21 Jan 2014

രാജകീയം

മോഹൻ ചെറായി 

പാളത്തിൽ കഴുത്തുചേർത്തമർത്തി രാജകുമാരൻ കണ്ണടച്ചുകിടന്നു. ഹൃദയം പടപടാ മിടിക്കുന്നു. മന്ദ്രസ്വരത്തിൽ ട്രെയിനിന്റെ ശബ്ദം. ഏതാനും നിമിഷങ്ങൾക്കകം വലതുവശത്തെ വളവും കടന്നു കന്യാകുമാരി എക്സ്പ്രസ്‌! കുതിച്ചെത്തും കഴുത്തുമാത്രം അറ്റ്‌, തല പാളത്തിനപ്പുറത്തും ഉടൽ ഇപ്പുറത്തും വീഴണം. ആത്മഹത്യയിലും ഒരു രാജത്വം ഉണ്ടായിരിക്കണം........

പക്ഷേ ട്രെയിനിന്റെ ശബ്ദം അടുത്തുവരും തോറും ഹൃദയതാളം ഉച്ചസ്ഥായിയിലാവുന്നു. ഹൃദയം പൊട്ടിപ്പോകും പോലെ. വളവിനപ്പുറത്തായിട്ടുപോലും എഞ്ചിന്റെ ഭീതിദമായ ശബ്ദവും, ചക്രങ്ങളുടെ 'ഛടക്‌ - ഛടക്‌' ശബ്ദവും സഹിക്കാനാവുന്നില്ല. വണ്ടി വളവുകടന്നെന്നു തോന്നുന്നു. ശബ്ദം കൂടുതൽ ഭയാനകമാവുന്നു. നെഞ്ചിടിപ്പും വർദ്ധിച്ച്‌ വല്ലാത്തൊരവസ്ഥ. ഏതാനും നിമിഷങ്ങൾ മതി - പക്ഷേ പിടിച്ചിട്ടും കിട്ടാതെ കണ്ണുകൾ തുറന്നുപോയി- ആത്മഹത്യ ചെയ്യാനാണു കിടക്കുന്നതെന്നുപോലും മറന്നു. വലതുവശത്തു നിന്ന്‌ ഏതോ അപകടം പാഞ്ഞു വരുന്നു................. തൊട്ടടുത്തായി..... ഇപ്പോൾ..........

- പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഞൊടിയിടയിൽ കഴുത്തുയർത്തി. പിന്നെ, കൈ കുത്തി കുതിച്ചെഴുന്നേറ്റു പുറകോട്ടു മാറിയതും തൊട്ടരുകിലൂടെ, ഭീകര ശബ്ദത്തോടെ എഞ്ചിനും, ഛടക്‌ - ഛടക്‌ ശബ്ദത്തോടെ ചക്രങ്ങളും കംപാർട്ടുമന്റുകളും കടന്നുപോയി !

വല്ലാതെ കിതക്കുന്നു. ഇടതുകൈകൊണ്ട്‌ നെഞ്ചമർത്തിപ്പിടിച്ച്‌ അതിവേഗം ആ വലിയ തേരട്ട ഇഴഞ്ഞുപോകുന്നതും നോക്കി രാജകുമാരനിരുന്നു. ഒന്നാം ശ്രമം ശുദ്ധപരാജയം !!
തിരിഞ്ഞുനടന്ന്‌ അടുത്തുള്ള കലുങ്കിലിരുന്നു. ഇനി അടുത്ത വണ്ടി അരമണിക്കൂർ കഴിഞ്ഞുള്ള ആലപ്പുഴ എക്സ്പ്രസ്സാണ്‌. സമയം ധാരളം. സാവധാനം നെഞ്ചുതടവിയപ്പോൾ പോക്കറ്റിൽ വിശ്രമിക്കുന്ന കവറുകൾ കൈയിൽ തടഞ്ഞു.

മൂന്നു കവറുകളും പുറത്തെടുത്തു. ആദ്യ കവർ തുറക്കേണ്ട കാര്യമില്ല. പോലീസിനുള്ള ആത്മഹത്യാക്കുറിപ്പാണ്‌. (നിരപരാധികൾ ക്രൂശിക്കപ്പെടാതിരിക്കട്ടെ)രണ്ടാമത്തേതും തുറക്കേണ്ടതില്ല. ഹൃദിസ്ഥമാണതിലെ വാക്കുകൾ. ഫാക്ടറിയിലെ യൂണിയൻ നേതാവിനുള്ളതാണ്‌. മരണശേഷം ഭാര്യയ്ക്ക്‌ ജോലി എത്രയും പെട്ടെന്ന്‌ ലഭിക്കുന്നതിനാവശ്യമായ സഹായങ്ങൾക്കുള്ള അപേക്ഷ. (അവരുടെ ആത്മാർത്ഥതയിൽ ഇത്തിരി സംശയവും ഒത്തിരി പ്രതീക്ഷയും - പ്രതീക്ഷകൾ പൂവണിയട്ടെ!)

മൂന്നാമത്തെ കത്ത്‌ അവൾക്കുള്ളതാണ്‌: രാജുമാരിക്ക.​‍്‌ കടന്നു പോയ വണ്ടി വരുന്നതിനുമുമ്പ്‌ അഞ്ചുവട്ടം വായിച്ചുകഴിഞ്ഞതാണ്‌. മറ്റു കവറുകൾ രണ്ടും പോക്കറ്റിലിട്ട്‌,  കവർ തുറന്നു. യാന്ത്രികമായി അക്ഷരങ്ങൾ വീണ്ടും വാക്കുകളും, വാക്കുകൾ വാചകങ്ങളുമായി. വാചാലമായ വാചകങ്ങൾ. അവ മനസ്സിൽ വികാര സ്ഫുരണമുണ്ടാക്കി. ചൂടിൽ കണ്ണീർഗ്രന്ഥികളുരുകി, തെളിഞ്ഞലാവ ചെറുചൂടുമായി കവിളിലൂടെയൊഴുകി.

ഛായ്‌ - രാജകുമാരൻ കരയുകയോ- ലജ്ജാവഹം ! പുറം കൈകൊണ്ടു കവിൾ തുടച്ചു. കണ്ണുനീരാകാം-പക്ഷേ, അതുപുറത്തേക്കൊഴുകാൻ പാടില്ല............
പ്രതിശ്രുത വരൻ രാജകുടുംബത്തിൽ ജനിച്ചു എന്നതൊഴിച്ചാൽ രാജപ്രതാപങ്ങളൊന്നും നിലവിലില്ലെന്ന്‌ രാജകുമാരിക്കറിയില്ലായിരുന്നു. എന്തിന്‌, സ്വയം പടികടത്തപ്പെടുകയാണെന്നു മനസ്സിലാക്കാനുള്ള ത്രാണിയും അവൾക്കില്ലായിരുന്നു. നഷ്ടപ്രതാപത്തിനൊത്ത കഷ്ടപ്രതാപങ്ങളുള്ള ഫാക്ടറിത്തൊഴിലാളിയാണി രാജകുമാരനെന്ന്‌ പെണ്ണുകാണുലിനിടെ അഭിമുഖത്തിൽ പറഞ്ഞതാണ്‌. അതൊരു തമാശായി എടുത്തത്‌ അവളുടെ തെറ്റ്‌.

......... ആദ്യരാത്രിയിൽ തന്നെ മോഹഭംഗങ്ങൾ നിരവധി. ഒടുവിൽ ജോലി സ്ഥലത്തെ വാടകക്കുടുസ്സു മുറിയിൽ എത്തിയപ്പോൾ അവശിഷ്ട സ്വപ്നങ്ങളും വീണുടഞ്ഞു. നഷ്ടസ്വപ്നങ്ങളുടെ ശോകഗാനം അയൽ വീട്ടിലെ ടിവിയിൽ നിന്നൊഴുകിയെത്തവേ ഒരു റേഡിയോപോലുമില്ലാത്തതിൽ അവൾ പരിഭവിച്ചു. ഒരു കട്ടിലില്ലാത്തതിലെ ദുഃഖവും കിടക്കയില്ലാത്തതിലെ സുഖക്കുറവും നിരാശയുമെല്ലാം അവൾ നിരത്തി. 

കല്യാണച്ചെലവിന്റെ കടമൊന്നു വീടട്ടേയെന്നേ രാജുമാരൻ പറഞ്ഞുള്ളൂ. അതിനുള്ള ക്ഷമ അവൾ കാണിക്കുമായിരുന്നു. ക്ഷമിക്കാതിരുന്നതിന്‌ അവൻ തന്നെ കാരണം. - രവിവർമ്മ. നാട്ടിൽ നിന്ന്‌ കമ്പനിയിലുള്ള സുഹൃത്തും രാജരക്തവുമെന്നു പരിഗണിച്ചാണ്‌ അവനെ താമസസ്ഥലത്തേക്കു ക്ഷണിച്ചതു. ഫലം, രാജകുമാരിയുടെ മനസ്സിൽ രാജദൂഷണത്തിന്റെ വിഷരേണുകൾ തൂകി അവൻ സന്തോഷിച്ചു. ഒടുവിൽ ഭർത്താവിന്റെ മുഖത്തു ചൂടു കട്ടൻ ചായയെഴിക്കുന്നതിൽ വരെ അവളെ അവൻ കൊണ്ടുചെന്നെത്തിച്ചു. 

അതുകൊണ്ടുതന്നെ, കത്തിൽ അടിവരയിട്ട്‌ അവനെ പ്രതിഷ്ഠിച്ചു :
" രവിയെ വിശ്വസിക്കരുത്‌. അവൻ ചതിയനാണ്‌. പറഞ്ഞു മനസ്സിലാക്കിത്തരാൻ ഇനി ഞാൻ ഉണ്ടാവില്ലാ. എന്റെ മരണ സർട്ടിഫിക്കറ്റ്‌ എടുക്കാൻ മറക്കരുത്‌. എത്രയും വേഗം നിനക്ക്‌ ജോലി കിട്ടുന്നതിന്‌ യൂണിയൻ നേതാക്കൾ സഹായിക്കും. ജോലി ചെയ്ത്‌ ഇവിടെത്തന്നെ സുഖമായി ജീവിക്കുക.

നീയിപ്പോഴും ചെറുപ്പമാണ്‌, സുന്ദരിയും! നിന്റെ ജീവിതം നശിപ്പിച്ച എന്നെ മറക്കുക. പറ്റിയ ഒരാളെ കണ്ടെത്തുക. 
ഇതിൽ കൂടുതൽ നല്ല ഒരു സഹായം നിനക്കുവേണ്ടി ചെയ്യാൻ എനിക്കാവില്ല. എല്ലാ നന്മകളും നേർന്നു കൊണ്ട്‌............"

നിയന്ത്രണ വിട്ട്‌ രണ്ടു തുള്ളി കണ്ണുനീർ കത്തിലേക്കു വീണു പൊട്ടിച്ചിതറി. 
അകലെ നിന്ന്‌ ട്രെയിൻ വരുന്ന ശബ്ദം, ഇക്കുറി തെറ്റുപറ്റരുത്‌. കത്തുപോക്കറ്റിലിട്ട്‌ എഴുന്നേറ്റു. 

എഞ്ചിനാണു കുഴപ്പക്കാരൻ. മനസ്സിന്റെ നിലതെറ്റിക്കുന്ന ആ ശല്യക്കാരൻ കടന്നു പോയതിനു ശേഷം മാത്രം തല വച്ചാൽ, പിറകേ വരുന്ന ബോഗികൾ കാര്യം ഭംഗിയായി നിർവഹിച്ചുകൊള്ളും !
ട്രെയിൻ കടന്നു പോകുന്നു. എഞ്ചിൻ കടന്നു കഴിഞ്ഞു. പാളത്തിനടുത്തേക്കു നടന്നടുത്തു. ഭീതിതമായ ശബ്ദങ്ങളില്ല. എങ്ങനെയാണൊന്നു തല വയ്ക്കുക ?. വേഗത്തിൽ കറങ്ങി പാളത്തിലൂടെ നീങ്ങുന്ന ഉരുക്കുചക്രങ്ങളുടെ ഇടക്കുവേണം തലവയ്ക്കാൻ. പാളത്തിനരികിൽ മുട്ടുകുത്തിയിരുന്ന്‌, കൈ കുത്തി തലവക്കാം. വിചാരിച്ച പോലെ തന്നെ ചെയ്തു. രണ്ടുകൈകളും പാളത്തിൽ കുത്തി തല പാളത്തിലേക്കടുപ്പിച്ചു. പക്ഷേ തല വക്കുന്നതിനു മുമ്പ്‌ ട്രെയിനിന്റെ ഉരുക്കുചക്രം ശരവേഗത്തിൽ കൈക്കു മീതേ ഉരുണ്ടുനീങ്ങിയതു മൂലം തല പിൻവലിക്കേണ്ടിവന്നു. കൈപ്പത്തികൾ രണ്ടും ചതഞ്ഞരഞ്ഞു പാളത്തിൽ ! കൈപ്പത്തികളറ്റ, ചോരയൊലിക്കുന്ന  കൈകളിൽ നോക്കി രാജകുമാരൻ അലറിക്കരഞ്ഞു....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...