27 Jun 2014

തികയാത്ത പൊന്ന്‌


എ. ആർ. അഭിരാമി

'എടീ കാർത്തുവേ!' മുറുക്കാൻ ചണ്ടി മുറ്റത്തേയ്ക്ക്‌ നീട്ടിത്തുപ്പിയ ശേഷം പ്രഭാകരൻ ഭാര്യയെ വിളിച്ചു.  "നാളെ മാമ്പറ്റെ കേറ്റം തൊടങ്ങും. നീ വെട്ടോത്തീടെ മൂർച്ച കൂട്ടിയോ"! 'ഉവ്വേ! ഇന്നലേ ചെയ്തല്ലാ'!  കാർത്തു മറുപടിയും പറഞ്ഞു.
മാമ്പറ്റ കോവിലകത്തെ പണിപ്പാട്ടുകാരൻ കണക്കനാണ്‌ പ്രഭാകരൻ.  ഭാര്യ കാർത്തുവും, അഞ്ചാണും, മൂന്നു പെണ്ണുമായി എട്ടുമക്കളും അടങ്ങിയ കുടുംബം.  ആൺമക്കൾ നാലുപേരും കല്ല്യാണം കഴിഞ്ഞ്‌ അവരുടെ കാര്യം നോക്കി പോയി.  ഇളയവൻ തെങ്ങു കയറാൻ പരുവമായിട്ടില്ല.  മൂത്തവർ നാലു പേരും മൈസൂരിലും, തലശ്ശേരിയിലുമായി ചെത്തുകാരാണ്‌.  കുലത്തൊഴിലാർക്കും വേണ്ട.  ചെത്താണത്രെ ലാഭം.  പെൺമക്കളിൽ ഒരാളുടെ കല്ല്യാണം കഴിഞ്ഞു.  പെങ്ങളുടെ മകൻ തന്നെ കെട്ടി.  ഇനി രണ്ടുപേർ പ്രായം കടന്നു നിൽക്കുന്നു.  ഒരുത്തിക്ക്‌ ഇരുപത്തൊമ്പതും, ഒരുത്തിക്ക്‌ ഇരുപത്താറും ആയി.  അവരുടെ താഴെയുള്ള ഒരുത്തനും കെട്ടി.  ആരോട്‌ ചോദിക്കാൻ!  ആര്‌ കേക്കാൻ!  അടുപ്പ്‌ പുകയണമെങ്കിൽ ഇപ്പോഴും താൻ തെങ്ങേൽ കേറണം.  വയസ്സ്‌ അറുപതായി.  പണ്ടേപ്പോലെ വലിയ തെങ്ങിലൊന്നും കേറാൻ വയ്യ.  എന്നാലും പോവും.  തെങ്ങ്‌ തന്നെ ഒരിക്കലും ചതിക്കില്ലെന്നുറപ്പാണ്‌.  പക്ഷെ, മഴക്കാലം വലിയ പാടാണ്‌.  തെങ്ങെല്ലാം പൂപ്പൽ പിടിച്ച്‌ വഴുക്കും.  രണ്ടു ദിവസമെങ്കിലും മഴ വിട്ടു നിന്നാലെ കയറാൻ പറ്റൂ.  ഒറ്റക്കിപ്പോൾ വലിയ കേറ്റമൊന്നും പറ്റാതായി.  ഒപ്പം വരാനുള്ളത്‌ മരിച്ചുപോയ കൊച്ചാപ്പന്റെ രണ്ടു മക്കളാണ്‌.  ഒരുത്തന്‌ പതിനെട്ട്‌ കഴിഞ്ഞതേയുള്ളൂ.  എന്നാലും പണിയെടുക്കാൻ മടിയില്ല, കരുത്തനുമാണ്‌.  താനിപ്പോൾ ചെറിയ തെങ്ങുകളിലേ കയറാറുള്ളൂ.  പിന്നെ പണിപ്പാട്ടുകാരനായതുകൊണ്ട്‌ എട്ടു പത്തു തേങ്ങയും, കുറച്ചു കാശും കൂടുതൽ കിട്ടും.  മാമ്പറ്റെയാവുമ്പോൾ 10-15 ദിവസത്തെ കേറ്റമുണ്ട്‌.  പഴയ പ്രതാപം കാര്യമായി നശിക്കാത്ത കോവിലകമാണ്‌.  താനും കൊച്ചാപ്പന്റെ മക്കളും മാത്രമായാൽ ഒക്കൂല്ല.  വേറെ മൂന്നാലുപേരുകൂടി വേണം.  നാരായണനോടും, കൊച്ചുവേലായുധനോടും, ഗോപാലനോടും, ശിവനോടും പറഞ്ഞിട്ടുണ്ട്‌.  എന്നാലും അതിരാവിലെ എല്ലാവരേയും പോയി വിളിച്ചു കൂട്ടണം.  ഇല്ലെങ്കിൽ അവന്മാർ എല്ലാം മറന്ന്‌ വേറെ കേറ്റത്തിന്‌ പോവും.  ഒരിക്കലങ്ങനെ പറ്റിയതാണ്‌.  അന്ന്‌ ഏറെ പണിപ്പെട്ടു.
കഴിഞ്ഞാഴ്ച കൊച്ചു വേലായുധൻ സുശീലക്ക്‌ ഒരാലോചന കൊണ്ടുവന്നിട്ടുണ്ട്‌.  കൊച്ചു വേലായുധന്റെ അളിയന്റെ ചേട്ടന്റെ മോനാണ്‌ ചെക്കൻ.  കൊച്ചു വേലായുധന്റെ മോളുടെ കല്യാണത്തിന്‌ വന്നപ്പോൾ അവർ സുശീലയെ കണ്ടത്രെ!  അവർക്കിഷ്ടപ്പെട്ടു.  ചെക്കന്റെ അപ്പൻ മരിച്ചു പോയി. അമ്മയുണ്ട്‌.  രണ്ടു പെങ്ങന്മാരുള്ളതിനെ കെട്ടിച്ചുവിട്ടു.  പ്രാരാബ്ധമൊന്നുമില്ല.  പക്ഷെ, ചോദിച്ചതു കേട്ടപ്പോൾ ചങ്കലച്ചുപോയി. പത്തുപവൻ പൊന്നും, അമ്പതിനായിരം രൂപയും.  ചെക്കന്‌ അതിൽ കൂടുതൽ കിട്ടാൻ പാങ്ങുണ്ടത്രെ!  പക്ഷെ, അവന്‌ പെണ്ണിനെ വല്ലാതെ ബോധിച്ചിരിക്കുന്നു.  അതുകൊണ്ട്‌ ഇതിലൊതുങ്ങും.  പക്ഷെ, ഇത്രയും താൻ കൂട്ടിയാലെവിടെ കൂടാൻ.  ആൺ മക്കളെ നാലുപേരേയും വിവരം അറിയിച്ചു.  ഞങ്ങളെന്തു ചെയ്യാനാ അച്ഛാ?  അച്ഛനാവുമ്പോലെ ചെയ്യ്‌!  എല്ലാവരുടെയും മറുപടി ഒന്നുതന്നെയായിരുന്നു.  തന്റെ ചേട്ടാനിയന്മാർക്കൊന്നും പാങ്ങില്ല.  അല്ലെങ്കിൽ തന്നെ തന്റെ അഞ്ചാൺമക്കൾ പോലും തനിക്കു സഹായത്തിനില്ല.  പിന്നെ വേറെ വല്ലവരുടെയും കാര്യം പറയണോ?
വീടുപണിക്കുപോയി മോള്‌ ഒരു പവന്റെ മാലയും, അര പവന്റെ കമ്മലും ഉണ്ടാക്കി.  അര പവൻ മൂത്തമോള്‌ തരാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.  ഒരു പവൻ മോള്‌ നിൽക്കുന്ന വീട്ടുകാരും തരാമെന്നു പറഞ്ഞതായി കാർത്തു പറഞ്ഞു.  എന്നാലും ബാക്കി 7 പവൻ.  ആകെയുള്ള 7 സെന്റും, വീടും സോസൈറ്റിയിൽ വച്ചാൽ 1 ലക്ഷം രൂപ വായ്പ കിട്ടും.  മാമ്പറ്റെത്തെ തമ്പ്രാൻ പതിനായിരം രൂപ തരാമെന്നു പറഞ്ഞിട്ടുണ്ട്‌.  പക്ഷെ, അതിൽ 7 പവനും, 50,000 രൂപയും, കല്യാണച്ചെലവും കൂടി എവിടെ നിക്കാൻ.  കാർത്തൂന്റെ കാതും, കഴുത്തും മൂത്തവളുടെ കല്യാണത്തിനു തന്നെ പറിച്ചിരുന്നു.  ഇനിയൊന്നുമില്ല.  മൂന്നോ നാലോ പവനായിരുന്നേൽ എങ്ങനേലും ഒപ്പിക്കാമായിരുന്നു.  ഇത്‌ 7 പവന്‌ രൂപയെത്രയാവും.  ഒരാഴ്ചക്കകം മറുപടി പറയണമെന്നാണ്‌ കൊച്ചു വേലായുധൻ പറഞ്ഞത്‌.  പക്ഷെ, എന്തു പറയും!
ങാ! എന്തായാലും മാമ്പറ്റെത്തെ കേറ്റം കഴിയട്ടെ!  ചെറിയമ്പ്രാനോടും വിവരം പറയാം.  എന്തെങ്കിലും വായ്പ ചോദിക്കാം.  മാസം മാസം തിരിച്ചു കൊടുക്കാമെന്നു പറയാം.  തങ്കപ്പെട്ട മനുഷ്യനാണ്‌.  വലിയ എഞ്ചിനീയറാണെന്നുള്ള ഭാവമൊന്നുമില്ല.  തമ്പ്രാട്ടി വേണ്ട തേങ്ങയും, ഇലയും, വാഴക്കുലയും തരാമെന്നു പറഞ്ഞിട്ടുണ്ട്‌.  അപ്പനപ്പൂപ്പന്മാരായി അവിടത്തെ പണിപ്പാട്ടുകാരാണ്‌.  അതു മറന്ന്‌ അവരും, താനും പെരുമാറാറില്ല ഇന്നോളം.
ങാ! തെങ്ങിനെ തൊട്ടു തൊഴുതല്ലേ ദെവസോം തൊടങ്ങണത്‌. നമ്മടമ്മ തെങ്ങാണ്‌.  തെങ്ങ്‌ ചതിക്കൂല.  എങ്ങനേലും ഈ കല്യാണം നടത്തണം. നടക്കും! മൂപ്പിൽത്തേവരും, തന്റെ പരദേവതയും, മാമ്പറ്റെക്കാരും കനിഞ്ഞ്‌ ഇതു നടക്കും. അങ്ങനെ 29-​‍ാം വയസ്സിൽ എന്റെ സുശീലേടെ കഴുത്തിൽ താലി വീഴും.  ദൈവമേ! എല്ലാം നടത്തിത്തരണേ!
നിങ്ങളെന്താ മനുഷേനെ, കിനാവ്‌ കാണാ!  കഞ്ഞി കുടിച്ച്‌ കെടക്കാൻ നോക്ക്‌, നാളെ പൊലർച്ചക്ക്‌ മാമ്പറ്റെ പോണ്ടെ?  കാർത്തുവിന്റെ വർത്തമാനം കേട്ടപ്പോഴാണ്‌ സ്ഥലകാല ബോധം വന്നത്‌.  രാത്രിയായിരിക്കുന്നു.  ഒരുപാട്‌ പ്രതീക്ഷയോടെ പ്രഭാകരൻ എഴുന്നേറ്റു.  രാത്രി കഴിഞ്ഞെത്തുന്ന പുതിയ പുലർകാലത്തിനായ്‌!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...