മോഹൻചെറായി
അതിരുകളില്ലാത്ത ലോകം പിറന്നിതാ
അതിമോഹജാലത്തിനുലകം തുറന്നിതാ
അധിക ജീവിതകാലം കൊതിപ്പവർ
അതിവേഗമീക്കളം വിട്ടൊഴിഞ്ഞീടുക
പുതിയ ചിന്തയെ കേൾക്കുക; കാണുക
പുത്തനാം ഒരു ലോകസംസ്കാരമറിയുക.
വഴിയുന്നു വഴിവിട്ട വരികളും വരകളും
വഴിമാറുക വഴിമുടക്കുന്നവർ
കറവ വറ്റിയ ഗോക്കളെ വേണ്ടിനി
കറയറ്റുപോയൊരു ആശ്രയം വേണ്ടിനി
വഴിയമ്പലങ്ങളിൽ തള്ളുക ആക്രികൾ
വഴിവിട്ടു നീങ്ങിയാൽ കാലന്നു നൽകിടാം
ഇന്നലെ വേണ്ടിനി; ഇനിയുള്ള നാളെയും
ഇന്നിന്റെ ഫാഷനും ഫ്യൂഷനും മാത്രമായ്
ചുംബിച്ചുണർത്തുക 'മുഖപുസ്തക'ത്തിനെ
ചുംബനാലിംഗനം അവകാശമാക്കിടാൻ
കാഴ്ചപ്പാടുകൾ ഇവ്വിധം തുടരുകിൽ
വേഴ്ചയും മാനമായ് മാറുന്ന നാൾ വരും
അകലെയല്ലാത്ത സീമയിൽ കാണ്മു ഞാൻ
അകളും ഉത്തമ മാനവ സംസ്കൃതി
അവനിയേറെ പുരോഗമിച്ചെങ്കിലും
അവയോടൊപ്പമില്ല ഞാൻ പലതിലും .....
അഹിതമായതു കാണാതിരുന്നിടാൻ
വിഹിതമേകുക നീയെന്റെ മിഴികളേ