കനലുകൾ കത്തുന്നില്ല


സുധാകരൻ ചന്തവിള

മുന്നോട്ടു പോകുന്തോറും
പിന്നോട്ടു പോകുന്നു നാം
പിന്നോട്ടു പോകുമ്പോഴോ
മുന്നോട്ടു പോകാൻ തോന്നും

മുന്നിലുള്ളതാം കടൽ
പച്ചയായ്‌ തോന്നുന്നുണ്ടാം
പിന്നിലോ ജലംവാർന്നു
നീലിച്ച തടാകങ്ങൾ.

സ്വന്തമായെത്താറില്ല.
സന്ധ്യയും പ്രഭാതവും.
ബന്ധങ്ങളനവധി, ബന്ധുരം,
കാണാക്കാഴ്ചയ്ക്കപ്പുറം നീയും
ഞാനും, കടലാഴങ്ങൾ നോക്കി
കണ്ടുകണ്ടിരിക്കുന്നു

പിൻവാങ്ങുവാനോ വന്നു?
കാൽതട്ടിച്ചിതറുന്നുണ്ടിടയ്ക്കു
-
രസിപ്പിക്കും തിരമാലകൾ മുന്നിൽ

എന്തൊരു സുഖമാണീ
മഴയും മഞ്ഞും കാറ്റും
കടലോളവും കണ്ടുകഴിയാൻ..
കിനാവുപോൽ...

യൗവ്വനാവേശത്തിന്റെ തിരകൾ
തളിർക്കുന്നുണ്ടെണ്ണമോഹത്താൽ
നെഞ്ചിലുന്മേഷരോമാഞ്ചങ്ങൾ!
അസ്തമിക്കില്ലെന്നുള്ളൊരാരവം
മുഴങ്ങുന്നു; അഖണ്ഡമനാദിയാം
ആഘോഷപ്പുലർകാലം
അനിയന്ത്രിതമായ വിജയാഹ്ലാദ-
ത്തിന്റെ കുതിരപ്പുറത്തുനാം
ഉലകം ചുറ്റുമ്പോഴും,
ഉയരുന്നുണ്ടാമങ്ങേതലയ്ക്കൽ
അനന്തമായ്‌ കടലിൽ കലാപത്തിൽ
കാട്ടുതീ കത്തീടുന്നു.

ചിരിയിൽ ഒതുക്കുന്ന
സിന്ദൂരമണിച്ചെപ്പിൽ
എരിഞ്ഞുതീരുന്നുണ്ടാം
ചിതമായ്‌ തീരാത്തത്താം
കരിഞ്ഞ കനലുകൾ.
സ്ഥിരമില്ലൊന്നും;
സ്നേഹദുഃഖങ്ങൾ
തീരാക്കടമെഴുതിത്തള്ള-
നുള്ളതല്ലതീജീവക്കടൽ.

അറിയാം നമുക്കു നാം
ഇവിടെ ഏകാന്തത്തിൽ;
അറിയാത്തതു,നമ്മിലുള്ള
നന്മകൾ മാത്രം!
പറയുന്നുണ്ടാം പല പരമാർത്ഥങ്ങൾ
പക്ഷേ, പറയുന്നുണ്ടോ
നമ്മൾ പരമ രഹസ്യങ്ങൾ ?
അറിയാമെന്നുള്ളതിൽ
അറിയുന്നില്ല; തമ്മിലടുക്കാത്ത-
തിലുള്ളനന്തത്തന്മാത്രകൾ.

ആർക്കുമില്ലിവിടെയൊരസ്തിത്വം,
അവകാശം; നേർക്കുനേരെതിർക്കുന്ന
ഓർമ്മകൾ ഒരേവിധം; ഓമനിക്കുവാൻ
കുറേ കൽപനാലില്ലിപ്പൂക്കൾ.
അറിയുന്നുണ്ടാം അറിവിങ്ങനെ...
ആഴക്കടലലകണ്ടിരിക്കുമ്പോൾ
അകമുള്ളറിവുകൾ...

എങ്കിലും പാടേണ്ടതു
ശോകഗാനങ്ങളല്ല, ശംഖുമാലകൾ
കോർക്കുമിന്ദ്രിയാവേശത്തിന്റെ
ചന്ദനസുഗന്ധിയാം കടലിൻ
ആഴങ്ങളെപ്പുണരും നാളങ്ങളെ-
യുണർത്താനുണരുക.

മിഴിമേഘങ്ങൾ പെയ്യാൻ വന്നു
നിൽക്കുന്നു നമ്മിൽ, മഴയായ്‌
മഴവില്ലായ്‌ തുടിക്കുന്നവ വീണ്ടും!
നിൻ നയനങ്ങൾക്കുള്ളിൽ കാണുന്നു
കാണാത്തൊരെൻ കണ്ണുകൾ, കടലുകൾ
പ്രാണനും പ്രണയവും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ