ശബ്ദതാരാവലി


ബക്കർ മേത്തല

കാതരമിഴിയെന്ന്‌ കാമുകൻ
അന്നനടയെന്ന്‌ സഖികൾ
ആണിന്റെ നിഴൽ
അകലേക്കണ്ടാൽ പോലും
വിറച്ചുപോകുന്നവളെന്ന്‌ വീട്ടുകാർ

അപ്രതീക്ഷിതമായി വന്ന
വാഹനപണിമുടക്കിൽപെട്ട്‌,
വീടണയാൻ,
ഇരുൾവീണ ഇടവഴിതാണ്ടുമ്പോൾ
വിറയ്ക്കുന്നുണ്ടായിരുന്നു

പെട്ടെന്ന്‌ ശരീരത്തിലേക്ക്‌ നീണ്ടുവന്ന
കൈകൾ
കിനാവള്ളിയെ ഓർമിപ്പിച്ചു
സൗമ്യമായി ചിരിച്ചു
കണ്ണിറുക്കി
ചുംബനങ്ങളിൽ പൊതിഞ്ഞു
പിന്നെ, ക്യൂട്ടെക്സിട്ട കൂർത്ത നഖങ്ങൾകൊണ്ട്‌
കണ്ണുകൾ രണ്ടും ചൂഴ്‌ന്നെടുത്തു
കിടന്നുപിടയുന്നതുകാണാൻ
ഒന്നുകൂടി തിരിഞ്ഞുനോക്കി

ആകാംക്ഷയോടെ കാത്തിരിക്കുന്ന
വീട്ടുകാരുടെ മുമ്പിലൂടെ
ഒന്നും സംഭവിക്കാത്തതുപോലെ
നേരെ ബെഡ്‌ർറൂമിലേക്ക്‌

ബുക്‌ ഷെൽഫിൽ നിന്നും
ശബ്ദതാരാവലി പുറത്തെടുത്തു
പേജ്‌ 1740
സ്ത്രീ-(പര്യായം)-യോഷിത്ത്‌, അബല,
യോഷ, നാരി, സീമന്തിനി, വധു, പ്രതീപദർശിനി
വാമ, മഹിള, ചപല...

ചുവന്നമഷിയുള്ള പേനയെടുത്ത്‌
അബല, ചപല എന്നീപദങ്ങൾ
അവൾ ആഞ്ഞുവെട്ടി
മുറിവേറ്റ രണ്ടുപദങ്ങൾ
ശ്രീകണ്ഠേശ്വരത്തെ വിളിച്ചു കരയാൻ തുടങ്ങി
അവൾ ചിരിക്കാനും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ