18 Dec 2014

ഓർമ്മകളുടെ പൂമരം


കല്ലേലി രാഘവൻപിള്ള

    നമ്മുടെ സാംസ്കാരികച്ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന നാഴികക്കല്ലാണ്‌ സാഹിത്യ പ്രവർത്തക സഹകരണസംഘം.
    കോട്ടയത്ത്‌ 1945-ൽ അതിന്റെ തുടക്കം കുറിക്കുമ്പോൾ ആലപ്പുഴയിലെ സനാതനധർമ്മ വിദ്യാശാലയിൽ ഉയർന്ന ക്ലാസിലെ വിദ്യാർത്ഥി മാത്രമാണു ഞാൻ. അന്നേതന്നെ എന്റെ കൂടെ കാവാലവും പഠിക്കുന്നുണ്ട്‌. അവിടെ അധ്യാപകരൊക്കെയും പ്രശസ്തിനേടിയവരെങ്കിലും സാഹിത്യരചനകളിൽ കൈവച്ചവർ നാഗവള്ളിയും മേക്കൊല്ലയുമായിരുന്നു. നാഗവള്ളിസാർ എങ്ങും നിൽക്കാതെ നവീനനാടകാദർശം എന്ന കൃതിയുടെ പണിപ്പുരയിലുമായിരുന്നു. ഇ.വി.കൃഷ്ണപിള്ളയുടെയും കൃഷ്ണചൈതന്യയുടെയും എം.കൃഷ്ണൻനായരുടെയും പിൻമുറക്കാരാണു ഞങ്ങൾ. അങ്ങനെയൊക്കെയാവാം ഞങ്ങൾക്കും സാഹിത്യത്തിന്റെ മുല്ലപ്പൂമണം പിടിപെട്ടതെന്ന്‌ ഞാൻ ഊഹിച്ചു പോകുന്നു.
    പിന്നെ ഞങ്ങൾ കുറെക്കാലത്തേക്കു വഴി പിരിഞ്ഞു. ഞാൻ ചങ്ങനാശ്ശേരിയിൽ പെരുന്നയിലെത്തി. അവിടെ നായർ സർവ്വീസ്‌ സോസൈറ്റിയുടെ ആദ്യകോളേജിൽ പഠനം തുടർന്നു. അത്‌ തിരുവിതാംകൂറിലെ തീവ്രമായ സമരകാലമായിരുന്നു. ദിവാൻഭരണത്തിനെതിരെ, ഉത്തരവാദഭരണത്തിനുവേണ്ടി വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്‌. പുഴവാതിൽ എന്ന സ്ഥലത്ത്‌ കൂടിയ സമ്മേളനത്തിൽ ഞാനും പങ്കുകൊണ്ടു. കുമരകം ശങ്കുണ്ണിമേനേയും വിപ്ലവകാരിയായിരുന്ന പൊട്ടക്കനയത്ത്‌ അച്യുതൻപിള്ളയേയും അവിടെ കിട്ടി. യോഗാദ്ധ്യക്ഷൻ എം.പി.പോൾസാറാണ്‌. വാക്കിലും വേഷത്തിലും വെളിപ്പെട്ട വിശുദ്ധിയും അന്തസ്സും തികച്ചും അഭിജാതമായിരുന്നു.
    സമ്മേളനാവസാനം ഞങ്ങൾ, വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി. പോൾസാറുമായി പരിചയപ്പെട്ടശേഷം ഞങ്ങൾ വിടപറഞ്ഞു. മറക്കാനാവാത്ത ഒരു ഒത്തുകൂടലായിരുന്നു അത്‌. പിറ്റേ ദിവസം തമ്മിൽ കണ്ടപ്പോൾ, ശങ്കുണ്ണി മേനോൻ പറഞ്ഞു, "ഞങ്ങളുടെ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അധ്യക്ഷൻ പോൾസാറാണ്‌" ശങ്കുണ്ണി കുമരകത്തുകാരനാണല്ലോ.
    പെരുന്നയിൽനിന്നു പോന്നത്‌ തിരുവനന്തപുരത്ത്‌ യൂണിവേഴ്സിറ്റി കോളേജിലേക്കാണ്‌. ശങ്കുണ്ണിയും എ.കെ.ബാലകൃഷ്ണപിള്ളയും (നാൽപതിലേറെ വർഷമായി ഡോ.എ.കെ.ബാലകൃഷ്ണപിള്ള ന്യൂയോർക്കിലാണ്‌) മണിമംഗലം എൻ.കെ.പണിക്കരും (രൺജി പണിക്കരുടെ അച്ഛൻ) ഒപ്പം എത്തിയിട്ടുണ്ട്‌. ആദ്യദിവസം തന്നെ സഹപാഠിയായി മറ്റൊരാളെയും കിട്ടി. ജി.ശങ്കരപ്പിള്ള എന്ന പേരുകാരൻ. തികച്ചും ഒരന്തർമ്മുഖൻ. ഏറെ പറയുന്നതിനേക്കാൾ പ്രിയം ഏറെ കേൾക്കുന്നതിലായിരുന്നു. കേരള നാടകലോകം ശങ്കരപ്പിള്ളയെ കാത്തിരിക്കയായിരുന്നെന്ന്‌ കാലം തെളിയിച്ചു.
    അധ്യാപകരുടെ കാര്യത്തിലും ഞങ്ങൾക്കു ലഭിച്ചതു പ്രശസ്തരെയാണ്‌. ഡോ.ശിവരാമ സുബ്രഹ്മണ്യയ്യർ ഇംഗ്ലീഷ്‌ വിഭാഗത്തിലും ഡോ.ഗോദവർമ്മ മലയാളവിഭാഗത്തിലും ഗുരുക്കന്മാരായി വന്നു. ചങ്ങനാശ്ശേരിയിൽ നിന്നു ഞങ്ങൾക്കു കിട്ടിയ കെ.രാഘവൻപിള്ളസാറിനെപ്പോലെ (പിന്നീടദ്ദേഹം ഓക്സ്ഫോഡിൽ നിന്ന്‌ പി.എച്ച്‌.ഡി നേടി) നന്നേ രണ്ടു ചെറുപ്പക്കാർ ഞങ്ങൾക്ക്‌ ഗുരുക്കന്മാരായിരുന്നു എസ്‌.ഗുപ്തൻനായരും എൻ.കൃഷ്ണപിള്ളയും. നേരു പറയട്ടെ, ആ ഒരു കൂട്ടുകെട്ട്‌ ഞങ്ങളുടെ സാഹിത്യബോധത്തെയും ആസ്വാദനശേഷികളെയും സുദൃഢമാക്കി.
    തിരുവനന്തപുരത്തെ താമസത്തിനിടയിൽ ലഭിച്ച നല്ല സുഹൃത്ത്‌ ആനന്ദക്കുട്ടനായിരുന്നു. അന്നദ്ദേഹം ഓണേഴ്സ്‌ ക്ലാസ്സിൽ പഠിക്കുകയാണ്‌.
    പോൾസാറിനു പ്രിയങ്കരനായ കവി, നടൻ, ഹാസ്യ സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗവേഷകൻ എന്നെല്ലാമുള്ള വിശേഷണങ്ങൾ അദ്ദേഹത്തിനിണങ്ങുമായിരുന്നു. കാരൂർസാറിനെ ഞാൻ ആദ്യമായി കാണുന്നത്‌ അദ്ദേഹം ആനന്ദക്കുട്ടനെ തേടി തുളസീമന്ദിരത്തിൽ വന്ന വേളയിലാണ്‌. ഞങ്ങളുടെ ഹോസ്റ്റൽ ആയിരുന്നല്ലോ അത്‌. കണ്ടമാത്രയിൽ തോന്നിയത്‌ വിസ്മയമായിരുന്നു. ആ വിസ്മയം വിനയത്തിനു വഴിമാറിക്കൊടുത്തു. സംഘത്തിന്റെ സെക്രട്ടറി എന്ന നിലയിൽ തിരുവനന്തപുരത്ത്‌ എത്തിയിരിക്കയാണ്‌. പ്രധാനമന്ത്രി(ഇന്ന്‌ മുഖ്യമന്ത്രി)യെ, വകുപ്പു മേധാവികളെ, മന്ത്രിമാരെ ഒക്കെയും കാണണം, അതാണ്‌ യാത്രോദ്ദേശ്യം. ആ മുഖത്തു തെളിഞ്ഞു കണ്ട വിനയവും ലാളിത്യവും ആടോപരഹിതമായ സംഭാഷണരീതികളും ആരെയും തന്റെ വശത്താക്കുവാൻ കഴിവുറ്റതാണെന്നും എനിക്കു തോന്നി. സംഘം കാരൂർസാറിലൂടെ വളർന്നു. അദ്ദേഹം സംഘത്തിലൂടെയും.
    സംഘത്തിനു കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പുസ്തകവിൽപനശാലകൾ വന്നു. എന്നിട്ടും നാഷണൽ ബുക്സ്റ്റാളിന്റെ ഒരു ശാഖയ്ക്ക്‌ ആലപ്പുഴയിൽ ഇടം കിട്ടിയില്ല. പുസ്തകപ്രേമികളെ അതു ദുഃഖിപ്പിച്ചു. പ്രി പബ്ലിക്കേഷൻ പുസ്തകങ്ങൾ-അതും ഭാരം കൂടിയ റഫറൻസ്‌ ഗ്രന്ഥങ്ങൾ-കോട്ടയത്തു പോയി വാങ്ങിക്കൊണ്ടുവരുവാൻ ഉണ്ടായ ബുദ്ധിമുട്ടുകളും ഞങ്ങളെ വിഷമിപ്പിച്ചു. ആലപ്പുഴയിൽ നാഷണൽ ബുക്ക്‌ സ്റ്റാളിന്റെ ഒരു ശാഖ തുറക്കുവാൻ ഞങ്ങൾ കൊതിക്കുകയായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, ആലപ്പുഴയിലെ പത്രപ്രവർത്തകസംഘം മുന്നോട്ടുവന്നു സർക്കാരിൽ നിന്ന്‌ മൂന്ന്‌ സെന്റ്‌ സ്ഥലം അവർക്കു സൗജന്യമായി ലഭിച്ചിരുന്നല്ലോ. 1972 ഒക്ടോബർ 17-ന്‌ വിജയദശമി ദിനത്തിൽ പ്രസ്‌ ക്ലബ്‌ മന്ദിരത്തിനു തറക്കല്ലിട്ടു. അക്കാരണത്താൽക്കൂടി അന്നത്തെ കോൺഗ്രസ്‌ നേതാവും വാർത്താവിതരണവകുപ്പുമന്ത്രിയുമാ
യിരുന്ന കെ.കരുണാകരൻ ഇന്നും നമ്മുടെ സ്മരണയിൽ തിളങ്ങി നിൽക്കുന്നു.
    അതോടെ നാഷണൽ ബുക്ക്‌ സ്റ്റാളിനൊരു ശാഖ ആലപ്പുഴയിൽ തുടങ്ങുവാനുള്ള സാധ്യത തെളിഞ്ഞു. കേരള സർക്കാരും നഗരസഭയും സംഭാവനകൾ നൽകി പ്രസ്‌ ക്ലബ്ബിനെ സഹായിച്ചു. പണി തുടങ്ങുവാൻ സാഹിത്യപ്രവർത്തക സഹകരണസംഘവും നന്നായി സഹായിച്ചു. അതൊരു പരസ്പരധാരണയുടെ ഫലമായിരുന്നു. 1973 ആഗസ്റ്റ്‌ മാസത്തിൽ ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. റഷ്യയിലെ ഇന്ത്യൻ സ്ഥാനപതിയും മികവുറ്റ ഗ്രന്ഥകാരനുമായിരുന്ന കെ.പി.എസ്‌.മേനോൻ മുഖ്യാതിഥിയായിരുന്നു. കാവാലത്തിന്റെ ദൈവത്താൻ വിശ്രുതമായ ബസന്റ്‌ ഹാളിൽ അരങ്ങേറി.
    മാതൃഭൂമിയിലെ എം.എം.വർഗീസും ഹിന്ദുവിലെ എൻ.വി.പ്രഭുവും ഇന്ത്യൻ എക്സ്പ്രസിലെ കെ.ജി.കെ.നായരും മലയാളരാജ്യത്തിലെ എ.ജി.പണിക്കരും കേരളകൗമുദിയിലെ കെ.കാർത്തികേയനും ജനയുഗത്തിലെ ഹരിദാസും എക്സ്പ്രസിലെ എം.ജി.പണിക്കരും മറ്റുമായിരുന്നു. പത്രപ്രവർത്തകരിലെ മുൻനിരക്കാർ. വേറെയും പത്രപ്രവർത്തകർ സഹകരിച്ചു. കാച്ചപ്പിള്ളിയും ഫ്രാൻസിസും ടി.കെ.കരുണാകരനും അതിൽ പെട്ടിരുന്നു. ഇക്കഥയെല്ലാം നമ്മെ ഓർമ്മിപ്പിക്കുവാൻ മനോരമയിൽ നിന്നു വിരമിച്ച പി.എ.അലക്സാണ്ടറും ദിനബന്ധുവിലെ ആർ.നാരായണപിള്ളയും സതേൺ സ്റ്റാറിലെ ഷൗക്കത്തും ഇന്നും നമ്മോടൊപ്പം ഉണ്ടെന്നത്‌ ആശ്വാസകരം.
    നാഷണൽ ബുക്ക്‌ സ്റ്റാൾ പരീക്ഷണങ്ങളും പരാജയങ്ങളും കടന്ന്‌ ഇന്ന്‌ ഉയർച്ചയിലാണ്‌. ഇനി ഒരിക്കലും തകരുവാൻ അനുവദിക്കയില്ല എന്ന കരളുറപ്പോടെ. ഒരേ തൂവൽക്കാരായ പത്രപ്രവർത്തകരും സാഹിത്യപ്രവർത്തകരും ഒരുമിച്ചപ്പോൾ കൈവന്ന നേട്ടമാണ്‌ പ്രസ്സുകാരുടെ ഭവനത്തിലെ എൻ.ബി.എസ്‌. ആ പാരസ്പര്യം എത്ര അനുകരണാർഹം, ആദരണീയം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...