എം.തോമസ്മാത്യു
നന്നേ ക്ഷീണിച്ചിരുന്നു മടങ്ങിയെത്തിയപ്പോൾ, രാവിലെ എട്ടു മണിക്കു പുറപ്പെട്ടു; മടങ്ങിയെത്തുമ്പോൾ പിറ്റേന്നു വെളുപ്പിനെ മൂന്നു മണി! കോട്ടയത്തു നിന്ന് വിജോയ് ബസ്സിൽ യാത്ര ചെയ്തെത്തി പാതയോരത്തു കാത്തു നിന്നിരുന്നു. അദ്ദേഹത്തെയും കൂട്ടി കാറിൽ നേരെ കണ്ണൂരിലെത്തി. അവിടെ ഏതാണ്ട് ഒരു മണിക്കൂർ നേരം പത്മനാഭന്റെ അടുത്തിരുന്നു വർത്തമാനം പറഞ്ഞു. വെറുതെ നാട്ടുകാര്യങ്ങൾ, ചില്ലറ സാഹിത്യകാര്യങ്ങളും സാഹിത്യത്തിലെ തമാശയൂറുന്ന രാഷ്ട്രീയങ്ങളും. ആളുകൾ വെറുതെയെന്തിനിങ്ങനെ ചെറുതാകുന്നു എന്ന് അത്ഭുതം തോന്നും! പക്ഷേ, ഇത്തരം കാര്യങ്ങൾ ഒന്നും ചർച്ച ചെയ്ത് ഏതെങ്കിലും തീരുമാനത്തിലെത്തി നടപ്പിലാക്കാനായിരുന്നില്ലല്ലോ മുന്നൂറോളം കിലോമീറ്റർ കാർ ഓടിച്ചു ചെന്ന് ഒട്ടും വൈകാതെ മടങ്ങിപ്പോന്നത്. അല്ല, പത്മനാഭന്റെ സഹധർമ്മിണി നിര്യാതയായിട്ട് കുറച്ചു ദിവസങ്ങൾ ആയി. സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ പോയില്ല. വിവരമറിഞ്ഞ് അവിടെ ഓടിപ്പിടഞ്ഞെത്തുമ്പോഴേക്കും അതൊക്കെ കഴിഞ്ഞിരിക്കും. വിവരമറിയിക്കുമ്പോൾ അറിയിക്കുന്നെന്നേയുള്ളൂ. തിരക്കിട്ട് ഓടിവരികയൊന്നും വേണ്ടാ എന്നുകൂടി അദ്ദേഹം പറഞ്ഞിരുന്നു. ഏതു വിഷമസന്ധിയിലും, എന്തു ദുഃഖം വന്നു പൊതിയുമ്പോഴും മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ചോർക്കാനും, താനായിട്ട് ആരെയും പ്രയാസപ്പെടുത്തിക്കൂടാ എന്നു ചിന്തിക്കാനും തോന്നിപ്പിക്കുന്ന മനസ്സ് ആരെങ്കിലും തിരിച്ചറിയാറുണ്ടോ? ഒന്നോ രണ്ടോ മുറിവാചകങ്ങളിൽ ഭാര്യയുടെ രോഗവൃത്താന്തവും മരണസാഹചര്യവും അദ്ദേഹം വിവരിച്ച് തന്നിട്ട്, തിടുക്കപ്പെട്ട് തന്നെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താനെന്നവണ്ണം മറ്റു വിഷയങ്ങളിലേക്ക് കടക്കുകയാണ് ചെയ്തത്. പഴയമട്ടിലുള്ള ഫലിതങ്ങൾ പറഞ്ഞു ചിരിക്കുകയോ ചിരി അഭിനയിക്കുകയോ ചെയ്യുന്നുമുണ്ടായിരുന്നു. അപ്പോഴെല്ലാം ആ തേങ്ങുന്ന മനസ്സ് ഞാൻ അറിയുന്നുണ്ടായിരുന്നു. ഔപചാരികത തീണ്ടിയ ഒറ്റവാക്കും ആരിൽ നിന്നും പുറപ്പെട്ടില്ല. ഒരിക്കൽ മാത്രം ആ കയ്യിൽ ഒന്ന് അമർത്തിപ്പിടിച്ചു, അത്രമാത്രം.
മടക്കവേളയിൽ ഞാൻ വിജോജിയോടു ചോദിച്ചു: "നമ്മൾ എന്തിനാണ് പോയത്? വെറുതെ പണ്ടത്തെപ്പോലെ സൊറ പറഞ്ഞിരിക്കാനോ?" വിജോയ് പറഞ്ഞു: "ഇല്ല, നമ്മൾ ഒന്നും പറഞ്ഞില്ല. പക്ഷേ, നമ്മൾ ചെന്നത് അദ്ദേഹത്തിനു സന്തോഷമായി."
അപ്പോൾ ഞാൻ 'യാത്ര' എന്ന കഥയുടെ കാര്യം വിജോയിയോടു പറഞ്ഞു. അപ്പനായരുടെ അനുജൻ അപകടമരണമണഞ്ഞു എന്നു കേട്ടിട്ട് ഉടനെ പുറപ്പെട്ടതാണ്. മഴക്കെടുതിയുടെ കാലം പേരാമ്പ്രയിലേക്കുള്ള വഴി മുഴുവൻ നാശമായിരിക്കുന്നു. ഇടയ്ക്കെല്ലാം വഴിതന്നെ ഇല്ല. മലവെള്ളപ്പാച്ചിൽ എല്ലാറ്റിനെയും കൊണ്ടുപോയി. വാഹനം ഓടുന്നില്ല. അങ്ങനെ നടന്നുപിടിച്ചും വഞ്ചിയിൽ കയറിയും ഒടുവിൽ അപ്പനായരുടെ വീട്ടിൽ എത്തി, മടങ്ങാൻ വയ്യ. അന്നവിടെ തങ്ങി. രാത്രി കിടക്കാൻ നേരം അപ്പനായർ അടുത്തുവന്ന് മെല്ലെ പറഞ്ഞു: "നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു."
അവിടെ തീർന്നു, എല്ലാ പ്രകടനങ്ങളും- അത് മനസ്സിന്റെ ഉള്ളിൽ, ആഴത്തിലെവിടെയോ, ഉള്ള എന്തിന്റെയോ പ്രകാശമായിരുന്നല്ലോ. ഏറെ പണിപ്പെട്ട്, ക്ലേശിച്ച്, യാത്ര ചെയ്തതിന്റെ പൊരുളാണ് ആ കുറഞ്ഞ അക്ഷരങ്ങളിൽ ഒതുങ്ങി നിൽക്കുന്നത്. ആ മനസ്സിനെ നിരാശപ്പെടുത്തിക്കൂടാ; നിരാശപ്പെടുത്തുന്നത് പാപമാണ്-സ്നേഹത്തോടു ചെയ്യുന്ന കൊടിയപാപം.
പത്മനാഭൻ ഫോണിൽ, ആരുണ്ട് വീട്ടിൽ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞു: ജാസ്തി ആളുകളുണ്ട്. പക്ഷേ, നമ്മൾ ഒറ്റയ്ക്കല്ലേ! അതേ, മനുഷ്യൻ ഒറ്റയ്ക്കാണ്. എത്രപേർ ചുറ്റും ഇരുന്നാലും, അവർ എത്രയൊക്കെ സ്നേഹം ചൊരിഞ്ഞാലും, മനുഷ്യൻ ഒറ്റയ്ക്കാണ്. എന്നാൽ ആത്മാവ് ആരെയോ തൊടാൻ ആഞ്ഞുകൊണ്ടിരിക്കും, ഹൃദയം സ്പർശിനികൾ നീട്ടി പരതിക്കൊണ്ടിരിക്കും. മിക്കപ്പോഴും അവ ആരെയും തൊടുന്നുണ്ടാവുകയില്ല. പക്ഷേ, ആരോ അപ്പുറത്തുണ്ട്, തന്റെ സ്പർശം കാത്ത് ആരോ ഉണ്ട്, എന്ന പ്രതീക്ഷ എല്ലായ്പോഴും ഒരു നെയ്ത്തിരി പോലെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കും. ജീവിക്കാൻ ആ തിരിയുടെ വെട്ടം മതി; പക്ഷേ, അതു വേണം. അതില്ലാതായാൽ തമസ്സാണ്, ഒരടി മുന്നോട്ടുവയ്ക്കാൻ അനുവദിക്കാത്ത കൊടിയ ഇരുട്ട്. ഭ്രാന്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കാവുന്ന വിഷമസന്ധിയാണിത്. ഏകാകിത്വത്തിന്റെ ശൂന്യാന്ധകാരം വിളയാട്ടം നടത്തുന്ന ആ ദുരന്ത മുഹൂർത്തം മനുഷ്യന് താങ്ങാനാവുകയില്ല. തന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുന്ന അന്തശ്രോത്രങ്ങൾ എവിടെയോ ആരിലോ ഉണ്ട് എന്ന ഉറപ്പാണ് അപ്പനായരിലൂടെ നാം കേൾക്കുന്നത്.
ആ ഉറപ്പ് നഷ്ടമാക്കുന്നു എന്നതാണ് ആധുനിക ലോകത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥ. സ്വകാര്യതയുടെ പവിത്രത എന്ന സങ്കൽപം തീരെ ചീത്തയൊന്നുമല്ല. മറ്റുള്ളവരുടെ കാര്യത്തിൽ എവിടം വരെ ഇടപെടാം എന്നതിന് ആ സങ്കൽപം ചില മാനദണ്ഡങ്ങൾ കൽപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം പൊതുജനങ്ങളുടെ അറിവോടും സമ്മതത്തോടും വേണം ചെയ്യാൻ എന്നു വരുന്നതും ഒരു തരത്തിൽ നഗ്നനാവലാണ്. എന്നെ എന്റെ പാട്ടിനു വിട്ടേക്കൂ എന്നു പറയാവുന്ന അനവധി കാര്യങ്ങളുണ്ട്. അവിടെയെല്ലാം തലയിടാൻ മനുഷ്യനു കൗതുകം തോന്നും. താക്കോൽ പഴുത് താക്കോൽ കടത്താൻ മാത്രമല്ല ഒളിഞ്ഞു നോക്കാൻ കൂടിയാണെന്ന് വിചാരിക്കുന്ന ഒരു മനോരോഗം തന്നെയുണ്ട്. അതു ചികിത്സിക്കപ്പെടേണ്ട രോഗവുമാണ്. സമൂഹം നേരിട്ട് ചികിത്സിക്കണമോ മനോരോഗചികിത്സകന്റെ സഹായം തേടണമോ എന്നതിനെക്കുറിച്ചു തർക്കിക്കാം. എന്തായാലും രഹസ്യത്തെയും സ്വകാര്യതയേയും വേറിട്ടു കാണാൻ കഴിയുന്നത് സംസ്കാരത്തിന്റെ ലക്ഷണം തന്നെയാണ്. എന്നാൽ, മറ്റാരുടെയും കാര്യത്തിൽ നമുക്കൊരു കാര്യവുമില്ല. ആർക്കും എന്തും സംഭവിച്ചോട്ടെ, എന്നെ ബാധിക്കാത്ത ഒന്നിലും ഞാൻ ഇടപെടേണ്ട, ഒന്നിലും എനിക്കു താത്പര്യവുമില്ല എന്നിടത്തേക്ക് ഈ മനോഭാവം വളരുന്നത് ആപത്താണ്. ചുറ്റിലും നിലവിളികൾ ഉയർന്നോട്ടെ, ഞാൻ എന്തിന് അസ്വസ്ഥതപ്പെടണം എന്ന ചോദ്യം മനുഷ്യനിൽ നിന്ന് ഉയരേണ്ടതല്ല. പക്ഷേ, അവിടെയാണ് നാം എത്തിയിരിക്കുന്നത്. ചോരവാർന്ന് മരണാസന്നനായി കിടക്കുന്ന ഒരു പഥികനെ മറി കടന്നു പോകാൻ നമുക്കു വല്ല മടിയുമുണ്ടോ? കഴിയുന്നത്ര തിടുക്കത്തിൽ സ്ഥലം വിട്ട് തടി രക്ഷിക്കണമെന്നല്ലേ നമ്മളൊക്കെ വിചാരിക്കുക? അവിടെയാണ്, 'നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു' എന്ന ക്ഷീണിച്ച ശബ്ദം, ദുഃഖവും സമാശ്വാസവും കൂടിച്ചേർന്ന ശബ്ദം പ്രസക്തമാകുന്നത്. ഒരു പിടി വള്ളിക്കു പരതുന്ന നിസ്സാഹായ ഹസ്തങ്ങൾ നിറഞ്ഞതാണ് ഈ ലോകം. ഈ ലോകത്തിൽ സ്വസ്ഥത അനുഭവിക്കുന്ന നിങ്ങൾ രാക്ഷസജന്മം വരിച്ചിരിക്കുന്നു എന്ന് ഓർക്കുക.