15 Jan 2015

ശബ്ദിക്കുന്ന ശില


കാവിൽരാജ്‌

കന്യകഃ

ജീവിക്കാൻ, അഴുക്കേറും
           വസ്ത്രങ്ങൾ വെളുപ്പിക്കാൻ
നോവേറ്റും വേല ചെയ്യാൻ,
              സവർണ്ണർ ദാസ്യയാക്കി
ആവിയിൽ പുഴുങ്ങുന്ന
          ഭാണ്ഡവും ചുമന്നെത്തും
ജീവിതം, സമ്മാനിച്ചും
           ഭൂമിയിൽ ഭൃഷ്ടയാക്കി.

നേരംപോയ്‌ തുണിക്കെട്ടും
           താങ്ങിയെൻ വീട്ടിലെത്താൻ
ദൂരവും കുറെയേറേ-
               യുണ്ടല്ലോ സൂര്യദേവാ.
കല്ലിന്മേൽ ചേലചുറ്റി-
            ക്കണ്ടാലും പൊക്കിനോക്കി
കൊല്ലുന്ന കാമഭ്രാന്തർ
             കറങ്ങും കാലമല്ലോ. 
കാമാഗ്നി ജ്വലിക്കുന്ന
          കണ്ണുകൾ ചുവപ്പിച്ചും
സാമൂഹ്യ വിരുദ്ധന്മാർ
           ചുറ്റിലും വന്നെത്തുന്നു.

താമസം കൂടാതെന്നിൽ
           കാരുണ്യം നിറയ്ക്കില്ലേ
കാമത്തിൻ കിങ്കരന്മാർ
           കശക്കും മുമ്പേ തന്നെ.

അല്ലലിൻ ഇരുട്ടേറെ-
          യെന്നെയും കവർന്നല്ലോ
കല്ലാക്കി രൂപം മാറ്റാൻ
          മന്ത്രമൊന്നേകു ദേവാ.

സൂര്യദേവൻഃ
            ജാതിയിൽ രജകസ്ത്രീ,
                നിന്നുടെ  കർമ്മത്തിന്റെ
            പാതയിൽ വിശുദ്ധ നീ
               നൽവരം നൽകുന്നു ഞാൻ.
ഭീതിയാൽ കിതക്കേണ്ട
           ധീരയായ്‌ നടന്നോളൂ
വീഥിയിൽ നിനക്കാരും
       വിഘ്നങ്ങൾ വരുത്തില്ല.

ആത്മരക്ഷയ്ക്കായ്‌ മാത്രം
        ഈ വരം പ്രയോഗിക്കു
നീയുടൻ കല്ലായ്‌ മാറും
         മോക്ഷവും ലഭിച്ചീടും.

ചാരിത്ര ശുദ്ധിയിൽ നീ-
       യാരെയും വെല്ലുന്നവൾ
ഭാവിയിൽ ചരിത്രത്തിൽ
          നാഴികക്കല്ലായ്മാറും.
           നീ തൊട്ടാലശുദ്ധരും
                    ശുദ്ധരായ്‌ ഭവിച്ചീടും
            നീ മാറ്റു കൊടുത്തെന്നാൽ
                     മാളോരു വാങ്ങിച്ചിടും
            ഭൃഷ്ടയല്ലെന്നോർക്കുക,
                      രാഷ്ട്രനിർമ്മിതിക്കായി
            സത്വരം, സംഘശക്തി
                    വളർത്താൻ, സംഘടിക്കു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...