21 Jan 2014

വാലിന്‌ ആട്‌ വാല്‌!


സി.രാധാകൃഷ്ണൻ 

എന്തെല്ലാം കഷ്ടപ്പാടുകൾ സഹിച്ചാണ്‌ ഈ നിലയിൽ ആയതെന്ന്‌ അറിയാമോ എന്ന ചോദ്യം ഇക്കാലത്ത്‌ ഏതാണ്ട്‌ എല്ലാവരുടെയും മനസ്സിൽ ഉണ്ട്‌. തരം കിട്ടിയാൽ അത്‌ ഉറക്കെ പറയുകയും ചെയ്യും. കേൾക്കാൻ ആരുമില്ലെങ്കിൽ സ്വന്തം മനസ്സിൽ പറഞ്ഞുകൊണ്ടിരിക്കും! ഒത്താൽ ഒരു ആത്മകഥതന്നെ എഴുതി അച്ചടിപ്പിക്കുകവരെ ചെയ്യും!

എന്താണ്‌ ഇതിനു പിന്നിലെ വികാരം എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ആ വഴിക്ക്‌ ഒന്നു ചിന്തിച്ചുനോക്കിയാൽ രണ്ടു കാര്യമുണ്ട്‌. ഒന്ന്‌, ഈ ചോദ്യം സ്വയവും മറ്റുള്ളവരോടും ചോദിക്കുന്നതിൽനിന്ന്‌ ഇങ്ങനെ ചിന്തിക്കുന്ന ആർക്കും മോചനം കിട്ടും. രണ്ട്‌, പകരം എന്താണ്‌ ആലോചിക്കുന്നതെന്നു കൂടി മനസ്സിലാവുകയും ചെയ്യും. 

തന്നെത്തന്നെ അഭിനന്ദിക്കാനുള്ള ആവേശം മനുഷ്യസഹജമാണ്‌. ദുരിതങ്ങളെ അതിജീവിച്ചതിനും നേട്ടങ്ങൾ ഉണ്ടാക്കിയതിനും എല്ലാം സ്വയം അഭിനന്ദിക്കുന്നതൊരു സുഖംതന്നെ. മറ്റുള്ളവരിൽ നിന്ന്‌ അഭിനന്ദനം കിട്ടാതെപോയവരാണെങ്കിൽ പറയാനുമില്ല. ഇനി, മറ്റുള്ളവരിൽനിന്ന്‌ കുട്ടിക്കാലത്ത്‌ ആവശ്യത്തിലധികമായി അഭിനന്ദനം കിട്ടിയവരാണെങ്കിലോ, കാലം പോകെ അതിനു പഴുതില്ലാതെ വരുമ്പോൾ ആ ജോലി സ്വയമങ്ങ്‌ ഏറ്റെടുക്കും! എന്നും അഭിനന്ദിക്കാറുള്ളവർ മരിച്ചോ അകന്നോ പോയാൽ ഇതല്ലാതെ എന്തു ചെയ്യാൻ? ശീലം, അതാണല്ലോ എന്തിനുമെപ്പോഴും കാര്യം!

എന്നാൽ ദുരിതപർവമെന്നു താൻ വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മ നിറം മങ്ങാതെ മനസ്സിൽ സൂക്ഷിക്കുന്നത്‌ ഇത്രതന്നെ പ്രചാരത്തിലില്ലെന്നാലും കൂടുതൽ ദോഷകരവും അസഹ്യവുമാണ്‌. ഡബിൾ മുണ്ടും ചെരിപ്പും കുടയും ഇല്ലാതെ സ്കൂളിൽ പോകേണ്ടിവന്നതാണ്‌ ഉച്ചഭക്ഷണത്തിന്‌ വകയില്ലാതെ ക്ലാസ്സിലിരുന്ന്‌ കുഴഞ്ഞു വീണതിനെക്കാൾ വലിയ ദുരിതമെന്ന രീതിയിലാണ്‌ ഇക്കൂട്ടരുടെ വാദം! തൻകുഞ്ഞു മാത്രമല്ല, തൻദുരിതവും പൊൻദുരിതമായി ചിലർ കൊണ്ടുനടക്കുന്നു!

കുറച്ചു കഴിയുമ്പോൾ ഈ ഓർമ്മയായിത്തീരുന്നു ജീവിതത്തിലെ പ്രധാനനേട്ടം. ബാക്കിയെല്ലാം അതിന്റെ വാലായി മാറുന്നു. യാഥാർത്ഥ്യം കീഴ്മേൽ മറിയുന്നു. ചിതൽപ്പുറ്റ്‌ മഹാമേരവായും ഹിമാലയം വെറും ഇത്തിരക്കൂനമണ്ണായും പ്രത്യക്ഷപ്പെടുന്നു. ഇത്തരമൊരു വാലിന്റെ കഥയാണ്‌ ഒരിക്കൽ തേനാലി രാമൻ എന്ന മഹാതിരുമാലി രാജസദസ്സിൽ അവതരിപ്പിച്ചതു.

ആ കഥ ഇങ്ങനെ-മഹാഗർവ്വിഷ്ഠനായ ഒരു പണ്ഡിതൻ രാജകൊട്ടാരത്തിൽ വന്നു. ശ്രീശങ്കരൻ സർവ്വരേയും വാദിച്ച്‌ ജയിച്ച്‌ സർവ്വജ്ഞപീഠം കയറിയതിൽപ്പിന്നെ എന്തെങ്കിലും അൽപ്പം പഠിച്ച എല്ലാവരും നാടുനീളെ നടന്ന്‌ വെല്ലുവിളി നടത്തുക പതിവായി. എന്നോട്‌ വാദിച്ചു ജയിക്കാൻ ഈ നാട്ടിൽ ആരുണ്ട്‌ എന്ന ചോദ്യവുമായി കൊട്ടാരത്തിൽ കയറിവരും. പാവം രാജാവ്‌ കുഴങ്ങും. തനിക്ക്‌ ശത്രുക്കളെ തല്ലാൻ ശേഷി ഇല്ലാത്തതിനാൽ പട്ടാളത്തെ നിറുത്തുന്നതുപോലെ അക്കാലത്ത്‌ എല്ലാ രാജാക്കന്മാരും തങ്ങളുടെ സദസ്സിൽ ഇത്തരം വെല്ലുവിളിക്കാരെ നേരിടാൻ, അറിവുള്ളവരെന്നു ഭാവിച്ചു ചെല്ലുന്നവരെയെല്ലാം തീറ്റിപ്പോറ്റി ഇരുത്തുകയും പതിവായിരുന്നു. തോൽവി സമ്മതിക്കേണ്ടി വന്നാൽ നാടിന്റെ മാനം പോയില്ലേ?

വേദാന്തവനസഞ്ചാരിയായ ഈ കേസരി വന്നപ്പോൾ രാജാവ്‌ തന്റെ അഭിവന്ദ്യസദസ്യരെ ആ പരാക്രമിയുടെ മുന്നിൽ നിരത്തി നിർത്തി. അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അയാൾ ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു. പക്ഷെ, പകരം, അവരെ ഓരോരുത്തരെയും ഓരോ കുനിഷ്ടുചോദ്യംകൊണ്ട്‌ മേപ്പടിയാൻ മുട്ടുകുത്തിച്ചുകളഞ്ഞു.

തെന്നാലിരാമൻ രാജാവിന്‌ പ്രയങ്കരനായിരുന്നു. എങ്കിലും വിരളമായേ രാജസദസ്സിൽ ചെല്ലാറുള്ളു. രാജസേവ വാളിന്റെ വായ്ത്തല നക്കുന്നപോലെയും സിംഹത്തിന്റെ മുഖം കെട്ടിപ്പിടിക്കുന്നപോലെയും വിഷസർപ്പത്തിന്റെ ചുണ്ടിൽ ചുംബിക്കുന്നപോലെയും അപകടകരമാണെന്ന പ്രമാണം അദ്ദേഹത്തിനറിയാമായിരുന്നു. അതിനാൽ, ഉള്ള സമയം വല്ല മേടകളിലും കാടുകളിലും ആടുമേച്ചു നടക്കും.

ദുർഘടസന്ധികൾ വരുമ്പോൾ രാജാവ്‌ രാമനെതേടി ആളെ അയയ്ക്കും. ഇപ്പോഴും അയച്ചു. അവർ രാമനെ കണ്ടെത്തി കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ആട്ടിൻകൂട്ടത്തിൽ നിന്ന്‌ ചന്തമുള്ള ഒന്നിനെ പിടിച്ച്‌ അതിന്റെ കഴുത്തിലെ വടവും കയറും അഴിച്ച്‌ വാലിൽ കെട്ടി അതിനെയും കൊണ്ടാണ്‌ വന്നത്‌.

മുഷിഞ്ഞ ഉടയാടയും പൊടിപുരണ്ട കാലുകളും വിയർത്തുനാറുന്ന ദേഹവും മാറത്ത്‌ ഒരു ആട്ടിൻകുട്ടിയുമായി കയറിവന്ന കോലം കണ്ട്‌ പണ്ഡിതർ ചിരിച്ചു. രാമൻ ഭയം നടിച്ച്‌ രാജാവിനെ വണങ്ങി ആചാരം പാലിച്ച്‌ കുനിഞ്ഞുനിന്നു.

എന്തിനാണ്‌,രാമാ, ഈ ആടിന്റെ വാലിൽ കയറിട്ടു പിടിച്ചിരിക്കുന്നത്‌ എന്ന്‌ രാജാവ്‌ തിരക്കി. രാമൻ സവിനയം അറിയിച്ചു-അടിയൻ ഇത്‌ വെറുതെ ചെയ്തത്തല്ല, ഒരു തത്ത്വം ഇതിന്റെ പിന്നിൽ ഉണ്ട്‌, പൊന്നുതിരുമേനി. 

എന്ത്‌ തത്ത്വം രാമാ? എന്നു രാജാവ്‌.
ആ തത്ത്വം എന്തെന്ന്‌ നമ്മുടെ മഹാനായ അതിഥി പറയും. അദ്ദേഹം എല്ലാം അറിയാവുന്ന ഒരാളാണല്ലോ. ഇതുതന്നെയാണ്‌ അൽപജ്ഞാനിയായ ഈയുള്ളവന്‌ അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള പ്രശ്നം.

സദസ്സ്‌ നിശ്ശബ്ദമായി.
മഹാപണ്ഡിതൻ തല പുകച്ച്‌ ആലോചിച്ചു. പഠിച്ച വേദശാസ്ത്രപുരാണേതിഹാസങ്ങളിൽ ഒന്നിലും ഒരു ആടോ വാലോ കയറോ ഒന്നും ഇല്ലാത്തതിനാൽ ഈപ്രശ്നമെന്തെന്നു മനസ്സിലാക്കാൻ തന്നെ കഴിഞ്ഞില്ല. പിന്നെയല്ലേ അതിനുള്ള ഉത്തരം കണ്ടെത്തൽ. 

രാമൻ അപ്പോഴും തന്റെ സ്വതസിദ്ധമായ വിഡ്ഢിച്ചിരിയുമായി നിന്നു.
അവസാനം, വെല്ലുവിളിയുമായി വന്ന കക്ഷി,മുട്ടു മടക്കി എന്നിട്ടും പക്ഷെ, വിട്ടുകൊടുത്തില്ല. ടിയാൻ പറഞ്ഞു-ഒരു ഇല്ലാ പ്രശ്നം അവതരിപ്പിക്കാൻ ആർക്കും കഴിയും ഇനി കേൾക്കട്ടെ, ആ തത്ത്വംഎന്താണെന്ന്‌?

പൊന്നുതിരുമേനിയോട്‌ അനുവാദം വാങ്ങി രാമൻ സവിനയം പറഞ്ഞു-വാൽ ആടിനു വാല്‌, പക്ഷെ, വാലിന്‌ ആട്‌ വാല്‌.
കൂടുതൽ വിശദീകരണം വേണമെന്നായി. വെല്ലുവിളിക്കാരനും ഒപ്പം സദസ്യരും.

രാമൻ അതിനും തയ്യാറായി - സാധാരണയായി ആടിന്‌ അതിന്റെ വാൽ വെറും വാലുതന്നെയാണ്‌. എന്നാലോ ആ വാലിന്റെ ഭാഗത്തു നിന്ന്‌ നോക്കിയാൽ, ആടിന്റെ ബാക്കി ഭാഗമത്രയും ആ വാലിന്റെ വെറും വാൽ മാത്രം!

എത്ര മഹാനായ ആളായാലും തന്റെ പിന്നാലെ വരുന്നത്‌ തന്റെ വെറും വാലാണ്‌ എന്ന ധാരണ വച്ചു പുലർത്തരുത്‌. കാരണം, പുറകെയുള്ളവർക്ക്‌ തങ്ങൾക്കുമുന്നിലെ മഹാസാന്നിധ്യം തങ്ങളുടെ വാൽ മാത്രമെന്ന്‌ തിരിച്ചും കരുതാവുന്നതേയുള്ളു!

ഭൗതികയാഥാർത്ഥ്യത്തിന്റെ അടിസ്ഥാനരാഹിത്യത്തെയാണ്‌ ആ തേനാലിക്കാരൻ സിദ്ധൻ സോദാഹരണം അവതരിപ്പിച്ചതു. ആർ നിശ്ചയിക്കുന്നു എന്നതിന്‌ അനുസരിച്ചിരിക്കും യാഥാർത്ഥ്യം എന്ത എന്നത്‌. ജ്ഞാനേന്ദ്രിയങ്ങൾക്ക്‌ ബലക്ഷയമോ കേടുപാടൊ വരുമ്പോൾ നമുക്കിത്‌ പെട്ടെന്നു മനസ്സിലാവും. കണ്ണില്ലെങ്കിൽ കാണാനും കഴിയില്ലെന്നാലും കാഴ്ചകളും ശബ്ദങ്ങളും ഇല്ലാതാകുന്നില്ല. ഇതുപോലെത്തന്നെയാണ്‌ എല്ലാ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും എല്ലാം ശരിയായി ഉണ്ടായാലും, നിലപാടുതറ ശരിയാകാതിരുന്നാൽ അറിവ്‌ തലതിരിയുന്നതും. എന്റെ ഭൂതകാലത്തിന്റെ ഓർമ്മയുടെ വെറും വാലായി ഞാൻ മാറിയാൽ എന്റെ എല്ലാ കഴിവുകളും അതോടെ അവസാനിച്ചു. എന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കകളുടെ വാലായി മാറിയാലും തഥൈവ! ചുരുക്കത്തിൽ, ആടായാലും ആശയമായാലും, അതിന്റെ എവിടെയാണ്‌ കയറിട്ടു പിടിക്കേണ്ടതെന്ന്‌ നന്നായി അറിയാവുന്നതാണ്‌ ശരിയായ അറിവ്‌.

അടിമയാണ്‌ ഞാൻ എന്നു കരുതിയാൽ ഞാൻ അടിമയായി. ശത്രുവാണെന്ന്‌ ആരെക്കുറിച്ചു കരുതിയാലും അയാൾ ശത്രുവായി. നേരെ കരുതിയില്ലെങ്കിൽ നേര്‌ ആപൽക്കരമായ നുണയാവും. ഉദ്ധരേതാത്മനാത്മനം എന്ന ചൊല്ല്‌ പരിഹാരം. ശരിയായി കരുതുക. വണ്ടി കാളയെയല്ല കാള വണ്ടിയെയാണ്‌ നീക്കുന്നതെന്ന നിശ്ചയം പോലെ സ്വാഭാവികമാകണം, യാഥാർത്ഥ്യത്തിന്‌ വേദാന്തം നൽകുന്ന ക്ഷരം, അക്ഷരം, അക്ഷരാതീതം എന്ന മൂന്നു മാനങ്ങളുടെ മുൻഗണനാക്രമം. ഒഴുക്കുവെള്ളത്തിൽ പൊങ്ങി നിൽക്കുന്ന മരക്കമ്പ്‌ നീന്തുന്നു എന്നു തോന്നാം. പക്ഷെ, ഒരിക്കലും നീന്തുന്നില്ല. അതുപോലെ ഒരു സങ്കടവും വാസ്തവത്തിൽ സജീവമല്ല, നിശ്ചയം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...