- സുജയ
സീത
അയോദ്ധ്യാ രാജ്ഞിയായി, രാജമാതാവായി ജീവിയ്ക്കാന്‍ അവസരം കിട്ടിയിട്ടും അത്
സ്വീകരിയ്ക്കാതിരുന്നതെന്തു കൊണ്ട് ? താന്‍ സുചരിതയാണെന്നിരിയ്ക്കെ
ഒരിയ്ക്കല്‍ക്കൂടി അത് പ്രജാസമക്ഷം, പുത്രസമക്ഷം തെളിയിച്ച് എന്തു കൊണ്ട് ആ
സൌഭാഗ്യങ്ങള്‍ തിരിച്ചു നേടിയില്ല ? ശ്രീരാമനും താനും
പരസ്പരാനുരാഗികളാണ് എന്നതറിഞ്ഞു കൊണ്ട് എന്തിന് ആത്മത്യാഗം വരിച്ചു?
തുടരെത്തുടരെ നേരിട്ട അപമാനങ്ങളില്‍ വ്രണിതമായ അഭിമാനം രക്ഷിയ്ക്കാന്‍
ക്ഷത്രിയവനിതയുടെ അന്തസ്സോടെ പ്രാപിച്ച ആത്മസാക്ഷാത്കാരമാണോ ആ പര്യവസാനം?
ക്ഷമയും സഹനവും സ്നേഹത്തിന്റെ പര്യായങ്ങളെന്നു കരുതുന്ന സ്ത്രീകള്‍ക്ക്
പ്രതിഫലം ക്രൂരനിരാസമോ? അവളുടെ അന്തഃസംഘര്‍ഷങ്ങള്‍ക്ക് എന്തെന്ത്
പറയാനുണ്ടാവും ? - സീതായനത്തിലേയ്ക്ക് ഒരു സങ്കല്പയാത്ര ...
വീണ്ടുമൊരു വിളി, വിങ്ങും മുഖവുമായ്
താണ ശിരസ്സുമായ് വാക്കുകളെന്മുന്നില്‍
പാതി മുഴങ്ങിച്ചിതറേ ഞാനോര്‍ക്കുന്നു
ഭാഗ്യം സനാഥരെന്നുണ്ണികള്‍ , എങ്കിലും
കാലത്തിനപ്പുറം ദൂരത്തിനപ്പുറം
എന്നോ തൊടുത്തോരപമാനമിപ്പോഴും
ക്രൂരനിശിതശരങ്ങളായ് പിന്നെയും
ഏല്ക്കണമെന്നതെന്‍ നിത്യ നിയോഗമോ !
എന്തോ... , മനസ്സൊന്നുലഞ്ഞു പോയ് , എന്തിന് ?
ഒന്നുമെനിയ്ക്കിന്നവിചാരിതമല്ല.
ധീരമായ് ശാന്തമായ് സൌമ്യമായേറ്റിടാം
എന്നേ മനസ്സില്‍ കുറിച്ചിട്ടൊരീ മാത്ര.
പിന്നിട്ടൊരാ വഴിത്താരകളില്‍ക്കൂടി
രാജരഥമതിവേഗം ചരിയ്ക്കവേ
ഓര്‍മ്മകളോടിയകന്നെത്തിനില്‍ക്കുന്ന -
തെന്റെ ജനകരാജ്യത്തില്‍ , മിഥിലയില്‍
മുഗ്ദ്ധം മനോജ്ഞം സ്മൃതിചിത്രമെത്രയോ
മുന്നിലെത്തുന്നൂ മിഴിവാര്‍ന്നു സസ്മിതം
ലോകം മുഴുവന്‍ നടുങ്ങീ , മാഹേശ്വര
ചാപം തകര്‍ന്നൊരാ ഘോഷത്തിലെന്നാലോ
തെല്ലുച്ചലിച്ചീലെന്‍ മാനസം , ഓര്‍ത്തുപോയ്
രാമബാഹുക്കളില്‍ ഭദ്രമെന്‍ ജീവിതം .
അന്നിതേ രാജരഥത്തിലയോദ്ധ്യയില്‍
ധന്യയായി പതിഗേഹമണഞ്ഞു ഞാന്‍ .
ദീര്‍ഘമാംഗല്യം, പട്ടമഹിഷീപദം
വീരപ്രസുവിത്ഥമാശീര്‍വചസ്സുകള്‍
അന്നാരതിയുഴിഞ്ഞാനയിച്ചാരെന്നെ
സ്വച്ഛമെന്‍ ജീവിതമെന്നു നിനച്ചു ഞാന്‍ .
ശ്രീരാമവത്സലന്‍ അച്ഛന്‍ ദശരഥന്‍
മാതാക്കള്‍ മൂവരും പിന്നെ സഹജരും
എന്നും പിരിയാതെയെന്നനുജത്തിമാര്‍
സ്വര്‍ഗ്ഗമയോദ്ധ്യ , ഞാനെത്ര സുകൃതിനി !
എത്ര നേരം വേണമെല്ലാം പൊലിയുവാന്‍
തീക്ഷ്ണാതപമേറ്റ മഞ്ഞുകണിക പോല്‍
ആരോ നിമന്ത്രിച്ച നിന്ദ്യമാം വാക്കുകള്‍
ആരോ മെനഞ്ഞ കുതന്ത്രങ്ങള്‍ തന്‍ ഫലം
പാലിയ്ക്കണം പിതൃ വാഗ്ദാനമെന്നോതി
വല്‍ക്കലം ചാര്‍ത്തുന്ന ദേവന്റെ മാനസം
കണ്ടു ഞാന്‍, ഞാന്‍ മാത്രം, നഷ്ടബോധത്തിന്റെ
കൂരിരുള്‍ വീണാകെ മങ്ങിയ മാനസം
ഒന്നുമുരച്ചീല, യാരാഞ്ഞതുമില്ല
ദേവനെവിടെ,യവിടെയീ ഞാന്‍ രാജ്ഞി
സാകേതമങ്ങെന്റെ , സായൂജ്യമങ്ങത്രേ
നഷ്ടമായൊന്നും നിനച്ചീല തെല്ലും ഞാന്‍
മായികനിദ്രയില്‍ നിന്നുമീ ലോകത്തെ
മന്ദമുണര്‍ത്തുന്ന മുഗ്ദ്ധ വാസന്തവും
ആകെ സൌവര്‍ണ്ണ ശോഭാഞ്ചിതമാക്കിക്കൊ -
ണ്ടത്യുഗ്രമുജ്ജ്വലിച്ചെത്തും നിദാഘവും
ഭേരീരവത്തോടെ മിന്നല്‍പ്രഭയോടെ
ഉള്‍ക്കുളിരേകി പുണരുന്ന വര്‍ഷവും
കാലമെത്തീയെന്നുര ചെയ്തിലകളെ
പാടേയടര്‍ത്തി വീഴ്ത്തും ശരല്‍ക്കാലവും
ഒന്നിളവേല്‍ക്കാനൊരുങ്ങുകിളയെന്നു
ശീത നിശ്വാസമോടെത്തും ഹേമന്തവും
മെല്ലെത്തലോടിയലസമാം നിദ്രയില്‍ ,
ഗാഢ സമാധിയിലാഴ്ത്തും ശിശിരവും
എത്ര നിറങ്ങളാണെത്ര ഭാവങ്ങളും
എത്ര വൈവിദ്ധ്യങ്ങള്‍ , എത്ര വൈചിത്ര്യങ്ങള്‍
കണ്ടു ഞാനന്നോളം കാണാത്ത കാഴ്ചകള്‍
കേള്‍ക്കാത്ത സ്നിഗ്ദ്ധ മധുര സ്വരങ്ങളും
വിസ്മയിപ്പിച്ചൂ പ്രകൃതിയന്നെന്നെ ഞാന്‍
വിസ്മരിച്ചൂ വിദേഹത്തെ , സാകേതത്തെ.
രാജന്യനല്ല രാജാവുമല്ല ദേവന്‍
കേവലം സീതാനുരാഗിയാം സ്നേഹിതന്‍
ആശ്രമോപാന്തത്തില്‍ നാനാമൃഗങ്ങളും
ക്രൌര്യമില്ലാതെ , മാത്സര്യമേയില്ലാതെ
ഏകഭാവേന സസുഖം വസിയ്ക്കവേ
എന്തൊരു ശാന്തതയായിരുന്നെന്നുള്ളില്‍ !
അര്‍ത്ഥിച്ചരുതെന്ന് ദേവനോടെന്നും ഞാന്‍
ക്രൂരം മൃഗയാവിനോദമൊരിയ്ക്കലും
ഏറ്റിടൊല്ലാ പുത്രദുഃഖമെന്‍ നാഥന്
പണ്ടു പിതാവിനു പറ്റിയ തെറ്റു പോല്‍
വളളിക്കുടിലുകള്‍ , നല്ത്തൃണശയ്യകള്‍
താമരപ്പൊയ്കകള്‍ , കേളീപുളിനങ്ങള്‍
ആശ്രമവാടങ്ങള്‍ , സല്ക്കഥാസ്ഥാനങ്ങള്‍
ജീവിതമെത്രമേല്‍ ശാന്തം , സ്നേഹാവൃതം
ആ രാക്ഷസ സോദരിയുടെ കാര്‍നിഴല്‍
വാഴ് വില്‍ പരക്കേയിരുള്‍ നിറയും വരെ.
മായാമൃഗത്തിനെ കണ്ടു മോഹിച്ചോരെന്‍
ചാപല്യമെത്ര മേല്‍ നിന്ദ്യം, അധിക്ഷിപ്തം
സാകേതത്തേക്കാള്‍ , മിഥിലാപുരിയേക്കാള്‍
മേലേയമൂല്യമോ കേവലം സ്വര്‍ണ്ണമാന്‍ !
കാമാര്‍ത്തയായ് വന്നണഞ്ഞൊരാ ദൈത്യയെ
വിസ്മയമെന്തിത്ര ചഞ്ചല ചിത്തരായ്
ഏറെ പരിഹസിച്ചും മുറിവേല്പിച്ചും
എന്തിന്നു സോദരരന്നധിക്ഷേപിച്ചു ?
ഹേതുവതല്ലയോ സര്‍വ്വാനര്‍ത്ഥങ്ങള്‍ക്കും
എന്തിനെന്‍ മോഹത്തിനെ പഴി ചാരുന്നു?
ആത്മനിന്ദാദഗ്ദ്ധമെന്നുമെന്‍ മാനസം
ആ മായികമോഹത്തെക്കുറിച്ചോര്ത്തല്ല
ആര്‍ത്തനാദം പോലെ ഭര്‍ത്തൃവിലാപം കേ -
ട്ടേറെ ചകിത ഞാന്‍ , എന്തോരവിവേകം !
ആലംബമറ്റോരബല ,യരക്ഷിത -
ബോധമാര്‍ന്നോളന്നടക്കാനരുതാതെ
എന്നും നിഴല്‍ പോലെയൊറ്റ മനസ്സു പോല്‍
എങ്ങുമനുഗമിയ്ക്കുന്നോരനുജനെ
പുത്രനായെന്നും നിനച്ചു പോന്നെന്നിട്ടും
എന്തേയരുതാത്ത വാക്കുകളോതി ഞാന്‍ ?
അക്കൊടും വാക്കുകള്‍ കേട്ടു പൊറുക്കാതെ
അക്ഷണമന്നനുജനിറങ്ങിപ്പോകെ
അപ്പോഴുമെന്‍ രക്ഷയോര്‍ത്തവനാകുലം
തീര്‍ത്തോരതിര്‍ത്തിയശ്രദ്ധമായ് ലംഘിച്ച –
തെന്റെ ദ്വിതീയാപരാധ , മക്ഷന്തവ്യം
എന്നാലൊരു മറുവാക്കുരച്ചില്ലവന്‍ .
സംവത്സരമൊന്നു നീണ്ടൂ ദശാനന
രാജധാനിയിലശോക വനികയില്‍
ബന്ധിതയായിക്കഴിഞ്ഞു ഞാന്‍ രാവണ -
ബന്ധുക്കള്‍ ചുറ്റിലും ഭീതിയുണര്‍ത്തവേ
യുദ്ധം കഴിഞ്ഞു ജയിച്ചരുളുന്നൊരു
ഭര്‍ത്തൃസവിധമണഞ്ഞു ഞാന്‍ സാനന്ദം .
സ്വച്ഛമെന്‍ മാനസം, സാഭിമാനം സ്വസ്ഥം
സ്പന്ദിച്ചതെന്‍ ദേവദര്‍ശനത്തിന്നത്രേ
‘ നേത്രരോഗിയ്ക്കു ദീപം പോലെ നീയെനി-
യ്ക്കേറ്റമഹിത , യസ്വീകാര്യയാണിപ്പോള്‍
ചെയ്ക നീയഗ്നിപ്രവേശം തെളിയിയ്ക്ക
ചാരിത്ര്യ’ മെന്നാര്യപുത്രനാജ്ഞാപിച്ചു !
സ്പര്‍ശിച്ചതില്ലഗ്നി എന്റെയീ ഗാത്രത്തെ
പക്ഷേയന്നു തൊട്ടണയാതെരിയുന്നൂ
ഗാഢമെന്‍ ഹൃത്തിലെന്‍ ചിന്തയില്‍ മൌനത്തില്‍
തീവ്രാപമാനത്തിന്‍ തീക്ഷ്ണാഗ്നിജ്വാലകള്‍ .
വീണ്ടുമയോദ്ധ്യയില്‍ , സൂര്യപ്രഭോജ്ജ്വലം
സിംഹാസനാരൂഢനായിരിയ്ക്കേ നൃപന്‍
ഏറ്റമഭിമതനായോരരചനെ -
ന്നുള്ളൊരാ സല്‍ക്കീര്‍ത്തി മോഹിച്ചു വാഴുമ്പോള്‍
ഓര്‍ത്തതേയില്ലായിരിയ്ക്കാം കഴിഞ്ഞൊരാ
ദുര്‍ദ്ദിനമെല്ലാ , മെനിയ്ക്കതിനാകുമോ ?
ഏറെത്തപിയ്ക്കുമെന്നുള്ളം കുളിര്‍പ്പിച്ചു
എത്രയോ കാലമായ് ഞാന്‍ കാത്തിരുന്നൊരാ ,
പ്രാണങ്ങളേയഗ്നികുണ്ഡമാക്കി നിത്യം
മോഹങ്ങളേ ഹവിസ്സാക്കിയര്‍പ്പിച്ചു ഞാന്‍
എന്നുമനുഷ്ഠിച്ച പുത്രകാമേഷ്ടി തന്‍
ധന്യമാം സാഫല്യ , മെത്ര മേല്‍ സാന്ത്വനം !
‘ എന്തെന്തു മോഹമെന്‍ ദേവിയ്ക്ക് ’ ചോദിപ്പ -
തെന്തും തരുമായിരുന്നെന് പ്രിയതോഴന്‍
ഓര്‍ത്തു ഞാന്‍ താമരപ്പൊയ്ക, നികുഞ്ജങ്ങള്‍
കാനനപ്പച്ചകള്‍ വെണ്‍പുളിനങ്ങളും
മെല്ലെപ്പറയാനൊരുങ്ങവേ നാഥന്റെ
മുഗ്ദ്ധഹാസത്തിലലിഞ്ഞെന്റെ വാക്കുകള്‍ .
ഏകയായെന്നെയയച്ചതെന്തദ്ദേഹം
സാകേതമേകിയില്ലങ്ങേയ്ക്കനുമതി
എന്നോര്‍ത്തു ഞാനാശ്വസിച്ചുവെന്നാകിലും
സാരഥ്യമെന്തിന്നനുജനേകീ രാജന്‍
അന്നാ വനമദ്ധ്യേയെന്നെ വെടിയവേ
എന്നോടോതീയവന്‍ നിത്യ നിരസ്ത ഞാന്‍ !
ആരോ അവിവേകമെന്തോ പറഞ്ഞതാ -
മാരോപണമങ്ങു വിശ്വസിച്ചീടാമോ ?
ആത്മരക്ഷാര്‍ത്ഥമൊരു പാവം ചൊല്ലിയ -
താപ്തവചനമായ് എണ്ണുന്നുവോ ഭവാന്‍ ?
ഒററ വാക്കു പോലുമെന്നോടുരച്ചില്ല
ഒന്നും പറയാനിടയേകിയുമില്ല
എന്തേ വിദേഹത്തിലേയ്ക്കയച്ചീലെന്നെ
എന്തു ചൊല്ലും വിദേഹാധിപനോടല്ലേ ?
എന്തിനെയ്തൂ ഒളിയമ്പുകളിങ്ങനെ
എന്താണിതിന്‍ ന്യായം , രാജനീതിയിതോ?
ആത്മാഭിമാനമെനിയ്ക്കനര്‍ഹമെന്നോ
സാകേതരാജ്ഞി ഞാനിത്രയഗണ്യയോ ?
ഏറെ പരീക്ഷിതമെന്റെയീ മാനസ
മെന്നുമുലയാതെ കാത്തതെന്‍ നന്ദനര്‍
പുത്രവിയോഗത്താല്‍ ദേഹം വെടിഞ്ഞൊരാ
പൈതൃകമെന്തേ ഭവാനന്യമാകുവാന്‍
രാജനറിഞ്ഞിടാം അഗ്നി സംശുദ്ധ ഞാന്‍
എന്നിട്ടുമെന്തിനപ്പാഴ് വാക്കു വിശ്വസി -
ച്ചെന്നെയുപേക്ഷിച്ചു ? ഗര്‍ഭിണിയാമെന്നെ ?
ആദര്‍ശവാനെന്ന സല്‍ക്കീര്‍ത്തി മോഹിച്ചോ ?
രാജനീതിയോ , പ്രജാഹിതമോ അങ്ങീ
വ്യാജപ്രവൃത്തിയാലെന്തു നിറവേറി ?
കേട്ടു ഞാന്‍ അശ്വമേധാദി വൃത്താന്തങ്ങള്‍
അര്‍ദ്ധാംഗിനിയെന്റെ കാഞ്ചനബിംബമോ !
ഇന്നു ഋഷിവര്യനാത്മജരെ നൃപാ ,
കണ്മുന്നില്‍ നിര്‍ത്തവേ ഉള്ളു തുടിച്ചുവോ
നിന്ദ്യ ഞാനേറെയഹിതയാണെങ്കിലെന്‍
നന്ദനരേയിന്നങ്ങേല്‍ക്കുവതെന്തിനോ ?
ഏറെ പ്രതീക്ഷിച്ചിരുന്നൂ ഞാനീ ക്ഷണം
ഏറെ നാളുള്ളില്‍ കരുതിയോരീ ദിനം .
രാജരഥമെത്തീ, ദേവി തിരിച്ചെത്തീ
സാദരം വന്നു നിരന്നു പൌരാവലി
ആരതിയില്ലാതെ ആരവമില്ലാതെ
ആനയിയ്ക്കാനാരുമില്ലാതെയിന്നിവള്‍
എന്നുമര്‍ദ്ധാസനത്തില്‍ ഞാനിരുന്നൊരാ
രാജസഭയില്‍ നിസ്സാരയായന്യയായ്
നിന്നു ഞാന്‍ രാജസമക്ഷം , പൊടുന്നനെ
നിശ്ശബ്ദമായീ മഹാസഭ നിശ്ചലം .
കണ്ടു ഞാന്‍ ബാലാര്‍ക്കരെപ്പോലെ ശോഭിയ്ക്കു -
മെന്‍ പ്രിയപുത്രരെ രാജപാര്‍ശ്വങ്ങളില്‍
എന്തിതെന്നൊട്ടുമറിയാതെ സംഭ്രമി-
ച്ചെന്‍ നേര്‍ക്കു നോക്കുന്നോരോമല്‍ മുഖങ്ങളെ
ആര്‍ദ്രമായെന്‍ മിഴി മെല്ലെത്തലോടവേ
ആഗ്നേയമായോരാ വാക്കുകള്‍ കേട്ടു ഞാന്‍
‘ സ്വാഗതമേകുന്നു ദേവിയ്ക്കു സാകേതം
ആദ്യം തെളിയിയ്ക്കുകാത്മസാദ്ധ്വീപദം ’ .
ഞെട്ടിത്തരിച്ചിരിയ്ക്കുന്നൂ മഹാജനം
ഞാന്‍ രാജവക്ത്രത്തിലേയ്ക്കൊന്നു നോക്കവേ
എന്‍ നേര്‍ക്കു നോക്കുവാനാകാഞ്ഞോ കണ്ണുകള്‍
നിശ്ചഞ്ചലമായകലേയ്ക്കു നീളുന്നു
ഉള്ളിലെരിയുമെതിര്‍പ്പടക്കിപ്പിടി -
ച്ചൊന്നുമുരിയാടാനാകാതനുജന്മാര്
സന്താപം കൊണ്ട് സുമന്ത്രര്‍ വിവശനായ്
സ്തബ്ദ്ധരായ് നില്പൂ പരിചാരക വൃന്ദം
അപ്പുറമേതോ തിരശ്ശീലയ്ക്കപ്പുറം
വീര്‍പ്പടക്കിത്തേങ്ങുമെന്നനുജത്തിമാര്‍
വൈധവ്യത്തിന്റെയാ ശുഭ്രമാം മൌനത്തില്‍
വിഹ്വലം ദീനം വിതുമ്പുന്നോരമ്മമാര്‍
കാണാതെ കണ്ടു ഞാന്‍ മാനസമപ്പോഴും
ക്രൂരമെരിയുമാ വാക്കുകളില്‍ തങ്ങി .
വിങ്ങല്‍ പൊറുക്കാതെയെന്റെ മൌനത്തിന്റെ
വല്മീകമക്ഷണം പെട്ടെന്നുടഞ്ഞു പോയ്
“ എന്തിന്നു ഭീതനായേറെ വിരക്തനായ്
എന്നില്‍, അങ്ങേയ്ക്കു പ്രിയപ്പെട്ട തോഴിയില്‍ ?
സാകേതത്തിന്നു സപത്നിയോയീയിവള്‍
മറ്റൊരു കൈകേയിയാകുമോ ജാനകി ?
കേവലം പത്നിയല്ലമ്മയാണിന്നു ഞാന്‍
ആവില്ലെനിയ്ക്കിനി താങ്ങാനവമതി
നാളെയീ നാടു വാഴേണ്ടവരെന്മക്കള്‍
ന്യായമറിയുന്നോര്‍ സാക്ഷിയാണോര്‍ക്കണം
അച്ഛനുമമ്മയ്ക്കുമേറ്റം പ്രിയസുത
സായൂജ്യമേകിയോള്‍ നന്ദിനി ജാനകി .
എന്നും സഹധര്‍മ്മമാചരിച്ചൂ , ഭവല്‍ -
ദുഃഖങ്ങളിലും സഹയാത്രികയായി.
അന്നു ഞാന്‍ ശാന്തമൊഴുകും തമസയി -
ലര്‍പ്പിച്ചതില്ലതി നിന്ദിതമീ ജന്മം
സൂര്യവംശാങ്കുരമേന്തിയോളമ്മ ഞാന്‍
സൂര്യവംശാധിപതിയ്ക്കനുയോജ്യരായ്
പാലിച്ചെന്‍ പുത്രരെ, മാമുനി ശിഷ്യരി –
ന്നേറെ പ്രഗത്ഭര്‍ , ചരിതാര്‍ത്ഥയായി ഞാന്‍
കര്‍മ്മങ്ങളെല്ലാമൊടുങ്ങീ , യനുചിതം
തന്നെയീ ജീവനീ വ്യര്‍ത്ഥാവരണവും
നിശ്ശങ്കമായുപേക്ഷിയ്ക്കാം വ്രണിതമാം
ദേഹത്തെ ,യേറേ മുറിവേറ്റ ദേഹിയോ?
ജന്മാന്തരങ്ങളിലേയ്ക്കും തുടര്‍ന്നിടാം
ശാപങ്ങളായെന്നും തീരാത്ത നോവായി .
ഇന്നു ഞാന്‍ ജാനകിയല്ല ,യോദ്ധ്യാ രാജ്ഞി
ശ്രീരാമപത്നിയുമല്ല ഞാനമ്മയും
വേണ്ടെനിയ്ക്കൊന്നുമീ രാജ്യവും സമ്പത്തും
രാജ്ഞീ പദവിയുമാഡംബരങ്ങളും
സീത ഞാന്‍ ഭൂമിജ ,അമ്മ വസുന്ധര
സര്‍വ്വം സഹയവള്‍ പെറ്റോരഭാഗ്യ ഞാന്‍
ശേഷിപ്പതാ പുത്രീധര്‍മ്മമാണെന്നാല-
തീ ജന്മത്തിന്‍ കര്‍മ്മമല്ല , നിയോഗവും
അല്ല പിതാവല്ല ഭര്‍ത്താവോ പുത്രരോ
അല്ലിനി കാക്കേണ്ടതീ ഹതഭാഗ്യയെ
ഏതു മഹാവ്യക്തി, യേതു സാമ്രാജ്യമി -
ന്നേതു സ്മൃതിയുണ്ടിവളെ രക്ഷിയ്ക്കുവാന്‍ ?
ഇല്ല പ്രതീക്ഷകള്‍ ഇല്ല പ്രത്യാശകള്‍
ഓര്‍മ്മകള്‍ പോലും മരിച്ചൊരീ മാനസം
നിശ്ശൂന്യമാണിന്ന് , പോകാമെനിയ്ക്കിനി
ആശങ്കയില്ലാതെ , ഭീരുത്വമില്ലാതെ
ബന്ധനമെല്ലാമുപേക്ഷിച്ചനഘ ഞാന്‍
സ്വസ്ഥയായ് വാഴുമവനീ ഹൃദയത്തില്‍
ഇന്നീ പ്രജകള്‍ക്കെ, ന്മക്കള്‍ക്കു മുന്നി -
ലൊരഗ്നി പരീക്ഷയല്ലേറ്റമഭികാമ്യം
സീത പതിവ്രതയെങ്കിലീ മാത്രയില്‍
മാതൃഗര്‍ഭമിവള്‍ക്കാശ്രയമാകട്ടെ
ഏതൊരുവള്‍ക്കുമാത്മാഭിമാനത്തോടെ
വാഴുവാനൂഴിയില്‍ മറ്റെന്തൊരാലംബം ?
സാകേതത്തിന്നു, ശ്രീരാമരാജാവിന്നു
രാജ്ഞീ പദവിയലങ്കരിയ്ക്കാനെന്നും
ഒന്നനങ്ങാത്ത , ഒന്നുമുരിയാടാത്ത
കാഞ്ചനബിംബമാണേറ്റമഭികാമ്യം
മൃണ്‍മയമീയുടല്‍ മൃത്തില്‍ ലയിയ്ക്കട്ടെ
മുക്തയാകട്ടെയിപ്പഞ്ജരം വിട്ടു ഞാന്‍
കാതോര്‍ക്കുകില്ലിനി പിന്‍വിളികള്‍ക്കായെ-
ന്നാത്മാവിന്‍ വാതായനങ്ങളടച്ചു ഞാന്‍ ”
ഏറെ പറഞ്ഞു പോയ് ഞാനെന്‍ മനസ്സിന്റെ
സേതുബന്ധങ്ങള്‍ തകര്‍ന്നൊക്കെ വാര്‍ന്നുപോയ്
വാക്കുകള്‍ പോലും പറഞ്ഞുതീര്‍ന്നിപ്പോഴെന്‍
ചേതന മെല്ലേയകന്നു മായുന്നുവോ ?
തങ്ങളില്‍ തങ്ങളില്‍ നോക്കി നിശ്ശബ്ദരായ്
തിങ്ങും മനസ്സോടെ നില്‍പ്പൂ സഭാജനം
നിശ്ചലം ദൂരേ മിഴി നട്ടിരിയ്ക്കുന്നൂ
സ്തോഭമടക്കിപ്പിടിച്ചയോദ്ധ്യാധിപന്‍ .
‘അമ്മേ’ യെന്നാത്മാവില്‍ നിന്നൊരു രോദനം
ആര്‍ത്തമായാകെ നടുക്കിയുയരവേ
കാല്‍കളിടറുമ്പോള്‍, ആകെയൊരാരവം
കാതിലലകളായാര്‍ത്തലച്ചീടുമ്പോള്
മങ്ങുന്ന കാഴ്ച്ചകള്‍ക്കപ്പുറം കണ്ടു ഞാന്‍
മ്ലാനമാമുഖമെന്‍ നേര്‍ക്കുയരുന്നു
സിംഹാസനം വിട്ടു വെമ്പലാര്‍ന്നിസ്സഭാ
മദ്ധ്യത്തിലേയ്ക്കെന്‍ പ്രിയതോഴനെത്തവേ
ആകെത്തളരുമെന്‍ ദേഹമാക്കൈകളില്‍
താങ്ങിയെന്‍ ദേവനരികത്തിരിയ്ക്കവേ
പിന് വാങ്ങുമെന്‍ ദേഹി സസ്മിതമോര്‍ക്കുന്നു
നല്ത്തൃണശയ്യകള്‍... കേളീപുളിനങ്ങള്‍...
ദേവദാരുക്കളാ മഞ്ജു നികുഞ്ജങ്ങള്‍...
ഏറെ പ്രിയംവദനായെന്റെ തോഴനും .
വീണ്ടുമക്കാലം തിരിച്ചു വന്നെത്തിടും
വീണ്ടുമീ മന്നവനെന്‍ തോഴനായിടും
ഏല്പിച്ചയോദ്ധ്യാപുരി തന്റെ പുത്രരെ
ഏറ്റു നിയതി തന്‍ നിര്‍ണ്ണയം നിശ്ചിതം
സൂര്യസമാനമിത്തപ്ത സിംഹാസനം
കോടീരമി ഛത്ര ചാമരം ചെങ്കോലും
യത്നങ്ങളെല്ലാം വെടിഞ്ഞു നിശ്ചിന്തനായ്
ആദര്‍ശഭാരമൊഴിഞ്ഞതി സ്വസ്ഥനായ് ,
നിശ്ചയമീ ദേഹിയെന്നിലണഞ്ഞിടും
നിര്‍വ്വാര്യമീ നിയോഗം നിതാന്തം നിത്യം .
ശാന്തഗഭീരയാമിസ്സരയൂനദി
സാക്ഷി, സാകേതം , സമസ്തലോകങ്ങളും
സംസിദ്ധമെന്‍റെ പ്രാണന്നു സംവേദ്യമാ
സത്യം ,ആത്മോദിതം സത്യം ഭവിതവ്യം .