Skip to main content

കുലപതികൾ-17

സണ്ണി തായങ്കരി  

പതിനേഴ്‌                                     
   റെബേക്കയ്ക്ക്‌ ദുഃഖംതോന്നി. നിരാശ നിറഞ്ഞ നീണ്ട കാത്തിരിപ്പിനുശേഷം കർത്താവിന്റെ കാരുണ്യത്താൽ ലഭിച്ച സന്താനങ്ങളിലൊന്ന്‌ വിരൂപനാണെങ്കിലും സഹിക്കാമായിരുന്നു. പക്ഷേ, ഇത്‌... ശരീരം മുഴുവൻ രോമംനിറഞ്ഞ്‌... ഒരു ശിശുവിനെ മാത്രമാണ്‌ ആഗ്രഹിച്ചതെങ്കിലും ദൈവം രണ്ടുപേരെ ഒരേ സമയംതന്നു. എന്നാൽ, കടിഞ്ഞൂൽ സന്തതിയെ ഇതാ, എന്റെ മകനെന്നുപറഞ്ഞ്‌ അഭിമാനത്തോടെ മറ്റുള്ളവരെ കാണിക്കാൻ സാധിക്കില്ലല്ലോ എന്ന ദുഃഖം അവളിൽ ആത്മനിർവൃതിയുടെ സൂര്യശോഭയ്ക്കുപകരം അമാവാസിയുടെ ഘനീഭവിച്ച കൂരിരുട്ടാണ്‌ നിറച്ചതു. 
   ഇരുവശത്തുമായി രണ്ടു ശിശുക്കളും കിടക്കുകയാണ്‌. യാക്കോബ്‌ അമ്മിഞ്ഞ വലിച്ചുകുടിച്ച്‌ അമ്മയുടെ ചൂടുപറ്റിയാണ്‌ എപ്പോഴും കിടക്കുക. മറുവശത്താകട്ടെ, ഏസാവ്‌ അമ്മയിൽനിന്നകന്നും. അവന്‌ വിശപ്പില്ലാഞ്ഞിട്ടോ അമ്മയുടെ ചൂട്‌ ആവശ്യമില്ലാഞ്ഞിട്ടോ അല്ല. അമ്മയുടെ അടുത്തേയ്ക്ക്‌ പൂണ്ടുചെല്ലുമ്പോഴൊക്കെ റെബേക്കാ വെറുപ്പോടെ അവനെ ദൂരേയ്ക്ക്‌ മാറ്റികിടത്തും. അത്‌ പതിവായപ്പോൾ അവൻ ആ ശ്രമം ഉപേക്ഷിച്ചു. അമ്മയുടെ മുലഞ്ഞെട്ടിനുപകരം സ്വന്തം കൈവിരൽ ഈമ്പാൻ അവൻ ശീലിച്ചുതുടങ്ങി. 
   യാക്കോബ്‌ ശാന്തനായിരുന്നു. ഏസാവാകട്ടെ, എപ്പോഴും കരച്ചിൽതന്നെ. വിശന്നിട്ടാണെന്ന്‌ റെബേക്കയ്ക്ക്‌ അറിയാം. അവന്റെ വിശപ്പകറ്റാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ...
  ഏസാവിന്റെ കരച്ചിൽ അസഹ്യമായപ്പോൾ ഇസഹാക്ക്‌ അറയിലേക്ക്‌ കയറിച്ചെന്നു. അപ്പോഴും യാക്കോബ്‌ അമ്മയോട്‌ പറ്റിച്ചേർന്നുകിടന്ന്‌ മുലകുടിക്കുകയായിരുന്നു. ആ കാഴ്ച ഇസഹാക്ക്‌  നോക്കിനിന്നു. ഏസാവ്‌ അമ്മയിൽനിന്ന്‌ അകന്ന്‌ വിശപ്പുകൊണ്ട്‌ വിലപിക്കുന്നത്‌ ഇസഹാക്കിന്‌ സഹിച്ചില്ല. 
  "റെബേക്കാ, ഏസാവിന്‌ വിശക്കുന്നുണ്ട്‌. അവന്റെ കരച്ചിൽ നീ കേൾക്കുന്നില്ലേ?"
  അവൾ യാക്കോബിന്റെ ശിരസ്സിൽ വാത്സല്യത്തോടെ തലോടിയതല്ലാതെ പ്രതികരിച്ചില്ല.
  "യാക്കോബിനെപ്പോലെ അവനും നമ്മുടെ മകനല്ലേ?"
  "അതെ. പക്ഷേ, അവന്റെ ശരീരത്തിലെ രോമം സ്പർശിക്കുമ്പോൾ എന്തോ... എനിക്കൊരു വല്ലായ്മ. വല്ലാത്ത ചൊറിച്ചിൽ ഉണ്ടാകുന്നതുപോലെ. എനിക്കവനെ സ്നേഹിക്കാൻ കഴിയുന്നില്ല." റെബേക്ക തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. 
   "അത്‌ നിന്റെ തോന്നൽ മാത്രമാണ്‌. യാക്കോബിനെ സ്നേഹിക്കുന്നതുപോലെ നമ്മൾ ഏസാവിനെയും സ്നേഹിക്കണം. മിനിസമായ മേനിയുള്ള യാക്കോബിനെയും രോമംനിറഞ്ഞ ശരീരമുള്ള ഏസാവിനെയും നൽകിയത്‌ കർത്താവാണ്‌."
   റെബേക്കാ മറുപടി പറഞ്ഞില്ല. 
  "ഏസാവും യാക്കോബും രണ്ടുവംശങ്ങളുടെ പ്രതിനിധികളാണെന്ന്‌ കർത്താവ്‌ പറഞ്ഞത്‌ മറക്കരുത്‌. രണ്ടുപേരെയും ദൈവപദ്ധതിക്കായി സ്നേഹിച്ചു വളർത്തണം. അല്ലെങ്കിലത്‌ സർവശക്തനോടുള്ള അനുസരണക്കേടാവും."
  ഇസഹാക്ക്‌ ഏസാവിനെ കയ്യിലെടുത്തു. പിതാവിന്റെ കരസ്പർശമേറ്റ നിമിഷം അവന്റെ കരച്ചിൽ നിന്നു. അവനെ അയാൾ റെബേക്കയുടെ അരികിൽ കിടത്തി. ഇഷ്ടമില്ലെങ്കിലും ഏസാവിനെ കഴിവതും സ്പർശിക്കാതെ അവന്റെ വായിലേയ്ക്ക്‌ മുല തിരുകിവെച്ചു. അത്യാർത്തിയോടെ ഞൊട്ടിനുണയുന്ന ശബ്ദം പുറപ്പെടുവിച്ച്‌ ഏസാവ്‌ മുലവലിച്ചു കുടിച്ചു. നിർവൃതിയുടെ നിഷ്കളങ്ക സ്വരം അവനിലുയരുന്നത്‌ മന്ദഹാസത്തോടെ ഇസഹാക്ക്‌ നോക്കിനിന്നു. 
   സിഗ്നൽ കിട്ടിയതുപോലെ യാക്കോബ്‌ ഞെട്ടിയുണർന്നു. പിന്നീട്‌ ഉയർന്നുകേട്ടത്‌ അവന്റെ ഉച്ചസ്വരത്തിലുള്ള കരച്ചിലാണ്‌. അത്‌ പതിവില്ലാത്തത്താണ്‌. തൽക്ഷണം റെബേക്കാ ഏസാവിന്റെ വായിൽ നിന്ന്‌ മുല വലിച്ചെടുത്ത്‌ തിരിഞ്ഞുകിടന്ന്‌ യാക്കോബിനെ മാറോടുചേർത്തു. നിസ്സഹായനായ ഇസഹാക്ക്‌ ആർത്തുകരയുന്ന ഏസാവിനെ കോരിയെടുത്ത്‌ മാറോടുചേർത്ത്‌ രാരിരംപാടി. വിശന്നുവലയുന്ന അവന്റെ ചെഞ്ചുണ്ടിലേയ്ക്ക്‌ അയാൾ ആട്ടിൻ പാൽ തുള്ളി തുള്ളിയായി ഇറ്റിച്ചുകൊടുത്തു. 
  ഏസാവും യാക്കോബും കമിഴ്‌ന്നുവീണതും നീന്താൻ തുടങ്ങിയതും ഒരേ ദിവസമാണ്‌. നീന്തി മുന്നേറുന്ന കാര്യത്തിൽ എപ്പോഴും ഏസാവുതന്നെയായിരുന്നു മിടുക്കൻ. പക്ഷേ, അപ്പോഴൊന്നും തനിക്കു മുന്നേയെത്താൻ യാക്കോബ്‌ അവനെ സമ്മതിച്ചില്ല. ഏസാവിന്റെ കാൽപാദത്തിൽപിടിച്ച്‌ അവനെ ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങാൻ യാക്കോബ്‌ അനുവദിച്ചില്ല. ഏസാവ്‌ ബലം പിടിച്ച്‌ മുന്നോട്ടുനീന്തുമ്പോൾ യാക്കോബ്‌ അവന്റെ കാലിലുള്ള നീണ്ടരോമത്തിൽ അള്ളിപ്പിടിക്കും. അതോടെ പിടിച്ച ഭാഗത്തെ രോമങ്ങൾ യാക്കോബിന്റെ കുഞ്ഞുകരങ്ങളിലാവും. രോമംപറിഞ്ഞ്‌ ചോരപൊടിച്ച്‌ വേദനയോടെ ഏസാവ്‌ അലറിക്കരയുമ്പോൾ റെബേക്കാ ഓടിച്ചെന്ന്‌ യാക്കോബിനെ കോരിയെടുത്ത്‌ മാറോടണയ്ക്കും. ഇസഹാക്ക്‌ ഭവനത്തിൽ ഉള്ളപ്പോൾ മാത്രമാണ്‌ ഏസാവിന്‌ അൽപമെങ്കിലും ലാളനയും പരിഗണനയും ലഭിച്ചതു. 
  കുട്ടികൾ വളർന്നു. ഓടിച്ചാടി നടക്കുന്ന പ്രായമെത്തി. യാക്കോബിനെ അതിരറ്റുസ്നേഹിച്ച റെബേക്ക യ്ക്ക്‌ ഏസാവിനെ പൂർണമായി സ്നേഹിക്കാൻ കഴിഞ്ഞില്ല. അത്‌ മനപൂർവമായിരുന്നില്ലതാനും. യാക്കോബിന്‌ സമയാസമയങ്ങളിൽ ഭക്ഷണം കൊടുക്കാനും താലോലിക്കാനും അതീവശ്രദ്ധ പുലർത്തിയിരുന്ന അവൾ ഏസാവിന്റെ കാര്യത്തിൽ അതൊക്കെ മറന്നു. പലപ്പോഴും വയറുനിറച്ച്‌ ഭക്ഷണം കിട്ടാത്തതുമൂലം അവൻ ഭക്ഷണകാര്യങ്ങളിൽ ആർത്തികാണിച്ചുതുടങ്ങി.  
 കളിക്കുമ്പോൾ യാക്കോബ്‌ എപ്പോഴും ഏസാവിനെ പ്രകോപിപ്പിക്കും. 'കരടിച്ചേട്ടാ' യെന്നാണ്‌  ജ്യേഷ്ഠനെ അവൻ വിളിക്കുക. പരാതിയുമായി അമ്മയുടെ അടുത്തെത്തിയാലും അവർ കുറ്റപ്പെടുത്തുക ഏസാവിനെത്തന്നെയായിരിക്കും. 'അവൻ നിന്നെ കരടിയെന്നു വിളിക്കുന്നതിലെന്താണു തെറ്റ്‌? നിന്നെ കണ്ടാൽ അങ്ങനെയല്ലേ തോന്നു...' ആശ്വാസവാക്കിനുപകരം അവഹേളനം കിട്ടുമ്പോൾ അവൻ മ്ലാനവദനനായി പുറത്തേയ്ക്ക്‌ നടക്കും. ഏതെങ്കിലും മൂലയിൽപോയി കുന്തിച്ചിരിക്കും. 
 എങ്കിലും ഏസാവിന്‌ യാക്കോബിനോട്‌ യാതൊരു അനിഷ്ടവും ഉണ്ടായിരുന്നില്ല. അനുജൻ പരിഹസിച്ചാലും ദേഹോപദ്രവം ഏൽപ്പിച്ചാലും മറുത്തൊന്നും പറയില്ല, ചെയ്യില്ല. ആ കരുതൽ യാക്കോബിനും അറിയാമായിരുന്നു. തന്റെ അമ്മയുടെ ഉദരത്തിൽ പിറന്നവനല്ല ഏസാവേന്ന വിശ്വാസം അരക്കെട്ടുറപ്പിക്കുന്ന ഒരു വസ്തുതയായി ആ കരുതലിനെ കാണാനാണ്‌ യാക്കോബ്‌ ശ്രമിച്ചതു. അല്ലെങ്കിൽ അവനെന്തിന്‌ ഒരു അടിമയെപ്പോലെ ഇതൊക്കെ സഹിക്കണം? 
 ഒരു ദിവസം സ്വയം അമ്പെയ്ത്തു പരിശീലിച്ചുകൊണ്ട്‌ ഏസാവ്‌ വയൽക്കരയിലെ വൃക്ഷച്ചുവട്ടിൽ നിൽക്കുകയായിരുന്നു. യാക്കോബ്‌ ഇസഹാക്കിന്റെ അടുത്തെത്തി.
"പിതാവേ, ഈ ഏസാവിനെ എവിടെനിന്നുകിട്ടിയതാ...?"
"നീയെന്താ യാക്കോബേ ഇങ്ങനെ ചോദിക്കുന്നത്‌?" ഇസഹാക്ക്‌ അത്ഭുതപ്പെട്ടു. 
"ഏസാവ്‌ നിന്റെ ജ്യേഷ്ഠസഹോദരനാണ്‌."
"പിന്നെന്താ എനിക്ക്‌ അവന്റേതുപോലെ രോമമില്ലാത്തെ...?"
 ഇസഹാക്കിന്‌ മറുപടിയില്ലായിരുന്നു.
"മാതാവിനും പിതാവിനും ഏസാവിനെപ്പോലെ രോമമില്ലല്ലോ. എനിക്കുമില്ല. പിന്നെങ്ങനെ ഏസാവ്‌ എന്റെ സഹോദരനാവും?" ഇസഹാക്ക്‌ വിടാനുള്ള ഭാവത്തിലല്ല.
"മകനേ, കർത്താവാണ്‌ നമ്മുടെ സ്രഷ്ടാവ്‌. ഇഷ്ടമുള്ള രൂപവും ഭാവവും മനുഷ്യന്‌ നൽകുന്നത്‌ അവിടുന്നാണ്‌. അവിടുത്തെ എല്ലാ പ്രവർത്തികൾക്കുമുണ്ടാവും ഒരു ലക്ഷ്യം."
"എന്റെ സഹോദരനാണെങ്കിൽ മാതാവെന്താ അവനെ സ്നേഹിക്കാത്തെ...?"
 ആ ചോദ്യത്തിനു മുമ്പിൽ ഇസഹാക്ക്‌ മിഴിച്ചുനിന്നു. അടുത്തുനിന്ന റെബേക്കയ്ക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. സംഭാഷണം കേട്ടുകൊണ്ടാണ്‌ ഏസാവ്‌ കയറി വന്നത്‌. യാക്കോബിന്റെ ചോദ്യത്തിന്റെ പൊരുൾ അറിയാനായി അവൻ അമ്മയുടെ മുഖത്തേയ്ക്ക്‌ നോക്കി. ഏസാവിന്റെ കണ്ണുകളെ അഭിമുഖീകരിക്കാനാവാതെ അവൾ മുഖം തിരിച്ചു. 
 "ഏസാവിനെ അമ്മ സ്നേഹിക്കുന്നില്ലെന്ന്‌ ആരു പറഞ്ഞു? അതൊക്കെ നിന്റെ തോന്നലാണ്‌. മാതാവിന്‌ എല്ലാ മക്കളും ഒരുപോലെയാണ്‌."
  അത്‌ കേട്ടതായി ഭാവിക്കാതെ ഏസാവ്‌ കടന്നുപോയി.
  ഏസാവ്‌ വയലിൽ പിതാവിന്റെ അടിമകളോടും ഭൃത്യന്മാരോടുമൊപ്പം കൂടി. അവർ അവന്‌ ഭക്ഷണം കൊടുത്തു. കൃഷിപ്പണികളിൽ അവൻ അടിമകളെ സഹായിച്ചു. അങ്ങനെ ബാല്യത്തിൽതന്നെ അവൻ ണല്ലോരുകൃഷിക്കാരനായി മാറി. 
  ഏസാവിന്‌ നായാട്ടിലും കമ്പമുണ്ടായിരുന്നു. യുവത്വത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോഴേയ്ക്കും അയാൾ നായാട്ടിൽ വിദഗ്ധനായി. നിത്യവും ഒരു മൃഗത്തെയെങ്കിലും അമ്പെയ്തോ, കവിണ പ്രയോഗം നടത്തിയോ ഭവനത്തിൽ എത്തിക്കുമായിരുന്നു. എന്നാൽ യാക്കോബിനെ പുറത്തിറങ്ങാൻപോലും റെബേക്കാ അനുവദിച്ചില്ല. സൂര്യപ്രകാശമേറ്റാൽ അവൻ വാടിപ്പോകുമെന്ന കനത്ത ഉത്കണ്ഠയായിരുന്നു അവൾക്ക്‌. തൻമൂലം യാക്കോബ്‌ മടിയനായിത്തീർന്നു. പിതാവിന്റെ വയലിലേയ്ക്ക്‌ അവൻ തിരിഞ്ഞുനോക്കിയതുപോലുമില്ല. എപ്പോഴും കൂടാരങ്ങളിൽ വസിക്കാനാണ്‌ അവൻ ഇഷ്ടപ്പെട്ടത്‌. 
 യാക്കോബ്‌ മാംസപ്രിയനായിരുന്നു. ഏതു മൃഗത്തിന്റെ മാംസവും അവൻ മാംസേതര ഭക്ഷണത്തേക്കാൾ ഇഷ്ടപ്പെട്ടു. എങ്കിലും മ്ലാവിറച്ചി അവന്റെ ബലഹീനതയായിരുന്നു. ഏസാവ്‌ നിത്യവും വേട്ടയ്ക്കുപോയി ഏതെങ്കിലും ഒരു മൃഗത്തെ കൊണ്ടുവരുമെന്നതിനാൽ അവന്റെ മാംസാഹാരഭോജനം കുശാലായി. ഈ ഒരൊറ്റ കാരണംകൊണ്ടാവണം യുവാവായപ്പോൾ യാക്കോബ്‌ ഏസാവിനെ ഇഷ്ടപ്പെട്ടുതുടങ്ങിയത്‌. സഹോദരനെന്ന്‌ ആരെയും പരിചയപ്പെടുത്താനാവില്ലെങ്കിലും തനിക്കിഷ്ടമുള്ള മ്ലാവിറച്ചിയും മറ്റും മുറതെറ്റാതെ അയാൾ എത്തിക്കുന്നുണ്ടല്ലോ. 
 ശരീരത്തിലെ രോമംമൂലം ഏസാവ്‌ എല്ലാവർക്കും വെറുക്കപ്പെട്ടവനായി. എന്നാൽ ഇസഹാക്കിന്‌ അവനോട്‌ സഹതാപവും അതിരറ്റ സ്നേഹവുമായിരുന്നു. അവന്റെ കുറ്റംകൊണ്ടല്ലല്ലോ ശരീരം മുഴുവൻ രോമവുമായി ജനിച്ചതു. സുന്ദരനും ശാന്തനുമായ യാക്കോബിനെപ്പോലെത്തന്നെ ഇസഹാക്ക്‌ ഏസാവിനെ സ്നേഹിച്ചു. മൂത്തപുത്രനോട്‌ മന:പൂർവമല്ലാത്ത ഇഷ്ടക്കേട്‌ വെച്ചുപുലർത്തിയിരുന്ന റെബേക്കയെ അവസരം കിട്ടുമ്പോഴൊക്കെ ഉപദേശിക്കുവാൻ അയാൾ ശ്രമിച്ചു. ദൈവഹിതം ഓർമിപ്പിക്കുവാനും. പക്ഷേ, കാലം റെബേക്കയിൽ മാറ്റമൊന്നും വരുത്തിയില്ല. അതിനുള്ള ശ്രമങ്ങളിലെല്ലാം അവൾ പരാജയപ്പെട്ടു. 
 അന്ന്‌ ഏസാവ്‌ അതിരാവിലെ വയലിലേയ്ക്ക്‌ പോയതാണ്‌. ഉച്ചവരെ അവൻ അടിമകളെ നിയന്ത്രിച്ച്‌ അവർക്കൊപ്പം ജ്വലിക്കുന്ന സൂര്യനുതാഴെ വിയർത്തൊലിച്ച്‌ അദ്ധ്വാനിച്ചു. അടിമകൾ കൊടുത്ത ഭക്ഷണം എന്തുകൊണ്ടോ സ്വീകരിക്കാൻ അന്ന്‌ അവന്‌ തോന്നിയില്ല. അവന്‌ ഇഷ്ടപ്പെട്ട ഭക്ഷണം മാതാവ്‌ തയ്യാറാക്കുന്നത്‌ രാവിലെ കണ്ടിരുന്നു. അതാവാം കാരണം. വിശന്നുതളർന്നപ്പോൾ അവൻ ഭവനത്തിലേക്കുതിരിച്ചു. ഭക്ഷണശേഷം സഹോദരന്റെ ഇഷ്ടഭോജ്യമായ മ്ലാവിറച്ചി സമ്പാദിക്കാൻ നായാട്ടിനുപോകണം. ഒരു ദിവസമെങ്കിലും യാക്കോബിന്‌ ഇഷ്ടപ്പെട്ട ഇറച്ചികൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ സങ്കടമാണ്‌. മ്ലാവിനെ കിട്ടിയില്ലെങ്കിൽ മറ്റേതെങ്കിലും മൃഗത്തെകൊന്ന്‌ അതുമായേ അവൻ മടങ്ങു.
 കത്തുന്ന വയറുമായി ഏസാവ്‌ ഭവനത്തിലേയ്ക്ക്‌ കയറിച്ചെന്നു. ഇസഹാക്കും റെബേക്കയും ഭവനത്തിലുണ്ടായിരുന്നില്ല. യാക്കോബ്‌ ഏസാവിന്‌ ഇഷ്ടമുള്ള പയർപായസം ഉണ്ടാക്കിക്കൊണ്ടിരുന്നു. അതിന്റെ മണമേറ്റപ്പോഴേ അവന്റെ വായിൽ വെള്ളമൂറി. 
 ഏസാവ്‌ ഓടി അടുത്തെത്തി. യാക്കോബ്‌ അവനെ കണ്ടതായി നടിച്ചില്ല. പായസമിളക്കുന്ന തെരക്കിലാണെന്നുഭാവിച്ചു. ഏസാവ്‌ യാക്കോബിനെ പ്രസാദിപ്പിക്കാൻ ഏതാനും വിറകുകഷണങ്ങളെടുത്ത്‌ അടുപ്പിൽവച്ചു. അത്‌ യാക്കോബിന്‌ ഇഷ്ടപ്പെട്ടില്ല. ആ ഇഷ്ടക്കേട്‌ വാക്കുകളിലേക്ക്‌ വികിരണം ചെയ്യാനും അവൻ ശ്രമിച്ചു.
 "എന്റെ പായസം കരിച്ചുകളയാനാണോ ഭാവം?"
 "അല്ല. പെട്ടെന്നു വേകട്ടെന്നു കരുതി."
 "എന്തിനാ പെട്ടെന്നുവേകുന്നേ? പതുക്കെ വെന്താൽമതി. എനിക്കു ധൃതിയൊന്നുമില്ല." 
 യാക്കോബിന്റെ സ്വരത്തിൽ കരുണ ലവലേശം ഉണ്ടായിരുന്നില്ല. ഏസാവ്‌ അതിന്‌ മറുപടി പറയാതെ പായസത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം മൂക്കിലേയ്ക്ക്‌ വലിച്ചുകയറ്റി. 
 "ഞാനുണ്ടാക്കുന്ന പായസം കിട്ടുമെന്നുകരുതി മനപ്പായസമുണ്ണണ്ട. ഇതിൽനിന്ന്‌ ഒരു തുള്ളിപോലും ഞാൻ തരില്ല."
  നിത്യവും ആവശ്യപ്പെടാതെതന്നെ നായാട്ടിനുപോയി കാട്ടിറച്ചികൊണ്ടുവന്ന്‌ കൊടുക്കുന്നതാണ്‌. സഹോദരന്‌ പ്രിയം മ്ലാവിറച്ചിയായതിനാൽ അതിനായി ഏതെല്ലാം വന്യമൃഗങ്ങളുടെ ഗുഹകളിൽചെന്നുപെട്ടിരിക്കുന്നു? എത്ര പ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു? മ്ലാവിറച്ചിയുമായി വരുമ്പോൾ സഹോദരന്റെ മുഖത്ത്‌ എന്ത്‌ സന്തോഷമാണ്‌. അത്‌ കാണാൻതന്നെയാണല്ലോ ജീവിതം പലപ്പോഴും പണയംവച്ചിട്ടുള്ളതെന്ന്‌ ഏസാവ്‌ ഓർത്തു. ഒരിക്കൽപ്പോലും യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. പക്ഷേ, വിശന്നു പൊരിയുമ്പോൾ ഒരു തുള്ളി പായസം തരില്ലെന്നു പറഞ്ഞാൽ... അവന്റേതായ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല. തന്നിട്ടുമില്ല. പക്ഷേ താനോ? എന്തെല്ലാം കൊടുത്തു. സ്നേഹിച്ചു. ജീവൻവരെ അവനുവേണ്ടി പണയംവച്ചു. എന്നിട്ടും...
  "അകത്തു വല്ലതും ഇരിപ്പുണ്ടെങ്കിൽ എടുത്തുകഴിച്ചോ. പായസം ഞാൻ തരില്ല." യാക്കോബ്‌ തീർത്തു പറഞ്ഞു.  
   ഏസാവ്‌ മന്ദം ഏഴുന്നേറ്റ്‌ അകത്തേയ്ക്കുപോയി. കൂടാരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഭക്ഷിക്കാനുള്ളതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 
  ഏസാവിന്റെ ഓരോ ചലനവും യാക്കോബ്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ മനസ്സിൽ പറഞ്ഞു. 'തപ്പിക്കോ. എവിടെ വേണേൽ തപ്പിക്കോ. ഇന്നൊരു വറ്റുകിട്ടില്ല. വയലിൽനിന്നുവരുന്നതിനുമുമ്പേ ഉണ്ടായിരുന്നത്‌ ഞാൻ ഭക്ഷിച്ചല്ലോ. ബാക്കിയുണ്ടായിരുന്നത്‌ പക്ഷികളെ ഊട്ടുകയും ചെയ്തു. ഒന്നുകിൽ വിശപ്പ്‌ സഹിക്ക്‌. അല്ലെങ്കിൽ ഞാനൊരുക്കുന്ന കെണിയിൽ വീഴ്‌.'
   ഒരു ചെറുമന്ദഹാസത്തോടെ അടുപ്പിലെ തീയ്‌ നേർപ്പിച്ച്‌ പായസം അടിയിൽ പിടിക്കാതിരിക്കാൻ മന്ദം ഇളക്കിക്കൊണ്ടിരുന്നു, യാക്കോബ്‌. 
   യാക്കോബ്‌ പായസമുണ്ടാക്കുന്നത്‌ സ്വയം ഭക്ഷിക്കാനല്ല. അതൊരു കെണിയാണ്‌. ഏസാവിനെ വീഴ്ത്താനുള്ള വലിയ കെണി. പക്ഷേ, അത്‌ അയാൾക്കറിയില്ല. അറിഞ്ഞാലും കുഴപ്പമില്ല. വിശപ്പിനുമുമ്പിൽ എന്തും ഉപേക്ഷിക്കാൻ തയ്യാറാകുന്നവനാണ്‌ ഏസാവേന്ന്‌ യാക്കോബിനറിയാം.
   തെരച്ചിലിനുശേഷം മ്ലാനവദനനായി ഏസാവ്‌ യാക്കോബിന്റെ അരുകിൽ തിരികെയെത്തി. ഏതിർവശത്തായി കുന്തിച്ചിരുന്നു. 
 "എന്താ വയറുനിറഞ്ഞോ...?" ഒളികണ്ണിട്ട്‌ നോക്കിക്കൊണ്ട്‌ യാക്കോബ്‌ ചോദിച്ചു. ഏസാവ്‌ തലകുമ്പിട്ടിരിക്കുകയാണ്‌. 
 "വയറുനിറഞ്ഞിട്ടിപ്പോൾ മിണ്ടാനും വയ്യായോ?" യാക്കോബ്‌ പരിഹാസം തുടർന്നു. 
 "അനുജാ ഇവിടെ ഒന്നുമില്ല... ഒന്നും..." നിസ്സഹായന്റെ നിരാശ. വാക്കുകൾക്ക്‌ വിശപ്പിന്റെ ഗന്ധമാണെന്ന്‌ അവനുതോന്നി.
 "അങ്ങനെവരാൻ വഴിയില്ലല്ലോ. എല്ലായിടത്തുംനോക്കിയോ?"
 "നോക്കി. ഒന്നുമിവിടില്ല."
 "ഛേ... ഛേ... കഷ്ടം..."
 "അനുജാ... ഞാനിപ്പോൾ വിശന്നുചാകും..." ഏസാവ്‌ കരച്ചിലിന്റെ വക്കത്തെത്തി. 
 "ആരും ഇന്നുവരെ വിശന്നുചത്തത്തായി കേട്ടിട്ടില്ല. പായസം കുടിച്ച്‌ വിശപ്പു തീർത്തത്തായും കേട്ടിട്ടില്ല..."
 "എനിക്ക്‌ അൽപം പായസം തരണം." ഏസാവ്‌ അപേക്ഷിച്ചു. 
 "അയ്യോ. ഇതെനിക്ക്‌ കുടിക്കാൻ തികയില്ല."
 "അങ്ങനെ പറയരുത്‌ അനുജാ... ഞാൻ വയലിൽ കഷ്ടപ്പെട്ട്‌ പണിയെടുത്തിട്ടുവരികയാ. വയർ പൊരിയുന്നു. മാത്രമല്ല, ചുവന്ന പായസം എനിക്ക്‌ മറ്റെന്തിനേക്കാളും ഇഷ്ടമാണെന്നറിയാമല്ലോ."
 "എന്തു പറഞ്ഞാലും എന്റെ പായസം ഞാൻ തരില്ല."
  ഏസാവ്‌ വിശപ്പിന്റെ അഗാധതയിലായിരുന്നു. കത്തുന്ന വയറിന്റെ രോദനം അയാളെ അടിമുടി ഉലച്ചു. പ്രത്യുൽപന്നമതിത്വം നശിച്ച്‌, നിരാശയുടെ ആൾരൂപം കണക്കെ അയാൾ സഹോദരന്റെ കനിവിനായി കാത്തു. 
  ഇനിയും കടുംപിടുത്തം തുടർന്നാൽ തന്റെ കെണിയിൽ വീഴാതെ ഏസാവ്‌ ദേഷ്യപ്പെട്ട്‌ പൊയ്ക്കളഞ്ഞാലോ? ശ്രമമെല്ലാം പാഴാകില്ലേ? ഒരുവേള അങ്ങനെ സംശയിച്ചു, യാക്കോബ്‌.
 "ആകട്ടെ, പായസം തന്നാൽ എനിക്കെന്തു പ്രതിഫലം തരും?"
  അനുജന്റെ സ്വരത്തിലെ മയം ഏസാവ്‌ തിരിച്ചറിഞ്ഞു. അതവനിൽ പ്രതീക്ഷയുണർത്തി. പക്ഷേ, ഉടനെ നിരാശനാകുകയും ചെയ്തു. 
  "ഞാനെന്തു തരാനാണ്‌? എന്റെ കയ്യിലൊന്നുമില്ല." പെട്ടെന്ന്‌ ഓർത്തിട്ടെന്നപോലെ പറഞ്ഞു-
  "ഇന്ന്‌ ഞാനൊരു വലിയ മ്ലാവിനെ വേട്ടയാടിക്കൊണ്ടുവരാം. മുഴുവൻ ഇറച്ചിയും ഞാൻതന്നെ പാകപ്പെടുത്തിത്തരാം. മതിവരുവോളം അനുജൻ തിന്നോളൂ."
 "മ്ലാവിറച്ചി എന്നും കൊണ്ടുവരുന്നതല്ലേ? അതിലെന്താ ഇത്ര പ്രത്യേകത?"
 "പിന്നെന്തുവേണം?"
 "എനിക്കുവേണ്ടത്‌ അതൊന്നുമല്ല."
 "എന്തുമായിക്കോട്ടെ യാക്കോബ്‌. നീ ആദ്യം എനിക്കൽപ്പം പായസം തരു... എന്റെ വിശപ്പടക്കിയിട്ട്‌ നമുക്ക്‌ സംസാരിക്കാം." ഏസാവിന്റെ ക്ഷമ നശിച്ചിരുന്നു. 
 "അതുവേണ്ട. വിശപ്പുതീർന്നുകഴിയുമ്പോൾ നിങ്ങൾ കാലുമാറും."
 "ഇല്ല. ഞാൻ കാലുമാറില്ല. ഇപ്പോൾ എനിക്ക്‌ അസഹനീയമായ വിശപ്പടക്കുകയാണ്‌ പ്രധാനം."
 "എങ്കിൽ പറയ്‌. എന്റെ പായസവും നിങ്ങളുടെ ചുണ്ടും തമ്മിൽ ഒട്ടും അകലമേയില്ല. ഒറ്റവാക്കിൽ ഉള്ള അകലവുമില്ലാതാകും."
 "എന്തുവാക്ക്‌...?" 
 "നിങ്ങളുടെ കടിഞ്ഞൂൽ പുത്രാവകാശം എനിക്കുതരണം." 
   യാക്കോബ്‌ കൗശലപൂർവം പായസം ഒരു പാത്രത്തിലേയ്ക്ക്‌ അൽപം പകർന്നു. അതിൽ കണ്ണുനട്ടിരുന്ന ഏസാവിന്റെ വായിൽ വെള്ളമൂറി. അവൻ കരുതി. 'എന്ത്‌ കടിഞ്ഞൂൽ പുത്രാവകാശം? വിശക്കുന്നവന്റെ മുമ്പിൽ ആഹാരമാണ്‌ വലുത്‌. മറ്റെല്ലാം നിഷ്പ്രഭം. വിശപ്പുമാറ്റാൻ ഉപകരിക്കുക അതാണെങ്കിൽ ഞാനെന്തിന്‌ കടിഞ്ഞൂൽ പുത്രാവകാശത്തിൽ കടിച്ചുതൂങ്ങണം.'
  "പായസം തരുമെങ്കിൽ കടിഞ്ഞൂൽ പുത്രാവകാശം ഞാൻ തരാം."  
   യാക്കോബ്‌ പാത്രത്തിലേയ്ക്ക്‌ കുറേക്കൂടി പായസം പകർന്നു.
  "വെറുതെ പറഞ്ഞാൽപോരാ. ശപഥം ചെയ്തുപറയണം." 
   യാക്കോബ്‌ പ്രലോഭനക്രിയ തുടർന്നുകൊണ്ടിരുന്നു. പായസത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധത്തിൽ കണ്ണുമങ്ങിപ്പോയ ഏസാവ്‌ പറഞ്ഞു- 
  "വിശന്നു ചാകാൻ പോകുന്ന എനിക്കിനി കടിഞ്ഞൂൽ പുത്രാവകാശംകൊണ്ട്‌ എന്തുപ്രയോജനം?"  തുടർന്നയാൾ ശപഥംചെയ്ത്‌ കടിഞ്ഞൂൽ പുത്രാവകാശം യാക്കോബിന്‌ കൈമാറി. വാക്കുമാറാത്തവനാണ്‌ ഏസാവേന്ന്‌ അനുഭവത്തിൽനിന്ന്‌ മനസ്സിലാക്കിയിട്ടുള്ള യാക്കോബിന്‌ തൃപ്തിയായി. 
  യാക്കോബ്‌ പായസപ്പാത്രം ഏസാവിന്റെ കയ്യിൽവച്ചുകൊടുത്തു. അവൻ വയറുനിറച്ച്‌ പായസം കുടിച്ചു. തൃപ്തിയായപ്പോൾ പ്രത്യേകമായി ഒന്നും സംഭവിക്കാത്തമട്ടിൽ എഴുന്നേറ്റുപോയി. 
  ഏറെ കഴിയുംമുമ്പ്‌ കട്ടിയേറിയ മൃഗത്തോൽകൊണ്ട്‌ നെഞ്ചകം മറച്ച്‌ അമ്പുംവില്ലും കല്ലും കവണയുമായി ഏസാവ്‌ നായാട്ടിനായി പുറപ്പെട്ടു. കിഴക്കൻ ദിക്കിലെ ഘോരവനത്തെ ലക്ഷ്യമാക്കി ഏസാവ്‌ ഝടുതിയിൽ നടന്നുനീങ്ങുന്ന കാഴ്ച യാക്കോബിനെ കൂടുതൽ സന്തോഷിപ്പിച്ചു. ആ അമ്പിൽ കിടന്നുപിടയുന്ന തടിച്ചുകൊഴുത്ത മ്ലാവിനെ ഭാവനയിൽ കണ്ടപ്പോഴേ യാക്കോബിന്റെ നാവിൽ വെള്ളമൂറി. 
  മ്ലാവിറച്ചിയുമായി ഏസാവ്‌ എത്തുന്ന മണിക്കൂറിലേയ്ക്ക്‌ എത്തിപ്പെടവേ, സൂര്യൻ അപ്രത്യക്ഷണായി കഴിഞ്ഞിരുന്നു. പശ്ചിമചക്രവാളത്തിൽ എരിഞ്ഞടങ്ങിയ അഗ്നികുണ്ഡത്തിനുമീതെ ഇരുട്ടിന്റെ കരിമ്പടം വീണു. ചെമപ്പുരാശി കറുപ്പിനുമേൽ നേരിയ പോറലേൽപ്പിച്ചതുപോലെ!
  ഇരുട്ടിൽ അലിഞ്ഞ്‌, ഞൊണ്ടി ഞൊണ്ടി കയറിവന്ന ഏസാവിനെ യാക്കോബ്‌ കണ്ടു. തോളിൽ തൂക്കിയിരുന്ന കൂറ്റൻ മ്ലാവിന്റെ പിണം അയാൾ ഒരുവിധം താഴേയ്ക്ക്‌ മറിച്ചിട്ടു. ആൾ അവശനും പരവശനുമായിരുന്നു. ശരീരമാകെ മുറിവേറ്റിട്ടുണ്ട്‌. നെഞ്ചകം മറച്ച കട്ടിയേറിയ മൃഗത്തോൽ മാന്തിപ്പറിച്ചതുപോലെ! ഏതെങ്കിലും വന്യമൃഗവുമായി മൽപിടുത്തം നടത്തിയിട്ടുണ്ടാവും! 
  പച്ചില കുത്തിപ്പിഴിഞ്ഞ നീര്‌ സ്വയം ആഴമേറിയ നഖപ്പാടുകളിലേയ്ക്ക്‌ ഇറ്റിക്കുമ്പോൾ പ്രാണവേദനയോടെ ഏസാവ്‌ കരഞ്ഞു. അപ്പോഴേയ്ക്കും യാക്കോബ്‌ മ്ലാവിന്റെ തോലുരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. നീറ്റലിന്‌ അൽപം ശമനമായപ്പോൾ ഏസാവ്‌ പറഞ്ഞു-
 "സിംഹത്തിന്റെ മടയിൽനിന്നാണ്‌. അവന്റെ ഇന്നത്തെ ഭക്ഷണം നിനക്കായി തട്ടിയെടുത്തതിന്റെ വീറ്‌ എന്നോടു കാണിച്ചു."
  യാക്കോബ്‌ കഴുത്തുവെട്ടിച്ച്‌ ഏസാവിനെ നോക്കി ചിരിച്ചു. 
  റെബേക്കാ നിസംഗയായി വാതിൽചാരി നിന്നതേയുള്ളു. അവൾക്ക്‌ ആഴമേറിയ ആ നഖപ്പാടുകൾ വച്ചുകെട്ടണമെന്നുണ്ട്‌. പക്ഷേ... 
  വയലിൽനിന്ന്‌ വരികയായിരുന്ന ഇസഹാക്ക്‌ ആ കാഴ്ച കണ്ട്‌ ഇരുട്ടിൽതന്നെനിന്നു. അതയാളുടെ മിഴികളെ നനച്ചു. അയാൾ ഓടിച്ചെന്ന്‌ ഏസാവിന്റെ മുറിവുകളിൽ ബാക്കിയുണ്ടായിരുന്ന പച്ചമരുന്ന്‌ വെച്ചുകെട്ടി. ആ സ്നേഹസ്പർശത്തിൽ ഏസാവിന്റെ മനം കുളിർത്തു. അവൻ പിതാവിന്റെ മുഖത്തേയ്ക്ക്‌ പാളി നോക്കി. ഒരു സ്നേഹസാഗരം അവിടെ അലയടിക്കുന്നത്‌ അവൻ കണ്ടു. ഏസാവിന്റെ കണ്ണുകൾ നിറഞ്ഞതുകണ്ടപ്പോൾ ഇസഹാക്കിന്റെ ഹൃദയം കൂടുതൽ വ്രണിതമായി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…