വിദ്യാലഹരി വിളമ്പുന്നവർ


സി.രാധാകൃഷ്ണൻ
    കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടകർ ഒക്ടോബർ 12ന്‌ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട രണ്ട്‌ മഹാഗുരുത്വങ്ങളെ ആദരിച്ചു. ഡോ.എം.ലീലാവതിയുടെയും പ്രോഫ.എം.അച്യുതന്റെയും അനുഗ്രഹം കിട്ടുകയാൽ ധന്യമായ ആ ദിവസം ഏതാനും പുതിയ ആലോചനകൾ മനസ്സിൽ തുറന്നു.
    ഗുരുത്വദോഷമാണ്‌ ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന തിരിച്ചറിവ്‌ നേരത്തെ ഉണ്ടായിരുന്നു. അതിന്റെ നാൾവഴിയാണ്‌ ഇപ്പോൾ കണ്ടുകിട്ടിയത്‌. ഫലപ്രദമായി യഥാർത്ഥ വിദ്യാദാനം ലഭിച്ച ആരും ലോകഹിതത്തിനെതിരായി ഒന്നും ചെയ്യില്ല എന്നു നിശ്ചയമായെന്നാലും ശിക്ഷണദൂഷ്യത്തിന്റെ നീരാളിക്കൈകൾ നീളുന്ന വഴികൾ കൃത്യമായി കണ്ടുകിട്ടിയിരുന്നില്ല.
    'മൂന്നക്ഷരവും മുറുക്കവും' ഇല്ലാത്തവർ എന്നാണല്ലോ വേണ്ടാതീനക്കാരെ പണ്ടേ വിളിക്കാറുള്ള സഹതാപശകാരം. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനും വേണ്ടത്‌ വേണ്ട നേരത്ത്‌ തോന്നാനും രണ്ടിനും ഗുരുത്വം അനിവാര്യം. ഗുരുശിഷ്യബന്ധം പിതൃപുത്ര ബന്ധത്തോളം പവിത്രമായി കരുതപ്പെട്ടു. ജന്മം കിട്ടിയാൽ മാത്രം പോരല്ലോ അത്‌ സാർത്ഥകമാവുകയും വേണ്ട? പിറവിയിൽ വാസനകളുടെ വിത്തുകൾ അറിവുകളില്ലായ്മയുടെ അന്ധകാരത്തിൽ കിടക്കുന്നു. അവയ്ക്ക്‌ മുളച്ചുവളരാൻ കളവും വളവും വെള്ളവും ഊണുമൊരുക്കുന്നത്‌ ഗുരുവാണ്‌. ശിഷ്യനെ വിദ്യകളുടെ പൂന്തോപ്പാക്കി തീർക്കുന്നു ഗുരു-അതും താൻ പഠിച്ച വിദ്യ സ്വാനുഭവംകൊണ്ട്‌ വികസിപ്പിച്ച്‌.
    ധാരാളം നല്ല ഗുരുനാഥരുണ്ടായിരിക്കുക എന്നതാണ്‌ ഏതു സമൂഹത്തിന്റെയും പുണ്യം. കാരണം, അപ്പോൾ ഏവർക്കും സദ്ഗുരു അലഭ്യനല്ലാതെ വരും. ഗുരുലാഭമുണ്ടായാൽ അത്‌ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം ശിഷ്യരിൽ നിലനിൽക്കുകകൂടി വേണം. (നല്ല ഗുരു, നല്ല ശിഷ്യൻ, നല്ല ശിക്ഷണരീതി എന്നിവ ശാസ്ത്രീയവും ഹൃദ്യവുമായി പ്രതിപാദിക്കുന്ന 'നന്നൂൽ' എന്ന പുരാതനശിക്ഷണഗ്രന്ഥം നമ്മുടെ അധ്യാപകപരിശീലനകേന്ദ്രങ്ങളിലെങ്
കിലും പാഠപുസ്തകമാക്കാവുന്നതാണ്‌).
    കുഴച്ചു പാകപ്പെടുത്തി മെനഞ്ഞ്‌ മിനുക്കി ചുളയ്ക്ക്‌ വച്ച്‌ കുശവൻ മണ്ണുകൊണ്ട്‌ പാത്രമുണ്ടാക്കുപടിയാണ്‌ ഗുരുനാഥൻ ശിഷ്യജന്മം രൂപപ്പെടുത്തുന്നത്‌. ഏതുതരം മണ്ണ്‌ ഏതേതു പാത്രത്തിനാണ്‌ ഉതകുക എന്ന തീരുമാനം നിർണ്ണായകമാണ്‌ ശിഷ്യന്റെ പ്രമുഖവാസനയാണ്‌. ഇതിനടിസ്ഥാനം. സ്വാഭാവികവാസനയ്ക്കനുസരിച്ച്‌ വിദ്യ(കല) ജീവിതവൃത്തിയായി കിട്ടുന്ന മഹാഭാഗ്യവാനായ ശിഷ്യൻ സ്വർഗ്ഗവാസിയായിത്തീരുന്നു. ആധിയോ വ്യാധിയോ ഇല്ലായ്മയോ വല്ലായ്മയോ ഒന്നും പിന്നെ അയാൾക്ക്‌ പ്രശ്നമല്ല. സ്വകർമ്മത്തിൽ അഭിരമിക്കുന്ന അയാൾ എപ്പോഴും കർമ്മത്തിന്റെ ലഹരിയിലാണ്‌. ഉദാഹരണങ്ങൾ ഇഷ്ടംപോലെ കണ്ടെത്താം.
    മുളച്ച വിത്തിന്റെയും കലങ്ങിയ ചേറിന്റെയും വിയർപ്പിന്റെയും മണവും ഇളവെയിലിന്റെ പ്രസരിപ്പും തെളിഞ്ഞ ആകാശവും യഥാർത്ഥ കൃഷിക്കാരനെ മത്തു പിടിപ്പിക്കുന്നു. കൊട്ടുന്നവരും പാടുന്നവരും ആടുന്നവരും വരയ്ക്കുന്നവരുമെല്ലാം കർമ്മലഹരിയുടെ കൊടുമുടികളിലെത്തുന്നു. കർമ്മവും സ്വത്വവും പ്രപഞ്ചവും ഒന്നാവുന്ന ലയംതന്നെ.
    ഇത്‌ ഏതാനും ഭാഗ്യവാന്മാർക്കുമാത്രം വിധിച്ച ഒന്നല്ല. വ്യാധൻ എന്ന ഇറച്ചിവെട്ടുകാരനുപോലും ആ തലത്തിലെത്താം. ഗുരു വിളമ്പിയത്‌ മുറപോലെ കഴിച്ചിരിക്കണമെന്നു മാത്രം. ഇതിന്റെ ലഹരി ഒരു ശീലമായി മാറിയിരിക്കുകയും വേണം.
    എല്ലാ മനുഷ്യർക്കും ആവശ്യമുള്ളതാണ്‌ ഈ ലഹരി. ഇതിലൂടെയാണ്‌ ജന്മം ഫലിക്കുന്നത്‌. പക്ഷെ, ഇന്ന്‌ മഹാഭൂരിപക്ഷത്തിനും കിട്ടാതിരിക്കുന്നതും ഇതുതന്നെ. ഒന്നുകിൽ മതിയായ ഗുരുത്വം ലഭിക്കായ്ക, അല്ലെങ്കിൽ ആ ഗുരുത്വം പകർന്നു നൽകിയത്‌ ഫലിപ്പിക്കാൻ ജീവിതത്തിൽ അവസരമില്ലായ്ക, അതുമല്ലെങ്കിൽ ഇതല്ല ലോകത്ത്‌ പ്രധാനം എന്ന്‌ തെറ്റായി ധരിക്കുക- കാരണമെന്തായാലും കളയാകേണ്ട കർമ്മം തനിക്കും മറ്റുള്ളവർക്കും കൊലയാവുന്ന സ്ഥിതിയാണ്‌ ഇപ്പോൾ. തനിക്കിഷ്ടമുള്ള ജോലി ഇഷ്ടപ്പടി ചെയ്ത്‌ ലഹരിപിടിച്ചു ജീവിക്കുന്നവർ അര ശതമാനം പോലും കാണില്ല. ബാക്കിയുള്ളവർക്ക്‌ ലഹരി വേണമെങ്കിൽ ബിവറേജസിൽ ക്യൂ നിൽക്കുകയോ കഞ്ചാവുപൊതിയുമായി പാളിപ്പതുങ്ങി വരുന്നവനെ കാത്തിരിക്കയോ സൂചിക്കുത്തുകളാൽ സ്വയം അലങ്കരിക്കയോ ഒക്കെ വേണ്ടിവരുന്നു. അസംതൃപ്തലഹരി ഒരുപാട്‌ സംഘർഷങ്ങളും കുറ്റകൃത്യങ്ങളും ജനിപ്പിക്കയും ചെയ്യുന്നു.
    "ആട്ടുന്നവനെപിടിച്ച്‌ നെയ്യാനാക്കിയാൽ..." എന്ന പഴയമൊഴി വർണ്ണാശ്രമധർമ്മപരിപാലനമന്ത്രമെന്നതിലേറെ അർത്ഥമാക്കിയത്‌ ഇതാണ്‌. വ്യാവസായികവിപ്ലവം വന്നതോടെ ജോലിക്കാരനും ഉൽപ്പന്നവും തമ്മിൽ നേർബന്ധം അറ്റു. ജോലി യാന്ത്രികമായി കർമ്മത്തിലെ ലഹരി അതിൽനിന്ന്‌ കിട്ടാതെയായി. ഗുരു വെറും യാന്ത്രികവൃത്തി കൂലിക്കു പഠിപ്പിക്കുന്ന ക്ഷുദ്രനായ ലഘുവായി.
    സംഘടിതങ്ങളായ വൻ വ്യവസായങ്ങളിൽ ഇതാണവസ്ഥയെങ്കിൽ, വ്യക്തിഗതങ്ങളായ പ്രോഫഷനുകളിലെങ്കിലും സ്ഥിതി മെച്ചമാണോ? വലിയ തുക മുടക്കി വാങ്ങുന്ന വിദ്യകൊണ്ട്‌ വലിയ തുകകളുണ്ടാക്കുന്ന ഏർപ്പാടിൽ എവിടെയാണ്‌ കർമ്മലഹരി? വൻതുക മുടക്കി ആത്മഹത്യാലഹരി വാങ്ങുകയല്ലാതെ എന്തുവഴി?
    ഉവ്വ്‌, ധനത്തിനും അധികാരത്തിനും അതതിന്റെ ലഹരികളുണ്ട്‌. രണ്ടും പക്ഷെ ലയങ്ങളല്ല, വീഴ്ചയുടെ ഭാരത്തെ മറികടക്കാൻ കഴിയുന്നതിന്റെ മായാസന്തോഷങ്ങളാണ്‌. ഇവയുടെ പിന്നാലെ പോകാതിരിക്കാനുള്ള മഹാവിദ്യകൂടി സൽഗുരുനാഥൻ, സ്വകർമ്മമെന്ന വിദ്യയോടൊപ്പം പഠിപ്പിക്കുന്നു. പരാവിദ്യവശമായവന്‌ അഥവാ കർമ്മലയം കിട്ടാതെപോയാലും യോഗലയം സാധിക്കുന്നു. അപ്പോൾ, കർമ്മമേതായാലും ലക്ഷ്യം ബിവറേജസിനെ ആശ്രയിച്ച്‌ കരൾ നശിപ്പിക്കാതെതന്നെ ലഭ്യമാവും.
    ചുരുക്കത്തിൽ യാന്ത്രികമായ ഈ കാലയളവിൽ ഇനി നാളെയും കർമ്മങ്ങൾ സ്വാഭാവികവാസനകളുടെ അടിസ്ഥാനത്തിൽ ലയവും ലഹരിയും നൽകുന്നതാകാൻ പ്രയാസമാണ്‌. അതിനാൽ, സൽഗുരുനാഥൻ വിളമ്പിത്തരുന്ന യോഗവിദ്യ ശീലിക്കുകയേ വഴിയുള്ളു. ഇവിടെയും പ്രയാസങ്ങളുണ്ട്‌. കാരണം, നാട്യക്കാർ സുലഭം. ഒരു മുതൽമുടക്കുമില്ലാതെ ധന-അധികാര ലഹരി മോന്താവുന്ന അരങ്ങാണല്ലോ ഇത്‌. 'കണ്ടുവേന്നുരപ്പവർ കണ്ടവരല്ലാ!' കണ്ടവരിൽ 'ഉരയ്ക്കാത്ത'വർ ധാരാളം പേർ ഇപ്പോഴുമുണ്ട്‌. അവരെ കണ്ടെത്തിയാൽ രക്ഷയായി. ശുഭമസ്തു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?