ഷീബ ഷിജു.
കാലങ്ങളായുള്ള നമ്മുടെയൊക്കെ മൌനത്തിന്റെ
രൂപന്തരണമായിരുന്നു ചങ്ങലയുരയുന്നതിന്റെയും
തൂക്കുപലക തെന്നി മാറുന്നതിന്റെയും ഒച്ചകള്‍.
മീന്‍പിടുത്തക്കാരന്റെ ചൂണ്ടക്കൊളുത്ത് വീണകന്ന
കുളപ്പരപ്പിലെ പായല്‍ കണക്കേ വാള്‍ മിന്നല്‍
ചോര്‍ത്തിയ തുള്ളിയും, തൊണ്ടക്കുഴിയില്‍ കുടുങ്ങിയ
ഒടുക്കത്തെ വായുക്കഷണവുമൊന്നാവുന്ന നേരമായി!
കടലുപേക്ഷിച്ച്, കലര്‍പ്പില്ലാ ത്ത പച്ച ശ്വസിക്കുന്ന
മീനുകളുടെ വസന്തകാലം കുഴിമാടങ്ങളില്‍ നിന്നും
പുറപ്പെടാനായി കാഹളം ഊതിക്കഴിഞ്ഞിരിയ്ക്കുന്നു.
വിശന്നുറങ്ങുന്നവരുടെ അവസാന നിശ്വാസം കടം
വാങ്ങി സൂര്യനെ തിരഞ്ഞവര്‍ വരുന്നുണ്ട്; സീല്‍ക്കാരം,
ചങ്ങലക്കിലുക്കം അടുത്തേയ്ക്ക് അവരടുത്തേയ്ക്ക്
അടുത്തേയ്ക്ക് വരുന്നതിന്റെ; അടുത്തിട്ടകലേയ് ക്ക്
നിരയായി പോവുന്നതിന്റെ താളം; പതുക്കെ ചിതറിയ
ആള്‍ക്കൂട്ടത്തിലേയ്ക്ക് പിന്നെപ്പിന്നെ വളരെ വേഗത്തില്‍
പിന്നെയും പിന്നെയും പിന്നെയും ആവേഗത്തില്‍...
ഭൂതവര്‍ത്തമാനത്തിലൂടെ ഭാവിയിലേയ്ക്കവര്‍ പോവാനി-
ടയുള്ള വഴിയിലേയ്ക്കിനിയും വേഗത്തില്‍ ഞാനുണരട്ടെ;
കണ്ണ് കുത്തിപ്പൊട്ടിയ്ക്കണം, ചെവിയറു ത്ത് കളയണം,
കുഴിയില്‍ കുത്തനെ സ്വയം നാട്ടിനിര്‍ത്തണമവര്‍ക്കായി!
തളരുമ്പോളൂരിക്കുത്തി പോള്വാള്ട്ട്കാരായിക്കുതിക് കട്ടെ.
ഇരുട്ട് പേടിച്ച് കടലിലൊളിച്ച സൂര്യനെ പുറത്തെടുക്കും,
വയസനായ കടലിനെ മല പിഴുതിട്ട് നിറച്ചു നിരപ്പാക്കി
കണ്ണാടിവീടുകള്‍ പണിയും, ചങ്ങലകള്‍ നിരോധിയ്ക്കും,
തഴുതിടാവുന്ന വാതിലുകളുണ്ടാവില്ല; രാജ്യം ഏകവചനവും
മനുഷ്യന്‍ അതിര്‍ത്തി ഏകീകരിച്ച ബഹുവചനവും!
കാടുകള്‍ വീടുകളുടെയുള്ളില്‍ വളര്‍ത്തപ്പെടും, വീടിന്
ഓരോ കാട്, കാടിനെച്ചുറ്റി വീടുകള്‍, മലപിഴുതുണ്ടാക്കിയ
ഉപ്പില്ലാക്കടല്‍ കാടുനനയ്ക്കും; കാഴ്ചയുള്ള കണ്ണില്‍ കണ്ണുനീര്‍
ഗ്രന്ഥിയില്ലാത്ത ജനതയ്ക്ക് ഉപ്പുരുചി പരിചയമാവില്ല,
കഞ്ഞിക്കും കറിയ്ക്കുമുപ്പില്ലെന്ന ഭാഷയുണ്ടാവില്ല!
ദരിദ്രരല്ലാത്ത സമശക്തര്‍ക്ക് ഭയമില്ല, ആഗ്രഹവും;
ഭയമില്ലാത്തതിനാല്‍ ജാതിമതം പ്രവാചകര്‍ സ്വര്‍ഗ്ഗം
നരകം ദൈവം മുതലായ വാക്കുകള്‍ ഉണ്ടാവുകയില്ല.
ജീവിച്ചു മതിയാവുമ്പോള്‍ ചലനമൂരിക്കളഞ്ഞു വീട്ടിലെ
കാട്ടില്‍ക്കയറി ഒരൊറ്റ നില്‍പ്പ് നില്ക്കും, ജീവനുള്ളവര്‍
അവര്‍ക്ക് വേണ്ടിയുള്ള വെള്ളം കൂടി കോരിത്തുടങ്ങും;
മതിയായി അവര്‍ക്കും കടാവാന്‍ തോന്നുംവരെയും!
ദൈവവും ഉപ്പുമില്ലാത്തതിനാല്‍ രാജ്യമേകവചനം
മാത്രമാകയാലവിടെ നന്നങ്ങാടിയെന്ന പുരാവസ്തു
ഖനനത്തില്‍ കണ്ടെടുക്കാന്‍ നീങ്ങിയിരിയ്ക്കില്ല.
ചോരയില്ലാത്തത്കൊണ്ട് എഴുതാന്‍ ചരിത്രവും
മൌനം ബാക്കിയാവാത്തതിനാല്‍ രൂപാന്തരവുമില്ല,
തൂക്കുപലകയ്ക്കായി മരമൊന്നും മുറിയ്ക്കപ്പെടില്ല.