24 May 2014

മലയാളിയും മലയാളഭാഷയും


അമ്പാട്ട്‌ സുകുമാരൻ നായർ
    മദ്യപാനത്തിലെന്നപോലെ സാക്ഷരതയിലും മുൻപന്തിയിൽത്തന്നെയാണ്‌ കേരളം. ഇതിൽ കേരളീയർക്കഭിമാനിക്കാം. സമ്പൂർണ്ണ സാക്ഷരത കേരളം കൈവരിച്ചുവേങ്കിലും ഒരക്ഷരംപോലും വായിക്കാനറിഞ്ഞുകൂടാത്ത നിരക്ഷരരും ധാരാളമുണ്ടിവിടെ. അവരെ ആരും പരിഗണിക്കുന്നില്ലെന്നുമാത്രം. പണ്ടൊക്കെ കുഗ്രാമങ്ങളിൽ താമസിച്ചിരുന്നവരെയാണ്‌ നിരക്ഷരർ എന്നു പറഞ്ഞിരുന്നത്‌. ഇന്ന്‌ കേരളത്തിൽ ഗ്രാമങ്ങളില്ലല്ലോ. മലയോരപ്രദേശങ്ങളിൽ പരിസ്ഥിതി ദുർബ്ബലപ്രദേശങ്ങൾപോലും ജനവാസകേന്ദ്രങ്ങളാണ്‌. എല്ലാവിധ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളുയരുന്നതും അവിടെയൊക്കെത്തന്നെ.
    കേരളം വളരുകയാണ്‌. ആകാശം മുട്ടെ. എവിടെ നോക്കിയാലും മുപ്പതും നാൽപതും നിലകളുള്ള ഫ്ലാറ്റുകളാണുയർന്നു വരുന്നത്‌. പുതിയ തലമുറയ്ക്ക്‌ ഭൂമിയുമായി വലിയ ബന്ധമൊന്നുമില്ല. ആകാശങ്ങളിലാണവർ അധിവസിക്കുന്നത്‌. അത്യുന്നതങ്ങളിൽ വസിക്കുന്ന ഈശ്വരനോട്‌ ഏറെ അടുത്തു തുടങ്ങിയിരിക്കുന്നു.
    പണ്ടു കണ്ടസ്ഥലങ്ങളൊന്നും ഇന്നു കണ്ടാലറിയില്ല. ഏതോ വിദേശരാജ്യത്ത്‌ ചെന്നെത്തിയതുപോലെ. ദീർഘകാലമായി കേരളത്തിനുവെളിയിൽ താമസിക്കുന്ന മലയാളി ഇന്നു കേരളത്തിലെത്തിയാൽ ഏതോ വിദേശരാജ്യത്തെത്തിച്ചേർന്നതുപോ

ലെ പകച്ചു നിൽക്കും. വേഷംകൊണ്ടുപോലും മലയാളികളെ തിരിച്ചറിയാനാവില്ല. പ്രായംചെന്ന സ്ത്രീകൾ പോലും ചുരിദാറാണ്‌ ധരിക്കുന്നത്‌. പണ്ടൊക്കെ കേരളത്തിനു വെളിയിൽ നിന്നു വരുന്നവർ കേരളത്തിലേക്കു പ്രവേശിക്കുമ്പോൾത്തന്നെ കാലാവസ്ഥകൊണ്ട്‌ കേരളത്തെ തിരിച്ചറിയാനാകുമായിരുന്നു. സുഖശീതളമായ അന്തരീക്ഷം. നിറയെ കായ്ച്ചുകിടക്കുന്ന തെങ്ങും കമുങ്ങും മാവും പ്ലാവും ആഞ്ഞിലിയും പുളിയും മറ്റു ഫലവൃക്ഷങ്ങളുമൊക്കെ നിറഞ്ഞ പുരയിടങ്ങൾ. ഇന്നതൊന്നും കാണാനില്ല. തെങ്ങോക്കെ അതിർത്തി കടന്നു. തെങ്ങില്ലെന്നു പറഞ്ഞുകൂടാ. കുറെ തെങ്ങുകളുണ്ട്‌. പക്ഷേ മണ്ടശൂന്യമാണ്‌. പഴയ ഗ്രാമങ്ങൾ കാണാൻ കൊതിയോടെ നോക്കും. ആ ഗ്രാമങ്ങളൊക്കെയും കോൺക്രീറ്റ്‌ വനങ്ങൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. നഗരങ്ങളിലേക്കു കടക്കുമ്പോൾ മേഘങ്ങളെ തലയിലേറ്റി നിൽക്കുന്ന ബഹുനില സൗധങ്ങളുടെ കൂട്ടങ്ങളാണെവിടെയും. ഗ്രാമങ്ങളും നഗരങ്ങളും തിരിച്ചറിയാനാവാത്ത വിധത്തിലായിക്കഴിഞ്ഞു.
    ട്രയിനിലും ബസ്സിലുമൊക്കെയിരുന്നു കൊണ്ട്‌ ഇരുവശങ്ങളിലേക്കും നോക്കിയാൽ കടകൾക്കുമുമ്പിൽ മലയാളത്തിലുള്ള ഒരൊറ്റ ബോർഡും കാണാൻ കഴിയുകയില്ല. എല്ലാ ബോർഡുകളും ഇംഗ്ലീഷിൽ മാത്രം. കറങ്ങിത്തിരിഞ്ഞ്‌ വിദേശരാജ്യങ്ങളിലെവിടെയോ എത്തിച്ചേർന്നെന്ന തോന്നലുളവാക്കും.
    ഈ കേരളത്തിൽത്തന്നെ ഇംഗ്ലീഷറിഞ്ഞുകൂടാത്ത എത്രയോ ആളുകളുണ്ട്‌. നമ്മുടെ വ്യവസായികളുടെയും സർക്കാരിന്റെയുമൊക്കെ ധാരണ കേരളത്തിലെ മുഴുവൻ ജനങ്ങളും ഇംഗ്ലീഷറിയാവുന്നവരാണെന്നാണ്‌. ഭരണരംഗത്തെ നടപടി ക്രമങ്ങൾ കണ്ടാൽ അങ്ങനെയേ തോന്നു. ഇംഗ്ലീഷറിഞ്ഞുകൂടാത്ത ഒരാൾ വീടിനു വെളിയിലേക്കിറങ്ങിയാൽ ഒരു കടകണ്ടുപിടിക്കാനാവില്ല. മലയാളത്തിലെഴുതിയ ഒരൊറ്റ ബോർഡുംകാണാനില്ല. ഏതെങ്കിലും ഒരു കടകണ്ടുപിടിക്കണമെങ്കിൽ ഇംഗ്ലീഷ്‌ വായിക്കാനറിയാവുന്ന ആരുടെയെങ്കിലും സഹായം തേടണം. എന്തൊരു ഗതികേടാണിത്‌! ഒരു രാജ്യത്തെ ജനതയ്ക്ക്‌ വിദേശഭാഷയായ ഇംഗ്ലീഷറിഞ്ഞുകൂടെങ്കിൽ വീടുവിട്ട്‌ പുറത്തേക്കിറങ്ങാനാവില്ലെന്നത്‌ എത്രയോ ദാരുണമായ അനുഭവമാണ്‌. മാതൃഭാഷയ്ക്കെന്തുകൊണ്ടാണിത്രമാ
ത്രം അവഗണന? എന്തുകൊണ്ടാണീഭ്രഷ്ട്‌? ഇതിനെയാണ്‌ ജനാധിപത്യം എന്നു നാം വിളിക്കുന്നത്‌! ഇതെന്തു ജനാധിപത്യമാണ്‌. ഇംഗ്ലീഷ്‌ ഭാഷ മലയാള ഭാഷയെ സ്വന്തം തറവാട്ടിൽ നിന്നു തന്നെ അടിച്ചിറക്കുകയാണ്‌. ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ അവസ്ഥ! പിറന്നു വീഴുന്ന കുഞ്ഞിന്റെ ഒരു ചെവി അടച്ചു പിടിച്ച്‌ മറുചെവിയിലൂടെ 'മമ്മീ-ഡാഡീ' എന്നു വിളിക്കാൻ പഠിപ്പിക്കുന്ന സംസ്കാരം! ഇങ്ങനെയുള്ള ഒരുനാട്‌ ഈ ഭൂമുഖത്തെവിടെയെങ്കിലുമുണ്ടോ? ഇപ്പോൾ വന്നുവന്ന്‌ നമ്മുടെ രാഷ്ട്രീയ നേതാക്കൾ മലയാള ഭാഷയെ നാറുന്ന ചെളിക്കകത്തിട്ട്‌ വലിച്ചിഴയ്ക്കുന്ന കാഴ്ചയാണുകാണുന്നത്‌. 'നികൃഷ്ടജീവി, പരനാറി' എന്നീ പ്രയോഗങ്ങൾ ആരുടെ നേർക്കും പ്രയോഗിക്കാമെന്നായി. നേതാക്കൾ മാതൃക കാട്ടിയാൽ അനുയായികൾക്കെന്തുമാകാമല്ലോ. സ്വന്തം ഭാഷയെയും സംസ്കാരത്തെയും തെരുവിൽ വലിച്ചിഴയ്ക്കുന്ന ഒരു വർഗം മലയാളികൾ മാത്രമാണെന്നു തോന്നിപ്പോകുന്നു.
    കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌ നാട്ടിലും കർണ്ണാടകത്തിലും പെറ്റമ്മയെപ്പോലെ തന്നെ അവർ അവരുടെ ഭാഷയെയും സ്നേഹിക്കുന്നു. യജമാനഭാഷ എന്തുമായിക്കൊള്ളട്ടെ അവർക്ക്‌ അവരുടെ മാതൃഭാഷതന്നെയാണ്‌ ശ്രേഷ്ഠം. അവിടെയുള്ള കടകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ അവരുടെ മാതൃഭാഷയിൽത്തന്നെ എഴുതണമെന്ന നിർബ്ബന്ധമാണ്‌. അതിനു വേണം മുൻഗണനകൊടുക്കാൻ. ഇംഗ്ലീഷിലോ ഹിന്ദിയിലോ മറ്റേതെങ്കിലും ഭാഷയിലോ എഴുതണമെങ്കിൽ മാതൃഭാഷയുടെ അടിയിൽ വേണം എഴുതാൻ. ഇംഗ്ലീഷുകാരുടെ ഈ നാട്ടിൽ നിന്ന്‌ അയൽസംസ്ഥാനങ്ങളിലേക്കു ചെല്ലുമ്പോൾ നാമൊന്നമ്പരക്കും, അവർക്ക്‌ തങ്ങളുടേതായ ഒരു ഭാഷയുണ്ടെന്ന ബോധം അവർക്കുണ്ട്‌. നമുക്ക്‌ അങ്ങനെയൊരു തോന്നൽപോലും ഇല്ലാതെപോയല്ലോ.
    ഇന്ത്യയ്ക്ക്‌ ഇന്ത്യയുടേതായ ഒരു ദേശീയ ഭാഷ ഉണ്ടെങ്കിൽകൂടിയും കേന്ദ്രസർക്കാർ അതിന്‌ വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല. ഇംഗ്ലീഷിന്റെ മറവിൽ ആ ഭാഷ അങ്ങനെ നിലനിൽക്കുന്നുവേന്നുമാത്രം. ഭാരതത്തിൽ അന്നും ഇന്നും ഭരണരംഗത്ത്‌ ആധിപത്യം ഇംഗ്ലീഷിനുതന്നെ. അതിന്‌ ഇനിയൊരു മാറ്റം വരാനും പോകുന്നില്ല.
    മലയാള-ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടുവേങ്കിലും മലയാളികൾ അതിനു വലിയ വൈശിഷ്ട്യമൊന്നും കൽപ്പിക്കുന്നില്ല. ഇംഗ്ലീഷ്‌ മലയാളിയുടെ വ്യവഹാരഭാഷയായി മാറിക്കൊണ്ടിരിക്കുകയാണ്‌. എന്തൊക്കെയായാലും മലയാളഭാഷയെ അകമഴിഞ്ഞു സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലുമുണ്ടാകുമല്ലോ
. അവരിലൂടെ മലയാളഭാഷ ഏക്കാളവും നിലനിൽക്കും. കേരളഗവണ്‍മന്റിന്‌ ഭാഷയ്ക്കുവേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്‌. മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനുവേണ്ടി ഉമ്മൻചാണ്ടി സർക്കാർ വളരെയധികം കാര്യങ്ങൾ ചെയ്തു. ഇക്കാര്യം മലയാള ഭാഷാ സ്നേഹികൾ ഏക്കാളവും വളരെ നന്ദിപൂർവ്വം സ്മരിക്കും. മലയാളത്തിന്‌ ശ്രേഷ്ഠഭാഷാപദവി നേടിയതുകൊണ്ടുമാത്രമായില്ലല്ലോ. ഇനിയും വളരെയധികം കാര്യങ്ങൾ സർക്കാരിനു ചെയ്യാനുണ്ട്‌. കേരളത്തിലെ എല്ലാ കടകളുടെയും വ്യവസായസ്ഥാപനങ്ങളുടെയും ബോർഡുകളും മലയാളത്തിലെഴുതണമെന്നു നിർബന്ധമാക്കുകയും മലയാളത്തിന്‌ ഒന്നാം സ്ഥാനം നൽകണമെന്ന്‌ അനുശാസിക്കുകയും ചെയ്യണം. അതിനു വഴങ്ങാത്തവരെ ശിക്ഷിക്കുകയും ചെയ്യണം. മലയാള സാഹിത്യപരിപോഷണത്തിനു വേണ്ടി സർക്കാരിന്‌ വളരെയധികംകാര്യങ്ങൾ ചെയ്യാൻ കഴിയും. സാഹിത്യകാരന്മാരെ ആദരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്‌ ഈ നൂതന പദ്ധതികൾ ആവിഷ്കരിക്കണം.
    ജി.സുധാകരൻ സഹകരണവകുപ്പു മന്ത്രിയായിരുന്നപ്പോൾ സാഹിത്യപ്രവർത്തക സഹകരണസംഘവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരെ തൃശൂർ സാഹിത്യഅക്കാദമിഹാളിൽ വിളിച്ചുവരുത്തി മൂന്നുദിവസത്തെ സെമിനാർ നടത്തി. വളരെ മാന്യമായ രീതിയിൽ അവർക്ക്‌ താമസസൗകര്യം ഏർപ്പാട്‌ ചെയ്തു കൊടുത്തു. അവസാന ദിവസം എല്ലാവർക്കും റോയൽറ്റി തീർത്തുകൊടുത്തു. ഉചിതമായ പാരിതോഷികവും നൽകി. സംഘത്തിന്റെ പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള വിപുലമായ ഏർപ്പാടുകളും ചെയ്തു. തുടർന്നു വന്ന സർക്കാർ പിന്നെ ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയില്ല. ഏതൊരു ഭാഷയും സാഹിത്യവും വളർന്നു വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്നു നല്ല അംഗീകാരവും പ്രോത്സാഹനവും ലഭിക്കണം.
    എവിടെ നിന്നും ഒരു തരത്തിലുമുള്ള പ്രോത്സാഹനം ലഭിക്കാത്ത ഒരു കൂട്ടരാണ്‌ സാഹിത്യകാരന്മാർ. ഏറ്റവും അവശത അനുഭവിക്കുന്ന കൂട്ടരും അവരാണ്‌. സർക്കാർ പ്രസിദ്ധീകരണങ്ങൾ പോലും സാഹിത്യകാരന്മാർക്കുവേണ്ടി കവാടങ്ങൾ തുറന്നുകൊടുക്കാറില്ല. സാഹിത്യകാരന്മാർ സംഘടിതരല്ലാത്തതുകൊണ്ട്‌ ഈ അവഗണനയ്ക്കെതിരെ ആരും ഒരു പ്രതിഷേധശബ്ദവും ഉയർത്തുന്നില്ല. ഇപ്പോൾ  മലയാള പുസ്തകങ്ങൾക്ക്‌ സാമാന്യം നല്ല ചെലവുണ്ടെന്നാണ്‌ പ്രസാധകരിൽ നിന്നറിയാൻ കഴിഞ്ഞത്‌. ഭാഷയെ സംബന്ധിച്ചിടത്തോളം ഇത്‌ വളരെ പ്രത്യാശ നൽകുന്ന കാര്യമാണ്‌. ഇലക്ട്രോണിക്‌ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം വായനയെ പുറകോട്ടടിച്ചു എന്നു പറയുന്നതിൽ ഒട്ടൊക്കെ ശരിയുണ്ട്‌.  എങ്കിലും ഇന്നും വായന ഇഷ്ടപ്പെടുന്ന നിരവധി ആൾക്കാരുണ്ട്‌. അവരെ കണ്ടെത്തി അവർക്കു വേണ്ടതുകൊടുക്കാൻ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തയ്യാറാകുന്നില്ല. പ്രസിദ്ധീകരണങ്ങൾ അവരുടെ വഴിക്കു പോകുന്നു. വായനക്കാരുടെ അഭിരുചിക്ക്‌ വലിയ പ്രാധാന്യമൊന്നും കൽപിക്കുന്നില്ല. പത്രാധിപന്മാർ അവരുടെ നിലവാരത്തിനും താൽപര്യത്തിനുമനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുന്നു എന്നല്ലാതെ വായനക്കാരുടെ അഭിലാഷങ്ങൾക്ക്‌ ഒരു പരിഗണനയും നൽകുന്നില്ല. അതുകൊണ്ടാണ്‌ വായനക്കാർ പലപ്പോഴും മുഖം തിരിച്ചുനിൽക്കുന്നത്‌.
    ഭാഷയുടെ പ്രശ്നവും പ്രധാനമാണ്‌. എഴുത്തുകാർ പലപ്പോഴും അവരുടെ പാണ്ഡിത്യ പ്രകടനത്തിനാണൂന്നൽ നൽകുന്നത്‌. വലിയ സാഹിത്യഭാഷയിൽ വളച്ചുകെട്ടി കാര്യങ്ങൾ പറയുന്നവരുണ്ട്‌. നിഘണ്ടുക്കൾ പരതി സാധാരണക്കാർക്ക്‌ പരിചയമില്ലാത്ത പദങ്ങൾ കണ്ടെത്തി ലേഖനങ്ങളും കഥകളും കവിതകളുമൊക്കെ എഴുതുന്നവരുണ്ട്‌. സാഹിത്യ രചനകളിൽ ഇത്തരം കൃത്രിമ ഭാഷ ഉപയോഗിച്ചാൽ സാധാരണ വായനക്കാർ തിരിഞ്ഞു നോക്കില്ല. എത്ര ഗഹനമായ വിഷയവും വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയും. അത്‌ ഏവർക്കും ഒറ്റ വായനയിൽ മനസ്സിലാക്കാനും കഴിയും. അങ്ങനെ പറയുന്നതിനെ പലരും നിലവാരമില്ലാത്തത്താണെന്നു പറഞ്ഞധിക്ഷേപിക്കും.
    ചങ്ങമ്പുഴയുടെയും പൂന്താനത്തിന്റെയുമൊക്കെ കൃതികൾ വായിച്ചു മനസ്സിലാക്കാൻ വലിയ ഭാഷാപാണ്ഡിത്യമൊന്നും ആവശ്യമില്ല. മഹാകവി ചങ്ങമ്പുഴയെ അന്നത്തെ പൈങ്കിളി എഴുത്തുകാരനായിട്ടാണ്‌ അക്കാലത്തെ പ്രഗത്ഭ നിരൂപകരും ബുദ്ധിജീവികളും ചിത്രീകരിച്ചിരിക്കുന്നത്‌. പക്ഷേ, സാധാരണജനങ്ങൾ അദ്ദേഹത്തെ മഹാകവിയായി വാഴ്ത്തി. ചങ്ങമ്പുഴ ഒരു കാലഘട്ടത്തിന്റെ കവിയായി മാറി. ചങ്ങമ്പുഴയെ മാറ്റി നിർത്തിക്കൊണ്ട്‌ മലയാളഭാഷയ്ക്ക്‌ ഒരു ചരിത്രമുണ്ടോ?
    ഒരു ഘട്ടത്തിൽ വായനയിലേക്കാകൃഷ്ടരായി വന്ന ഒരു ജനതയെ ഭീഷണിപ്പെടുത്തി വായനയിൽ നിന്ന്‌ പുറകോട്ടടിക്കാനാണ്‌ ഇവിടെചില പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ബുദ്ധിജീവികളുമൊക്കെ ചെയ്തത്‌, ഇന്ന്‌ വായന കുറഞ്ഞുപോയതിന്‌ അവർ പഴിചാരുന്നത്‌ ഇലക്ട്രോണിക്‌ മാധ്യമങ്ങളെയാണ്‌. ഇവർ പറയുന്നതുപോലെ എല്ലാവായനക്കാരും ഇലക്ട്രോണിക്‌ മാധ്യമങ്ങളുടെ മായാവലയത്തിൽ കുടുങ്ങിപ്പോയിട്ടൊന്നുമില്ല.
    നമുക്കു നമ്മുടെ ഭാഷയെ സംരക്ഷിക്കണം. അതിനുള്ള ഇച്ഛാശക്തിയും മാതൃഭാഷാസ്നേഹവും നമുക്കാവശ്യമാണ്‌. ഗവണ്‍മന്റിനും ഇക്കാര്യത്തിൽ ജാഗ്രതകൂടിയേകഴിയൂ. കവികളും സാഹിത്യകാരന്മാരുമൊക്കെ ഉണർന്നെഴുനേൽക്കേണ്ട കാലമാണിത്‌. ആളുകൾ ഇംഗ്ലീഷോ മറ്റെത്രെയെങ്കിലും ഭാഷയോ പഠിച്ചോട്ടെ. അതിനൊരു തടസ്സവുമില്ല. എത്ര ഭാഷ പഠിച്ചാലും അത്‌ നല്ലതു തന്നെ. പക്ഷേ, ഒരന്യഭാഷയെ നമ്മുടെ തലയിൽ യജമാനഭാഷയായി കെട്ടിവയ്ക്കരുത്‌. മാതൃഭാഷയ്ക്കുതന്നെ എപ്പോഴും ശ്രേഷ്ഠപദവി നൽകണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...