ചൊവ്വയുടെ അർത്ഥം

സുനിൽ എം.എസ്

 ചൊവ്വാദൌത്യത്തിന്റെ വിജയത്തിനായി ഇസ്രോ ചെയർമാൻ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഒരു ശാസ്ത്രജ്ഞൻ പ്രതികരിച്ചത് ഇങ്ങനെയാണ്: ഞങ്ങൾ ചെയ്തു കഴിഞ്ഞിരിയ്ക്കുന്ന ജോലി മഹത്തരമായതു തന്നെ എന്നു ഞങ്ങൾക്ക് ഉത്തമബോദ്ധ്യമുണ്ട്. അതുകൊണ്ട് അതിന്നിടയിൽ ചെറിയൊരു ദൈവീക ഇടപെടൽ കൂടി ഉണ്ടാകുന്നെങ്കിൽ അതിന്നെതിരെ നാമെന്തിനു പരാതിപ്പെടണം?

ദൈവീക ഇടപെടലിനെപ്പറ്റിയുള്ള ഈ മറുപടിയിൽ നർമ്മരസത്തിനാണു മുൻ‌തൂക്കം. പക്ഷേ, അമേരിക്കൻ സീരിയലായ സ്റ്റാർ ട്രെക്കിനു വിവിധ തലമുറകളിലുള്ള ലക്ഷക്കണക്കിന് ആരാധകർ പ്രപഞ്ചത്തിന്റെ അന്തിമ അതിർത്തിയായി പരിഗണിക്കുന്ന ശൂന്യാകാശത്തിലേയ്ക്കായിരിയ്ക്
കും മാനവരാശിയുടെ അടുത്ത ഗൌരവപൂർവ്വമായ ആദ്ധ്യാത്മിക തീർത്ഥയാത്ര എന്നാണു കാണുന്നത്.

ഉദാഹരണമായി മാഴ്സ് വൺ എന്ന പദ്ധതിയെത്തന്നെയെടുക്കാം. 2023നുള്ളിൽ ചൊവ്വയിൽ സ്ഥിരമായ ഒരു മനുഷ്യക്കോളനി സ്ഥാപിയ്ക്കാൻ ലക്ഷ്യമിടുന്ന, ലാഭരഹിതപദ്ധതിയാണത്. അതീവശ്രദ്ധയോടെ നാല് അപേക്ഷകരെ തെരഞ്ഞെടുക്കുകയും അവരെ ചൊവ്വയിലെ പ്രഥമനിവാസികളാക്കാൻ വേണ്ടി ഒരു ഏകദിശായാത്രയിൽ വിക്ഷേപിയ്ക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ചൊവ്വയിലെ കോളണി നിവാസികളാകാനുള്ള ഈ ദൌത്യം ആത്മഹത്യാപരമാണെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തിലേറെ ആളുകൾ ചുവന്ന ഗ്രഹത്തിലെ പ്രഥമനിവാസികളാകാനായി സ്വമേധയാ മുന്നോട്ടു വന്നിട്ടുണ്ട്. ഭാരതത്തിൽ നിന്നുള്ള എണ്ണായിരത്തോളം അപേക്ഷകർ അക്കൂട്ടത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗ്രൂപ്പാണ്.

ചൊവ്വയിൽ മനുഷ്യവാസത്തിന്നനുയോജ്യമായ അന്തരീക്ഷമില്ല. കഷ്ടിച്ച് ഒരല്പം വായു അവിടവിടെ ഉണ്ടെന്നു വയ്ക്കുക. എങ്കിൽത്തന്നെയും അത് നമ്മുടെ ശ്വാസോച്ഛ്വാസത്തിന്നുതകുന്നതല്ല. ജലം ധ്രുവങ്ങളിലാണ് പ്രധാനമായുമുള്ളത്. ഒരു പക്ഷേ മണ്ണിനടിയിലുണ്ടെങ്കിൽ‌പ്പോലും അതു തണുത്തുറഞ്ഞായിരിയ്ക്കും കിടക്കുന്നത്. കുടിയ്ക്കാനതു ലഭ്യമല്ല. ആഹാരം? അത് ആശിയ്ക്ക പോലും വേണ്ട. അഭയത്തിന്നായി വീടുകളുമില്ല. ഇവയ്ക്കെല്ലാം പുറമെയാണു പൂജ്യം ഡിഗ്രിയിൽ താഴെയുള്ള അതിശൈത്യവും മാരകമായ റേഡിയേഷനും.

ഉടൻ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ മരണം സുനിശ്ചിതം. അതിന്നിടെ ഭൂമിയിൽ നിന്ന് ഒരു സഹായവും പ്രതീക്ഷിയ്ക്കുകയും വേണ്ട. ചുരുക്കത്തിൽ ഒന്നാന്തരമൊരു നരകം തന്നെയായിരിയ്ക്കും ചൊവ്വയിലെ പ്രഥമകോളണിവാസം !

എന്നിട്ടും ഭൂമിയിലെ തന്റെ മുഴുവൻ ജീവിതവും വേണ്ടെന്നു വച്ച് ചുവന്ന ഗ്രഹമെന്ന നരകത്തിലേയ്ക്കു കടന്നു മരണം വരിയ്ക്കാൻ രണ്ടുലക്ഷംപേർ സ്വമേധയാ മുന്നോട്ടു വന്നതിന്റെ പ്രേരകമെന്തായിരിയ്ക്കാം?

അവരിലൊരാൾ പറഞ്ഞതിതാണ്: ഭൂമിയിൽ വച്ചും എനിയ്ക്ക് എന്തും എപ്പോഴും സംഭവിയ്ക്കാം. കാറോടിച്ചുകൊണ്ടിരിയ്ക്കെ എനിയ്ക്കൊരപകടമുണ്ടായെന്നു വരാം, ഞാൻ മരണപ്പെട്ടെന്നും വരാം. പക്ഷേ മരിയ്ക്കുമ്പോൾ ജീവിതത്തിന്ന് എന്തെങ്കിലും അർത്ഥമുണ്ടാകണം എന്നു ഞാനാഗ്രഹിയ്ക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ