18 Dec 2014

ഹിഡുംബി


ചാത്തന്നൂർ മോഹൻ

മഴയുടെ വിഭക്തി പ്രത്യയങ്ങളിലൂടെ
കാറ്റിന്റെ കർമ്മണി പ്രയോഗത്തിലൂടെ
ഇടിമിന്നലുകളുടെ ദ്വന്ദ്വസമാസത്തിലൂടെ
കടലിരമ്പത്തിന്റെ വൃത്താലങ്കാരശാസ്ത്രങ്ങളും കടന്ന്‌
കാടും കാട്ടാറുകളും
കുന്നും താഴ്‌വാരങ്ങളും
കർക്കടകപ്പേമാരിയുടെ
കരവലയത്തിലമർന്നു കിടന്ന ഒരുനാൾ

കാന്താരരഥ്യങ്ങൾ താണ്ടി
കനത്ത കാൽവയ്പുകളോടെ
മലമുകളിൽ നിന്ന്‌ കുതിച്ചു ചാടുന്ന
പ്രവാഹിനിയെപ്പോലെ

പാണ്ഡവരഞ്ചും താഴ്‌വാരത്തിലെ
താവളത്തിലെത്തിച്ചേർന്നു
മഴയുടെ തെയ്യക്കോലങ്ങൾ
ഉറഞ്ഞുതുള്ളിത്തളർന്നപ്പോൾ
നിമ്ന്നോന്നതങ്ങളിൽ
ഉടുപുടുവ നനഞ്ഞൊട്ടി
ഋതുമതിയായ കന്യകയെപ്പോലെ
കാനനം കുളിർന്നു വിറച്ചു നിന്നു
മഞ്ഞവെയിൽക്കൂടാരത്തിൽ
വെടിയിറച്ചി കടിച്ചീമ്പിയും
കാട്ടുതേൻ കുടുകുടാ മോന്തിയും
വിശപ്പും ദാഹവുമകറ്റി
മരവുരിശയ്യയിൽ
അവർ മയങ്ങാൻ കിടന്നു.
അപ്പോഴും ദൂരെ പാറക്കെട്ടുകൾക്കിടയിൽ
ഭീമഹൃദയം അസ്വസ്ഥമായി അലഞ്ഞു നടന്നു
വനമല്ലികകൾ പൂത്തിറങ്ങും പോലെ
കാട്ടുതേനിന്റെ വർണ്ണസൗരഭ്യവുമായി
വനമോഹിനി
ഹിഡുംബി
വൃകോദര വക്ഷസ്സിൽ
ലതാവേഷ്ടിതയായിക്കിടന്നു.
വിരിഞ്ഞനെഞ്ചും നിറഞ്ഞ മാറും
ഞെരിഞ്ഞമർന്ന വനസന്ധ്യയിൽ
കാരിരുമ്പ്‌ ചൂളയിൽ പഴുത്ത്‌ ചുവന്നുതുടുക്കുംപോലെ
കാട്ടുപെണ്ണിൻ തീവ്രപ്രണയത്തീയിൽ
വെന്തു വെന്തുനീറിത്തെളിഞ്ഞ
കുന്തീതനയൻ ചതുരശ്രശോഭയണിഞ്ഞു.
നിദ്രവിട്ടുണർന്ന സഹോദരങ്ങളോടൊപ്പം
ഇങ്ങിനിവരാത്തവണ്ണം
മനസില്ലാമനസ്സോടെ
ഭീമസേനനും കാടുവിട്ട്‌ മടങ്ങിപ്പോകവേ
'അങ്ങിനിവരില്ലേ'യെന്നാർത്തലച്
ചൊഴുകിയ
തേങ്ങലിൻ ചുടുകണ്ണീർ
പിൻവിളിയിൽ തടംതല്ലി...
പെയ്തുപൊയ്തൊഴിയാത്ത ദുഃഖമായ്‌ വിയോഗമായ്‌
ജന്മശാപത്തിന്റെ ശിലകളിൽ തലതല്ലി
മറ്റൊരു മഴയായിപ്പെയ്യുന്ന ഹിഡുംബിയെ
പച്ചകുത്തിയ കാമം
വ്യേമവക്ഷസ്സിൽ ചേർത്തുകിടത്തി
കാലാതീത ഭീമതുംഗമാം വ്യാസ
ഹൃദയാക്ഷരങ്ങളിൽ വായിച്ചു...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...