21 Feb 2015

നീര ഉത്പാദനത്തിനു 136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്​‍ നൽകും: മുഖ്യമന്ത്രി


സിഡിബി ന്യൂസ്‌ ബ്യൂറോ, കൊച്ചി -11

നീര ഉത്പാദിപ്പിക്കുന്നതിന്‌  136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്‌ ഉടൻ നൽകുമെന്ന്‌ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത്‌ 173 നാളികേര ഉത്പാദക ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദനത്തിനുള്ള ലൈസൻസ്‌ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല  ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 ജനുവരി 16 ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കൊച്ചിയിലെ സാംസ്കാരിക കേന്ദ്രമായ ഫൈൻ ആർട്ട്സ്‌ ഹാളിലായിരുന്നു ചടങ്ങ്‌. നീര കർഷകർക്ക്‌ സംസ്ഥാന ബജറ്റിൽ മാറ്റി വച്ചിരിക്കുന്ന 15 കോടി രൂപ വിതരണം ചെയ്യണമെന്നും നീര ഉത്പാദനത്തിന്‌ അപേക്ഷിച്ച 309 ഫെഡറേഷനുകളിൽ ശേഷിക്കുന്നവയ്ക്കു കൂടി ലൈസൻസ്‌ നൽകണമെന്നും നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസ്‌ നടത്തിയ അഭ്യർത്ഥനയ്ക്കു മറുപടിയായാണ്‌ മുഖ്യമന്ത്രി  ഈ വാഗ്ദാനം നൽകിയത്‌. മുഖ്യമന്ത്രി എന്ന നിലയിൽ താൻ നടപ്പാക്കിയ പദ്ധതികളിൽ ഏറ്റവും സംതൃപ്തി നൽകിയ കാര്യമാണ്‌ നീര ഉത്പാദനത്തിന്‌ അനുമതി നൽകിയ ഉത്തരവ്‌ എന്നു മുഖ്യമന്ത്രി  പറഞ്ഞു.
കാർഷിക മേഖലയുടെ ഉണർവാണ്‌ കേരളത്തിന്റെ കരുത്ത്‌. യാതൊരു സംശയവുമില്ല. അവയിൽ നമുക്ക്‌ ഏറ്റവും പ്രധാനപ്പെട്ട വിളകളാണ്‌ റബർ, നെല്ല്‌, തെങ്ങ്‌. ഈ മൂന്നു വിളകളും പ്രതിസന്ധികളെ നേരിട്ടപ്പോൾ കേരളം സാമ്പത്തികമായി തകർന്നു പോയി. നാളികേര മേഖലയ്ക്ക്‌ നീരയുടെ ആവിർഭാവത്തോടെ വലിയ മാറ്റം വന്നിട്ടുണ്ട്‌. ആദ്യം ലൈസൻസ്‌ നൽകിയ പാലക്കാട്‌ കമ്പനി ചെയർമാന്റെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. ഒരു കർഷകന്‌ ഒരു തെങ്ങിന്‌ ശരാശരി 3000 രൂപയാണ്‌ മാസം നൽകുന്നത്‌. പല സ്ഥലത്തും ഞാൻ ഈ അന്വേഷണം നടത്തിയിട്ടുണ്ട്‌. 1500 രൂപ വരെ എന്ന്‌ എനിക്ക്‌ ഉത്തരം കിട്ടിയിട്ടുമുണ്ട്‌. അപ്പോൾ നല്ല ഉത്പാദനമുള്ള സ്ഥലത്ത്‌ കർഷകർക്ക്‌ കിട്ടുന്ന വരുമാനവും വളരെ കൂടുതലായിരിക്കും.
നൂറു വർഷത്തിലധികം പഴക്കമുള്ള അബ്കാരി നിയമത്തിൽ മാറ്റം വരുത്തിയാണ്‌ നീര ഉത്പാദിപ്പിക്കാനുള്ള അനുമതി സാധ്യമാക്കിയിരിക്കുന്നത്‌ - മുഖ്യമന്ത്രി തുടർന്നു. ശ്രീ. കെ ബാബു ഇക്കാര്യത്തിൽ എടുത്ത പ്രത്യേക താൽപര്യത്തിന്‌ മുഖ്യമന്ത്രി നന്ദിയും അഭിനനന്ദനവും അറിയിച്ചു. അതുപോലെ തന്നെ നാളികേര വികസന ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ ശ്രി.ടികെ ജോസ്‌ ഇതിനായി നടത്തിയ പരിശ്രമങ്ങളെയും മുഖ്യമന്ത്രി ശ്ലാഘിച്ചു.
നമുക്ക്‌ ഇതുപോലെ എത്രയോ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഞാൻ അടുത്ത നാളിൽ ഗുജറാത്തിൽ പ്രവാസി ഭരതീയ സംഗമത്തിനു പോയി. അവിടെ എല്ലാ മുഖ്യമന്ത്രിമാർക്കും ഓരോ പുസ്തകം നൽകി.ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകമായിരുന്നു. ഞാൻ നോക്കിയപ്പോൾ ഗാന്ധിജി നീരയെ കുറിച്ച്‌ എഴുതിയിരിക്കുന്നു. ഒരുഗ്ലാസ്‌ നീര കുടിച്ചാൽ അന്നു പ്രഭാത ഭക്ഷണം വേണ്ട എന്നാണ്‌ അദ്ദേഹം പറഞ്ഞിരിക്കുന്നത്‌. ഏതാണ്ട്‌ നൂറു കൊല്ലം മുമ്പ്‌ അദ്ദേഹം എഴുതിയതാണ്‌. ഞാൻ ഇത്‌ ശ്രീ.ജോസിനോട്‌ പറഞ്ഞപ്പോൾ അദ്ദേഹം പറയുന്നു ഗാന്ധിജിയുടെ ഈ വാചകങ്ങൾ ഉദ്ധരിച്ചാണ്‌ ഫിലിപ്പീൻസ്‌ കോക്കനട്‌ ഡവലപ്‌മന്റ്‌ അതോറിട്ടി നീരയും പാം ഷുഗറും മറ്റും വിൽക്കുന്നത്‌ എന്ന്‌. നമ്മൾ പക്ഷെ ഇതൊക്കെ തിരിച്ചറിയാൻ വൈകി. ഇതുപോലെ അറിയപ്പെടാത്ത എത്രയോ കാര്യങ്ങൾ അവയെല്ലാം പ്രയോജനപ്പെടുത്താൻ നമുക്ക്‌ സാധിക്കണം. നീരയുടെ ഉത്പാദനത്തിന്‌ ഇനിയും ആവശ്യമുള്ള എല്ലാ സഹായങ്ങളും ഗവണ്‍മന്റ്‌ ചെയ്യുന്നതാണ്‌. ഇനിയുള്ള 136 അപോക്ഷകൾക്കു കൂടി എത്രയും വേഗം ലൈസൻസ്‌ നൽകും. ഇതിനായി മുമ്പോട്ടു വരുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കും. കാരണം കർഷകന്‌ വരുമാനം കിട്ടുന്നു.രണ്ട്‌ മദ്യഉത്പാദനത്തിന്‌ ഉപയോഗിക്കപ്പെടാനുള്ള അത്രയും തെങ്ങുകളുടെ സാധ്യത കുറയുന്നു. നീര ആരോഗ്യത്തിന്‌ വളരെ ഉത്തമവും. അതിനാൽ ഇതിന്‌ പൂർണമായ പൈന്തുണയും സഹകരണവും ഗവണ്‍മന്റിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവും - മുഖ്യമന്ത്രി വ്യക്തമാക്കി. 
ആമുഖ പ്രഭാഷണം നടത്തിയ നാളികേര വികസന ബോർഡ്‌ ചെയർമാന്റെ വാക്കുകൾ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ദിവ്യമായ ആരോഗ്യ പാനീയം എന്നാണ്‌ നാളികേര വികസന ബോർഡും നാളികേര കർഷകരും നീരയെ വിവക്ഷിക്കുന്നത്‌. ഇന്ന്‌, കർഷകരുടെ 173 ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദനത്തിനുള്ള ലൈസൻസ്‌ പൂർണമായി ലഭിക്കുകയാണ്‌. അതോടെ ഏതാനും നാളുകൾക്കുള്ളിൽ കേരളത്തിലും ഇന്ത്യയിലും നീരയുടെ ഉപഭോക്താക്കൾക്ക്‌ ആ വിശേഷണത്തിന്റെ പൊരുൾ  മനസിലാകും. അതിനു തുടക്കം കുറിക്കുന്ന ചടങ്ങാണ്‌ ഇത്‌. നാളികേര കർഷകരുടെ ദീർഘനാളത്തെ സ്വപ്നത്തിന്റെ സാഫല്യം.
കഴിഞ്ഞ കുറെ നാളായി നീരയുടെ ലൈസൻസിനു വേണ്ടി നീണ്ട പരിശ്രമങ്ങളാണ്‌ നാം നടത്തിയത്‌. നിങ്ങൾക്കറിയാം കഴിഞ്ഞ മാർച്ച്‌ രണ്ടാം തിയതി ഇതുപോലെ പ്രൗഡഗംഭീരമായ ഒരു ചടങ്ങിൽ കോട്ടയത്ത്‌ നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ആദ്യത്തെ പതിനേഴ്‌ ഫെഡറേഷനുകൾക്ക്‌ ലൈസൻസ്‌ നൽകി. അന്ന്‌ അദ്ദേഹം ഒരു ഉറപ്പ്‌ നൽകി. അന്നുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 173 ഫെഡറേഷനുകൾക്കും ലൈസൻസ്‌ കൊടുക്കുമെന്നുള്ള വാക്ക്‌.  മൂന്നു ദിവസത്തിനകം മന്ത്രിസഭായോഗം ആ തീരുമാനം പാസാക്കുകയും ചെയ്തു. പക്ഷെ തെരഞ്ഞടുപ്പു പെരുമാറ്റച്ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതോടെ നടപടികൾ വൈകി. പിന്നീട്‌ ഉത്തരവ്‌ ഇറങ്ങി. അതിലെ പോരായ്മകൾ പരിഹരിച്ച്‌ ഈ ജനുവരി 7-​‍ാം തിയതി ഗവണ്‍മന്റ്‌ ഉത്തരവായി. ഇനി എന്ത്‌ എന്നുള്ളതാണ്‌ നമുക്കു മുന്നിലുള്ള വിഷയം. എല്ലാ ജില്ലകളിലേയും നിലവിലുള്ള ഫെഡറേഷനുകൾക്കെല്ലാം നീര ഉത്പാദിപ്പിക്കാൻ ലൈസൻസ്‌ ലഭിക്കുമ്പോൾ, നമ്മൾ ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും ഉണ്ട്‌.അബ്ക്കാരി നിയമത്തിന്റെ കീഴിൽ നിന്നുകൊണ്ട്‌ അതിനുള്ളിൽ രൂപീകൃതമായ നീര ചട്ടങ്ങൾ അനുസരിച്ചു വേണം നീര ഉത്പ്പാദിപ്പിക്കേണ്ടതും സംസ്കരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും.
പലരും ചോദിച്ചേക്കാം. ഇതിൽ ആൽക്കഹോളിന്റെ അംശം ഇല്ലല്ലോ. പിന്നെന്തിന്‌ അബ്കാരി റൂൾസിനു പരിധിയിൽ വരണം എന്ന്‌. ശരിയാണ്‌. ഉത്പാദിപ്പിക്കുന്ന സമയത്ത്‌ നീരയിൽ ആൽക്കഹോൾ ഇല്ല. പക്ഷെ വെറുതെയിരുന്നാൽ പോലും നാലു മണിക്കൂർ കൊണ്ട്‌ ഇതിൽ ആൽക്കഹോൾ ഉണ്ടാകും. അപ്പോൾ അത്‌ കള്ളായി മാറും. അതുകൊണ്ട്‌ ഓട്ടോ ഫര്‍മന്റേഷൻ പ്രക്രിയ തടസപ്പെടുത്തി വേണം ഇത്‌ സംസ്കരിച്ച്‌ സൂക്ഷിക്കാൻ.  അതിനാൽ എക്സൈസിന്റെ നിയമങ്ങൾ പാലിച്ചു കൊണ്ടുവേണം ഫെഡറേഷനുകൾ പ്രവർത്തിക്കേണ്ടത്‌. നാളികേര വികസന ബോർഡിന്റെയും എക്സൈസ്‌ വകുപ്പിന്റെയും കർശന നിയന്ത്രണവും മേൽനോട്ടവും ഇതിൽ ഉണ്ടാകും. നീര കള്ളായി മാറിയാൽ അതിന്റെ ഉത്തരവാദികൾ ശിക്ഷാർഹരാണ്‌. അത്‌ കർശനമായി പാലിക്കപ്പെടും
ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 309 ഫെഡറേഷനുകളാണ്‌ കേരളത്തിലുള്ളത്‌. ഇനി 136 ഫെഡറേഷനുകൾക്കു കൂടി ലൈസൻസ്‌ ലഭിക്കാനുണ്ട്‌. അതുകൊണ്ട്‌ വീണ്ടും ഞങ്ങൾ ഗവണ്‍മന്റിനെ സമീപിക്കുകയാണ്‌ . ശേഷിക്കുന്ന ഫെഡറേഷനുകൾക്കും ലൈസൻസ്‌ അനുവദിക്കാൻ. കൊല്ലം കൈപ്പുഴയിലെ കമ്പനി നിർമ്മാണം പൂർത്തിയായി വരുന്നു. എറണാകുളം തിരുക്കൊച്ചിയുടെ പ്രീമിയം നീര ബഹുമാനപ്പെട്ട എക്സൈസ്‌ മന്ത്രി വിപണിയിലിറക്കിയിരിക്കുന്നു. കോട്ടയത്ത്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ്‌ നീര പുറത്തിറക്കിയത്‌.  മൊത്തത്തിൽ ആറു സാങ്കേതി വിദ്യകൾ ഉണ്ട്‌. ഓരോ ഫെഡറേഷനുകൾക്കും ഉചിതമായത്‌  തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. പക്ഷെ സംസ്കരിച്ച്‌ കുപ്പികളിലാക്കി മാത്രമെ വിൽപന നടത്താൻ പാടുള്ളു.
സംസ്ഥാനത്തെ 14 ഉത്പാദക കമ്പനികൾ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ 2013 -14 ലെ ബജറ്റിൽ കേരളത്തിലെ 10 മികച്ച കമ്പനികൾക്ക്‌ 25 ശതമാനം ഓഹരി മൂലധനം നൽകുന്നതിന്‌ പണം മാറ്റി വച്ചിരുന്നു. ഈ കമ്പനികളുടെ പ്രോജക്ട്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ചെയർമാനായുള്ള വർക്കിംങ്ങ്‌ ഗ്രൂപ്പ്‌ അംഗീകരിച്ച്‌ കൃഷി വകുപ്പിലേയ്ക്ക്‌ നൽകുകയും ചെയ്തിട്ടുള്ളതാണ്‌. അത്‌ ഇപ്പോഴും തത്‌ സ്ഥിതി തുടരുന്നു. നിയമസഭ പാസാക്കിയ ഈ തുക കാലവിളംമ്പം കൂടാതെ നൽകി ഈ  ഉത്പാദക കമ്പനികളെ സഹായിക്കണം എന്ന്‌ ഇവിടെ കൂടിയിരിക്കുന്ന ജനപ്രതിനിധികളോടു കൂടി ഞാൻ അഭ്യർത്ഥിക്കുകയാണ്‌. ബോർഡിൽ നിന്ന്‌ ടെക്നോളജി മിഷൻ വഴി മൂലധനത്തിന്റെ 25 ശതമാനം ധനസഹായം എല്ലാ കമ്പനികൾക്കും നൽകുന്നുണ്ട്‌. ആദ്യമായി അതിന്‌ അർഹത നേടിയ കൈപ്പുഴ കമ്പനിയുടെ വിഹിതം ഇന്ന്‌ ഇവിടെ വിതരണം ചെയ്യും.
നീര ടെക്നീഷന്യന്മാരെ പരിശീലിപ്പിക്കാനുള്ള ഒരു പദ്ധതി കൂടി ബോർഡിനുണ്ട്‌. അതിനും സംസ്ഥാന ഗവണ്‍മന്റിന്റെ സഹായം ആവശ്യമുണ്ട്‌. നമ്മുടെ ചെറുപ്പക്കാർക്ക്‌ പരിശീലനം കൊടുത്തില്ലെങ്കിൽ ആസാമിൽ നിന്നും മറ്റുമുള്ള സുഹൃത്തുക്കൾ ഈ മേഖലയിലേയ്ക്ക്‌ എത്തും.
നീര ഉത്പാദനത്തിന്‌ സംസ്ഥാന ഗവണ്‍മന്റിന്റെ അനുകൂലമായ ഈ കാൽവയ്പ്‌ കേരളത്തിന്റ ചരിത്രത്തിലും സാമ്പത്തിക വ്യവസ്ഥയിലും തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട സംഭവമായി ഇവിടുത്തെ കാർഷിക സമൂഹം വിലയിരുത്തുന്നു.42 ലക്ഷം കേര കർഷകരുടെ നന്ദിയും ആദരവും ഞാൻ ഗവണ്‍മന്റിനെ അറിയിക്കുന്നു. ആരോഗ്യകരമായ ഒരു ഭാവി ജീവിതം നീരയിലൂടെ എല്ലാ കേരളീയർക്കും ഉണ്ടാകട്ടെ എന്ന്‌ ആശംസിച്ചുകൊണ്ടാണ്‌ ചെയർമാൻ പ്രസംഗം അവസാനിപ്പിച്ചതു.
ചടങ്ങിൽ സംസ്ഥാന എക്സൈസ്‌ മന്ത്രി ശ്രീ. കെ ബാബു അധ്യക്ഷണായിരുന്നു. ചെത്തിയെടുക്കുന്ന നീര സംസ്കരിക്കാതെ വച്ചിരുന്നാൽ കള്ളായി മാറും എന്നതിനാൽ നീരയുടെ ഉത്പാദനവും സംസ്കരണവും തുടർന്നും എക്സൈസ്‌ വകുപ്പിന്റെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കും നടക്കുക എന്ന്‌ മന്ത്രി ബാബു അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. പ്രോഫ.കെവി തോമസ്‌ എം പി നീര ഉത്പ്പന്നങ്ങൾ പുറത്തിറക്കി. എംഎൽഎമാരായ ഡൊമിനിക്‌ പ്രസന്റേഷൻ, ബെന്നി ബഹനാൻ,  ലൂഡി ലൂയിസ്‌, ഹൈബി ഈഡൻ, മേയർ
ടോണി ചമ്മിണി, ജോയിന്റ്‌ എക്സൈസ്‌ കമ്മിഷണർ ഡി സന്തോഷ്‌, ഹോർട്ടി കോർപ്പ്‌ ചെയർമാൻ ലാൽ വർഗീസ്‌ കൽപകവാടി, എസ്‌ സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഡയറക്ടർ ഡോ. സി മോഹൻകുമാർ, നാളികേര കമ്പനികളുടെ കൺസോർഷ്യം ചെയർമാൻ ഷാജഹാൻ കാഞ്ഞിരവിളയിൽ, നീരകമ്മിറ്റി അംഗം ബാബു ജോസഫ്‌ എന്നിവരും നാളികേര കമ്പനികളുടെ ചെയർമാൻമാരും ചടങ്ങിൽ സംബന്ധിച്ചു. മുഖ്യ നാളികേരവികസന ഓഫീസർ ശ്രീ സുഗത ഘോഷ്‌ നന്ദി പറഞ്ഞു. നീരഉത്പ്പന്നങ്ങളടങ്ങുന്ന പൂക്കൂട നൽകിയാണ്‌ അതിഥികളെ വേദിയിൽ സ്വീകരിച്ചതു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...