ആബെ ജേക്കബ്
നാളികേര വികസന ബോർഡ്, കൊച്ചി - 11
പ്രകൃതി അതിന്റെ സുന്ദരഭാവങ്ങൾ കൊണ്ട് അനുഗ്രഹിച്ചിരിക്കുന്ന നാടാണ് നമ്മുടെ കേരളം. അതുകൊണ്ടാണ് ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത്. തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നീണ്ടു കിടക്കുന്ന സഹ്യസാനുക്കളാണ് കേരളത്തിനു സൗന്ദര്യം പകരുന്ന ഒരു ഘടകം. അതേപോലെ വിശാലമായ കടലോരവും നമുക്കുണ്ട്. അറബിക്കടലിന്റെ ഏറ്റവും വശ്യമനോഹരമായ തീരമാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളത്. മലയോരത്തിനും തീരദേശത്തിനും പുറമേയാണ് കേരളത്തിന്റെ ഐശ്വര്യമായ 44 നദികളും അവയുടെ പോഷകനദികളും. ഇതും കൂടാതെ നമുക്ക് നിരവധി കായലുകളും ചെറു തടാകങ്ങളുമുണ്ട്. കേരളത്തിന്റെ സ്വന്തം ജലവാഹനമായ പായ്‌വഞ്ചികളും അവയുടെ ഓട്ടമത്സരവും എല്ലാം കൂടിയാകുമ്പോൾ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സൗന്ദര്യത്തിന്റെയും ആഘോഷങ്ങളുടേയും നാടായി കേരളം മാറുന്നു.
നൂറ്റാണ്ടുകൾക്കു മുന്നേ കേരളത്തിന്റെ പെരുമ വിദേശങ്ങളിലെത്തിച്ചതു നമ്മുടെ സുഗന്ധ നാണ്യവിളകളാണ്. മഹത്തായ ഒരു കാർഷിക പാരമ്പര്യത്തിന്റെ വിശുദ്ധമായ പൈതൃകമാണ് നമുക്കുള്ളത്. തനതു കൃഷി രീതികളും, വിളവെടുപ്പും, മലയാളികൾക്കു മാത്രം പാകം ചെയ്യാൻ സാധിക്കുന്ന വിഭവങ്ങളും എല്ലാം ചേർന്നു രൂപപ്പെടുത്തിയ വൈവിധ്യം നിറഞ്ഞ സംസ്കാരവും കൂടിച്ചേരുമ്പോൾ സത്യത്തിൽ കേരളം സഞ്ചാരികളുടെ പറുദീസയായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി നമ്മൾ കാർഷിക മേഖലാ ടൂറിസത്തെ കാണുന്നത്.
വളരെ കുറഞ്ഞ മുതൽ മുടക്കിൽ വികസിപ്പിച്ചെടുക്കാവുന്ന കാർഷിക വ്യവസായമാണ് ഫാം ടൂറിസം. ശ്രമിച്ചാൽ വലിയ നേട്ടമണ്ടാക്കാൻ സാധിക്കുന്ന രംഗം. വിദേശ ടൂർ ഓപ്പറേറ്റർമാർ പോലും അവരുടെ മുൻഗണനാ പട്ടികയിൽ ഇന്നു കേരളത്തിലെ കൃഷിയിട സന്ദർശനങ്ങളെ ഉൾപ്പെടുത്തി തുടങ്ങിയിരിക്കുന്നു. കാർഷിക വൃത്തിയോട് യഥാർത്ഥ അഭിനിവേശവും നല്ല ഉപചാര മര്യാദകളും പുലർത്തുന്ന പുതുതലമുറയിൽപ്പെട്ട( ഇംഗ്ലീഷ് എങ്കിലും സംസാരിക്കാൻ സാധിക്കുന്ന) കൃഷിക്കാർക്ക് അവരുടെ കൃഷിയിടങ്ങളിൽ നിന്ന് അധിക ആദായമുണ്ടാക്കാനുള്ള മാർഗ്ഗമായി ഫാം ടൂറിസം വളരുകയാണ്.
പച്ചപ്പു തേടുന്ന ടൂറിസം
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇവിടുത്തെ നാട്ടു ജീവിതത്തിലേയ്ക്കും, കൃഷിയിടങ്ങളിലേയ്ക്കും, സംസ്കാരത്തിലേയ്ക്കും കാഴ്ച്ചകളുടെയും അനുഭവങ്ങളുടെയും ജാലകം തുറന്നു കൊടുക്കുക. പെണ്ണാളുകൾ നിരന്നു നിന്ന് ഞാറു നടുന്ന പുഞ്ചപ്പാടം, വരമ്പത്തെ തെങ്ങിൽ നിന്ന് അരയിൽ ഉറപ്പിച്ച കുടുക്ക നിറയെ പുലരിക്കള്ളും ശേഖരിച്ച് ഇറങ്ങി വരുന്ന ചെത്തു തൊഴിലാളി, നാലാൾ ഉയരത്തിൽ കുത്തിനാട്ടി കെട്ടിപ്പൊക്കിയ മുളങ്കമ്പുകളിലിരുന്ന് മെയ്‌വഴക്കത്തോടെ ചക്രം ചവിട്ടി നെല്ലിനു വെള്ളം തിരിച്ചുവിടുന്ന കർഷകൻ, ഒരു കമുകിൻ തലപ്പിൽ നിന്ന് അടുത്തതിലേയ്ക്ക് ആടിയെത്തി മരം പകർന്ന് പഴുക്കയടയ്കക്കുല താഴേയ്ക്ക് ഊർത്തി വിടുന്ന കമുകു കയറ്റക്കാരൻ, കൈത്തോടുകളിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞുപോകുന്ന തരുണീമണികൾ, നാലുകെട്ടും നടുമുറ്റവുമുള്ള വലിയ തറവാടുവീടുകൾ, അവിടുത്തെ അടുക്കളകളിൽ നിന്ന് പ്രഭാതങ്ങളിൽ ഇഡ്ഡലി വേകുമ്പോൾ ഉയരുന്ന ഗന്ധം, നാക്കിലയിലെ പുന്നെല്ലരിച്ചോറിനൊപ്പം നെയ്യും പരിപ്പും പപ്പടവും വിളമ്പുന്ന സ്വാദിഷ്ഠമായ ഊണ്... നോക്കിയാൽ കാഴ്ച്ചകളുടെ വിരുന്നല്ലേ നമുക്കു ചുറ്റും.
കൃഷിയും നാട്ടു ജീവിതവുമാണ് പുതിയ ടൂറിസത്തിന്റെ ആകർഷണങ്ങളായി മാറുന്നത്. കൃഷിഭൂമിയിൽ ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് കേരളത്തെ കാത്തിരിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ ഫാം ടൂറിസം എന്നാൽ കൃഷിയിടത്തിലെ ടൂറിസം തന്നെ. പക്ഷെ ഇവിടെ വിപണനം ചെയ്യപ്പെടുന്നത് സാധാരണ നാം പറയുന്ന ടൂറിസത്തിന്റെ പഞ്ചനക്ഷത്ര സൗകര്യങ്ങളല്ല, നിരവധിയായ ഗ്രാമീണ, കാർഷിക, ഗാർഹിക അനുഭവങ്ങളാണ്. മറുനാട്ടിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് കേട്ടു കേൾവി പോലുമില്ലാത്തത്ര വ്യത്യസ്തവും സമ്പന്നവുമായ അനുഭവങ്ങൾ!! അതു മാത്രം പ്രതീക്ഷിച്ച് എത്തുന്ന സഞ്ചാരികളുണ്ട്. വളരെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും യാത്രചെയ്ത് വരുന്നവരാണിവർ. ടൂറിസവും കൃഷിയും പരസ്പര പൂരകമായ മിശ്രണമാണ്. ഗ്രാമീണ കേരളത്തിന് ടൂറിസത്തിൽ ചുവടുറപ്പിക്കാൻ സാധിക്കുന്നതും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മാത്രമാണ് എന്നോർക്കുക.
നമ്മുടെ കൃഷിയിലേയ്ക്കും സംസ്കാരത്തിലേയ്ക്കും സഞ്ചാരികൾ എത്തുമ്പോൾ അവർക്കായി നാം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കാർഷിക പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടതുമില്ല. കൃഷിയിൽ ചെയ്യേണ്ടതെല്ലാം നമ്മൾ ചെയ്യുന്നു. പക്ഷെ കുറെക്കൂടി ചിട്ടയായും, ആകർഷകമായും, പുറമെ നിന്നു വരുന്നവർക്കു കൂടി മനസിലാകത്തക്ക വിധത്തിലും ആ ജോലികൾ ചെയ്യുന്നു എന്നു മാത്രം. നമ്മുടെ കലാബോധവും സൗന്ദര്യ സങ്കൽപ്പങ്ങളും കാർഷിക പ്രവർത്തനങ്ങളിലേയ്ക്കും കൂടി പകർത്തുന്നു. അത്രമാത്രം മതി. അങ്ങിനെയാണ് കാർഷിക കേരളത്തിന്റെ ജീവിതവും സംസ്കാരവും നിറമുള്ള അനുഭവങ്ങളുടെ വിരുന്നാക്കി നാം മാറ്റുന്നത്. സഞ്ചാരിയാകട്ടെ, ഈ സംസ്കാരത്തിന്റെ മധ്യത്തിൽ ജീവിച്ച്, സ്വയം അതിന്റെ ഭാഗമായിക്കൊണ്ട് തന്റെ വിനോദയാത്രയെ ആയുഷ്കാലത്തേയ്ക്ക് വേണ്ട ഒരു അനുഭവമാക്കി മാറ്റുന്നു. അതുകൊണ്ടാണ് ഒരിക്കൽ വന്നവർ വീണ്ടും തങ്ങൾക്ക് ഇഷ്ടപ്പെട്ട കൃഷിയിടങ്ങൾ തേടി ഇങ്ങോട്ടു വരുന്നതും സുഹൃത്തുക്കളെയും സ്നേഹിതരെയും പറഞ്ഞയക്കുന്നതും.
പരിസ്ഥിതി ടൂറിസത്തിന്റെ ചെറിയ ഒരു ശാഖ മാത്രമാകുന്നു, കാർഷിക ടൂറിസം. പരിസ്ഥിതി ടൂറിസം പ്രകൃതിയിൽ സ്വാഭാവികമായുള്ള ഘടകങ്ങളെ ഉത്പ്പന്നങ്ങളാക്കി മാറ്റുമ്പോൾ കാർഷിക ടൂറിസം ഊന്നൽ കൊടുക്കുന്നത് പ്രകൃതിക്കൊപ്പം കൃഷിയിടത്തിനു കൂടിയാണ്, അത്രേയുള്ളൂ വ്യത്യാസം. പ്രകൃതിയുടെ സ്വാഭാവികമായ പ്രവർത്തനങ്ങളിൽ മനുഷ്യൻ നടത്തുന്ന ഇടപെടലാണല്ലോ കൃഷി. ആ അർത്ഥത്തിൽ ഫാം ടൂറിസത്തിന്റെ ഉത്പ്പന്നങ്ങൾ ഒരേ സമയം പ്രകൃതിയിൽ തന്നെ ഉള്ളവയും അവയ്ക്കു മൂല്യവർധനവ് വരുത്തി എടുക്കുന്നവയുമാകുന്നു. ഗ്രാമത്തിന്റെ പ്രകൃതി ഭംഗി, കൈത്തോടുകൾ, മലനിരകൾ, വയലേലകൾ, മഴക്കാലം, നിലാവുള്ള രാത്രികൾ ഇവയൊക്കെ പ്രകൃതിയിൽ സ്വാഭാവികമായി ഉള്ളവ തന്നെ. എന്നാൽ കൃഷിപ്പണി, വിളവെടുപ്പ്, സംഭരണം, സംസ്കരണം, മീൻപിടിത്തം, നാട്ടു ചന്തകൾ, പാചകം തുടങ്ങിയവ നാം മൂല്യവർധനവ് വരുത്തിയ കാഴ്ച്ചകളും അനുഭവങ്ങളുമായി മാറുന്നു.
അതിഥിയെ മനസിലാക്കുക
ഫാം ടൂറിസത്തിലേയ്ക്ക് ഇറങ്ങാൻ തയാറാകുന്നവർ ചെയ്യേണ്ട ചില ഗൃഹപാഠങ്ങളുണ്ട്. ആദ്യത്തേത് വരാനിരിക്കുന്ന അതിഥിയെ അറിയുക എന്നതാണ്. എന്താണ് നമ്മുടെ അതിഥി ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കുക. കേരളത്തിലേയ്ക്ക് എത്തുന്ന രാജ്യാന്തര സഞ്ചാരികൾക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ട്, അതിലും കൂടുതലായി ആഗ്രഹങ്ങളുണ്ട്. ഒപ്പം മനസിൽ ഓടിയെത്തുന്ന പ്രലോഭനങ്ങളുമുണ്ട്. വിശാലമായ കായൽ തീരങ്ങൾ, ആരോഗ്യ ജീവിതത്തിന്റെ താക്കേലായ ആയുർവേദം, തെക്കുവടക്ക് നീണ്ടു കിടക്കുന്ന കടലോരം, അത്ര തന്നെ വിശാലമായ മലയോരം - ഇവയെല്ലാം കേരളത്തിന്റെ പെരുമകളാണ്. ഇവയ്ക്കെല്ലാം പുറമെ, സഞ്ചാരികൾ കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്ന ഘടകങ്ങളാണ് ഇവിടുത്തെ സംസ്കാരവും നാട്ടുജീവിതവും കൃഷിയും.
യഥാർത്ഥ കേരളം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് എന്ന് അറിയാത്തവരല്ല ഇവിടെ എത്തുന്ന സഞ്ചാരികളിൽ നല്ല ശതമാനവും. പക്ഷെ ഗ്രാമീണ കേരളത്തെ കാണാതെയും പരിചയപ്പെടാതെയുമാണ് അവരൊക്കെ തന്നെ ഓരോ അവധിക്കാലവും കഴിഞ്ഞ് മടങ്ങുന്നത്. കേരളത്തിലെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ദാമ്പത്യത്തിന്റെ പവിത്രതയും ഒക്കെ വിദേശങ്ങളിൽ പ്രശസ്തമാണ്. അത്തരമൊരു കുടുംബാന്തരീക്ഷത്തിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും അവർക്കു കഴിയാറില്ല എന്നതാണ് വാസ്തവം. കുടുംബം, ബന്ധങ്ങൾ തുടങ്ങിയ മൂല്യങ്ങൾക്കൊന്നും വിലയില്ലാത്ത ഒരു സംസ്കാരത്തിൽ നിന്നുമാണല്ലോ അവരുടെ വരവ്. ഫാം ടൂറിസത്തിലൂടെ യഥാർത്ഥത്തിൽ ചെയ്യേണ്ടത് നമ്മുടെ നാടിന്റെ സ്വന്തം സംസ്കാരത്തെയും മൂല്യങ്ങളെയും ഇവർക്ക് പരിചയപ്പെടുത്തുക എന്നതാണ്.
കൃഷിയിടത്തിലെത്തുന്ന സഞ്ചാരികൾ കാഴ്ചകളല്ല ആഗ്രഹിക്കുന്നത്. മറിച്ച് അനുഭവങ്ങളാണ്. അവർക്ക് എത്രമാത്രം വ്യത്യസ്തവും നൂതനവുമായ അനുഭവങ്ങൾ നൽകാൻ സാധിക്കുന്നുവോ അതത്രെ ആതിഥേയൻ എന്ന നിലയിൽ കൃഷിക്കാരന്റെ വിജയം. ഇതിനായി വലിയ വിട്ടുവീഴ്ച്ചകളൊന്നും അയാൾ ചെയ്യേണ്ടതില്ല. സഞ്ചാരി പ്രതീക്ഷിക്കുന്നതും അതല്ല. നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും തനിമയാണ് നാം അവർക്കു പരിചയപ്പെടുത്തേണ്ടത്.
നമുക്കു വിശേഷാൽ പുതുമയൊന്നും തോന്നാത്ത കാഴ്ചകൾ പോലും അവർക്ക് വലിയ അനുഭവങ്ങളായിരിക്കും. തെങ്ങിൽ കയറിയ കുരുമുളകുവള്ളി കായച്ച് നിൽക്കുന്നത്, തെങ്ങു ചെത്തി കള്ള് എടുക്കുന്നത്, തേങ്ങ പൊതിക്കുന്നത്, ചകിരി തല്ലുന്നത്, നാര് പിരിച്ച് കയറാക്കുന്നത് തുടങ്ങിയ കാഴ്ചകളുടെ അനുഭവങ്ങളാണ് അവർ തേടുന്നത്. അതുകൊണ്ടാണല്ലോ അതിൽ ചിലതെങ്കിലും തങ്ങൾക്കു വഴങ്ങുമോ എന്ന് അവർ സ്വയം പരീക്ഷിച്ചു നോക്കുന്നതും. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, അവർക്കൊപ്പം ആരാധനാലയങ്ങളിൽ പോവുക ഇതെല്ലാം അവർക്ക് വിലപ്പെട്ട അനുഭവങ്ങളാണ്.
ഫാം ടൂറിസത്തിലെ സഞ്ചാരിക്കു ലഭിക്കുന്നത് അകൃത്രിമങ്ങളായ കാഴ്ച്ചകളും അനുഭവങ്ങളുമാണ്. ഇത്തരം സ്വാഭാവിക ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായി മാറുന്നതിനു വേണ്ടിയാണ് അവർ കേരളത്തിലെത്തുന്നതും. ടൂറിസ്റ്റിൻ മനസിലാക്കുക എന്നു പറഞ്ഞത് ഈ അറിവിനെയാണ്. രണ്ടാമതായി വേണ്ടത് അവർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നതിനുള്ള തയാറെടുപ്പുകളാണ്. കേരളത്തിന്റെ ഏറ്റവും സുന്ദരമായ മുഖങ്ങൾ സഞ്ചാരിക്കു കാണിച്ചുകൊടുക്കാൻ സാധിക്കുന്നത് ഫാം ടൂറിസത്തിൽ മാത്രമാണ്. കാരണം കൃഷിയിടങ്ങൾ വ്യത്യസ്ത അളവിലും സ്വഭാവത്തിലുമുള്ളവയാണ്. ഒരു കൃഷിയിടത്തിലെ വിളയായിരിക്കില്ല അടുത്തതിൽ. ഒരു തോട്ടത്തിൽ പൂവാണ് കാഴ്ച്ചയെങ്കിൽ അടുത്തതിൽ കായാണ് കാഴ്ച്ച. മറ്റൊന്നിൽ വിളവെടുപ്പായിരിക്കും അപ്പോൾ. ഇതെല്ലാം പ്രകൃതി ഒരുക്കുന്ന കാഴ്ച്ചകളുടെ വിരുന്നാണ്.
അനുഭവങ്ങൾ ... അനുഭവങ്ങൾ
ഫാം ടൂറിസമെന്നാൽ സഞ്ചാരിയെ കൃഷിയിടത്തിന്റെ നാല് അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തുക എന്നതല്ല. അയാളെ അടുത്തുള്ള നാട്ടു ചന്തയിലേയ്ക്കും, ചായക്കടയിലേയ്ക്കും, വായനശാലയിലേയ്ക്കും, തനിയെ അയക്കുക; സൈക്കിൾ സവാരിക്കും, വള്ളംകളിക്കും പക്ഷിനിരീക്ഷണത്തിനും ഒക്കെ കൂട്ടി കൊണ്ടുപോകുക ഇതൊക്ക ആകാവുന്നതാണ്. ഇങ്ങനെയാണ് വൈവിധ്യമാർന്ന അനുഭവങ്ങൾ അയാൾക്ക് ഉണ്ടാകുന്നത്. ഈ അനുഭവങ്ങളാണ് സഞ്ചാരിക്ക് തന്റെ യാത്രയിലെ അമൂല്യമായ സ്വത്താകുന്നത്. അതിനൊപ്പം ശ്രദ്ധ വേണ്ട കാര്യങ്ങൾ - വൃത്തിയുള്ള താമസ സൗകര്യം, അലക്കി വെടിപ്പാക്കിയ വിരികൾ, ടവലുകൾ, ഇരട്ടക്കട്ടിൽ, യൂറോപ്യൻ ടോയ്‌ലറ്റ്, ശുചിത്വമുള്ള പരിസരം, സഞ്ചാരിയെ സ്വന്തം വീട്ടിൽ സ്വീകരിക്കാനുള്ള സന്നദ്ധത. ടൂറിസ്റ്റിന് കൃഷിയിടത്തിൽ താമസമൊരുക്കുന്നത് പണം വാരിയെറിഞ്ഞാകണമെന്നില്ല. ലളിതമായ സംവിധാനങ്ങളാണ് അവർക്ക് ഇഷ്ടം. ഏശി പോലും ആവശ്യപ്പെടാത്തവരാണ് പലരും. താമസ സൗകര്യങ്ങൾ ഒരുക്കമ്പോൾ മുൻതൂക്കം വൃത്തിക്കും ആരോഗ്യ രക്ഷയ്ക്കും ആയിരിക്കണം. നമ്മുടെ വീട്ടിൽ നിത്യോപയോഗത്തിൽ കവിഞ്ഞ വൃത്തിയുള്ള മുറിയുണ്ടെങ്കിൽ അത് അതിഥികൾക്കായി മാറ്റി വയ്ക്കാം. അല്ലെങ്കിൽ ഔട്ട് ഹൗസുകൾ, അതിഥി മുറികൾ ഇവയൊക്കെ ടൂറിസ്റ്റുകൾക്കു വേണ്ടി ഹോംസ്റ്റേകളായി മാറ്റിയെടുക്കാം. ഇതൊന്നുമല്ലെങ്കിൽ വീടിനു സമീപം ചെലവു കുറഞ്ഞ ഏതാനും കോട്ടേജുകൾ നിർമ്മിക്കാം. പണം അധികം ചെലവാക്കാതെയുള്ള സൗന്ദര്യവത്കരണം മതി, പക്ഷെ വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.
താമസ സൗകര്യം ഒരുക്കുമ്പോൾ കിടക്കമുറിക്കൊപ്പമോ അതിലും കൂടുതലായോ പ്രാധാന്യം നൽകേണ്ടത് കുളിമുറിക്കാണ്. വൃത്തിയാണ് ഇവിടെയും ഒന്നാം സ്ഥാനത്ത്. അതിഥിയുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കാൻ സാധിക്കുന്ന സുരക്ഷിതത്വവും ഉണ്ടായിരിക്കണം.
മൂന്നാമത്തേത് നമ്മുടെ മനോഭാവമാണ്. പൂർണമനസോടെയും ആഹ്ലാദത്തോടെയും നമ്മുടെ വീട്ടിൽ അതിഥിയെ ഉൾക്കൊള്ളണം. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ വർഷങ്ങൾക്കു ശേഷം നമ്മുടെ വീട്ടിൽ വരുമ്പോൾ അദ്ദേഹത്തെ എപ്രകാരം സ്വീകരിക്കുന്നുവോ അതുപോലെ അതിഥികളോട് നാം പെരുമാറണം. വീട്ടിലെ ഒരു അംഗത്തെ പോലെ കരുതലോടെ അതിഥിയോട് ഇടപെടാൻ സാധിക്കുന്നതിലാണ് ആതിഥേയന്റെ വിജയം. നാം അവർക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവേന്ന് അവർക്ക് തോന്നണം.
അതിഥീ ദേവോ ഭവ: എന്നതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗം. അതിഥിക്ക് ശ്രദ്ധയും കരുതലും കൊടുക്കുക. എന്നാൽ അവർക്കായി നമ്മുടെ വീടിന്റെ ചിട്ടയും ക്രമങ്ങളും മാറ്റേണ്ടതുമില്ല. കഴിവതും അതിലേയ്ക്ക് അതിഥികളെ കൂടി പങ്കെടുപ്പിക്കുക. വീട്ടിലെ ഭക്ഷണ സമയം, പ്രാർത്ഥനാ സമയം ഇവയൊക്കെ അങ്ങനെ തന്നെ തുടരട്ടെ, വീടിന്റെ സമയക്രമങ്ങളിൽ ഒരു വിട്ടുവീഴ്ച്ചകളും ആവശ്യമില്ല.
അതുപോലെ അതിഥികൾക്കു വേറെ മേശ, അവിടെ വേറെ ഭക്ഷണം എന്നതാവരുത്ത് രീതി. വീട്ടുകാരുടെ മേശയിൽ അതിഥികൾക്കും വീട്ടുകാർ കഴിക്കുന്ന ഭക്ഷണം വിളമ്പുക. പക്ഷെ അവർ ഭക്ഷണം കഴിക്കുന്നതും നടക്കുന്നതും വർത്തമാനം പറയുന്നതും സദാ നോക്കിക്കൊണ്ടു നിൽക്കുന്ന ആരും വീട്ടിൽ ഉണ്ടാവരുത്ത്. എന്നാൽ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിറവേറ്റുന്ന കരുതൽ ആവശ്യവുമാണ്. അവരുടെ സ്വകാര്യതയാണ് നാം ഏറ്റവും ആദരിക്കേണ്ടത്.
ടൂറിസം വിപണി
സൗകര്യങ്ങൾ ഒരുക്കുന്നതില്ല, അതിഥികൾ നമ്മുടെ പക്കലേയ്ക്ക് എത്തി കിട്ടുന്നതിനാണ് തുടക്കത്തിൽ പ്രയാസം. ഒരിക്കൽ അതിഥികൾ എത്താൻ തുടങ്ങിയാൽ പിന്നെ കാര്യങ്ങൾ ക്രമമായി നീങ്ങി കൊള്ളും. നിങ്ങൾ ഒരുക്കുന്ന സൗകര്യം ആളുകൾ അറിയുന്നതും യഥാർത്ഥ ഗുണഭോക്താവ് നിങ്ങളുടെ സൗകര്യങ്ങൾ അനുഭവിക്കാൻ എത്തുന്നതുമാണ് ടൂറിസത്തിലെ വിപണനം. തുടക്കത്തിൽ ഏതെങ്കിലും ടൂർ ഓപ്പറേറ്റർമാരുടെ സഹായം വേണ്ടിവരും. കാരണം വിവിധ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളെ സംഘമായി കൊണ്ടുവരുന്നതും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും ടൂർ ഓപ്പറേറ്റർമാരാണ്. പക്ഷെ അവർ കനത്ത കമ്മിഷൻ കൈപ്പറ്റുന്നവർ കൂടിയാണ്. എങ്കിൽ പോലും മറ്റു മാർഗ്ഗങ്ങളില്ല.
ഇന്ന് ടൂറിസം വിപണനത്തിന് ഏറ്റവും പറ്റിയ ബദൽ മാർഗ്ഗം ഇന്റർനെറ്റ് തന്നെയാണ്. സ്വന്തമായി ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നത് ഇപ്പോൾ വലിയ ചെലവേറിയ കാര്യമേയല്ല. ഫാം ടൂറിസത്തിലേയ്ക്ക് മുതൽമുടക്കുന്നവർക്കെല്ലാം സ്വന്തമായി വെബ്സൈറ്റ് കൂടിയേ തീരൂ. സൈറ്റ് ഉണ്ടാക്കിയാൽ മാത്രം പോരാ, അത് എപ്പോഴും അപ്ഡേറ്റ് ചെയ്യുക, സൈറ്റുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന സേർച്ച് എൻജിനുകളിൽ ആദ്യ നിരയിൽ തന്നെ നമ്മുടെ സൈറ്റ് ലിസ്റ്റ് ചെയ്യപ്പെടാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുക, ഓൺലൈനിൽ വരുന്ന അന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി അയക്കുക ഇതൊക്കെ നിഷ്ഠയോടെ പൈന്തുടരണം. ഇന്ന് ലേകം മുഴുവനുള്ള ടൂറിസ്റ്റുകൾ അവരുടെ യാത്രകൾ ചിട്ടപ്പെടുത്താൻ ആശ്രയിക്കുന്നത് വെബ്സൈറ്റുകളെയാണ്. ബുക്കിംങ്ങ് ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സഞ്ചാരികൾ ചെയ്യുന്നത് നെറ്റുവഴിയാണ്. വിപണത്തിനുള്ള മറ്റൊരു മാർഗ്ഗം നേർസാക്ഷ്യങ്ങളാണ്. ഒരു അതിഥിയെ നന്നായി സത്ക്കരിച്ച് മടക്കിയാൽ ലക്ഷ്യം പകുതി നേടി എന്നു കരുതാം. കാരണം, അയാൾക്ക് ഏതു തരത്തിലുള്ള അനുഭവമാണ് നമുക്ക് നൽകാൻ കഴിഞ്ഞത് എന്നതിനെ ആശ്രയിച്ചാണ് തുടർന്നുള്ള സഞ്ചാരികളുടെ വരവ്. സ്വദേശത്ത് തിരിച്ചെത്തിയാൽ അവർ നൽകുന്ന സാക്ഷ്യമാണ് പിന്നീടു വരാനിരിക്കുന്നവർക്കുള്ള ഏറ്റവും നല്ല വഴികാട്ടി. അതുകൊണ്ട് അതിഥികൾക്ക് പരമാവധി ആസ്വദ്യകരവും അവിസ്മരണീയവുമായ അവധിക്കാലങ്ങൾ സമ്മാനിക്കാൻ നമുക്കു സാധിക്കണം.
നല്ല ആതിഥേയനാവുക
ഇവിടെ ഒന്നാമതായി അതിഥികളുടെ ഭക്ഷശീലങ്ങളും മറ്റ് ആവശ്യങ്ങളുമാണ് ശ്രദ്ധിക്കേണ്ടത്. മിക്ക അതിഥികളും കേരളത്തിന്റെ സ്വന്തം ഭക്ഷണങ്ങൾ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരും ആവശ്യപ്പെടുന്നവരുമാണ്. തങ്ങൾ ശീലിച്ച ഭക്ഷണം ആവശ്യപ്പെടുന്നവരും ചുരുക്കമായുണ്ട്. സാധിക്കുന്നത്ര വഴങ്ങുക. എന്നു കരുതി ഒരാൾ മെക്സിക്കൻ ഭക്ഷണം ആവശ്യപ്പെട്ടാൽ അതുണ്ടാക്കാൻ കുക്കിനെ തേടി പേകേണ്ടതില്ല. കഴിവതും മസാലകളും എരിവും കുറഞ്ഞ ഭക്ഷണങ്ങൾ തയാറാക്കുക. ആർക്കെങ്കിലും മസാലയോ എരിവോ കൂടുതൽ വേണമെങ്കിൽ അവർ ആവശ്യപ്പെടും. അപ്പോൾ മാത്രം അതിനു തുനിയുക. നമ്മുടെ തനി നാടൻ ഭക്ഷണങ്ങൾ (ഉദാഹരണത്തിന് കപ്പ) രുചിക്കാൻ നൽകി, അതിഥികളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതൽ വിളമ്പുക. ഒരിക്കൽ പോലും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. മതി എന്ന് പറഞ്ഞാൽ അവിടെ നിറുത്തുക. ഭക്ഷണം കഴിപ്പിച്ചേ അടങ്ങൂ എന്ന വാശി വേണ്ട. ഭക്ഷണം മേശപ്പുറത്തു വച്ചാൽ മതി, അവർ ആവശ്യമുള്ളത് എടുത്തുകൊള്ളും. കഴിവും വീട്ടുകാർകൂടി അവർക്കൊപ്പം ഭക്ഷണം കഴിക്കുക. കഴിക്കാത്തവർ അവിടെ നോക്കി നിൽക്കുകയുമരുത്.
കുടിക്കാൻ നൽകുന്ന വെള്ളത്തിന്റെ കാര്യത്തിലാണ് രണ്ടാമതായി ഏറ്റവും ശ്രദ്ധ വേണ്ടത്. നമ്മുടെ വീട്ടുമുറ്റത്തെ കിണർ വെള്ളത്തിന്റെ ശുദ്ധിയിൽ നമുക്ക് പൂർണ വിശ്വാസം ഉണ്ടാകാം. പക്ഷെ അവർക്ക് ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടു കഴിവതും കുപ്പികളിൽ ലഭിക്കുന്ന മിനറൽ വാട്ടർ മാത്രം നൽകുക. അതിഥികൾക്ക് അവരുടെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക. സദാ അവരുടെ മുറികൾക്കു സമീപം ചുറ്റിപ്പറ്റി നിൽക്കുകയും ഉപചാരങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കാതിരിക്കുകയും ചെയ്യുക. സുപ്രധാനമായ മൂന്നാമത്തെ കാര്യം, സാധിക്കുന്ന കാര്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുക, നൽകുന്ന വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റുക എന്നതാണ്.