നട്ടുവളർത്താം കൽപവൃക്ഷം


ഗായത്രി രാജീവ്‌

വേരുകളിലേക്ക്‌ തിരികെയെത്തുന്ന ഇലകൾപോലെ
താങ്ങായ്‌ തണലായ്‌ മറയായ്‌ നിഴലായ്‌
തലമുറതൻ നോവകറ്റി ദാഹമകറ്റി
ചീഞ്ഞതെന്തും വളമായ്‌ കരുതി
പൊക്കത്തിനൊത്ത അടിസ്ഥാനമില്ലാതെ
മാനംമുട്ടെ വളർന്ന്‌ നേരുകൾമാത്രം സ്വന്തമാക്കി
കോക്കസ്‌ ന്യൂസിഫെറ എന്ന്‌ പോർച്ചുഗീസുകാർ
കൽപ്പിച്ച്‌ പേര്‌ നൽകിയ കൽപ്പവൃക്ഷം- തെങ്ങ്‌
ദൈവത്തിന്റേ സ്വന്തം നാടിനെ പേരിലൊളിപ്പിച്ച്‌
പൈതൃകത്താൽ പെരുമനേടിയ കേരളവൃക്ഷം... കേരവൃക്ഷം
നരച്ച ബാല്യത്തിൻ നനുത്തൊരോർമ്മയിൽ .. ഇന്നലെ
കുലച്ചിലിന്റെ അറ്റം ചതച്ച്‌ ബ്രഷാക്കി പല്ലുതേച്ച്‌
കവളം മടൽ മാവിൻചോട്ടിൽ കോണിയാക്കി
കൊത്തിട്ടീറിയടുക്കി വിറകായ്‌, പിടിചെത്തി തുഴയാക്കി, സിക്സറടിച്ച്‌
മുഴുത്തോരീർക്കിലി പൊട്ടിച്ച തുടയിൽ തടവി രസിച്ചൊരാ കുഞ്ഞുബാല്യം
ഓല വെള്ളത്തിലിട്ട്‌ രണ്ടായി കീറിമെടഞ്ഞുണക്കിയാൽ
വർഷകാല മഴച്ചോർച്ചയ്ക്ക്‌ രക്ഷയായി
ചൂട്ടായി കെട്ടി തീ പിടിപ്പിച്ചാൽ പിന്നേയ്‌ ഇരുട്ടിലും തുണയായി
ഓല ചീകി ഈർക്കിലിയാക്കി കെട്ടിയാൽ മലയാളവൃത്തിക്ക്‌ ചൂലായി
മടൽ ചീയിച്ച്‌ പിരിച്ചാൽ കയറായി... ചവിട്ടിയായി
ഇക്ഷണത്തിൽ മനസ്സിൽ കുളിരുമായ്‌ ഉത്സവങ്ങൾ നിറഞ്ഞ ബാല്യവും
കുരുത്തോലപ്പെരുന്നാളിന്റെ സ്നിഗ്ദതയിലും
തോരണപ്പന്തലുകളിലെ ജന്മങ്ങളുടെ പുണ്യത്തിനായ്‌ കാതുകൂർപ്പിച്ച്‌
കൂട്ടുകാർക്കൊപ്പം കായലിന്‌ മുകളിലേക്ക്‌ ചാഞ്ചാടിയാടിയ പാവം തെങ്ങ്‌
ഇന്ന്‌ കായലെവിടെ...? കൂട്ടെവിടെ... ?

കേരസൗഭാഗ്യ...കേരസാഗര, കൽപ്പധേനു, ടി ഃ ഡി, ഡി ഃ ടി....
ഇക്കണ്ട തെങ്ങിന്റെ മണ്ടയാകെ കൊത്തിമറിച്ച്‌
വന്നവർ അപരൻമാർ മണ്ടരി, വെള്ളയ്ക്ക പൊഴിക്കൽ, കൂമ്പു ചീയൽ
കത്തിയുയർത്തിയവർ കൊമ്പൻചെല്ലി, തെങ്ങോലപ്പുഴു, മീലിമൂട്ട
മജ്ജയും മാംസവും ഊറ്റിക്കുടിച്ച്‌ അമ്മയെ പുറംതള്ളുന്ന മക്കൾ
കടയ്ക്കൽ കത്തിവയ്ക്കുമ്പോഴും നൽകുന്നു ആ അമ്മ
കരിക്കെന്ന പാനീയം ദാഹമകറ്റാൻ
ദാഹമകന്നാൽ ഊർജ്ജസ്വലനായ്‌ ആഴത്തിൽ വെട്ടിമുറിക്കുന്നു തെങ്ങുകൾ
പലരായ്‌ പലനാളിൽ കൊത്തിയരിഞ്ഞില്ലേ
ലക്ഷണങ്ങൾ നിറഞ്ഞ പത്തായവും ലക്ഷദീപം കൊളുത്തും പ്രതീക്ഷയും
മേനിയേവം പറഞ്ഞു നടക്കുവാൻ മാനവത പണയം കൊടുത്തു നാം
വെട്ടിയരിഞ്ഞില്ലേ കെട്ടിപ്പടുത്തില്ലേ
നൂറുമേനി വിളഞ്ഞ തൈപ്പാടത്ത്‌ അംബരചുംബിയാം ഫ്ലാറ്റുകൾ
വെള്ളമില്ല വെളിച്ചമില്ലഎന്നിട്ടും നന്മതൻ തൈകൾ വെട്ടിമുറിച്ചു നാം
മതി നമുക്കീ ചതി തെങ്ങിനോട്‌ ... നമ്മോട്‌
മതി നമുക്കിനി പൊങ്ങച്ചക്കുപ്പികൾ
നട്ടുനനച്ചിടാം വെച്ചുവളർത്തീടാം
കൽപ്പനതൻ കൽപ്പവൃക്ഷം കേരവൃക്ഷം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ