ഡോ കെ ജി ബാലകൃഷ്ണൻ
=========================
ഭാരതം,
ഒക്ടോബർ രണ്ട്, 2013
വിങ്ങും വിതുമ്പും
മനസ്സിന്റെ ദുഃഖമേ,
നിന്നിലെൻ സംഗീത-
മാതപിക്കുന്നുവോ?
പാടിപ്പറക്കും
പറവ കണക്കവേ
കൂടണയും സ്വപ്ന-
രാഗമാകാതെ നീ
മാനസപ്പൊയ്കയിൽ
നീന്തി നീരാടുന്ന
നാനാ കിനാനിര
തൂവും വെളിച്ചമേ,
സ്പർശരസഗന്ധ-
നാദദർശങ്ങളാൽ
ഹർഷം ചൊരിയും
വിഭാതമാകാതെ നീ
കൂരുൾ തിങ്ങും
വനാന്തരാളങ്ങളിൽ
ഓരിയിടുന്ന
രാപ്പേടിയാകുന്നുവോ?
അന്ന് ഞാൻ പാടിയ
സ്വാതന്ത്ര്യഗീതികൾ
ഇന്ന് വിഴുപ്പായ്
കുമിഞ്ഞു നാറുന്നുവോ?
ഓരോ നിമേഷവും
വേവും ചുടലയിൽ
നീറായമർന്നു
തുലഞ്ഞു തീരുന്നുവോ?
2014 ജനുവരി 30
എന്റെ നിണം വീണ്
ചോന്നൊരീ മണ്ണിൽനി-
ന്നെന്ന് മിഴിയുമെൻ
സൌവർണ്ണഭാരതം?
2014 മെയ് 16
ഭാതമേ, നീയെൻ
മുളംകുഴലൂതുമോ,
നാദമേ,
നീയെൻ
അഭിരാമമാകുമോ?
നാനാത്വമേ,
ഒരേ
ധാരാപ്രവാഹമായ്
മാനവമാനസ-
സൌന്ദര്യപൂരമായ്;
ഭാരതഗംഗാ-
തരംഗ-
മുണരുമോ?