ഞാൻ നിങ്ങൾക്കൊരു രക്ഷ കെട്ടിത്തരാം...

ഡോ.മ്യൂസ്‌ മേരി ജോർജ്ജ്‌
    ഗാന്ധിജിയെക്കുറിച്ചുള്ള നമ്മുടെ അനുഭവം വ്യത്യസ്തങ്ങളായ അർത്ഥങ്ങളെ ഉൾക്കൊള്ളുന്നതാണ്‌. ഈശോപാസ്യോപനിഷത്തിലെ ആദ്യമന്ത്രം മാത്രം സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം ഹിന്ദുമതം സുരക്ഷിതമായിരിക്കുമെന്നു പറഞ്ഞ അദ്ദേഹത്തെ ഹിന്ദുമതവിശ്വാസികൾ സംശയിച്ചു. ക്രിസ്തുമതത്തെ നിരാകരിക്കുകയും ക്രിസ്തുവിനെ സ്വീകരിക്കുകയും ചെയ്ത അദ്ദേഹം ക്രിസ്ത്യാനികൾക്ക്‌ ആശാസ്യമാതൃകയായിരുന്നില്ല. 'സർവ്വോദയത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം കമ്മ്യൂണിസ്റ്റുകൾക്ക്‌ അഭിമതനായിരുന്നില്ല. മുതലാളിത്തത്തിന്‌ അദ്ദേഹം വെറുക്കപ്പെട്ടവനായിരുന്നു. ദളിതരെ ദൈവമക്കൾ എന്നു വിളിക്കുകയും സവർണ്ണരുടെ മനഃപരിവർത്തനത്തിലൂടെ സംഭവിക്കേണ്ടുന്ന ജാതീയതമായ തുല്യതാ ബോധത്തെ പഠിപ്പിക്കുകയും ചെയ്ത അദ്ദേഹം അംബേദ്ക്കറിസ്റ്റുകളാൽ രൂക്ഷവിമർശനത്തിനു പാത്രമായി. പ്രഖ്യാപിത ഗാന്ധിയന്മാരാവട്ടെ അദ്ദേഹത്തെ ഒരു വിഗ്രഹമാക്കി. അദ്ദേഹത്തിന്റെ (രാഷ്ട്രപിതാവിന്റെ) സ്വന്തം നാട്ടിൽ അദ്ദേഹത്തിന്‌ ധാരാളം സൃമൃതിമണ്ഡപങ്ങളുണ്ടായി. ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിസൂക്തങ്ങളുരുവിടലും ഗാന്ധിസ ചർച്ചകളുമുണ്ടായി. സ്വാതന്ത്ര്യാനന്തരഭാരത്തിൽ ഇത്തരം അവസ്ഥാന്തരങ്ങളെ നേരിട്ടയാളാണ്‌ ഗാന്ധിജി. എന്നാൽ ഏതുതരം സത്യാന്വേഷകർക്കും സംശയഗ്രസ്തർക്കും ഒരു വലിയ ആശ്രയമാണ്‌ ഗാന്ധിജി. അതിനാൽ അദ്ദേഹം കുറേപ്പേർക്കെങ്കിലും മഹാത്മാവായിരിക്കുന്നു.
    വർത്തമാനകാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുമ്പോൾ നാം പലപ്പോഴും സംശയഗ്രസ്തരായിത്തീരുന്നു. 1990 മുതൽ സാമ്പത്തികമായ രംഗങ്ങളിലുണ്ടായ മാറ്റം മറിച്ചിലുകളും വികസനത്തിന്റെ അതിവേഗങ്ങളും സമൂഹത്തിൽ സാമ്പത്തിക വിഭാഗീയതകളെ വളർത്തി. അഭയാർത്ഥിസമൂഹങ്ങളുടെ വർദ്ധനയും സ്വകാര്യവൽക്കരണത്തിന്റെ പെരുക്കങ്ങളും കാണുന്നു. ഈയവസരത്തിൽ ഗാന്ധിജി സംശയങ്ങളുടെയും സന്ദേഹങ്ങളുടെയും ആശ്രയസ്ഥാനമായി മാറുന്നു. നവമുതലാളിത്തത്തിന്റെ വ്യാപനം ദരിദ്രരെ വീണ്ടും ദരിദ്രമാക്കുകയും ഭോഗികളെ കൂടുതൽ ഭോഗികളാക്കുകയും ദുരാഗ്രഹികളെ അത്യാഗ്രഹികളാക്കിത്തീർക്കുകയും ചെയ്യുന്നു. അപ്പോൾ സാംസ്കാരികാന്തരീക്ഷം കലുഷിതവും സങ്കീർണ്ണവുമാകുന്നു. ആ സമയത്താണ്‌ ആദ്യം രേഖപ്പെടുത്തിയമാതിരിയുള്ള 'രക്ഷ' അദ്ദേഹം കെട്ടിത്തരുന്നത്‌. കൺമുന്നിൽ പ്രത്യക്ഷപ്പെടുന്ന ഏറ്റവും  ദരിദ്രനെക്കുറിച്ചു ചിന്തിക്കുക, തന്റെ പ്രവർത്തി അവനെത്ര ഗുണകരമായിരിക്കുന്നുവേന്ന്‌ ചിന്തിക്കുക തുടങ്ങിയവ നമ്മുടെ കർമ്മമണ്ഡലങ്ങളിലൊക്കെ സ്വാധീനം ചെലുത്തേണ്ടവയാണ്‌. അങ്ങനെയൊരു 'ഏഴാവിചാരം' ഉണ്ടായിരിക്കുമ്പോൾ മാത്രമേ വികസനത്തിന്‌ മനുഷ്യനന്മയുടെ മുഖം കൈവരൂ. ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന ചൂഷകസംവിധാനമായി എല്ലാവിധ പൊതുമേഖലകളും, സർക്കാർ-സർക്കാരിതര ഏജൻസികളും വർത്തിക്കുമ്പോൾ ഗാന്ധിജിയിൽനിന്ന്‌ ഏറെ അകന്നായിരിക്കും അവരൊക്കെ സഞ്ചരിക്കുന്നത്‌. മനുഷ്യനന്മയെക്കുറിച്ച്‌ ആഴത്തിലാഴത്തിലേക്ക്‌ വേരുകളാഴ്ത്തിനിൽക്കുന്ന ഇളകിപ്പോകാത്ത ഒരു സാമൂഹ്യാവബോധം ഗാന്ധിസം ആവശ്യപ്പെടുന്നുണ്ട്‌. എന്റെ ഓരോ പ്രവൃത്തിയിലൂടെയും ഏറ്റവും എളിയവർക്ക്‌ എന്തു പ്രയോജനമെന്ന്‌ ഓരോരുത്തരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു?
    ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സത്യത്തോടുള്ള സംയോജനമാണ്‌ സത്യാഗ്രഹം."സത്യാഗ്രഹി ആവശ്യങ്ങൾക്കുമാത്രമാണ്‌ സമരം ചെയ്യുന്നത്‌" (ഗാന്ധിജി). അഹിംസയും സത്യവുമാണ്‌ സത്യാഗ്രഹത്തിന്റെ ഊർജ്ജം."എപ്പോഴൊക്കെ സത്യാഗ്രഹി തന്റെ സമരം ഹിംസയുടെ  കറ പുരണ്ടതാണെന്ന്‌ കണ്ടുപിടിക്കുന്നുവോ ആ നിമിഷം അയാൾ പശ്ചാത്തപിക്കുന്നു. അതായത്‌ അകത്തും പുറത്തും അയാൾ ഒന്നായിരിക്കണം." സത്യാഗ്രഹം താളാത്മകമായ ചലനവും പ്രാണവായുവായ ജീവിതരീതിയുമാണത്‌. സത്യാഗ്രഹം ആത്മസാക്ഷാത്ക്കാരവും ആത്മസംസ്കാരവുമാണ്‌. ഇവിടെയാണ്‌ പ്രായോഗികമതിത്തത്തിന്റെ പരമകാഷ്ഠയിൽ ജീവിക്കുന്ന നമ്മോട്‌ ഗാന്ധി സംസാരിക്കുന്നത്‌. സ്വയം ശുദ്ധീകരണത്തിന്റേതായ പ്രാണവായുവിനെ ഉൾക്കൊണ്ടുകൊണ്ട്‌ ഹിംസാരഹിതമായി നടത്തേണ്ടുന്ന സത്യപാലനമായി ജീവിതത്തെ നാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. പുത്തൻ കൊളോണിയൽ മൂല്യങ്ങളെ പോഷിപ്പിക്കുന്ന ജീവിതശൈലിയുടെ മോഹനവാഗ്ദാനങ്ങൾക്കിടയിൽ ആത്മശോധകമായ സത്യപാലനത്തെ പരിശീലിക്കേണ്ടത്‌ വ്യക്തി-സമൂഹ-രാഷ്ട്ര നന്മയ്ക്ക്‌ അത്യന്താപേക്ഷിതമാണ്‌. ഭക്ഷണശീലങ്ങൾ, വാഹനവസ്തു ഉപഭോഗങ്ങൾ, ഗൃഹനിർമ്മാണം, ധനവിനിയോഗം, സുഖലോലുപമായ ദൈനം ദിന ജീവിതം എന്നീ ഇടങ്ങളിലെല്ലാം ഗാന്ധിയൻ നോട്ടം നാം ശീലിക്കുന്നത്‌ നല്ലതാണ്‌. കൊക്കകോളയും, വിദേശനിർമ്മിത ഉപഭോഗവസ്തുക്കളും, ലഹരിപാനീയങ്ങളും, വിദേശജോലിയുമെല്ലാം നിത്യജീവിതത്തിന്റെ അടിസ്ഥാനപ്രമേയങ്ങളായി മാറുമ്പോൾ ചൂഷണാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ കുഴലൂത്തുകാരായി മാറുന്നു. ഇത്തരം സാമൂഹ്യപരിസ്ഥിതിയിൽ സത്യാഗ്രഹം ഒരു സമരാഘോഷമായി മാത്രം തുടരുന്നു. എന്നാൽ അത്‌ ജീവിതത്തിന്റെ തിരുത്തൽ ശക്തിയാണ്‌; സത്യത്തിന്റെ അഹിംസാ നിർഭരമായ ആഘോഷമാണ്‌. നമ്മുടെ വ്യക്തിജീവിതത്തിന്റെ സൂക്ഷ്മമായ ഇടത്തിൽനിന്നു തുടങ്ങി സാമൂഹ്യജീവിതത്തിന്റെ സ്തൂലമായ ഇടങ്ങൾവരെ തുടരുന്ന നൈതികതയുടടെ ആവിഷ്കാരമാണത്‌.
    വികസനത്തിന്റെ പ്രത്യാഘാതങ്ങൾ, പാരിസ്ഥിതികമായ തകർച്ച, കമ്പോളാധിഷ്ഠിത മൂല്യങ്ങൾ, ചൂഷണത്തിന്റെ ഭിന്ന സാഹചര്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഗാന്ധിസം സജീവമായ സാധ്യതയായി നില നിൽക്കുന്നു. പരീക്ഷിച്ച്‌ വിജയിക്കാമെന്ന ചങ്കൂറ്റമുള്ളവർ കുറഞ്ഞുപോകുന്നുവേന്നുമാത്രം. പരീക്ഷണത്തിനുള്ള സന്നദ്ധത പ്രകടിപ്പിക്കാനുള്ള തന്റേടമെങ്കിലും നാം പ്രകടിപ്പിച്ചേതീരൂ. അല്ലെങ്കിൽ മേൽപ്പറഞ്ഞ ആസുരശക്തികൾക്കിടയിൽപ്പെട്ട്‌ നാടും വീടും മണ്ണും മനസ്സും തകർക്കപ്പെടും-സർവ്വ ദയവും സത്യാഗ്രഹവും സത്യാന്വേഷണവും പ്രയോഗവിശുദ്ധി തേടുന്ന പദങ്ങളാണ്‌. ഒരു ദർശനമോ വ്യക്തിയോ തന്റെ ജീവിതകാലത്തിനുശേഷം വ്യത്യസ്തങ്ങളായ സാംസ്കാരികസന്ദർഭങ്ങളിൽ സംശയഗ്രസ്തരായി കുഴങ്ങിനിന്നുപോകുന്നവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുമ്പോൾ അവർ മഹത്തുക്കളാകും. അവരുടെ ദർശനം സത്യാനുഭവമായി മാറും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?