18 Dec 2014

വിവാഹം



വി.എച്ച്‌.ദിരാർ

ഞങ്ങൾക്കന്ന്‌
തേനിനേക്കാൾ മധുരവും
വീഞ്ഞിനേക്കാൾ ലഹരിയുമുണ്ടായിരുന്നു
ഞങ്ങൾക്കന്ന്‌
കടലിനേക്കാൾ ആഴവും
ആകാശത്തേക്കാൾ വ്യാപ്തിയുമുണ്ടായിരുന്നു
ഒന്നുനോക്കിയാൽപോലും
പരസ്പരം പൂവിടുന്ന ഉടൽപച്ച
നിലാവ്‌ നിറച്ച പേനകൊണ്ട്‌
ദൈവം കുറിച്ച കവിത.

എത്ര പെട്ടെന്നാണ്‌
ഞങ്ങളുടെ ഒഴുക്കുകൾ നിന്നുപോയത്‌
എത്രപെട്ടെന്നാണ്‌
ഞങ്ങളുടെ കടവുകൾ ജലരഹിതമായത്‌.

ഒരു ദിവസം
മഴത്തുള്ളിയിൽ ഒളിച്ചിരുന്ന
ഒരു മരുഭൂമിയെ അവൾ പിടികൂടി
കാറ്റിനിപ്പോൾ ദുർമന്ത്രവാദികളുടെ
ഭാഷയെന്ന്‌ പറഞ്ഞ്‌
ഒരു ദിവസം
അവൾ ജനലുകളെല്ലാം കൊട്ടിയടച്ചു.
ഒരുദിവസം
അവൾ നട്ടുവളർത്തിയ പൂന്തോട്ടത്തിലെ
പനിനീർപൂവിൽനിന്ന്‌ വിഷസർപ്പങ്ങളുടെ
വഴികാട്ടിയായ പുഴുവിനെ ഞാൻ കണ്ടെത്തി
ഒരു ദിവസം
അവളുടെ വാക്കിൽ നിന്ന്‌ പഴുതാരയേയും
കാൽപ്പാടിൽനിന്ന്‌ ജാരന്മാരുടെ സന്ദേശവും കണ്ടെത്തി.

പരസ്പരം കണക്കെടുപ്പായി ഞങ്ങൾക്ക്‌ ദിനചര്യ
പരസ്പരം ഹരിച്ചുകൊണ്ട്‌ ഞങ്ങൾ പ്രേമത്തിന്‌ വിലയിട്ടു
പരസ്പരം പെരുക്കിക്കൊണ്ട്‌ ഞങ്ങൾ വെറുപ്പിന്‌ വിലയിട്ടു
രണ്ടക്കങ്ങൾ പരസ്പരം തൊടാതെ കിടന്നു, ഉറങ്ങി, ഉണർന്നു
രണ്ടക്കങ്ങൾ പരസ്പരം വെട്ടി.

അവൾ എപ്പോഴും പറയാറുള്ള
ബഷീറിന്റെ ഇമ്മിണി ബല്ല്യേ ഒന്ന്‌
ഞങ്ങൾ തമ്മിൽ കൂട്ടിയപ്പോൾ എവിടെപ്പോയി
ഒന്നും ഒന്നും കൂട്ടിയാൽ ഒന്നുമല്ലാതാവുന്ന
വിദ്യയുടെ പേരാണോ വിവാഹം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...