18 Dec 2014

തിരിച്ചുവരുന്ന ജുറാസ്സിക്‌ ലോകം


സക്കറിയ

പൊതുസ്ഥലത്ത്‌ മൂത്രമൊഴിക്കുന്നതിൽ കുറ്റം കാണാത്തവർക്ക്‌, പൊതുസ്ഥലത്ത്‌ ചുംബിക്കുന്നത്‌ കുറ്റം. പരസ്യമായ സ്നേഹപ്രകടനം കണ്ടാൽ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്നവരുടെ ജീർണ്ണിച്ച ജുറാസിക്‌ ലോകം മലയാളിയുടെ വർത്തമാനകാലത്തിനും ഭാവിക്കും ഭീഷണിയാണ്‌.
    പൊതുസ്ഥലത്ത്‌ പരസ്യമായി മൂത്രമൊഴിക്കുന്നത്‌ കേരളത്തിൽ കുറ്റകരമല്ല. ഏതായാലും ഒരു പോലീസുകാരനും അങ്ങോട്ടു തിരിഞ്ഞുനോക്കുക പോലുമില്ല. തീർച്ച.
    പൊതുസ്ഥലത്ത്‌ പരസ്യമായി വിസർജ്ജിക്കുന്നതും ഒരു പോലീസുകാരന്റേയും കുറ്റകൃത്യപട്ടികയിലില്ല. നോക്കുകൂലി പോലെയുള്ള ഒരു പരസ്യമായ ആഭാസത്തിന്റെ നോക്കുകൂലി വാങ്ങുന്നതാണ്‌ ഭൂരിപക്ഷ പോലീസ്‌ സംസ്കാരം. എന്നിട്ടും എത്ര വാർത്തയെ വിശ്വസിക്കാമെങ്കിൽ, കൊച്ചിയിലെ പ്രതിഷേധത്തിന്റെ പേരിലായാലും ആളുകളെ വിളിച്ചുവരുത്തി പൊതുസ്ഥലത്ത്‌ പരസ്യമായി ചുംബിക്കുന്നത്‌ ശരിയല്ല. മറൈൻഡ്രൈവിലെ പരസ്യച്ചുംബന പ്രതിഷേധത്തിന്‌ പോലീസ്‌ അനുമതി നിഷേധിച്ചതും നമ്മൾ കണ്ടതാണ്‌.
    ഇതേ പോലീസ്‌ സംസ്കാരമാണ്‌ കടപ്പുറത്തിരുന്ന്‌ കാറ്റുകൊണ്ട ഭാര്യയെയും ഭർത്താവിനെയും അറസ്റ്റു ചെയ്തത്‌. സദാചാരത്തെയും അശ്ലീലത്തെയും പറ്റി താലിബാൻ നാണിച്ചുപോകുന്ന വിധി പ്രസ്താവനകളാണ്‌ കെ.ജി.ജെയിംസ്‌ എന്ന കൊച്ചി പോലീസ്‌ കമ്മീഷണർ നടത്തിയിരിക്കുന്നത്‌. ചുംബനം-പരസ്യമോ രഹസ്യമോ അശ്ലീലവും സദാചാരവിരുദ്ധവും ക്രമസമാധാനം തകർക്കുന്നതും കമ്മീഷണറുടെ വാക്കുകളിൽ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതും ആണെന്ന്‌ ഇന്ത്യയിലെ ഏത്‌ നിയമത്തിലാണ്‌ പറയപ്പെട്ടിരിക്കുന്നത്‌? വാസ്തവത്തിൽ ഇത്തരം പോലീസ്‌ സംസ്കാരം സദാചാര ഗുണ്ടായിസത്തിന്റെ മറ്റൊരു മുഖമാണ്‌.
    ഈ മനോഭാവത്തിന്റെ പിന്നിൽ പോലീസ്‌ സംസ്കാരം മാത്രമാണുള്ളത്‌ എന്ന്‌ തെറ്റിദ്ധരിക്കേണ്ട രാഷ്ട്രീയ സംസ്കാരത്തിന്റെ പിൻബലത്തോടെയാണ്‌ പോലീസ്‌ ഇത്രമാത്രം പ്രാകൃതവും നികൃഷ്ടവുമായ നിലപാടുകൾ സ്വീകരിക്കുന്നത്‌ എന്നതിൽ സംശയം വേണ്ട. അമ്മ കുഞ്ഞിനെ ചുംബിച്ചാൽ അതിൽ അശ്ലീലം കാണാൻ ശേഷിയുള്ളതാണ്‌ ഈ രതിവൈകൃത മനഃശാസ്ത്രം. അതിന്‌ അഹങ്കാരപൂർണ്ണമായ ഫാഷിസത്തിന്റെയും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെയും വികൃതമുഖങ്ങൾ കൂടിയുണ്ട്‌ എന്നു മാത്രം.
ഇതോടെയാണ്‌ കൈതപ്രം ദാമോദരൻ നമ്പൂതിരിയെപ്പോലുള്ളവരുടെ പരിതാപകരങ്ങളായ പ്രസ്താവനകൾ പ്രത്യക്ഷപ്പെടുന്നത്‌. പത്രവാർത്തയനുസരിച്ച്‌ കൈതപ്രത്തിന്റെ അഭിപ്രായം ഇതാണ്‌. 'കമിതാക്കൾക്ക്‌ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യണമെങ്കിൽ അത്‌ എവിടെയെങ്കിലും മുറിയെടുത്ത്‌ ചെയ്യണം. പരസ്യമായ ചുംബനവും ആലിംഗനവും സാംസ്കാരിക നിലവാരത്തിന്‌ യോജിച്ചതല്ല. തികഞ്ഞ തോന്ന്യാസമാണ്‌. ആളുകൾ കല്ലെറിഞ്ഞാൽ കുറ്റം പറയാനില്ല.' ഈ പമ്പര വിഡ്ഢിത്തം അദ്ദേഹം യഥാർത്ഥത്തിൽ ഉച്ചരിച്ചതാണെങ്കിൽ, അല്ലയോ കവീ, കവിഹൃദയത്തിന്റെ സ്ഥാനത്ത്‌ താങ്കൾ കരിപിടിച്ച കല്ലെടുത്തു വച്ചുവോ എന്ന്‌ ചോദിക്കുകയേ നിവൃത്തിയുള്ളൂ.
    പരസ്യമായ സ്നേഹപ്രകടനം കണ്ടാൽ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്ന കൈതപ്രത്തിനെപ്പോലുള്ളവരുടെ ജീർണ്ണിച്ച ജുറാസിക്‌ ലോകം മലയാളിയുടെ വർത്തമാനകാലത്തിനും ഭാവിക്കും ഭീഷണിയാണ്‌. പാരമ്പര്യവാദത്തിന്റെ പുളിച്ചുതികട്ടലും മതമൗലികവാദത്തിന്റെ മാറ്റൊലികളുമാണ്‌ ഇത്തരം ഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്‌. ചുംബിക്കാൻ മുറിയെടുത്തോളൂ എന്ന ഉപദേശത്തിന്റെ പിന്നിലെ ചീഞ്ഞളിഞ്ഞ ഇരട്ടത്താപ്പ്‌ ശ്രദ്ധിക്കുക. പക്ഷേ എന്തുചെയ്യാൻ? പഠിച്ചതേ പാടൂ എന്നല്ലേ പഴഞ്ചൊല്ല്‌. ഏറ്റവും ശ്രദ്ധേയം ചുംബിക്കുന്നവരെ കല്ലെറിയാനുള്ള അദ്ദേഹത്തിന്റെ ക്ഷണമാണ്‌. അത്‌ അദ്ദേഹത്തെ താലിബാൻ, ഐ.എ.എസ്‌ തുടങ്ങിയ മഹാജനങ്ങളുടെ കണ്ണിലുണ്ണിയാക്കുമെന്നും സംശയിക്കേണ്ട.
    പാവം മലയാളി സ്വപ്നം കാണുന്ന ആധുനികതയെയും മാനവികതയെയും ആഗോള പരിപ്രേക്ഷ്യത്തെയും തല്ലിത്തകർക്കാൻ ഏക്കാളവും ഇവിടെ ശ്രമിച്ചിട്ടുള്ള അതേ ക്ഷുദ്രജീവികൾ തന്നെയാണ്‌ ഫെയ്സ്ബുക്ക്‌ കൂട്ടായ്മയുടെ ചുംബന പ്രതിഷേധത്തിനെതിരെ അണിനിരക്കുന്നത്‌. ഭരണകൂടം മൗനം പാലിക്കുകയാണെന്ന്‌ തോന്നുന്നുണ്ടോ? അതൊരു തെറ്റിദ്ധാരണയാണ്‌. പോലീസിന്റെ സംസ്കാരരഹിതമായ വായാടിത്തത്തിന്‌ പിന്നിൽ ഒളിഞ്ഞിരിക്കുന്നത്‌ ഭരണകൂടത്തിന്റെ കള്ളലാക്കുകൾ തന്നെയാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...