വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ കേര ബല തൈലം


ഡോ. എം. രതീഷ്‌
അസിസ്റ്റന്റ്‌ പ്രോഫസർ, ബയോകെമിസ്ട്രി വിഭാഗം, സെന്റ്‌ തോമസ്‌ കോളേജ്‌, പാല

വേദന സംബന്ധമായ രോഗങ്ങളിൽ ഒന്നാം സ്ഥാനത്താണ്‌ സന്ധിവാതം. നീരു വീക്കത്തോടെയുള്ള സന്ധിവാതം ഗുരുതരമായ രോഗാവസ്ഥയാണ്‌. വാതരോഗം ബാധിച്ച കോശങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട്‌ ക്രമേണ കാർട്ടിലേജ്‌, ലിഗ്‌മന്റ്‌ തുടങ്ങിയവയുടെ നാശത്തിനു കാരണമാകുന്നു. ലോക ജനതയിൽ 1% ആളുകൾ ഈ രോഗത്താൽ കഷ്ടത അനുഭവിക്കുന്നവരാണ്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകളിലാണ്‌ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്‌.
സന്ധിവാതം ഉൾപ്പെടെയുള്ള വാതരോഗങ്ങൾക്കു ആധുനിക ചികിത്സാ ശാസ്ത്രം ഇതുവരെ ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്തിയിട്ടില്ല. ഇപ്പോൾ നിലവിലുള്ള മരുന്നുകളിൽ ഭൂരിഭാഗവും പലവിധത്തിലുള്ള പാർശ്വ ഫലങ്ങൾക്കു കാരണമാകുന്നു എന്നതും ഈ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. വാത സംബന്ധമായ രോഗങ്ങൾക്കു ഒരു ശാശ്വത പരിഹാരം കാണുന്നതിനായി പാലാ സെന്റ്‌ തോമസ്‌ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം, നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന ഗവേഷണം ആദ്യഘട്ടം പിന്നിട്ടു. ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ്‌ പ്രോഫസർ ഡോ. എം. രതീഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണത്തിൽ റിസർച്ച്‌ അസിസ്റ്റന്റ്‌ ആയി എ. വൈശാഖ്‌, ജിക്കു മാർട്ടിൻ ജേക്കബ്‌ എന്നിവരും പ്രവർത്തിക്കുന്നു. വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌ നിർമ്മിച്ച കേരബലതൈലം സന്ധിവാത സംബന്ധമായ നീർവീക്കത്തിനും വേദനയ്ക്കും പരിഹാരമായി മാറുന്നതായി ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. സ്വാഭാവിക ആന്റിഓക്സിഡന്റുകളുടെ കലവറയായ കേരബലതൈലം ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിച്ചു കോശങ്ങളെ സംരക്ഷിക്കുന്നു എന്നതാണ്‌ ഗവേഷണ ഫലം. മനുഷ്യ ശരീരത്തിലെ എല്ലുകളെയും കോശങ്ങളെയും പുനരുജ്ജീവിപ്പിക്കാനും ഈ മരുന്നിനു ശേഷിയുള്ളതായി പരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.
നിശ്ചിതമായ അനുപാതത്തിൽ വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌ പ്രത്യേക ഊഷ്മാവിൽ പാകപ്പെടുത്തിയ കേര ബലതൈലത്തിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി. നീർ വീക്ക സംബന്ധമായ പരീക്ഷണങ്ങളിൽ, വളരെ കുറഞ്ഞ അളവിലുള്ള കേരബലതൈലം നീർവീക്കത്തെ തുടർന്ന്‌ ശരീരത്തിൽ ഉണ്ടാകുന്ന പദാർത്ഥങ്ങളായ ഹിസ്റ്റാമിൻ, സെറാടോനിൻ, പ്രോസ്റ്റാ ഗ്ലാന്റിൻ, പ്രോട്ടിയേസ്‌, ലൈസോസോം എന്നിവയെ ലഘൂകരിക്കുകയും അവയുടെ ഉത്പാദനത്തെ തടയുകയും ചെയ്യുന്നു. തന്മൂലം രോഗിയുടെ നീർവീക്കത്തിനു കുറവുണ്ടാവുന്നു. കാർട്ടിലേജ്‌, ലിഗ്‌മന്റ്‌ പോലുള്ള ഭാഗങ്ങളുടെ തകരാറിനുള്ള സാദ്ധ്യതയും ഇല്ലാതാക്കുന്നു.
രണ്ടാംഘട്ട ഗവേഷണത്തിന്റെ ഭാഗമായി കേര ബലതൈലത്തിന്റെ സെല്ലുലോർ സ്റ്റഡിയും - മോളിക്യൂലാർ ലെവൽ ആക്ഷനും പരീക്ഷണ വിധേയമാക്കുന്നു. ഈ പരീക്ഷണം കൂടി പൂർത്തിയാകുമ്പോൾ വാതസംബന്ധമായ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രോഗികൾക്കു പാർശ്വഫലങ്ങളില്ലാതെ, കുറഞ്ഞ ചിലവിൽ, വെന്ത വെളിച്ചെണ്ണയിൽ നിന്നുള്ള കേരബല തൈലം പരിഹാരമാകുമെന്നു സെന്റ്‌ തോമസ്‌ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം അവകാശപ്പെടുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ