ശ്രീകൃഷ്ണദാസ് മാത്തൂര്‍
അമ്മെ നിന്റെ മെയ്യില്‍
സ്നേഹമരുന്നു മണക്കുന്നു.
ജീവിതം മയപ്പെടുത്തുവാന്‍
സാഹചരാദി, ധന്വന്തരം..
കാഴ്ച്ചയെ കുഴമ്പിട്ടു കുളിപ്പിച്ചു
തെളിയിച്ചെടുക്കുവാന്‍
ഇളനീര്‍കുഴമ്പു`.
കാല്പെരുമാററങ്ങളുടെ
കൊടും കയത്തിലെ
തലനീട്ടും വിളക്കുമാടം.
കനച്ച എണ്ണമണം.
കെടും മുമ്പൊരാളല്‍,
കരിന്തിരിപ്പുകമണം.
ജീവിതം
നുള്ളിപ്പറിച്ചൊടുക്കം
പൊളിഞ്ഞു പൊളിഞ്ഞു
നാളം മാത്രം ശിഷ്ടം.
ചൂടിന്റെ മണം.
എല്ലാ ചില്ലകളും ചാഞ്ഞു
ചെവിവട്ടം പിടിക്കുമ്പോള്‍
അടുക്കും വിളി.
കനക്കും മണ്ണിന്റെ മണം.
അമ്മെ നിന്റെ മെയ്മണം,
പലകാലത്തില്‍ സംവദിക്കുന്നിതു`
തീരാത്ത മുലപ്പാല്‍ മണം.