനറിൽ ചെയ്തത് ആസ്വദിയ്ക്കാനിടയായിരുന്നു.   ക്ഷണം കിട്ടിയപ്പോൾ നാടകം ഏതെന്നു ചോദിയ്ക്കാൻ മറന്നു പോയി. ഒക്ടോബർ  31നു ബാംഗളൂർക്കു പോകേണ്ടതിരുന്നതിനാൽ 30 നു തന്നെ  നാടകം കാണാൻ പോകാൻ തീരുമാനിച്ചു. മുംബെയിൽ അന്ധേരിയിൽ താമസിച്ചിരുന്ന സമയം  സംജന കപൂറിന്റെ പൃത്ഥി തിയേറ്ററിൽ  നാടകങ്ങൾ കാണാൻ പോകാറുണ്ടായിരുന്നു. കൂടാതെ കോളേജ് കാലഘട്ടത്തിൽ നാടകരംഗത്ത് മകൻ സജീവമായിരുന്ന സമയത്തും നാടകങ്ങൾ എന്നെ ആകർഷിച്ചിരുന്നുവെങ്കിലും ശരിയായ നാടക ഭ്രാന്ത് കുട്ടിക്കാലത്തു തന്നെ കിട്ടിയിരുന്നുവെന്നതാണ് സത്യം. 35-ൽ അധികം  വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ നാട്ടിൽ നടത്തിയിരുന്ന അഖില കേരള നാടക മത്സരങ്ങളിൽ വരുന്ന 20ൽ‌പ്പരം നാടകങ്ങൾ തുടർച്ചയായി കാണുന്നപതിവ് തന്നെ അതിനു കാരണം. ഈ വർഷവും ഞങ്ങളുടെ  വീടിനു സമീപത്ത് കഴിഞ്ഞ സെപ്തംബറിൽ നടന്ന പ്രൊഫഷണൽ നാടക മത്സരത്തിലെ പ്രധാനപ്പെട്ട പല നാടകങ്ങളും ആസ്വദിയ്ക്കാനിടയായി. ഇതൊക്കെയാണെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം കിട്ടിയത് ഒക്ടോബർ ആദ്യവാരത്തിൽ ബാംഗളൂരിലെ രംഗശങ്കര തിയേറ്ററിൽ കാണാനിടയായ നാടകമായ ‘പിയ ബഹുരൂപിയ’ തന്നെ. ഷേക്സ്പ്പിയറുടെ ‘റ്റ്വെൽഫ്ത് നൈറ്റ്” ന്റെ ഹിന്ദി ഭാഷയിലെ സംഗീതാത്മകമായ സ്വതന്ത്ര ആവിഷ്ക്കാരം. മുംബെയിലെ കമ്പനി തിയറ്ററിന്റെ ബാനറിൽ അതുൽ കുമാർ സംവിധാനം ചെയ്ത ഈ നാടകത്തോളം ഞാനാസ്വദിച്ച  മറ്റൊരു നാടകമുണ്ടെന്നു തോന്നുന്നില്ല. ഇതിന്റെ ഹരം വിട്ടുപോകുന്നതിനു മുൻപായി കിട്ടിയ ക്ഷണമനുസരിച്ച് തൃശ്ശൂരിലെ പേരറിയാത്ത നാടകത്തിനായി പോകുമ്പോഴുള്ള എന്റെ മാനസികാവസ്ഥ ഊഹിയ്ക്കാവുന്നതാണല്ലോ.

ഗീത ജോസഫ് സംവിധാനം ചെയ്ത ‘തൊഴിൽ കേന്ദ്രത്തിലേയ്ക്ക്” എന്ന നാടകണ് അരങ്ങേറാൻ പോകുന്നതെന്ന് സംഗീത നാടക അക്കാദമിയിൽ എത്തിയപ്പോഴാണറിയാൻ കഴിഞ്ഞത്. 1948 ൽ അന്തർജ്ജനസമാജം അവതരിപ്പിച്ച ആദ്യത്തെ സമ്പൂർണ്ണ സ്ത്രീ നാടകമെന്ന പ്രത്യേകത ഓർമ്മ വന്നു. ഒട്ടേറെ സുഹൃത്തുക്കളും ബന്ധുക്കളും കവികളും എഴുത്തുകാരും വിശിഷ്ടവ്യക്തികളും നിറഞ്ഞ സദസ്സ്.ചെറിയ തിയേറ്റർ ആയതിനാൽ 150 പേർക്ക് മാത്രം പ്രവേശനം. കയ്യിൽക്കിട്ടിയ ലഘുലേഖയും കഥാ സംക്ഷേപക്കുറിപ്പും വായിച്ചപ്പോൾ ഈ നാടകത്തെക്കുറിച്ച് പണ്ട് കേട്ടിട്ടുള്ളതെല്ലാം ഓർമ്മ വന്നു. വീണ്ടും കാണാനൊരവസരം വീണു കിട്ടിയതിൽ സന്തോഷവും.

ചരിത്രം വർത്തമാനത്തെ തൊടുന്നു എന്ന തലക്കെട്ടിൽ ... മലയാള നാടകത്തിൽ പെണ്ണരങ്ങ്- നാടകത്തിലെ പെണ്ണിടം വീണ്ടും ഉണരുകയാണ്....മലയാള നാടക ചരിത്രത്തിലെ ആദ്യത്തെ പെണ്ണെഴുത്ത്..നവോത്ഥാന കാലഘട്ടത്തിലെ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി നമ്പൂതിരി സമുദായത്തിലെ പീഡനമനുഭവിയ്ക്കുന്ന സ്ത്രീകൾക്കായൊരു ചെറുത്തു നിൽ‌പ്പ്. സർവ്വം സഹയായ സ്ത്രീയായി മാറാതെ അരങ്ങിലെത്തി ,ആർക്കും അടിമയാകാതെ , രക്ഷകൻ വേണ്ടാത്തവളായി സ്വയം തൊഴിൽ ചെയ്തു ജീവനോപാധി കണ്ടെത്താൻ, സ്വന്തം കഴിവിൽ വിശ്വസിയ്ക്കാൻ, ആത്മവിശ്വാസവും തനതായ വ്യക്തിത്വവും ഉള്ളവളായി മാറാൻ സ്ത്രീയെ ഉദ്ബോധിപ്പിയ്ക്കുന്ന ഈ നാടകത്തിൽ പുരുഷന്മാരായി വേഷം കെട്ടിയതും സ്ത്രീകൾ തന്നെ.ഇവർ പറയുന്നതു പോലെ  വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച 10 വയസ്സുകാരി  യമൻ പെൺകുട്ടി നുജൂദിനെ, കാതടപ്പിയ്ക്കുന്ന തീവണ്ടി ശബ്ദത്തിൽ സൌമ്യയയെ, മൈസൂർ അറബിക്കല്യാണ ച്ചന്തയിലെ പെൺകിടാവിനെ ഒക്കെ ഓർത്തുകൊണ്ട് മാതൃകാപരമായ സ്ത്രീപുരുഷ സൌഹൃദത്തിന്റെ വേരുകൾ തേടിയുള്ള അന്വേഷണത്തിനു പ്രാരംഭം കുറിച്ച നാടകത്തിന്റെ അവസാനത്തിൽ സ്റ്റേജിൽക്കയറി അവർക്കു പിന്തുണ നൽകാനും  അവരെ അഭിനന്ദിയ്ക്കാതിരിയ്ക്കാനും കഴിഞ്ഞില്ല. സന്ദേശങ്ങൾക്കായി ഇതാ ഒരു പുതിയ മാർഗ്ഗം കൂടി., എന്നു ചിന്തിച്ചു പോയി.

ഇത്രയും വർഷങ്ങൾക്കു മുൻപായി അകത്തളങ്ങളിൽ നിന്നും പുറത്തുവന്നു പ്രതിഷേധം രേഖപ്പെടുത്താൻ അന്തർജ്ജനങ്ങൾക്കായെങ്കിൽ, തെറ്റായ സാമൂഹിക  വ്യവസ്ഥകൾക്കെതിരായി വിരൽ ചൂണ്ടാൻ ഇന്നത്തെ സ്ത്രീകൾക്ക് എന്തു കൊണ്ടു കഴിയുന്നില്ല?  സ്വന്തം കാലിൽ നിൽക്കുന്നതിനോടൊപ്പം സ്വന്തം വ്യക്തിത്വം എന്തേ വേണ്ട വിധം അവർ വളർത്തുന്നില്ല? തൊഴിൽ ഇന്നവൾക്കു പ്രശ്നമല്ല.  പക്ഷേ ആത്മ വിശ്വാസം- അതിനിയും വീണ്ടെടുക്കേണ്ടിയിരിയ്ക്കുന്നുവോ? ജീവിത നാടകത്തിലെ സ്റ്റേജിലും അവ പ്രകടമാകേണ്ടിയിരിയ്ക്കുന്നു. ഇനിയും പല  നാടകങ്ങളും അരങ്ങേറാതിരിയ്ക്കാൻ. 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...