എസ്. രമേശൻനായർ
ഒന്ന്.
സൗമിനീ, പൂർവ്വജന്മത്തിൽ
സൗന്ദര്യത്താലഹന്തയാൽ
അപഥത്തിൽ കാട്ടിലല്ലീ-
യലഞ്ഞു നിന്റെ യൗവനം?
ബ്രഹ്മമാർഗ്ഗം നിനക്കോർമ്മ-
പ്പിഴയായ്ത്തീർന്നു, കാന്തനോ
വേട്ടാനവൻ മൃത്യുവിനെ
അകാലത്തിൽസ്സപത്നിയായ്.
വൈധവ്യച്ചൂളയിൽച്ചാടി
നീറിലാ നിന്റെ സ്വാർഥവും
തുടുത്ത യൗവനത്തിന്റെ
തുടിപ്പും നെഞ്ചിടിപ്പുമേ
ഗോൂഢം വാരിപ്പുണർന്നു നീ
ചൂടെഴും ഭ്രാന്തനിർവൃതി;
മൂർച്ഛാധിനം കിടന്നു പാ-
ഴിരുട്ടായ് നിൻ കിതപ്പുകൾ-
പാതിരാപ്പക്ഷി സീൽക്കാരം
വിതയ്ക്കും നിന്റെ മേനിയിൽ
മദംപൊട്ടിയൊരാകാശം
മഞ്ഞുരുക്കിയൊഴിച്ചുവോ?
വെളിച്ചത്തിൽ ചേല മാറ്റി-
യിരുട്ടായ് നീ തരിക്കവേ
നിനക്കു കണ്ണുകാണാത്ത
നിമിഷം നിറതിങ്കളായ്!
പാപഭാരം ചുമക്കും നിൻ
പതിത്വം ഭ്രഷ്ടമാകവേ
വായയും വാതിലും പൂട്ടി-
ത്താഴിട്ടാരഭിമാനികൾ!
മാറ്റു മങ്ങാത്ത മാധുര്യ-
ത്തോറ്റം കണ്ടൊരധർമ്മവാൻ
സ്വീകരിച്ചാൻ മദാണ്ഡൻ നി-
ന്നുദരത്തിൻ കനത്തെയും!
അമിതം കാമമദ്യത്തി-
ന്നടിപ്പെട്ടൊരബദ്ധമേ
കൊന്നുതിന്നു നിന്റെ പാപ-
മൊരിക്കൽപ്പൈക്കിടാവിനെ
ധരിപ്പിച്ചു നിൻ കുബുദ്ധി
പുലർവേളയിലന്യരെ
പുലിതൻ സാഹസം! കാട്ടു-
പുലിയായ് നിന്നധർമ്മവും!
മഹാപാപങ്ങളഞ്ചാറു
മക്കളായിപ്പിറക്കവേ
മരണാനന്തരം നിത്യ-
നരകത്തിൽപ്പിടഞ്ഞു നീ!
രണ്ട്.
പുനർജ്ജന്മം വിളിക്കുന്നു
സൗമിനി, യന്ധയായി നീ
പിറക്കുന്നു പാഴടഞ്ഞ
ചണ്ഡാലന്റെ കുടിൽക്കകം
വളർന്നു ശാപമായ്ത്തപ്പി-
ത്തടഞ്ഞെത്തീ പലേടവും
കൈയെത്തുന്നു പൂർവജന്മ-
കൃതങ്ങൾക്കുള്ള ശിക്ഷകൾ!
നീചപുരുഷസംസർഗ്ഗം
നികൃഷ്ടം മെയ്യിലൊക്കെയും
പാപക്കറയൊലിപ്പിച്ചു
പടുകുഷ്ഠത്തിണർപ്പിനാൽ!
വടിയുന്നിദ്ദേീനതേ നീ
വഴിനീളെച്ചരിക്കിലും
വെറുപ്പല്ലാതെ കിട്ടീലാ
വെറുംചോറും വിശപ്പിനായ്!
പകളും രാവുമില്ലാത്ത
പാഴിരുട്ടിന്റെ ശാപമേ
വീണുറങ്ങീല നീ മായാ-
വിഭ്രമത്തിന്റെ വീഥിയിൽ!
ദാനംചെയ്യാത്ത നിൻനേർക്കു
മോതിരക്കൈകൾ നീളുമോ?
കള്ളനാണയമായ്ത്തന്നെ
കറങ്ങീ നിന്റെ ദുർവ്വിധി!
തിടുക്കുംപൂണ്ടു പോകുന്നു
ജനക്കൂട്ടം നിരത്തിലോ?
ഒച്ച കേൾക്കുന്നി,തെങ്ങാവോ
സദ്യ? നിന്നെശ്ശപിച്ചു നീ
കണ്ണുനീരോടെ യാചിക്കെ
കൈയിൽത്തന്നാനോരാഗതൻ
ഒരു പച്ചില! തിന്നാനു-
മരുതാത്തൊരുദാരത!
കുംഭമാസനിശീഥത്തിൽ
കുടയേന്തും ചതുർദ്ദശി
നിത്യമംഗലസംദാത്രി
നിറഞ്ഞ ശിവരാത്രിയാം!
ഗോകർണ്ണത്തിൽത്തൊഴാൻ പോകു-
മോരോ നാവും വിളിക്കയാം
ഭവനാശം വരുത്തുന്ന
ശിവനെ,ജ്ജിതകാമനെ!
തഴുവുന്നൂ വെറുതേ നീ
താനേ കൈവന്ന ഭിക്ഷയെ
ആവൂ! നിന്നോർമ്മ ചൊല്ലുന്നൂ;
കൂവളത്തിലയല്ലയോ!
ദാതാവിനെപ്പഴിച്ചുംകൊ-
ണ്ടെറിഞ്ഞു നിയസഹൃതേ
നിലത്താ വില്വപത്രത്തിൻ
നിന്ദ, നിർമ്മുക്തയായി നീ!
ശിവലിംഗത്തിലോ നിൻ കൈ-
പ്പിഴയും ചെന്നു വീണുപോയ്?
അജ്ഞതയ്ക്കും കൈവരുന്നു-
ണ്ടന്യഥാ മോക്ഷമങ്ങനെ!
താണെത്തുന്നു വിണ്ണിൽനിന്നു
തങ്കനിർമ്മിതമാം രഥം;
ജീർണ്ണതേ, നീ കരേറുന്നു
പൂർണ്ണമുക്തിപദം ചിരം!
ശിവരാത്രിപ്പിറപ്പൂക്കു-
മഹംഭാവവികൾപമേ
രുദ്രസ്മൃതിയിലർപ്പിക്കു
ചിത്തമാം വില്വപത്രകം!
* ശിവരാത്രിനാൾ അറിയാതെ കയ്യിൽ നിന്നു വീണ ഒരു കുവളത്തില- അതു ചെന്നു വീണതോ ഒരു ശിവലിംഗത്തിന്മേലും ! അതുകൊണ്ടെന്തുണ്ടായി? പരമപാപിനിയായ സൗമിനി എന്ന ചണ്ഡാലികയ്ക്കും ശിവലോകപ്രാപ്തി ലഭിച്ചു.