Skip to main content

ജീവിതത്തിലേക്ക്‌ ഒരു വിളി


ബിനോജ്‌ കാലായിൽ

നിർത്താതെയുള്ള ഫോൺ ശബ്ദമാണ്‌ ഉറക്കത്തിൽ നിന്നും ഉണർത്തിയത്‌. 'ശല്യം, ഈ വെളുക്കപ്പുറത്താരാണാവോ'. ഉറക്കം മുറിഞ്ഞതിലുളള നീരസത്തോടെ ഫോണെടുത്തു. ബഷീറാണ്‌....ഗൾഫിൽ ഒപ്പം ജോലി ചെയ്തിരുന്നയാളാണ്‌. അവിടുത്തെ സ്വദേശിവത്ക്കരണത്തിന്റെ ആദ്യ ഇരകളിലൊരുവനായ ഹതഭാഗ്യൻ. ഇനി വല്ല കാശിനുമാണോ വിളിക്കുന്നത്‌...ഛെ....കയ്യിൽ പത്ത്‌ കാശില്ല....
" ഹലോ...." ചുണ്ടിൽ നിന്നും വിട്ടുപോരാൻ വിസമ്മതിച്ച പോലെ വരണ്ട ശബ്ദം  നേർത്ത്‌ പുറത്തേക്ക്‌ വന്നു.
"അളിയപ്പാ.. നീ എവിടാടാ......ഞാൻ കുറച്ചീസായി നിന്നെ വിളിക്കണു...." അവന്റെ ശബ്ദത്തിലൊരു പുതിയാവേശവും സന്തോഷവും തിരതല്ലുന്നു.
അതുകേട്ടിട്ടാവണം മറുപടിയും അൽപം ഉഷാറിലായിരുന്നു. " ന്റിഷ്ടാ..... ആകെ.. ടെൻഷൻ.. അതോണ്ട്‌.. ഞാൻ..... കുഞ്ഞുമോളും പിള്ളേരേം കൂട്ടി വേളാങ്കണ്ണിയൊക്കെയൊന്ന്‌ കറങ്ങി.....തിരികെ വന്ന വഴി.. ഇവടെ ഏളേപ്പന്റെ വീടുണ്ടല്ലോ.........കുമളീല്‌..
.. രണ്ടീസം അവിടേം കൂടി......"
"ങും അതാണ്‌ വിളിച്ചിട്ടു കിട്ടാഞ്ഞേ... ന്തേ നീ ഫോണെടുത്തില്ലേ.... സ്വിച്ച്‌ ഓഫ്‌, ഔട്ട്‌ ഓഫ്‌ കവറേജ്‌ എന്നൊക്കെ പ്പറേണ്‌"....
" ബഷീ.... നിനക്കറിയാല്ലോ..... ആകെ എടങ്ങേറാണ്‌.... പെട്ടെന്ന്‌ പോരേണ്ടി വരുന്നുള്ള വല്ല വിചാരോണ്ടായിരുന്നാ... സ്വരുക്കൂട്ടിയ പൊട്ടും പൊടീം... ലോണും കിട്ടാവുന്ന കടവുമൊക്കെ മേടിച്ച്‌ വീടൊരെണ്ണം തല്ലിക്കൂട്ടീ മൂന്നാം മാസമാ... തിരിച്ചു കേറേണ്ടി വന്നത്‌.......പെരവാർപ്പിന്‌ പൊടിച്ച കാശുണ്ടായിരുന്നേ... പിള്ളേരുടെ ഫീസേങ്കിലും കൊടുക്കാമായിരുന്നെന്ന്‌ കുഞ്ഞുമോള്‌ പറയും......ഇച്ചിരി മനസ്സമാധാനം കിട്ടാനാ പോയത്‌....അതിന്റെയെടേൽ ഇതിന്റെ സൊര്യൈക്കേട്‌ കൂടി വേണ്ടെന്നോർത്ത്‌ ഞാനിതങ്ങോട്ട്‌ സ്വിച്ച്‌ ഓഫ്‌ ചെയ്തു"
"സെബാനേ...... കേറിപ്പോരുമ്പോ എന്റെ മുന്നിലും വേറെ വഴിയൊന്നുമില്ലായിരുന്നു......... പിന്നെ വരുന്നത്‌ വരുന്നേടത്ത്‌ വെച്ച്‌ കാണാന്നുള്ള ഒരു ധൈര്യം ഉണ്ടായിരുന്നു........ ആട്ടെ നീയിപ്പം പണിക്കൊന്നും പോണില്ലേ"
" ഇല്ലെന്റെ ബഷീറേ.....പലയിടത്തും അന്വേഷിച്ചു.... നമുക്കുപറ്റിയത്‌ ഒത്തുവരണ്ടേ......പല പരിചയക്കാരും ഫോണെടുക്കാത്ത സ്ഥിതിയായപ്പോ ഞാൻ തൊഴിലന്വേഷിച്ചുള്ള വിളീം നിർത്തി.... പിന്നെ ഒന്നു രണ്ടിടത്ത്‌ റെഡിയായിടത്ത്‌ തീരെ പൈസേം ഇല്ലാന്ന്‌......ഇപ്പോ അവിടെയാണേലും കേറിയേ പറ്റൂ....സ്ഥിതിയാകെ കഷ്ടാകുവാണ്‌.... പിള്ളേരുടെ പഠിത്തം, ലോണടവ്‌......വീട്ടുചെലവ്‌.... ഓർക്കുമ്പോതന്നെ ഭ്രാന്ത്‌ പിടിക്കുന്നു"
" നിനക്ക്‌ എന്നെയൊന്നു വിളിക്കായിരുന്നില്ലേ....." അവന്റെ സ്വരത്തിൽ നേരിയ പരിഭവം
" അതല്ല മച്ചാനേ..... നീ എനിക്കും മുൻപേ കേറിയവൻ...... നിന്റെ വീട്ടിലെ കാര്യങ്ങളും എനിക്കറിയാല്ലോ.....ആദ്യം ഞാനാലോചിച്ചതാ...... പിന്നെ വിളിക്കാൻ എന്തോ.... മടി............... " ക്ഷമാപണം കലർന്നിരുന്നു മറുപടിയിൽ.
"ങും........സെബാനേ മണലാരണ്യത്തിൽ ചുട്ടുപൊള്ളുന്ന സൂര്യന്റെ നേരെ ചോട്ടിൽ നിന്ന്‌ വിയർത്തൊലിച്ച്‌ കരുവാളിച്ച്‌ നിന്ന്‌ പണിയെടുക്കുമ്പോ..... ഒരു നിമിഷം മുമ്പ്‌ നാട്ടിലെത്താൻ എത്ര കൊതിച്ചവരാ നമ്മൾ....... എന്നിട്ടിപ്പോ.... നാട്ടിലെത്തിയപ്പോ നീ വിചാരിക്കുന്നു... ആ നരകത്തീയായിരുന്നു സ്വർഗ്ഗമെന്ന്‌....... ഓരോ പ്രവാസിയുടേയും വിധിയാണത്‌.." അവന്റെ ശബ്ദത്തിൽ നൊമ്പരമലിഞ്ഞ ആർദ്രത.
"അതേ ബഷീറേ..... നമുക്ക്‌ ചുറ്റുമുള്ളവരുടെ സന്തോഷത്തിനും, ജീവിതത്തിനും വേണ്ടി കഷ്ടപ്പെടുന്നത്‌ ഒരു സുഖം തന്നെയാണ്‌...... എന്തുപണിയും ചെയ്യാമെന്നും... എങ്ങിനേയും ജീവിക്കാമെന്നുമൊക്കെ... ഞാൻ സ്വരുക്കൂട്ടിയ ധൈര്യമൊക്കെ ഇപ്പോ ചോർന്ന്‌ പോകുന്ന പോലെ........"ശബ്ദമിടറാതിരിക്കാൻ ഞാൻ പണിപ്പെട്ടു. വിഷയം മാറ്റാനായി എന്റെ ശ്രമം "നിന്റെ വിശേഷമൊന്നും പറഞ്ഞില്ലല്ലോ ?"
" ങാ... അളിയാ...വിശേഷം കുറേപറയാനുണ്ട്‌ ...അതാ ഞാൻ വിളിച്ചേ.....അതിൽ പ്രധാന വിശേഷം.. ന്റെ നിക്കാഹാണ്‌.. വരുന്ന 22ന്‌.....ഇവിടെയടുത്ത്‌ എടരിങ്ങോടൂന്നാ പെണ്ണ്‌...."
"ആഹാ....നല്ല വിശേഷാണല്ലോ......ഏതായാലും ഞാനും കുഞ്ഞുമോളും പിള്ളാരും കൂടി തലേന്നേ അവിടുണ്ട്‌"
" ടാ പഹയാ ..... അതുമാത്രാല്ല വിശേഷം..... മുന്നിലിരുട്ടും ബാദ്ധ്യതയും മാത്രായിരുന്നു ഗൾഫീന്ന്‌ പോരുമ്പോ..... എന്നാലിന്ന്‌ ന്റെ ദിവസ വരുമാനം കേട്ടാ നീ ഞെട്ടും...... ആയിരത്തിയിരുന്നൂറ്‌ രൂപ കൈയ്യി വരാത്ത ഒരൊറ്റ ദിവസമില്ല.. പത്തും രണ്ടായിരോ ലഭിച്ച ദിവസങ്ങളുമുണ്ട്‌...." അവന്റെ ശബ്ദത്തിൽ ആഹ്ലാദത്തിന്റെയലയൊലി.
"ങേ.. നീ മോഷണം തുടങ്ങിയോ.... അതോ പോക്കറ്റടിയോ?....." എന്റെ സംശയം ഒരു തമാശയായിരുന്നില്ല.
"നീയൊന്ന്‌ പോ.. മോനേ ദിനേശാ..... നമ്മള്‌ ശരിക്കും ഗൾഫീപോയി... കഷ്ടപ്പെട്ട്‌.... ഒന്നുരണ്ട്‌ വർഷം പാഴാക്കിക്കളഞ്ഞല്ലോന്നാ ന്റെ സങ്കടം.. അളിയാ..."
" തെന്താടാപ്പാ.... ഇത്ര വല്യ സംഗതി...." എൻറെ സംശയം പെട്ടെന്ന്‌ തന്നെ ജിജ്ഞാസയ്ക്ക്‌ വഴിമാറി.
" ടാ നിനക്കറിയോ.... ഞാനിപ്പം നാളികേര വികസന ബോർഡിന്റെ പരിശീലനം കിട്ടിയ യന്ത്രവത്കൃത തെങ്ങുകയറ്റ തൊഴിലാളിയാണ്‌..... കേറിപ്പോന്നേപ്പിന്നെ ഒന്നു രണ്ടാഴ്ച്ച പണിയന്വേഷിച്ച്‌ ഞാനും നടന്നു. നിനക്കറിയാല്ലോ ഏളെ പെങ്ങള്‌ സുഹ്രാനെ കെട്ടിച്ചേന്റെ കടം, ഉമ്മാന്റെ ചികിത്സ....ആലോചിച്ചാ തലപെരുക്കുന്ന അവസ്ഥ..... ഒരു പണി അത്യാവശ്യായിരുന്നു..... ഒന്നുമങ്ങനെ ശരിയാകാണ്ട്‌....  പ്രാന്തെടുത്ത്‌ നടക്കുമ്പോഴാ..... ഇവിടെ ഉത്പാദക സോസൈറ്റീടെ പ്രസിഡന്റ്‌ ദിവാകരേട്ടൻ യന്ത്രവത്കൃത തെങ്ങുകയറ്റത്തെക്കുറിച്ച്‌ പറഞ്ഞതും പരിശീലനത്തിന്‌ പേര്‌ കൊടുത്തതും..... ആദ്യോക്കെ എനിക്കും മടിയായിരുന്നു... ഈ തെങ്ങുകയറ്റോക്കെ.. മ്മക്ക്‌ ശരിയാവ്വോന്ന്‌... പിന്നെ സ്റ്റാന്റേർഡ്‌ കുറവാണോന്ന്‌ ഒരു സന്ദേഹം.....പക്ഷേങ്കി... സെബാനേ.... പരിശീലനത്തിന്‌ പോയപ്പാഴാണ്‌ മ്മക്ക്‌ കാര്യം തിരിഞ്ഞത്‌.... ഈ തെങ്ങ്‌ ഒരു സംഭവം തന്ന്യാട്ടാ.. മ്മള്‌ പലതും പഠിക്കാനുണ്ട്‌...... പണിക്കെറങ്ങിയപ്പോ നിന്ന്‌ തിരിയാൻ സമയമില്ലാന്ന്‌..... കൈ നിറയെ കാശും.....പിന്നെ ആകെയുള്ള സങ്കടം....തെങ്ങുകയറാൻ വിളിക്കുന്ന ആളുകൾക്ക്‌ മുഴുവൻ, സമയത്ത്‌ ചെന്ന്‌ പണിയെടുത്ത്‌ കൊടുക്കാൻ പറ്റണില്ലാന്നുള്ളതാ....നമ്മളരാളല്ലേയുള്ളൂ.. പത്തുപേരുടെ പണി കിടക്കുമ്പോ അത്‌ അങ്ങനല്ലേ.. വരൂ" അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.
" ആഹാ കൊള്ളാല്ലോ....മച്ചാനേ.. ഇതാവുമ്പോ ആരുടേം ചീത്തവിളിം കേൾക്കാതെ, നമ്മുടെ സമയമൊപ്പിച്ച്‌ പണിയെടുക്കേകേം ചെയ്യാം.. ല്ലേ.. തെങ്ങുകയറ്റക്കാർക്ക്‌ ഇപ്പോ നല്ല ഡിമാന്റാ... ഇവിടൊക്കെ ആറ്‌ മാസം കൂടുമ്പോഴാ കയറ്റക്കാർ വരുന്നത്‌..." ഞാൻ എന്റെ പൊതുവിജ്ഞാനം വിളമ്പി.
" അതെയതേ...വേറേ ഒരു തമാശ കേക്കണോ നിനക്ക്‌....ന്റെ പെണ്ണിന്റെ വീട്ടുകാര്‌ ഒരു ഗൾഫ്കാരന്റെ ആലോചന വേണ്ടാന്ന്‌ വെച്ചിട്ടാണ്‌... ഈ കല്ല്യാണം ഉറപ്പിച്ചതു.. അതാണ്‌ മ്മടെ ഡിമാന്റ്‌.... അതു മത്രമല്ല സെബാനേ...... നമ്മള്‌ വിചാരിക്കുന്ന പോലല്ല... ഈ തൊഴിലിന്‌ ഭയങ്കര മഹത്വവും അന്തസ്സുമാണുള്ളത്‌.... ഇപ്പോ തന്നെ പഞ്ചായത്തിലും കൃഷിഭവനിലും ബ്ലോക്കാഫീസിലുമൊക്കെ എനിക്ക്‌ എന്തൊരു പേരാണെന്നോ..... സിപിഏശിലും ഫെഡറേഷനിലും ഉത്പാദക കമ്പനിയുടേയുമൊക്കെ ഭാരവാഹികൾക്കും അംഗങ്ങൾക്കുമൊക്കെ.... നമ്മുടെ കാര്യത്തിൽ ഭയങ്കര സ്നേഹവും കരുതലും ......ശരിക്കും നമ്മളാകെ മാറിപ്പോയതുപോലെ" ആത്മാഭിമാനം തുടിക്കുന്ന ശബ്ദത്തിൽ അവൻ തുടർന്നു " നിനക്കും പരിശീലനത്തിന്‌ പോയിക്കൂടേടാ...... വേറെ ആരേം അശ്രയിക്കാതെ.... ആരുടേയും സഹായമില്ലാതെ... അന്തസ്സായി ഒരു തൊഴിൽ ചെയ്ത്‌... സുഖമായി കഴിയാം.. അദ്ധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാൽ മതി..."
" ങും.... ഞാനും അത്‌ നിന്നോട്‌ ചോദിക്കാൻ തുടങ്ങായിരുന്നു....... നിനക്കറിയാല്ലോ ഗൾഫിൽ നമ്മൾ എടുത്തിരുന്ന ജോലികൾ.... പിന്നെ ഇവിടെ വന്ന്‌ തെങ്ങ്‌ കേറുന്നതിൽ എന്താണെടാ അന്തസ്സ്‌ കുറവ്‌.....അല്ലേലും അദ്ധ്വാനിച്ച്‌ ജീവിക്കുന്നതിൽ അഭിമാനമല്ലേ വേണ്ടൂ..." മറുപടിയിൽ തീരുമാനത്തിന്റെ ഉറപ്പുണ്ടായിരുന്നു.
" അളിയാ.. നിക്ക്‌ സന്തോഷായെടാ.....  തിങ്കളാഴ്ച്ച ഇവിടെ പുതിയ ബാച്ച്‌ പരിശീലനം തുടങ്ങാണ്‌... നിന്നെക്കൂടി ഉൾപ്പെടുത്താൻ ഞാൻ പറയാം.. പേരും കൊടുക്കാം.... അപ്പോ നീ തയ്യാറായി ഇരുന്നോ....."
" മച്ചാനേ.. നീയാണെടാ ശരിക്കും 'ചങ്ങാതി', ആകെ വേവലാതിപ്പെട്ട്‌ നിന്നപ്പോഴാ നിന്റെ കോൾ വന്നത്‌.... ഇതെനിക്ക്‌ വെറുമൊരു ഫോൺ കോളല്ലെടാ... ജീവിതത്തിലേക്കുളള വിളിയാ..." വാചകങ്ങൾ മുഴുമിപ്പിക്കാനാവാതെ തൊണ്ടയിടറി.
" വിടളിയാ... 'ചങ്ങാതിമാർ' തമ്മിൽ അങ്ങിനെ വല്ലതുമുണ്ടോ.... നീ തയ്യാറായിരുന്നോ.. ഞാൻ വെക്കുവാ.. പണിക്കെറങ്ങാൻ സമയായി.. വൈകിട്ട്‌ വിളിക്കാം...."
" ങാ ശരീടാ..." ​‍്യൂഞ്ഞാൻ കോൾ കട്ട്‌ ചെയ്തു.
അപ്പോഴേക്കും കരിഞ്ഞുതുടങ്ങിയ ജീവിതപ്രതീക്ഷയിൽ പുതുനാമ്പോലകൾ മുളപൊട്ടി തുടങ്ങിയിരുന്നു മനസ്സിൽ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…