22 Nov 2014

പ്രായശ്ചിത്തം

ഭഗവതീചരൺ വർമ്മ
വിവർത്തനം:സുനിൽ എം എസ്

കബരിപ്പൂച്ചയ്ക്ക് വീട്ടിലെ ആരോടെങ്കിലും സ്നേഹമുണ്ടെങ്കിൽ അത് രാ‌മുവിന്റെ വധുവിനോടായിരുന്നു. രാമുവിന്റെ വധുവാകട്ടെ വീട്ടിൽ ആരെയെങ്കിലും വെറുത്തിരുന്നെങ്കിൽ അത് കബരിപ്പൂച്ചയെ മാത്രമായിരുന്നു. മാതൃഗൃഹത്തിൽ നിന്ന് ഭർതൃഗൃഹത്തിലെത്തി രണ്ടു മാസത്തിനകം പതിന്നാലു വയസ്സുകാരിയായ ആ പെൺകുട്ടി ഭർത്താവിന്റെ പ്രേമഭാജനവും ശ്വശ്രുവിന്റെ വാത്സല്യഭാജനവുമായിത്തീർന്നു. കലവറയുടെ താക്കോൽ അവളുടെ അരയിൽ തൂങ്ങിക്കിടക്കാൻ തുടങ്ങി. ഭൃത്യർ അവളുടെ കല്പനകൾക്കു കാതോർത്തു. അവളായി വീട്ടിൽ എല്ലാമെല്ലാം. ശ്വശ്രു രുദ്രാക്ഷമണിഞ്ഞ്പൂജയും പാരായണവും ചെയ്ത് ഭക്തിമാർഗ്ഗത്തിലേയ്ക്കു തിരിയുകയും ചെയ്തു.



എന്തൊക്കെയായാലും കേവലം പതിന്നാലു വയസ്സായ ബാലിക മാത്രമാണല്ലോ അവൾ. കലവറയ്ക്കുള്ളിൽ വച്ച് അവൾ ഇടയ്ക്കൊക്കെ മയങ്ങിപ്പോകുമായിരുന്നു. അത്തരം അവസരങ്ങളുപയോഗിച്ച് കബരിപ്പൂച്ച പാലും നെയ്യും കട്ടു കുടിച്ചു. കബരിപ്പൂച്ച കാരണം അവളുടെ ജീവിതം തന്നെ താറുമാറായ മട്ടായി. നെയ്യ് ഒരു ചെറുപാത്രത്തിലാക്കി ഭദ്രമായി വച്ചിട്ട് അവളൊന്നു കണ്ണടച്ചതേയുള്ളുഅപ്പോഴേയ്ക്കും അതു മുഴുവനും കബരിപ്പൂച്ചയുടെ വയറ്റിലായി. അതേ പോലെപാല് മൂടി വച്ചു കൊണ്ട് ഒന്നു പുറത്തിറങ്ങി തിരിച്ചു വന്നപ്പോഴേയ്ക്കും പാൽപ്പാത്രം ഉണങ്ങി വരണ്ടിരിയ്ക്കുന്നു!

കാര്യങ്ങൾ ഇത്രത്തോളമേ എത്തിയിരുന്നുള്ളെങ്കിലും സാരമില്ലായിരുനു. കബരിപ്പൂച്ചയാകട്ടെ രാമുവിന്റെ വധുവിന്റെ ചുറ്റുവട്ടത്തു തന്നെ സദാസമയവും തക്കം പാർത്ത് നിന്നിരുന്നതുകൊണ്ട് അവൾക്ക് സമാധാനത്തോടെ ആഹാരം കഴിയ്ക്കാനോ ജലപാനം നടത്താനോ പോലും ആകാതെയായി. അവൾ രാമുവിനു വേണ്ടി പ്രേമപൂർവ്വം ഒരു കപ്പു നിറയെ മധുരക്കുറുക്കുണ്ടാക്കി വച്ചിരുന്നു. പക്ഷേ രാമു വന്നപ്പോൾ കണ്ടത് കബരിപ്പൂച്ച നക്കിത്തുടച്ചു വച്ചിരിയ്ക്കുന്ന കപ്പാണ്. കടയിൽ നിന്ന് വെണ്ണ വാങ്ങിക്കൊണ്ടു വന്നിരുന്നു. രാമുവിന്റെ വധു വെറ്റില മുറുക്കാൻ വേണ്ടി പോയതേയുള്ളു. ആ നേരത്തിനുള്ളിൽ വെണ്ണ അപ്രത്യക്ഷമായി.

സഹികെട്ട് രാമുവിന്റെ വധു തീരുമാനിച്ചുഈ വീട്ടിൽ രണ്ടിലൊരാൾ മാത്രമേ ജീവിയ്ക്കുകയുള്ളു. ഒന്നുകിൽ ഞാൻ. അല്ലെങ്കിൽ ആ കള്ളിപ്പൂച്ച. യുദ്ധത്തിനുള്ള തയ്യാറെടുപ്പു തുടങ്ങി. ഇരുവരും ജാഗ്രതയിൽ. പൂച്ചയെ പിടികൂടാനുള്ള കൂടു വന്നു. അതിനുള്ളിൽ പാല്വെണ്ണഎലിഎന്നിവയും പൂച്ചയെ പ്രലോഭിപ്പിയ്ക്കാനുതകുന്ന വിവിധതരം പലവ്യഞ്ജനങ്ങളും വയ്ക്കപ്പെട്ടു. പക്ഷേ പൂച്ച ആ വശത്തേയ്ക്കൊന്നു നോക്കുക പോലും ചെയ്തില്ല. എന്നു മാത്രമല്ലഅത് ഒരൽപ്പം ചങ്ങാത്തം കാണിയ്ക്കാൻ കൂടിത്തുടങ്ങി. അതുവരെ പൂച്ച രാമുവിന്റെ വധുവിനെ ഭയപ്പെട്ടിരുന്നെങ്കിൽ ഇപ്പോളത് അവളുടെ കൂടെത്തന്നെ നടക്കാനും തുടങ്ങി. അതേസമയം തന്നെ അവളുടെ കൈയെത്തും ദൂരത്തു നിന്ന് അകന്നു നിൽക്കാനും പൂച്ച ശ്രദ്ധിച്ചു.

കബരിപ്പൂച്ചയുടെ ധൈര്യം വർദ്ധിച്ചതു കണ്ട രാമുവിന്റെ വധുവിന് ആ വീട്ടിൽ തുടർന്നു ജീവിയ്ക്കുന്ന കാര്യം ഓർക്കുന്നതു പോലും അസഹനീയമായിത്തീർന്നു. അവൾക്ക് ശ്വശ്രുവിന്റെ ശകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. അവളുടെ ഭർത്താവിന് രുചി നഷ്ടപ്പെട്ട ആഹാരവും.

ഒരു ദിവസം രാമുവിന്റെ വധു രാമുവിനു വേണ്ടി പായസമുണ്ടാക്കി. പിസ്താബദാംവെണ്ണകിസ്മിസ് എന്നിങ്ങനെ പല തരം വിശിഷ്ടവസ്തുക്കൾ പായസത്തിൽ ചേർക്കപ്പെട്ടിരുന്നു. അതിവിശിഷ്ടമായ പായസം തയ്യാറായി. അതു നിറച്ച കപ്പ് മുറിയിൽ ഏറ്റവും ഉയരത്തിലുള്ള ഷെൽഫിൽ ഭദ്രമായി വച്ച ശേഷം രാമുവിന്റെ വധു വെറ്റില മുറുക്കാൻ വേണ്ടി പോയി.

ആ തക്കം നോക്കി പൂച്ച അകത്തു കടന്നു. ഷെൽഫിന്റെ മുകൾത്തട്ടിലിരിയ്ക്കുന്ന കപ്പിന്റെ നേരേ നോക്കി. നല്ല മണം. സാധനം നല്ലതായിരിയ്ക്കണം. ഷെൽഫിന്റെ ഉയരം കണക്കാക്കി. രാമുവിന്റെ വധുവാകട്ടെ വെറ്റില മുറുക്കിൽത്തന്നെ മുഴുകിയിരിയ്ക്കുന്നു. അതിനിടെ ശ്വശ്രുവിനുള്ള മുറുക്കാനും കൊണ്ട് അവൾ അവരുടെ മുറിയിലേയ്ക്കു പോകുകയും ചെയ്തു. ആ തക്കം നോക്കി കബരിപ്പൂച്ച ഒരൊറ്റച്ചാട്ടം. പൂച്ചയുടെ കൈ കപ്പിലേയ്ക്കെത്തി. കപ്പു താഴെ വീണു പൊട്ടിച്ചിതറി. പായസം മുഴുവൻ നിലത്തു പരന്നു.

കപ്പു വീണു തകർന്ന കോലാഹലം കേട്ടയുടൻ മുറുക്കാൻ പൊതി ശ്വശ്രുവിന്റെ മുന്നിലെറിഞ്ഞു കൊണ്ട് രാമുവിന്റെ വധു അടുക്കളയിലേയ്ക്കോടി. അവിടെ കണ്ട കാഴ്ച! കപ്പ് കഷ്ണങ്ങളായി ചിതറിക്കിടക്കുന്നു. രാമുവിനു വേണ്ടി പ്രേമപൂർവ്വം തയ്യാറാക്കിയിരുന്ന അതിവിശിഷ്ടമായ പായസം മുഴുവൻ നിലത്ത്. പൂച്ച ആർത്തിയോടെ അതു നക്കിക്കുടിച്ചു കൊണ്ടിരിയ്ക്കുന്നു. അവളെ കണ്ട മാത്രയിൽ പൂച്ച ഓടിപ്പോയി.

രാമുവിന്റെ വധുവിന്റെ രക്തം തിളച്ചു. അതിനെ കൊല്ലണം. അവൾ പ്രതിജ്ഞയെടുത്തു. എങ്ങനെയതിനെ കൊല്ലാൻ പറ്റുംഅക്കാര്യം തന്നെ ആലോചിച്ച് രാത്രി ദീർഘനേരം അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നേരം വെളുത്തു കണ്ണു തുറന്നപ്പോൾ കണ്ടത്കബരിപ്പൂച്ച വാതിൽപ്പടിയിലിരുന്ന് സൌഹാർദ്ദപൂർവ്വം അവളെത്തന്നെ നോക്കിക്കൊണ്ടിരിയ്ക്കുന്നതാണ്.

രാമുവിന്റെ വധു അല്പമാലോചിച്ചു. മന്ദഹസിച്ചുകൊണ്ട് അവളെഴുന്നേറ്റു. അവളെഴുന്നേൽക്കുന്നതു കണ്ട കബരിപ്പൂച്ച പരിഭ്രമിച്ച് ഓടിപ്പോയി. അവളൊരു കപ്പു പാല് വാതിൽപ്പടിമേൽ വച്ചിട്ടു പോയി. സംഹാരത്തിനുള്ള ആയുധമായി, ഇട്ടിരിയ്ക്കാനുപയോഗിയ്ക്കുന്ന പലകയെടുത്തു തിരികെ വന്നപ്പോഴേയ്ക്ക് പ്രതീക്ഷിച്ച പോലെതന്നെഓടിപ്പോയിരുന്ന കബരിപ്പൂച്ച മടങ്ങിവന്ന് കപ്പിൽ നിന്ന് പാലുകുടിയ്ക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിലും നല്ല അവസരം ഇനി കിട്ടാനില്ല. മെല്ലെ അടുത്തു ചെന്ന് പലക ഉയർത്തി സർവ്വശക്തിയുമുപയോഗിച്ച് കബരിപ്പൂച്ചയെ അവൾ പ്രഹരിച്ചു. അടികൊണ്ട കബരിപ്പൂച്ച ഓടിയില്ലചാടിയില്ലഒന്നു കരഞ്ഞതുപോലുമില്ല. അതു നേരേ മറിഞ്ഞു വീണു നിശ്ചലമായി.

ശബ്ദം കേട്ട് തൂപ്പുകാരി അടിച്ചുവാരൽ നിർത്തിപാചകക്കാരി പാചകം നിർത്തിശ്വശ്രു പൂജാകർമ്മങ്ങൾക്കു വിരാമമിട്ടു. എല്ലാവരും സംഭവസ്ഥലത്ത് തിരക്കിട്ടെത്തി. രാമുവിന്റെ വധു അവരുടെ വാക്കുകൾ കേട്ട് അപരാധിനിയെപ്പോലെ തല കുനിച്ചു നിന്നു.

തൂപ്പുകാരി പറഞ്ഞു: ഭഗവാനേ! പൂച്ച ചത്തുപോയി. അമ്മാവധുവിന്റെ കൈകൊണ്ടാണ് പൂച്ചയുടെ മരണം നടന്നിരിയ്ക്കുന്നത്. ഇതൊരു ചീത്തക്കാര്യമാണ്.

പാചകക്കാരി പറഞ്ഞു: അമ്മാപൂച്ചയുടെ കൊലയും മനുഷ്യന്റെ കൊലയും തുല്യമാണ്. കൊല ചെയ്ത പാപം വധുവിന്റെ തലയിലുള്ളിടത്തോളം കാലം ഞങ്ങൾക്ക് അടുക്കളയിൽ പാചകം ചെയ്യാനാവില്ല.

ശ്വശ്രു പറഞ്ഞു: നിങ്ങളു പറഞ്ഞതു ശരിയാണ്. വധുവിന്റെ ശിരസ്സിൽ നിന്ന് കൊലപാതകത്തിന്റെ പാപം നീങ്ങിപ്പോകുന്നതു വരെ ഒരാൾക്കും ആഹാരം കഴിയ്ക്കാനാവില്ലജലപാനവും നടത്താനാവില്ല. വധൂനീയെന്താണീ ചെയ്തു വച്ചിരിയ്ക്കുന്നത്?”

തൂപ്പുകാരി പറഞ്ഞു: ദൈവമേഇനിയെന്താണുണ്ടാവുക! അമ്മ പറയുകയാണെങ്കിൽ പണ്ഡിറ്റ്ജിയെ വിളിച്ചുകൊണ്ടു വരാം.

അതെ. അതു തന്നെയാണു വേണ്ടത്.” ശ്വശ്രു പറഞ്ഞു. “ഓടിപ്പോയി പണ്ഡിറ്റ്ജിയെ വിളിച്ചുകൊണ്ടു വാ.

രാമുവിന്റെ വധു പൂച്ചയെക്കൊന്നു എന്ന വാർത്ത കാട്ടുതീ പോലെ അയല്പക്കങ്ങളിൽ പരന്നു. അവിടങ്ങളിലെ സ്ത്രീകൾ രാമുവിന്റെ വീട്ടിലേയ്ക്ക് ഇരച്ചു വന്നു. നാലുപാടും നിന്നുതിർന്ന ചോദ്യശരങ്ങളുടെ മുൻപിൽ രാമുവിന്റെ വധുവിന് തല കുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു.

പണ്ഡിറ്റ് പരമസുഖ് പൂജ ചെയ്തു കൊണ്ടിരിയ്ക്കെയാണ് ആ വാർത്ത വന്നത്. ഉടനദ്ദേഹം പൂജ നിർത്തിയെഴുന്നേറ്റു. ഒരു പുഞ്ചിരിയോടെ ഭാര്യയോടു പറഞ്ഞു, “ആഹാരം ഉണ്ടാക്കണ്ട. ലാലാ ഘാസിരാമിന്റെ മരുമകള് പൂച്ചയെ കൊന്നിട്ടിരിയ്ക്കുകയാണ്. പ്രായശ്ചിത്തം നടക്കും. സുഭിക്ഷമായ ആഹാരം കിട്ടാൻ വഴിയുണ്ട്.

പണ്ഡിറ്റ് പരമസുഖ് കുറിയതടിച്ച ഒരു ബ്രാഹ്മണനായിരുന്നു. ഉയരം നാലടി പത്തിഞ്ചു മാത്രം. എന്നാൽ കുംഭയുടെ ചുറ്റളവോ? അൻപത്തെട്ടിഞ്ച് ! വീർത്തുരുണ്ട മുഖം. വലിയ മീശ. വെളുത്ത നിറം. കുടുമ അര വരെ നീണ്ടു കിടന്നിരുന്നു. സൌജന്യഭക്ഷണം കിട്ടുന്നിടങ്ങളിലെല്ലാം എത്തുന്നവരുടെ ലിസ്റ്റിൽ പ്രഥമസ്ഥാനം പണ്ഡിറ്റ് പരമസുഖിനാണ് എന്നാണ് പറയപ്പെട്ടിരുന്നത്.

പണ്ഡിറ്റ് പരമസുഖ് എത്തിയപ്പോൾ കോറം തികഞ്ഞു. ഉന്നതതലസമിതി യോഗമാരംഭിച്ചു. ശ്വശ്രുപാചകക്കാരികിസനുവിന്റെ അമ്മഛന്നുവിന്റെ മുത്തശ്ശിപിന്നെ പണ്ഡിറ്റ് പരമസുഖും. മറ്റു വനിതകൾ വധുവിനോടുള്ള സഹാനുഭൂതി പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

കിസനുവിന്റെ അമ്മ ഉത്കണ്ഠയോടെ ചോദിച്ചു: പണ്ഡിറ്റ്ജീപൂച്ചയെ കൊന്നാൽ എങ്ങനെയുള്ള നരകമാണു ലഭിയ്ക്കുക?”

പൂച്ചയുടെ കൊല നടന്നു എന്നു മാത്രമറിഞ്ഞതുകൊണ്ട് ലഭിയ്ക്കാൻ പോകുന്ന നരകത്തിന്റെ പേരു പറയാനാകില്ല.” പണ്ഡിറ്റ്ജി പഞ്ചാംഗം നോക്കിക്കൊണ്ടു പറഞ്ഞു. “കൊല നടന്ന മുഹൂർത്തം കൂടി അറിയണം. എങ്കിൽ മാത്രമേ എങ്ങനെയുള്ള നരകമായിരിയ്ക്കും കിട്ടാൻ പോകുന്നതെന്നു തീരുമാനിയ്ക്കാനാകൂ.

രാവിലെ ഏതാണ്ട് ഏഴുമണിയ്ക്ക്.” പാചകക്കാരി കൊല നടന്ന സമയം അറിയിച്ചു.

പണ്ഡിറ്റ്ജി പഞ്ചാംഗത്തിന്റെ താളുകൾ മറിച്ചു. അക്ഷരങ്ങളിലൂടെ വിരലോടിച്ചു. നെറ്റിയിൽ കൈ വച്ചുകൊണ്ട് ഗൌരവപൂർവ്വം ആലോചിച്ചു. മുഖത്ത് ഇരുൾ പരന്നു. പുരികമുയർന്നു. മൂക്കു ചുളിഞ്ഞു. സ്വരം ഗംഭീരമായി. ഹരേ കൃഷ്ണാ! ഹേ കൃഷ്ണാ! വലിയ അധർമ്മം സംഭവിച്ചിരിയ്ക്കുന്നു. രാവിലെ ബ്രഹ്മമുഹൂർത്തത്തിലാണ് പൂച്ചയുടെ കൊല നടന്നിരിയ്ക്കുന്നത്. അതിഘോരമായ നരകം വരെ അതിനു കിട്ടാവുന്നതാണ്. രാമുവിന്റെ അമ്മേമഹാപാപമാണു നടന്നിരിയ്ക്കുന്നത്.

രാമുവിന്റെ അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു. ഇനിയിപ്പോ എന്താണു സംഭവിയ്ക്കുകപണ്ഡിറ്റ്ജീഅങ്ങു തന്നെ പറയുക.

പണ്ഡിറ്റ് പരമസുഖ് പുഞ്ചിരിച്ചു. രാമുവിന്റെ അമ്മേവിഷമിയ്ക്കാനൊന്നുമില്ല. ഇതിനൊക്കെ വേണ്ടിയല്ലേ ഞങ്ങൾ പൂജാരികളുള്ളത്! ശാസ്ത്രങ്ങളിൽ ഓരോ പാപത്തിനും പ്രായശ്ചിത്തം നിർദ്ദേശിച്ചിട്ടുണ്ട്. തക്ക പ്രായശ്ചിത്തം ചെയ്താൽ എല്ലാം ശരിയാകും.

രാമുവിന്റെ അമ്മ പറഞ്ഞു: അതുകൊണ്ടാണു പണ്ഡിറ്റ്ജീഅങ്ങയെ വിളിപ്പിച്ചത്. എന്താണു ചെയ്യേണ്ടതെന്ന് അങ്ങു തന്നെ പറഞ്ഞു തരിക.

എന്താണു ചെയ്യേണ്ടതെന്നല്ലേ. സ്വർണ്ണം കൊണ്ട് ഒരു പൂച്ചയെ ഉണ്ടാക്കിച്ചിട്ട് വധുവിനെക്കൊണ്ട് അതു ദാനം ചെയ്യിപ്പിയ്ക്കുക. സ്വർണ്ണപ്പൂച്ചയെ ദാനമായി കൊടുക്കുന്നതു വരെ ഈ വീട് പവിത്രമല്ലാതായിത്തുടരും. സ്വർണ്ണപ്പൂച്ച ദാനം ചെയ്ത ശേഷം ഇരുപത്തൊന്നു ദിവസം പൂജയും പാരായണവും നടക്കണം.

ഛന്നുവിന്റെ മുത്തശ്ശി പറഞ്ഞു:  അതെഅതു തന്നെ. പണ്ഡിറ്റ്ജി പറഞ്ഞതു ശരിയാണ്. സ്വർണ്ണപ്പൂച്ചയെ ആദ്യം തന്നെ ദാനം ചെയ്യിപ്പിയ്ക്കുക. അതിനു ശേഷം പാരായണം നടക്കട്ടെ.

രാമുവിന്റെ അമ്മ ആശങ്കയോടെ ചോദിച്ചു: പണ്ഡിറ്റ്ജീഎത്ര തോല സ്വർണ്ണം കൊണ്ടുള്ള പൂച്ചയെയാണ് ഉണ്ടാക്കിക്കേണ്ടത്?”

എത്ര തോലയുടെ പൂച്ചയെയാണ് ഉണ്ടാക്കേണ്ടതെന്നോ?" പണ്ഡിറ്റ് പരമസുഖ് പുഞ്ചിരിച്ചു. പൂച്ചയുടെ തൂക്കത്തിനു തുല്യമായ സ്വർണ്ണം കൊണ്ടു വേണം പൂച്ചയെ ഉണ്ടാക്കാനെന്ന് ശാസ്ത്രങ്ങളിൽ വിധിച്ചിരിയ്ക്കുന്നു. എന്നാലിപ്പോൾ കലിയുഗം വന്നിരിയ്ക്കുന്നുധർമ്മകർമ്മങ്ങൾക്കു നാശം സംഭവിച്ചിരിയ്ക്കുന്നു. ഭക്തിയില്ലാതായിരിയ്ക്കുന്നു. അങ്ങനെയിരിയ്ക്കെ പൂച്ചയുടെ തൂക്കത്തിനു തുല്യമായ സ്വർണ്ണപ്പൂച്ച നിങ്ങളുണ്ടാക്കുമോചത്തുപോയ പൂച്ചയ്ക്ക് ഇരുപത്ഇരുപത്തൊന്നു സേർ തൂക്കമെങ്കിലും ഉണ്ടായിരുന്നിരിയ്ക്കും. കുറഞ്ഞത് ഇരുപത്തൊന്നു തോല സ്വർണ്ണം കൊണ്ടെങ്കിലും ഉണ്ടാക്കിയ പൂച്ചയെയാണ് ദാനം ചെയ്യേണ്ടത്. അതിനു ശേഷമുള്ള കാര്യങ്ങൾ നിങ്ങളുടെ ഭക്തിയെ ആശ്രയിച്ചിരിയ്ക്കും.

രാമുവിന്റെ അമ്മ കണ്ണു മിഴിച്ചിരുന്നു പോയി. എന്റെ ദൈവമേ! ഇരുപത്തൊന്നു തോല സ്വർണ്ണമോ! അതു വളരെക്കൂടുതലാണ് പണ്ഡിറ്റ്ജീ. ഒരു തോല കൊണ്ടുണ്ടാക്കിയ പൂച്ചയെക്കൊണ്ടു കാര്യം നടക്കുകയില്ലേ?”

പണ്ഡിറ്റ് പരമസുഖ് ചിരിച്ചു പോയി. രാമുവിന്റെ അമ്മേ! ഒരു തോല സ്വർണ്ണത്തിന്റെ പൂച്ചയോ! വധുവിനേക്കാൾ പ്രധാനമാണോ നിങ്ങൾക്കു രൂപവധുവിന്റെ തലയിൽ ഘോരപാപമുണ്ട്. എന്നിട്ടും ഇത്ര പിശുക്കു കാണിയ്ക്കുന്നതു ഒട്ടും ഉചിതമല്ല.

അളവുതൂക്കങ്ങളെപ്പറ്റിയുള്ള ചർച്ച തുടർന്നു. ഒടുവിൽ പതിനൊന്നു തോല കൊണ്ടുള്ള പൂച്ചയെ ഉണ്ടാക്കിയാൽ മതിയെന്ന തീരുമാനമായി.

സ്വർണ്ണപ്പൂച്ചദാനത്തെത്തുടർന്നു നടത്തേണ്ട പൂജാപാരായണങ്ങളെപ്പറ്റിയായിരുന്നു അടുത്ത ചർച്ച. പണ്ഡിറ്റ് പരമസുഖ് പറഞ്ഞു: അതിനെന്താ പ്രയാസംഞങ്ങൾ പൂജാരികൾ അതിനു വേണ്ടിയുള്ളവരാണല്ലോ. രാമുവിന്റെ അമ്മേപാരായണം ഞാൻ തന്നെ ചെയ്തോളാംപൂജയ്ക്കുള്ള സാമഗ്രികൾ എന്റെ വീട്ടിലേയ്ക്ക് കൊടുത്തയച്ചാൽ മാത്രം മതി.

പൂജയ്ക്ക് എന്തൊക്കെ സാമഗ്രികൾ വേണം?”

ഏറ്റവും കുറഞ്ഞ അളവുകൾ കൊണ്ട് ഞാൻ പൂജ നടത്തിത്തരാം. ധാന്യമായി ഏകദേശം പത്തു മന്ന് ഗോതമ്പ്ഒരു മന്ന് അരിഒരു മന്ന് പരിപ്പ്ഒരു മന്ന് എള്ള്അഞ്ചു മന്ന് ബാർലിഅഞ്ചു മന്ന് കടലനാലു സേർ നെയ്യ്ഒരു മന്ന് ഉപ്പ് എന്നിവയാണു വേണത്. ഇവ കൊണ്ട് കാര്യം നടന്നോളും.

രാമുവിന്റെ അമ്മ നടുക്കത്തോടെ പറഞ്ഞു: പണ്ഡിറ്റ്ജീഇത്രയും സാധനങ്ങൾക്ക് നൂറു നൂറ്റമ്പതു രൂപയാകുമല്ലോ.” അവരുടെ തൊണ്ടയിടറി.

ഇതിലും കുറഞ്ഞാൽ കാര്യം നടക്കില്ല. പൂച്ചയുടെ കൊലപാതകം എത്ര വലിയ പാപമാണെന്നറിയില്ലേചെലവിനെപ്പറ്റി പരാതിപ്പെടുമ്പോൾത്തന്നെ വധുവിന്റെ തലയിലുള്ള പാപത്തിന്റെ വലിപ്പത്തെപ്പറ്റിയും ഓർക്കണം. ഇതു പ്രായശ്ചിത്തമാണ്വെറും കളിതമാശയല്ല. അവരവരുടെ നിലയും വിലയും അനുസരിച്ചുള്ള പ്രായശ്ചിത്തം വേണം ചെയ്യാൻ. അങ്ങനെയാണു പ്രായശ്ചിത്തം ചെയ്യേണ്ടത്. നിങ്ങൾ വെറും സാധാരണക്കാരൊന്നുമല്ലല്ലോ. നിങ്ങളുടെ കൈപ്പത്തിയിൽ പറ്റിയിരിയ്ക്കുന്ന ചേറിനു പോലും നൂറു നൂറ്റിയൻപതു രൂപ വിലയുണ്ടാകും.

പണ്ഡിറ്റ് പരമസുഖിന്റെ വാക്കുകൾ കിസനുവിന്റെ അമ്മയെ ആകർഷിച്ചു. അവർ പറഞ്ഞു: പണ്ഡിറ്റ്ജി പറയുന്നത് ശരി തന്നെയാണ്. പൂച്ചയുടെ കൊല അല്ലറ ചില്ലറ പാപമൊന്നുമല്ല. വലിയ പാപത്തിന് വലിയ ചെലവുമുണ്ടാകും.

ഛന്നുവിന്റെ മുത്തശ്ശി പറഞ്ഞു: ദാനപുണ്യങ്ങൾ ചെയ്താണ് പാപങ്ങളെ പരിഹരിയ്ക്കേണ്ടത്. അതിലൊരു സംശയവുമില്ല.

പാചകക്കാരി പറഞ്ഞു: തന്നെയുമല്ലഅമ്മേിങ്ങൾ വലിയ ആളുകളാണ്. ഈ ചെലവൊന്നും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.

രാമുവിന്റെ അമ്മ നാലുപാടും നോക്കി. അവരെ പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. സകലരും ഐകകണ്ഠ്യേന പണ്ഡിറ്റ്ജിയോടൊപ്പം തന്നെ.

പണ്ഡിറ്റ് പരമസുഖ് പുഞ്ചിരിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: രാമുവിന്റെ അമ്മേഒരു വശത്ത് വധുവിനുള്ള ഘോരനരകം. മറുവശത്ത് നിങ്ങളുടെ ഉത്തരവാദിത്വത്തിൽ ചെറിയൊരു ചെലവ്. അതിൽ നിന്നു മുഖം തിരിച്ചു കളയരുത്.

ദീർഘനിശ്വാസത്തോടെ രാമുവിന്റെ അമ്മ പറഞ്ഞു: ഇനിയിപ്പോ എങ്ങനെയൊക്കെ നൃത്തം ചെയ്യാൻ പറഞ്ഞാലും അങ്ങനെയൊക്കെ നൃത്തം ചെയ്യുകയല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ.

ഇതു പണ്ഡിറ്റ്ജിയ്ക്കു നീരസമുണ്ടാക്കി. ഈ പ്രായശ്ചിത്തമെല്ലാം നിങ്ങൾ സന്തോഷത്തോടെ ചെയ്യേണ്ടവയാണ്. പക്ഷേ നിങ്ങൾക്കതിൽ അനിഷ്ടമുണ്ടെങ്കിൽ നിങ്ങളതൊന്നും ചെയ്യണ്ട. ഞാൻ പോവുകയായി.” പണ്ഡിറ്റ്ജി തന്റെ പഞ്ചാംഗവും മറ്റും കൈയിലെടുത്തു പോകാനൊരുങ്ങി.

പൊന്നു പണ്ഡിറ്റ്ജീരാമുവിന്റെ അമ്മയ്ക്ക് ഒരനിഷ്ടവുമില്ല. അവർക്ക് വലിയ ദുഃഖവുമുണ്ട്. അങ്ങു നീരസപ്പെട്ടു പോകരുതേ!” പാചകക്കാരിയും ഛന്നുവിന്റെ മുത്തശ്ശിയും കിസനുവിന്റെ അമ്മയുമെല്ലാം ഒരേ സ്വരത്തിൽ അപേക്ഷിച്ചു. രാമുവിന്റെ അമ്മ പണ്ഡിറ്റ്ജിയുടെ കാലു പിടിച്ചു. പണ്ഡിറ്റ്ജിയുടെ നീരസമകന്നു. വീണ്ടും ഉറപ്പിച്ചിരുന്നു.

ഇപ്പോഴെന്താ വേണ്ടത്?” രാമുവിന്റെ അമ്മ ആരാഞ്ഞു.

ഇരുപത്തൊന്നു ദിവസത്തെ പാരായണത്തിന് ഇരുപത്തൊന്നുറുപ്പിക. ഇരുപത്തൊന്നു ദിവസവും രണ്ടു നേരം വീതം അഞ്ചു ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കണം.” അല്പം നിർത്തിയ ശേഷം പണ്ഡിറ്റ്ജി തുടർന്നു. പക്ഷേഅതോർത്തു നിങ്ങൾ വിഷമിയ്ക്കേണ്ട. ഞാൻ തനിച്ച് രണ്ടു നേരവും ഭക്ഷണം കഴിച്ചോളാം. ഞാൻ തനിച്ച് ഭക്ഷണം കഴിച്ചാൽത്തന്നെ അഞ്ചു ബ്രാഹ്മണർ ഭക്ഷണം കഴിച്ചതിനു തുല്യമായ ഫലം കിട്ടും.

പണ്ഡിറ്റ്ജി ആ പറഞ്ഞതു ശരിയാണ്. പണ്ഡിറ്റ്ജിയുടെ കുടവയറു നോക്കൂ.” പാചകക്കാരി ചിരിച്ചുകൊണ്ടു പതിയെ പറഞ്ഞു.

എന്നാൽ പ്രായശ്ചിത്തത്തിനുള്ള ഏർപ്പാടുകളൊക്കെ ചെയ്തോളൂ, രാമുവിന്റെ അമ്മേ. ഇപ്പോൾ പതിനൊന്നു തോല സ്വർണ്ണമെടുക്ക്. ഞാനതുകൊണ്ട് രണ്ടു മണിക്കൂറിനുള്ളിൽ പൂച്ചയെ ഉണ്ടാക്കിച്ചു കൊണ്ടു വരാം. അതിനകം പൂജയ്ക്കുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു തീർക്കുക. ങാപിന്നെ പൂജയ്ക്കു വേണ്ടി...

പണ്ഡിറ്റ്ജിയുടെ വാക്കുകൾ അവസാനിയ്ക്കും മുൻപ് തൂപ്പുകാരി ഓടിക്കിതച്ച് മുറിയിൽ വന്നു കയറി. അതു കണ്ട് എല്ലാവരും നടുങ്ങി. രാമുവിന്റെ അമ്മ പരിഭ്രമിച്ചുകൊണ്ടു ചോദിച്ചു: എന്തു പറ്റിയെടീ?”

തൂപ്പുകാരി വിക്കിവിക്കി പറഞ്ഞു: അമ്മേപൂച്ച എഴുന്നേറ്റ് ഓടിപ്പോയി!




(പ്രശസ്ത ഹിന്ദി സാഹിത്യകാരനായിരുന്ന ഭഗവതീചരൺ വർമ്മ അര നൂറ്റാണ്ടിലുമേറെക്കാലം മുൻപെഴുതിയ ചെറുകഥയാണ് പ്രായശ്ചിത്ത്”. ഒരുകാലത്ത് കേരളത്തിലെ ഹൈസ്കൂൾ ക്ലാസ്സിൽ ആ കഥ പാഠ്യഭാഗമായിരുന്നു. അതിന്റെ സ്വതന്ത്ര വിവർത്തനമാണ് മുകളിൽ കൊടുത്തിരിയ്ക്കുന്നത്. 1903ൽ ഉത്തർപ്രദേശിൽ ജനിച്ച ഭഗവതീചരൺ വർമ്മ ഒരു ഡസനിലേറെ നോവലുകളെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂലേ ബിസരേ ചിത്ര്” എന്ന നോവലിന് 1961ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. ഈ നോവൽ കേരളത്തിലെ കോളേജുകളിൽ പഠിപ്പിയ്ക്കപ്പെട്ടിരുന്നു. 1934ലെഴുതിയ ചിത്രലേഖ” അദ്ദേഹത്തിന്റെ ഏറ്റവും നല്ല നോവലായി കണക്കാക്കപ്പെടുന്നു. ചിത്രലേഖ” 1941ലും 1964ലും ചലച്ചിത്രമാക്കപ്പെട്ടു. നോവലുകൾക്കും ചെറുകഥകൾക്കും പുറമേ കവിതകളും അദ്ദേഹമെഴുതിയിട്ടുണ്ട്. 1971ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു. 1981ൽ അദ്ദേഹം നിര്യാതനായി.) 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...