23 Dec 2013

വെളിച്ചണ്ണയും കൊറോണറി ആർട്ടറി രോഗങ്ങളും


അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌, കൊച്ചി

ആഹാരപദാർത്ഥങ്ങൾ പാകം ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അത്‌ സിറം ലിപ്പിഡുകളിലും  ധമനിഭിത്തികളിലും എങ്ങിനെ  പ്രവർത്തിക്കുന്നു,  അതിന്റെ ആന്റി ഓക്സിഡന്റ്‌ പ്രതിരോധം എങ്ങിനെ തുടങ്ങിയ താരതമ്യ പഠനങ്ങളും   കണ്ടെത്തലുകളുമായിരുന്നു നാളികേര വികസന ബോർഡുമായി ചേർന്ന്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ നടത്തിയ ഗവേഷണത്തിന്റെ വിഷയം.  2008 ൽ ആരംഭിച്ച ഗവേഷണത്തിന്‌ 2013 നവംബർ വരെയാണ്‌ കാലാവധി ലഭിച്ചതു. ഗവേഷണത്തിന്‌ ആദ്യം നേതൃത്വം നൽകിയത്‌ അമൃതയിലെ ദിവംഗതനായ ഡോ.കെ.കെ ഹരിദാസ്‌ (കാർഡിയോളജി)ആയിരുന്നു. പിന്നീട്‌ ഡോ.ഡി.എം വാസുദേവൻ(ബയോകെമിസ്ട്രി) ചുമതല ഏറ്റെടുത്തു. ഈ ഗവേഷക സംഘത്തിൽ ഡോ.കെ.ആർ സുന്ദരം (ബയോസ്റ്റാറ്റിസ്റ്റിക്സ്‌), ഡോ.രാജീവ്‌ സി.(കാർഡിയോളജി), ഡോ.ദാസൻ ഇ. വേലായുധൻ(കാർഡിയോളജി), ഡോ.സജിത കൃഷ്ണൻ (ബയോകെമിസ്ട്രി) എന്നിവരാണ്‌ പ്രവർത്തിച്ചതു.

2008 ഓഗസ്റ്റിൽ പഠനം ആരംഭിച്ചു. 2009 ഏപ്രിലിൽ ആദ്യ രോഗിയെ പഠനത്തിനായി  തെരഞ്ഞെടുത്തു. കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധാരണ ചികിത്സ അനുവർത്തിക്കുന്ന ,നിർദ്ദിഷ്ട പഥ്യ ഭക്ഷണം കഴിക്കുന്ന  200 രോഗികളെയാണ്‌  ഈ പഠനത്തിനായി തെരഞ്ഞെടുത്തത്‌. ഇവരെല്ലാവരും അമൃത മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിലെ രോഗികളായിരുന്നു. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു.  ഒരു ഗ്രൂപ്പിനുള്ള ഭക്ഷണം വെളിച്ചണ്ണയിലും ഇതര ഗ്രൂപ്പിനുള്ള ഭക്ഷണം സൂര്യകാന്തി എണ്ണയിലും പാകം ചെയ്തു നൽകാൻ പ്രത്യേകം ശുപാർശ ചെയ്തു. തുടർന്നായിരുന്നു വിശദമായ പഠനം. രണ്ടു വർഷം ഓരോ രോഗികളെയും പ്രത്യേകം നിരീക്ഷണ വിധേയമാക്കി. എല്ലാവരും പതിവായി ഔഷധങ്ങൾ ഉപയോഗിച്ചിരുന്നു. അവസാനം പരിശോധിച്ചപ്പോൾ എല്ലാ രോഗികളിലേയും മൊത്തം കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്‌, ആന്റി ഓക്സിഡന്റ്‌ മാർക്കേഴ്സ്‌, ഹൈസേൻസിറ്റിവിറ്റി സിആർപി (hs CRP)തുടങ്ങിയവയുടെയെല്ലാം അളവ്‌ ഒരുപോലെയായിരുന്നു. 

*  പഠനവിധേയമാക്കിയ ഇരു ഗ്രൂപ്പുകളുടെയും (പ്രായം, ലിംഗം, പ്രമേഹനിലവാരം, രക്തസമ്മർദ്ദം, തുടങ്ങിയ  ) അടിസ്ഥാന സ്വഭാവം സമാനമായിരുന്നു.
* പഠനകാലയളവിലുടനീളം രണ്ടു ഗ്രൂപ്പിന്റെയും പ്രമേഹ നിലവാരത്തിൽ മാറ്റമുണ്ടായില്ല.

* സാധാരണയായുള്ള അഥെറോസ്ക്ലീറോട്ടിക്‌ അപകട സാധ്യതാ ഘടകങ്ങൾ,  ലിപ്പിഡ്‌ നിലവാരം എന്നിവയിലും  രണ്ടു വർഷക്കാലയളവിൽ വ്യതിയാനങ്ങൽ കാണാൻ  സാധിച്ചില്ല. ഉദാഹരണത്തിന്‌ മൊത്തം കൊളസ്ട്രോൾ നിലവാരം ഗ്രൂപ്പ്‌ 1 ന്റേത്‌ 149 മില്ലിഗ്രാമും, ഗ്രൂപ്പ്‌ 2 ന്റേത്‌  147 മില്ലിഗ്രാമും ആയിരുന്നു. രണ്ടാം വർഷം  പരിശോധിച്ചപ്പോൾ ഇത്‌ യഥാക്രമം 141 ഉം 151 ഉം ആയി മാറി. അത്രമാത്രം. 

* അഥെറോസ്ക്ലീറോസിസിനു അനുകൂല ഘടകമായ ഹായ്‌ ഡെൻസിറ്റി ലിപ്പോപ്രോട്ടിന്റെ അളവിലും വ്യതിയാനം കണ്ടില്ല.
* ആന്റി ഓക്സിഡന്റുകളുടെ നിലവാരവും ഇരു ഗ്രൂപ്പിലും സമാനമായിരുന്നു.

* ഹൈസേൻസിറ്റിവിറ്റി സിആർപി ( hs CRP) നിലവാരം രണ്ടു ഗ്രൂപ്പിലും ഒന്നു തന്നെയായിരുന്നു.
* ട്രെഡ്‌ മിൽ ടെസ്റ്റിലും വലിയ അന്തരം കാണാൻ സാധിച്ചില്ല.

അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിൽ നടന്ന മറ്റൊരു സമാന്തര പഠനത്തിൽ വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും  ഉപയോഗിക്കുന്ന സാധാരണക്കാരിലേയും പ്രമേഹരോഗികളിലേയും ലിപ്പിഡ്‌ പ്രോഫൈൽ, ആന്റി ഓക്സിഡന്റ്‌ എൻസൈം എന്നിവയും പഠന വിധേയമാക്കുകയുണ്ടായി. ഇവരിൽ 70 പേർ ആരോഗ്യവാന്മാരും 70 പേർ രോഗികളും ആയിരുന്നു. രണ്ടു കൂട്ടരെയും, ഭക്ഷണത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ എന്നും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവർ എന്നും 35 പേരുടെ ഗ്രൂപ്പാക്കിയാണ്‌ പഠനം നടത്തിയത്‌.  കാതലായ ഒരു വ്യത്യാസവും ഇരു കൂട്ടരുടെയും ലിപ്പിഡ്‌ പ്രോഫൈലിൽ കണ്ടെത്താനായില്ല എന്നതാണ്‌ പ്രധാനം. ഇത്തരത്തിൽ ഒരു പഠനം കേരളീയർക്കിടയിൽ കുറെ നാളുകൾക്കു മുമ്പ്‌ നടത്തിയിരുന്നു. അന്നും ഫലം ഇതുതന്നെയായിരുന്നു. അതായത്‌ നാളികേരവും വെളിച്ചെണ്ണയും പതിവായി ഉപയോഗിക്കുന്ന ശീലത്തിന്‌ കേരളത്തിലെ ജനങ്ങളുടെ ഹൃദയരക്തധമനി രോഗ നിരക്കുമായി ഒരു ബന്ധവും ഇല്ല എന്നാണ്‌ ഈ പഠനങ്ങളെല്ലാം തെളിയിക്കുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...