മേമുറി ശ്രീനിവാസൻ
പാലൊളിപ്പുഞ്ചിരി തൂകിയെത്തി വീണ്ടും
പൊന്നോണപ്പൂക്കാലമൊരു വേളകൂടി
മാനം തെളിഞ്ഞല്ലോ മേഘമകന്നല്ലോ
താരകം പോലെ വിടർന്നു കതിർക്കുല
ഓണനിലാവിൻ പ്രഭതഴുകീ രാവിൽ
മുല്ലയും പിച്ചിയും മുഖമൊന്നുയർത്തി
നെല്ലിൻ കതിർക്കുല നിന്നുവണങ്ങി
പത്തായം നിറയുന്ന ദിനമിങ്ങടുത്തു.
ചെത്തീ,ജമന്തീ തക മുക്കൂറ്റി, മന്ദാരം,
തുമ്പയും പിച്ചിയും കായാമ്പൂ, കോംഗ്ങ്ങിണി
എല്ലാം മധുരമീയോർമ്മയിൽ മിന്നുന്നു
കേഴുന്നു പൊയ്പോയ കാലം വരില്ലിനി.
ഒറ്റയും പെട്ടയും ഊഞ്ഞാൽക്കളികളും
ആട്ടവും പാട്ടും തിരുവാതിര, തുമ്പിയും
എല്ലാമൊരോർമ്മതൻ, ചെപ്പിലൊളിപ്പിച്ച്
നവനവകേളികൾ കാണുന്നു ടീവിയിൽ?
നാടിന്റെ നാനാമുഖം കണ്ടിടേണ്ടിന്ന്
ഒതുക്കിടാം ലോകത്തെയകത്തളത്തിൽ
വള്ളം കളികളും പൂക്കളമത്സരം
എല്ലാം നടത്തിടും ടീവി, കമ്പ്യൂട്ടറും
അച്ഛനുമമ്മയും രണ്ട് കുഞ്ഞുങ്ങളും
ഒത്താലോരോണത്തിൻ മേളമായ് മാറ്റിടാം
കൂട്ടുകാർ വേണ്ടാ അയൽബന്ധുവുംവേണ്ടാ
അറിവുകൾ കൂടിയോർ ബുദ്ധിമതികളാം?
കള്ളവുമേറെച്ചതിയും കൊലകളും
ഇന്നു സംസ്കാരത്തിൽ ജീവിതമന്ത്രണം
സ്നേഹ സത്യം ദയകാരുണ്യമേലാത്ത-
ആഗോളകമ്പോള മാത്സര്യമേറുന്നു!
ഇവിടെതകരുന്നു നമ്മുടെ സംസ്കാരം
മാധുര്യമേർറൂമീ പൈതൃകക്കണ്ണിയും
ഒരുമെയ്യായ് വീണ്ടും നമുക്കൊത്തുകൂടിടാം
പൊന്നോണനാളുകൾ വീണ്ടെടുത്തീടുവാൻ