എം.തോമസ് മാത്യു
ജീവിതം എന്നും അനിശ്ചിത ഭാവിയെ നോക്കിയുള്ള പ്രയാണമാണ്. എവിടെയോ ഒരു വാഗ്ദത്തഭൂമി ഒരുങ്ങി കാത്തിരിക്കുന്നു എന്ന പ്രത്യാശയുടെ ബലത്തിൽ വേണം ആ യാത്ര തുടരുവാൻ. എന്തിലെങ്കിലും വിശ്വസിക്കാതെ, വിശ്വാസം അർപ്പിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയുകയില്ല എന്നത് ജീവിതത്തെ സംബന്ധിക്കുന്ന പ്രാഥമികമായ ഒരു സത്യമാണ്. കാലത്തെക്കുറിച്ചുള്ള മനുഷ്യന്റെ ബോധം അവനോട് ആവശ്യപ്പെട്ടത് ഇതാണ്. എത്ര നടക്കേണ്ടി വന്നാലും എത്തിച്ചേരാൻ ഒരിടമുണ്ട്. തന്നെ വരവേൽക്കാൻ എന്തൊക്കെയോ കാത്തുനിൽക്കുന്നു. ഈ ശിശിരജാഡ്യത്തിനപ്പുറത്ത് വസന്തം നാനാവർണ്ണങ്ങൾ വിരിയിക്കാൻ സന്നദ്ധമായിരിക്കുന്നു. ഈ ആടിമാസക്കരിമേഘങ്ങളൊഴിഞ്ഞ് ശ്രാവണ സമൃദ്ധി വരും എന്നിങ്ങനെ ഓരോരോ സ്വപ്നങ്ങളെ ഓമനിച്ചുകൊണ്ടാണ് ആ യാത്ര.
പക്ഷേ, കേരളീയ യുവത്വത്തിന് ഈ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു; കിനാവു കാണാനുള്ള കഴിവ് കൈമോശം വന്നിരിക്കുന്നു. എന്തിലാണ് അവർ വിശ്വാസം അർപ്പിക്കേണ്ടത്? എന്താണ് അവർ കിനാവു കാണേണ്ടത്? ഈ കേരളഭൂമി അവർക്കൊരു ജീവിതം കൊടുക്കുമോ? കേരളത്തിലെ വിദ്യാഭ്യാസം നോക്കൂ. അതു തീർന്നു കിട്ടിയാൽ അന്യരാജ്യങ്ങളിലെവിടെയെങ്കിലും പോയി രക്ഷപ്പെടാമെന്ന വിചാരമാണ് വളർത്തിക്കൊണ്ടുവരാൻ ഉത്സാഹിക്കുന്നത്. സ്വന്തം വീട്ടിൽ ഊണില്ലാത്തവനു വേണ്ടി ഒരുക്കിവെച്ചതല്ല വിരുന്നു വീട്ടിലെ സൽക്കാരം. അങ്ങനെയുള്ളവന് പിച്ചച്ചോറു കിട്ടിയെന്നു വരും. പിച്ചയെ സൽക്കാരമായി തെറ്റിദ്ധരിക്കാൻ കഴിയുമാറ് ആത്മബോധമില്ലാത്തവരായി കുട്ടികളെ വളർത്തുന്നതിൽ നാം വിജയിച്ചു എന്നു വേണമെങ്കിൽ പറയാം; അഭിമാനിക്കുകയും ചെയ്യാം. യഥാർത്ഥത്തിൽ വേണ്ടത് ഇവിടെയൊരു ജീവിതം ഉണ്ടാവുകയാണ്. കയറ്റുമതി ചെയ്യാൻ മാത്രം മത്സ്യവിഭവങ്ങളെ സംസ്കരിക്കുന്നത് ഇവിടെ മാത്രമാണ്. കയറ്റുമതി നിലവാരത്തിലെത്താൻ കഴിയാതെ തള്ളപ്പെടുന്നതാണ് ഇവിടെ അവശേഷിക്കുന്നത്. ആ പേട്ട വിഭവങ്ങൾ കൊണ്ട് അർത്ഥവത്തായ ജീവിതം ജീവിക്കുന്ന ഒരു സമൂഹം ഉണ്ടാവുകയില്ല. ഈ കയറ്റുമതിത്താവളങ്ങളിലെ കബളിപ്പിക്കൽ കഥകൾ നമ്മുടെ മാധ്യമങ്ങളുടെ ഇഷ്ടഭോജ്യങ്ങളിലൊന്നാണെന്ന് അവയെച്ചൊല്ലി ദീർഘായുസ്സില്ലാത്ത കോലാഹലങ്ങൾ കൂട്ടുന്നതിനിടയിൽ നാം മറന്നുപോകുന്നു. അടുത്ത കപടനാടകത്തിന്റെ അരങ്ങേറ്റത്തിനുള്ള കേളികൊട്ടു കേൾക്കാനുണ്ടോ എന്ന് ചെവിപാർത്തിരിക്കുന്ന ജനതയുടെ കഥ എത്ര വിചിത്രം!
തമാശ തോന്നുന്നു; ഇതേ കയറ്റുമതി വ്യാപാരത്തിന്റെ ശൈലിയും സംസ്കാരവും മതത്തിലേക്കും ആധ്യാത്മികതയിലേക്കും പടർന്നു കയറിയതിന്റെ രീതി ആലോചിച്ചിട്ടുണ്ടോ? മതത്തിന് ഇഹലോക ജീവിതത്തിന്റെ കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനില്ല. പരലോകമല്ലേ പ്രധാനം എന്ന പഠിപ്പിക്കൽ വളരെ പ്രബലമാണ്. അതുകൊണ്ട് അയൽപക്കത്തെക്കുറിച്ചൊന്നും വ്യാകുലപ്പെടേണ്ട, കഴിയുന്നത്ര വേഗം രക്ഷിക്കപ്പെട്ട് രക്ഷപ്പെടാൻ നോക്കിക്കൊള്ളൂ എന്ന ഉപമ അതിനാണ് പ്രചാരം. അതുകൊണ്ടുതന്നെ വ്യാജ ആദ്ധ്യാത്മികതയ്ക്കും കപട ഗുരുക്കന്മാർക്കും കമ്പോളവില കൂടുകയാണ്. രക്ഷയുടെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ തിരക്കു വർദ്ധിക്കുകയും ചെയ്യുന്നു. ഇത്രമാത്രം അഴിമതിയും ആത്മഹത്യയും എങ്ങനെ നടക്കുന്നു എന്ന ആലോചന ആദ്ധ്യാത്മികതയുടെ വ്യാജമുഖം കാണാൻ നിർബന്ധിക്കുന്നില്ലേ?
രാഷ്ട്രീയത്തിന്റെ സ്ഥിതി എങ്ങനെ? അറപ്പു തോന്നുന്നില്ലേ? നാളത്തെ ലോകം എങ്ങനെ ആയിരിക്കണം എന്ന് ഒരു സങ്കൽപ്പമുണ്ടാവുകയും ആ സങ്കൽപ്പത്തെ യാഥാർത്ഥ്യമായി പരാവർത്തനം ചെയ്യാൻ ഒരു കർമ്മപദ്ധതി ഉണ്ടാവുകയും ചെയ്യുന്ന സംവിധാനമാണ് രാഷ്ട്രീയം. എന്നിട്ട് ഇപ്പോൾ അത് എന്തായി? അധികാരക്കൊതി പൂണ്ട ആൾപ്പിടിയന്മാരുടെ അവിഹിത കൂട്ടുകെട്ടിന്റെ ദുർഗന്ധം വമിക്കുന്ന കഥകൾകൊണ്ട് നിറഞ്ഞിരിക്കുന്നു ആ രംഗം. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല എന്ന പല്ലവി കേൾക്കുന്നില്ലേ? ആദ്യം കേൾക്കുമ്പോൾ ഒരാദ്ധ്യാത്മിക തത്ത്വമാണെന്നു തോന്നും. ഏതു നിമിഷവും ശത്രുത്വം നീങ്ങി സാഹോദര്യം പുലരാവുന്ന ഒരദ്ധ്യാത്മ വിദ്യാലയമാണ് രാഷ്ട്രീയം എന്നു തോന്നും. എന്തുകൊണ്ട് ഈ ഏകാന്താദ്വയ ശാന്തി ഭൂവിലേക്കു പുറപ്പെട്ടുകൂടാ എന്നു തോന്നും. പക്ഷേ, സംഗതി അതല്ല. ശത്രുക്കൾ സ്ഥിരമല്ല, താൽപര്യങ്ങളാണ് സ്ഥിരമായുള്ളത്. താൽപര്യം മറ്റൊന്നില്ല;
ഈ മേൽപ്പുടവ കൂടി എടുത്തണിഞ്ഞാൽ നേരെ രാജധാനിയിലേക്ക് പറപറക്കണം! അതിനുവേണ്ടി ഇന്നലത്തെ ശത്രുവിനെ ആലിംഗനം ചെയ്യാം; അവന്റെ വായ്നാറ്റം സഹിക്കാം; ഇന്നലത്തെ മിത്രത്തെ വഞ്ചിക്കാം; ഗുരുവിനെ ഒറ്റിക്കൊടുക്കാം. ആരുടെ കുടിനീരിലും വിഷം കലക്കാം; ഏതു പ്രിയ നേതാവിനെയും പതിയിരുന്നു കൊല്ലിച്ചവനെയും കൂടെ ചേർക്കാം. ആദർശം അധികാരം മാത്രം. അതു കിട്ടിയിട്ടെന്തിന് എന്ന ചോദ്യമില്ല, അധികാരം മാർഗ്ഗമല്ല, ലക്ഷ്യമല്ല. അതു കയ്യാളാൻ പറ്റിയാൽ പിന്നെ എന്തു സുഖം?
ഇത്തരം വ്യാജപ്രസ്ഥാനങ്ങളുടെ ഇരയായി ഒടുങ്ങാൻ വിധിക്കപ്പെട്ടവരുടെ സമൂഹമല്ലേ കേരളത്തിലെ യുവാക്കൾ? അവർക്കറിയാം തങ്ങൾ ഇരകൾ മാത്രമാണെന്ന്. ഒന്നും മാറ്റിമറിക്കാൻ തങ്ങൾക്കാവുകയില്ലെന്ന നിസ്സാഹായതാ ബോധത്തിന്റെയും ഇരകളാണ് അവർ. തിരിഞ്ഞുനിന്ന് ഇല്ല എന്നുപറയാൻ കഴിയുന്ന കലാപകാരികളാൽ അവർക്കു കഴിയുമ്പോഴേ കേരളീയ യുവത്വത്തിന്റെ മോചനത്തിന്റെ പാത തെളിയൂ.