കെ.ജയകുമാർ
വാ, നമുക്ക് കളിക്കാം;
ചൂതു കളിക്കാം.
ഭയക്കാതെ മടിക്കാതെ
ധൈര്യമായി വാ.
ജയിച്ചാൽ കിട്ടാനുള്ളത്
എന്തൊക്കെയെന്നറിയാമല്ലോ.
കളിയിൽ ഒരാൾ ജയിക്കണം
അത്രേയുള്ളൂ.
നീയേ ജയിക്കൂ.
ജയിച്ചു വന്ന്
എന്റെ ആനേം കുതിരേം ആളേം
എല്ലാം സ്വന്തമാക്കിക്കോ.
എന്താ ഒരു ശങ്ക?
ഒരാശങ്ക?
തോൽവിയെക്കുറിച്ചാണോ
പിന്നേം വിചാരം?
അതങ്ങ് കളഞ്ഞേക്ക്.
ഞാൻ തോറ്റാലും
നിന്നെ തോൽപ്പിക്കുകേല.
സത്യം; ഇതു സത്യം.
സത്യമേവ ജയതേ!
കളിക്ക്, കളിക്ക്.
ചിലപ്പോൾ ചില്ലറയൊക്കെ
നഷ്ടപ്പെടും ആദ്യം.
കാര്യമാക്കരുത്.
അത് ചൂതിന്റെ ഒരു രീതി.
പോയത് പത്തായി തിരിച്ചെത്തും.
അതാ ചൂതിന്റെ നീതി.
നഷ്ടം കണ്ട് മനസ്സിടിയരുത്.
കളി നിറുത്തിക്കളയരുത്.
പോയത് തിരിച്ചുപിടിക്കണേൽ
കളിച്ചുകൊണ്ടേയിരിക്കണം.
കളിക്ക്...കളിക്ക്.
അയ്യോ!പോയല്ലോ.
വാതുവച്ച വയലങ്ങ് പോയല്ലോ.
നിങ്ങളു കൊയ്യും വയലെല്ലാം
ഞങ്ങടേതായേ പൈങ്കിളിയേ.
സാരമില്ല.
പോയത് പത്തായി തിരിച്ചെത്തും.
കളിക്ക്... കളിക്ക്.
അയ്യയ്യോ, നിങ്ങടെ പുഴയും
പുഴയിലെ മണലും
ഞങ്ങടതായിത്തീർന്നല്ലോ.
ജലവും തണ്ണീർത്തടവും
കായലുമെല്ലാം
ഞങ്ങടെ കൈയിൽ പോന്നല്ലോ.
സാരമില്ല;
കളിക്ക്...കളിക്ക്.
നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക്
സങ്കടമൊക്കെയുണ്ട് കേട്ടോ.
പക്ഷേ, നോക്കൂ
കളിയിൽ ജയിച്ചതു
എന്റെ കുറ്റമാണോ?
നിങ്ങൾക്കറിയാമല്ലോ
ഞാൻ കള്ളച്ചൂത് കളിക്കില്ലെന്ന്!
സാരമില്ല
എല്ലാം നല്ലതിനെന്ന് കൂട്ടിക്കോ.
നിങ്ങളുടെ ഈ മണ്ണിലും ജലരാശിയിലും
കണ്ണഞ്ചുന്ന കണ്ണാടിക്കോട്ടകൾ
ഞങ്ങൾ ഉയർത്തുകയല്ലേ!
ആർക്കും വേണ്ടാത്ത
കണ്ടൽക്കാടുകളിൽ
പഞ്ചനക്ഷത്രങ്ങൾ പിറക്കുകയല്ലേ!
കാലണ കിട്ടാവയലുകളിനിമേൽ
കാമംകൊണ്ടു തഴയ്ക്കുകയല്ലേ!
കണ്ണിമ ചിമ്മാത്ത രാത്രിവിളക്കുകൾ
അവിടെ സ്ഥിരതാമസമാക്കുകയല്ലേ!
ചായം പൂശിയ കുഗ്രാമം തേടി
ആളുകളിങ്ങു പറന്നെത്തുകയല്ലേ!
പുഴയുടെ മൺകരപോലെ
ഇല്ലായ്മയുടെ ഓർമ്മകൾ
ഇടിഞ്ഞുതാഴുകയല്ലേ!
എല്ലാ നഷ്ടത്തിനും കാണും ലാഭങ്ങളുടെ
ഗുഹ്യഭാഗം.
പ്രതീക്ഷിക്കാത്ത പരമാനന്ദം.
അതാ ബുദ്ധി.
ഇപ്പൊ മനസ്സിലായോ?
വാ, നമുക്ക് കളി തുടർന്നാലോ...?