നിസ ജെയിംസ്
അസി. പ്രോഫസ്സർ, സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മന്റ്, കോട്ടയം
കൃഷി എന്നാൽ ഒരു ജീവിതോപാധി മാത്രമല്ല, ജീവിതം തന്നെയാണ്. ലോകജനതയെ നിലനിർത്തുന്നത് തന്നെ കാർഷിക മേഖലയാണല്ലോ. എന്നാൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ് സാമ്പത്തിക വ്യവസ്ഥയിൽ പിന്നോക്കം നിൽക്കുന്നതും അധികാരികളുടേയും വ്യവസായികളുടേയും ഔദാര്യത്തിൽ കഴിയേണ്ടി വരുന്നതും. അസംഘടിത ചെറുകിട കർഷകരും ഏകീകൃതമല്ലാത്ത വിതരണ ശൃംഖലയും കാർഷിക വിളകൾക്ക് ശരിയായ മൂല്യ വർദ്ധനവില്ലാത്തതും വിപണന സാധ്യത പ്രയോജനപ്പെടുത്താത്തതുമാണ്, വികസ്വര രാജ്യങ്ങളിൽ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ.
ഏകീകൃത വിതരണ ശൃംഖലയുടെ ആവശ്യകത
2050 ഓടെ ലോക ജനസംഖ്യ 900 കോടി (9 ബില്യൺ) കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കാർഷികോത്പാദനവും വിതരണവും 70%ത്തോളം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു
അസംസ്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും വ്യാവസായിക വിവരങ്ങളും അംഗങ്ങൾക്ക് കൃത്യ സമയത്ത് കൈമാറുകയും വസ്തുക്കളുടെ സംഭരണം പരിവർത്തനം വിതരണം എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കുകയും ചെയ്യുകയാണ് കാര്യക്ഷമമായ വിതരണ ശ്രേണിയുടെ വിജയം. ഏകീകൃതമായ വിതരണ ശൃംഖല കാർഷിക വ്യവസായത്തിന് അനുപേക്ഷണീയമാണ്.
സംഭരണത്തിനും വിതരണത്തിനും നൂതന സംവിധാനങ്ങളില്ലാത്തതും വിളകൾ പാഴായി പോകുന്നതും ഇടനിലക്കാർ അന്യായ ലാഭം നേടുന്നതും കീടനാശിനികളുടെ അമിതോപയോഗം നിയന്ത്രിക്കാനുള്ള സാഹചര്യം ഇല്ലാത്തതും കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാൽ, കാർഷിക വിളകൾ പാഴായി പോകുന്നതാണ് വിതരണ ശൃംഖ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
എമ്മേർസൺ ക്ലൈമറ്റ് ടെക്നോളജീസ് നടത്തിയ പഠനത്തിൽ പറയുന്നത്, ഇന്ത്യയിൽ ഏകദേശം 44 കോടി രൂപ മൂല്യമുള്ള കാർഷിക വിളകളാണ് വർഷം തോറും പാഴായി പോകുന്നു എന്നാണ്. പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടേയും വിതരണ സംവിധാനത്തിന്റേയും അഭാവമാണ്.
അമുൽ : വിതരണ ശൃംഖലയുടെ ഇന്ത്യൻ മാതൃക
വികസ്വര രാജ്യങ്ങളിൽ ചെറുകിട കർഷകരാണ് കാർഷിക മേഖലയിൽ അധികവും. ആഗോള തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ വലിയൊരു പങ്കു വഹിക്കുന്നതും ഇവരാണ്. അതിനാൽ കർഷക സംഘടനകൾ രൂപവത്ക്കരിക്കുകയും അവയ്ക്ക് വിപണന തലത്തിലേക്ക് ഉയരുവാനുള്ള സാഹചര്യം ഒരുക്കുകയും വേണം. ഇതിന്റെ ഉദാത്തമായ ഒരു മാതൃകയാണ് അമുൽ. അമുൽ ഉൽപ്പന്നങ്ങളെ വിപണി കയ്യടക്കാൻ നേതൃത്വം നൽകിയ ശ്രീ വർഗ്ഗീസ് കുര്യൻ (ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവ്) സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാ
ഗുജറാത്ത് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജി.സി.എം.എഫ്) അമുൽ എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. സമർത്ഥമായ വിപണന തന്ത്രങ്ങളും സമഗ്രമായ ശീതീകരിച്ച വിതരണ ശൃംഖലയും അമുൽ ഉൽപ്പന്നങ്ങളെ വിപണി കയ്യടക്കാൻ സഹായിച്ചു. കർഷകർക്ക് അർഹമായ ലാഭവിഹിതങ്ങളും ലഭ്യമായി. അമുലിന്റെ വിജയ മാതൃക മറ്റു രാജ്യങ്ങളിലേക്കെത്തിക്കാൻ വേൾഡ് ബാങ്ക് ജി.സി.എം.എം.എഫിന്റെ സഹകരണം ആവശ്യപ്പെടുകയുണ്ടായി. ഈ മാതൃക കേരളത്തിൽ നീരയുടെ വിപണനത്തിന് സഹായകമാകുമെന്ന് കരുതുന്നു.
വാൾമാർട്ട് : വിതരണ ശൃംഖലയിലെ ആഗോള നാമം
ജൂലൈ 2, 1962 ലാണ് അമേരിക്കയിൽ അർക്കനാസ് എന്ന സ്ഥലത്ത് വാൾമാർട്ടിന്റെ ആദ്യത്തെ സ്റ്റോർ തുറന്നത്. 70 ലധികം രാജ്യങ്ങളിലായി ഉൽപ്പന്നങ്ങൾ സംഭരിക്കുകയും 11,000 സ്റ്റോറുകൾ 27 രാജ്യങ്ങളിലായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വാൾമാർട്ട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലറാണ്.
ഉൽപ്പാദനത്തിന്റേയും സംഭരണത്തിന്റേയും വിതരണത്തിന്റേയും അംഗങ്ങളെ സാങ്കേതിക വിദ്യയിലൂടെ ഏകീകരിച്ചു കൊണ്ട് വിതരണ ശൃംഖല പരമാവധി കാര്യക്ഷമമാക്കുക വഴി ഉപഭോക്താവിന് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ളതും പുതുമയുള്ളതുമായ ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുവാൻ വാൾമാർട്ടിന് സാധിക്കുന്നു.
വാൾമാർട്ടിന്റെ ഡയറക്ട് ഫാം, പദ്ധതി കർഷകരെ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുക വഴി വിതരണത്തിലെ നഷ്ടം ഒഴിവാക്കാൻ സാധിച്ചു. കർഷകർക്ക് ആവശ്യമുള്ള ആധുനിക പരിശീലനവും പ്രാഥമിക പൈന്തുണയും നൽകാനും അവരുടെ വിളകൾക്ക് സ്ഥിരമായ വിപണിയും ഉയർന്ന പ്രതിഫലവും ഉറപ്പു വരുത്താനും ഈ പദ്ധതി സഹായിച്ചു. ഇന്ത്യയിൽ 8 സംസ്ഥാനങ്ങളിലായി 20 ബെസ്റ്റ് പ്രയിസ് മോഡേൺ ഹോൾസെയിൽ സ്റ്റോറുകളാണ് വാൾമാർട്ട് പ്രവർത്തിപ്പിച്ചു വരുന്നത്.
50000 ചതുരശ്ര അടിയിലായി എല്ലാത്തരം ഉൽപ്പന്നങ്ങളുടേയും മൊത്ത വ്യാപാരം നടത്തപ്പെടുന്നു. ഇതിൽ 90-95% ഉൽപ്പന്നങ്ങളും തദ്ദേശീയമായി സംഭരിക്കുന്നവയാണ്. തദ്ദേശ സമ്പട്ഘടനയുടെ പുരോഗതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് വഴിയൊരുക്കുന്നു. ചൈനയിൽ വാൾമാർട്ട് 2007 ലാണ് പ്രവർത്തനം ആരംഭിച്ചതു. ഓരോ സ്റ്റോറും ഒരു സംഭരണ ശാലയായി മാറി പുതുമയുള്ള വിളകൾ തദ്ദേശീയമായി സംഭരിച്ച് ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കാൻ സാധിച്ചു. 2012 ഓടുകൂടി 8 ലക്ഷം ചെറുകിട കർഷകർ ഡയറക്ട് ഫാം പദ്ധതിയുടെ ഭാഗമായി. 2015 ഓടെ 20 ലക്ഷം കർഷകരിലേക്കെത്താനും വിളകളുടെ നഷ്ടം 15% ഓളം കുറയ്ക്കാനുമാണ് വാൾമാർട്ടിന്റെ ലക്ഷ്യം.
ഐ.ടി.സി. ഇന്റർനെറ്റ് സാധ്യത കർഷകരിലേക്ക്
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നായ ഐ.ടി.സി.യുടെ ഇ- ചൗപ്പൽ പദ്ധതി വിപണിയെയും കൃഷിയെയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കർഷകരിലേക്കെത്തിക്കുവാൻ സഹായിക്കുന്നു.
വിപണനത്തിനാവശ്യമായ വിളകൾ തെരഞ്ഞെടുക്കാനും ഉൽപ്പാദിപ്പിക്കാനും വിത്ത്, വളം കാർഷികോപകരണങ്ങൾ എന്നിവ വാങ്ങാനും കാർഷിക വിളകൾ വിപണനം ചെയ്യാനുമുള്ള സൗകര്യങ്ങൾ ഓരോ ഇ - ചൗപ്പൽ കിയോസ്കുകളും ഒരുക്കി. ഓരോ കിയോസ്കിലും ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. 10 ഗ്രാമങ്ങൾക്കായി 5 കി.മീ ദൂര പരിധിയിൽ 600 കർഷകരുടെ ഓരോ കിയോസ്കുകളും പ്രവർത്തിച്ചു വരുന്നു.
ഇ.ഐ.ഡി. പാരി : ചെറുകിട കർഷകരുടെ മിത്രം
രാജ്യത്തെ പ്രമുഖ പബ്ലിക് ലിമിറ്റഡ് കമ്പനികളിലൊന്നായ ഇ.ഐ.ഡി. പാരി പഞ്ചസാരയുടെ ഉൽപ്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നു. ഫ്രാഞ്ചൈസി മാതൃകയിൽ സംഭരണ ശൃംഖല നിർമ്മിക്കുകയും കിയോസ്കുകളിലൂടെ ചെറുകിട കരിമ്പ് കർഷകരിൽ നിന്ന് വിളകൾ സംഭരിക്കുകയും ചെയ്തുകൊണ്ട് ഉൽപ്പാദനം മെച്ചപ്പെടുത്താനുള്ള വിവരങ്ങളും സേവനങ്ങളും നൽകി സഹായിക്കുന്നു.
ഇന്ത്യ അഗ്രിലൈൻ എന്ന വെബ് പോർട്ടറിലൂടെ വിപണി നിലവാരം, കാലാവസ്ഥാവിവരങ്ങൾ കർഷകർക്കായുള്ള മറ്റു സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നു.
കാർഷിക മേഖലയിലെ വിതരണ ശൃംഖലയെ മെച്ചപ്പെടുത്താൻ വ്യവസായ സ്ഥാപനങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നു.
സാമൂഹിക ക്ഷേമത്തിനായി കോർപ്പറേറ്റുകൾ അവരുടെ ലാഭത്തിന്റെ 2% നീക്കി വയ്ക്കണം എന്ന നിയമം രൂപീകരിച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ജീവകാരുണ്യ പ്രവർത്തികൾക്കായി മാത്രം ഒതുങ്ങാതെ സൃഷ്ടിപരമായ കാര്യങ്ങളിൽ ലാഭവിഹിതം വിനിയോഗിക്കാൻ 2008 ൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ ബിൽഗേറ്റ്സ് കോർപ്പറേറ്റുകളോട് ആഹ്വാനം ചെയ്തു. ഇക്കണോമിക് ടൈംസിന്റെ അവലോകന പ്രകാരം 8000 ഇന്ത്യൻ കമ്പനികൾ മേൽപറഞ്ഞ സി.എസ്. ആർ. നിയമത്തിന്റെ കീഴിൽ വരും. ഏകദേശം 15000 കോടി രൂപ വർഷാവർഷം സി.എസ്.ആർ. പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കപ്പെടും. കാർഷിക മേഖലയുടെ പ്രത്യേകിച്ച് വിതരണ ശൃംഖലയുടെയും പുനരുദ്ധാരണത്തിനു വേണ്ടി ഒരു പങ്ക് വിനിയോഗിച്ചാൽ സുസ്ഥിരമായ ഭാവി കർഷകർക്കു മാത്രമല്ല, ലോക ജനതയുടെ ഭക്ഷ്യസുരക്ഷയ്ക്ക തന്നെ വഴി തെളിക്കും.
ഫോൺ : 9656808654