വീട് വിളിയ്ക്കുന്നു

പീതാംബരൻ കേശവൻ
വീടൊരു കെടാ വിളക്കായ് 
കത്തി നില്ക്കുന്നു ;കരളിൽ 
കാഞ്ചന ദീപ്തികൾ,
കല്പാന്ത സത്യങ്ങൾ 
അമ്മ വിളിയ്ക്കുന്ന നേർത്ത 
വിളിയൊച്ചകള ച്ഛന്റെ വാക്കിൽ 
കനക്കുന്ന ദാർഷ്ട്യങ്ങൾ 
കാറ്റിൽ വിറയ്ക്കുന്ന മുല്ലകൾ 
കാളിപ്പനയിൽ വന്നു ചൊല്ലി-
പിണങ്ങുന്ന കാട്ടു കിളിപ്പറ്റ-
മന്തിയ്ക്കു തേന്മാവിൻ ചില്ലയിൽ 
ചെക്കേരറുമായിരം കാടക-
ളഞ്ചു തിരിയിട്ടു കത്തിയ്ക്കു-
മന്തി വിളക്കിന്നടുത്തു പടിഞ്ഞിരു-
ന്നെന്നും ജപിയ്ക്കുന്ന കീർത്തനം,
കേൾക്കാതെ പോകുന്നിന്നു കേട്ടു 
മറന്നൊരാ കേഴ്വിപ്പഴമകൾ;
കേളി കൊട്ടിൻ ദ്രുത 
താള വിഭ്രാന്തികൾ.
വീട് ശരിയുടെ തെറ്റിന്റെ കൊച്ചു 
വർത്തമാനങ്ങൾ കോർത്തൊരു 
പൂത സ്മരണയായുള്ളിൽ നിറയുന്നു 
നിദ്രയീ രാത്രിയെ വിട്ടു പോകുന്നു,,
നിഴൽ പോലെ മാറാതെ മാറാതെ 
പിന്തുടരുന്നു പിഴവുകൾ.
പേടിപ്പെടുത്തുന്നു പേക്കിനാവി-
ന്നർത്ഥ ശങ്കകൾ,ശരിയെന്നുറ ച്ചവ
തെറ്റായറിവിന്റെ  ദീർഘ
പഥങ്ങളിൽ മായാത്ത കാലടി-
പ്പാടുകളാകുന്നിതിഹാസ രേഖക-
ളക്ഷരം കൊത്തിയ ശിലാ-
ഫലകങ്ങളിൽ കണ്ടു മുട്ടുന്നൂ 
കാലത്രയത്തിന്നഗ്നി വർഷങ്ങളും 
മായ്ക്കാത്ത സ്നേഹം കൊരുത്തതാം 
കൊച്ചു നീഡങ്ങൾ വീടുകൾ!
വീടു വിളിയ്ക്കുന്നു, വൃത്തിയായ്
 ചാണകം മെഴുകിയ മുറ്റത്തു
 കൊത്താരം കല്ല്‌ കളിയ്ക്കുന്ന ചേച്ചിമാർ
ചേലിൽ മുടിയിഴ പിന്നിയിടട്ടേറെ 
ചിരിച്ചാർത്തു കൈ വിരൽ തുമ്പിൽ 
കൊത്തിയെടുക്കുന്ന കല്ലുകൾ,
കാണുവാനെന്തു ചന്തം ചാന്തു പൊട്ടും
 കരിമഷി കണ്ണും,കലപിലയൊച്ചകൾ
 കല്പിച്ചൊ തുക്കീടു മവരുടെ
മൂത്തവരോടി നടക്കുന്നോരോരോ
 ജോലികൾ തീരാതെ തീരാതെ, 
തീർത്ഥത്തിൽ മുങ്ങി നിവരുന്ന കുട്ടികൾ 
കൂട്ടിനു പോയി കുളക്കരെ 
കുത്തിയിരിയ്ക്കുന്ന കൊച്ചുനാൾ 
കൂട്ടുകാർ നീട്ടിയ കുന്നി മണിയുടെ 
ഭംഗിയിലെല്ലാം മറന്നൊരു സ്നേഹ 
സ്മരണകൾ,സ്നിഗ്ദ്ധ സാന്ദ്രം 
ഗൃഹാതുര സാന്ത്വനം!
വീട് പെരുകുന്നോരാശയായുള്ളിൽ
ശിലാ ഖണ്ഡമായ് കട്ടയായ് 
പൊടിയുന്ന ശിലയും മണലുമായ്
കമ്പിയായ് വാർപ്പിന്നുറപ്പാം
സിമന്റായ് മരമായ്‌ പ്രയത്നങ്ങളാ-
യച്ചു തൂണായടിസ്ഥാനമായ് 
ഭിത്തിയായാകാശത്തിനു കീഴെ 
കയറി കിടക്കാനൊരു മേല്ക്കൂരയായ് 
മഴയെ ചെറുക്കുന്നൊരഭയമാ-
യജ്ഞാത ഭീതികൾ കൊട്ടിയടയ്ക്കുന്ന
കതകിൻ പുറത്തു പതിയിരിയ്ക്കുമ്പൊഴും 
സുരക്ഷിതമുറങ്ങുവാനുള്ളോ-
രിടമായിഷ്ടരോടൊത്തു സല്ലപിച്ചും;
സന്തത സഹാചാരിയാം ദേഷ്യം 
കലർന്നോരഭി ശപ്ത നേരങ്ങൾ 
പങ്കു വച്ചും,പ്രാണനിൽ വീട്
 വ്യക്താവ്യക്ത ബന്ധനമാകുന്നു.
വീട് വിചാരമായുള്ളിൽ നടുക്കുന്നൊ 
രോർമ്മയായാൽമര കൊമ്പത്ത് തൂങ്ങും കട-
വാവൽ പറ്റമായന്തിയ്ക്കു ചിറകടിയ്ക്കുന്നു;
ചില നേരമാറ്റു വക്കത്തെ ചേരിനെ 
തൊട്ടു തീണ്ടിയ ഭീതിയായ് താന്നിയെ ചുറ്റി 
പൊറുക്കുവാനോതിയ ബാല്യമായ് 
കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞോടിയ
കുസൃതിയായ്;കൂടെ പറന്നെത്തിയ 
കടന്നൽ കൂട്ടമായ്‌ കരിന്തേളും പാമ്പുമായ് 
തൊടിയിലെ കൈതകാട്ടി ലിഴഞ്ഞേറു
മോർമ്മകളൊട്ടു ദൂരെ പറങ്കി മാന്തോട്ടത്തിൽ
കയറിൽ തൂങ്ങിയ പ്രേതമായാരെയും 
കൂസാത്തൊരന്തോണി ചട്ടമ്പിയാ 
യങ്ങാടിയിൽ ചോപ്പു ചേലകൾ ചുറ്റി-
പുലമ്പുന്ന ഭ്രാന്തിയായങ്ങിങ്ങു ചക്ര-
വാളത്തിൽ പരക്കുന്ന കാർമേഘമായ് 
കാലാവർഷ കെടുതിയായ്,വേനൽ 
വരൾച്ചയായുള്ളിൽ നിറയുന്നു.
വീട് കൊതിയ്ക്കുന്ന കൈവള
 കിലുക്കമായ്; കൈവഴികൾ തോറും
 നിറഞ്ഞ കുണുങ്ങി ചിരികളായ്‌ 
നാട്ടു മാഞ്ചോട്ടിൽ കാറ്റത്തു വീഴും 
മാമ്പഴ പുളിയും മധുരവുമായ് 
മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്നൊ-
രമ്പല കോണിലെ കൽവിളക്കിൽ 
കത്തുന്ന തിരികളായന്തിക്കു ദീപം 
തോഴാനെത്തു മംഗനമാർ തൻ ഭക്തി 
നിർഭര സന്ധ്യകളായാരോരും കാണാതെ 
കൈവിരൽ തുമ്പമർത്തി പിടിച്ചു 
വേലിയ്ക്കലോളം ചെന്നു,പടിവാതിലിൽ 
പിരിഞ്ഞൊരു പ്രണയ മായെങ്ങു നിന്നോ 
വീശിയൊരു കാറ്റായതിൽ പൊട്ടി വീണൊരു 
ചില്ലയായുച്ചയ്ക്കു മുമ്പേ മങ്ങിയൊരു 
പകൽ പോൽ മനസ്സിൽ നിറയുന്നു.
വീട് വിളിയ്ക്കുന്നു;മക്കൾ ചിരിയ്ക്കുന്നു 
മാമ്പൂ മണക്കുന്ന മകരത്തിലെ കുളിർ 
രാത്രിയിൽ കൂടെ പ്രിയ സാദ്ധ്വി കരയുന്നു.
വീട് വിനയമായച്ഛ ന്റെ വാർദ്ധക്യമാ-
യമ്മയുടെ രോഗാർത്ത നൊമ്പരമായ് 
പെങ്ങളുടെ തീരാത്ത സ്നേഹ കടങ്ങളായ്,
കാട്ടു വഴിയും കയറ്റിറക്കങ്ങളുമാ-
യേട്ടന്റെ വാക്കിൽ കുഴയുന്ന ജീവിത 
ക്ലേശമായായിരം കാതങ്ങൾ താണ്ടുന്ന 
വണ്ടിയുടെ ചൂളമായെങ്ങുമേ കൂട്ടി മുട്ടാത്ത 
പാളങ്ങളായ് തിരിച്ചെത്തുവാൻ,തീരാ 
വ്യഥകളായ് വീട് വിളിയ്ക്കുന്നു.
ദേശാടങ്ങളിലെങ്ങുമുറയ്ക്കാത്ത ചിന്തക-
ളെത്തുന്നൊടുക്കമിടവഴിയോരത്തെ 
പൂക്കളിൽ തേൻ കുടിയ്ക്കുന്ന ശലഭങ്ങളി-
ലന്തി മൂർച്ചിയ്ക്കെ,കിളികളെ 
കൂടു വിളിയ്ക്കുന്നു;നമ്മളെ 
വീട് വിളിയ്ക്കുന്നു !

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?