21 Feb 2015

വിശ്വാസങ്ങളും നാളികേരവും


അഡ്വ. സന്ദീപ്‌ പി. കെ.

നാളികേരത്തിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ട്‌ നിരവധി ഐതീഹ്യങ്ങളുണ്ട്‌. പരശുരാമ മഹർഷി കേരളീയരുടെ ഉന്നമനത്തിനായി സ്വർഗ്ഗത്തിൽ നിന്നു കൊണ്ടു വന്ന ഫലമാണ്‌ നാളികേരം എന്നതാണ്‌ അതിലൊന്ന്‌. വിശ്വാമിത്ര മഹർഷി തന്റെ ദിവ്യശക്തിയാൽ കേരവൃക്ഷത്തെ സൃഷ്ടിച്ചെടുത്തത്താണെന്നത്‌ മറ്റൊരു ഐതീഹ്യം. ഓരോ ഫലങ്ങളും ഓരോ മനുഷ്യജന്മങ്ങളായി തീരണമെന്നും ഉദ്ദേശിച്ചിരുന്നുവത്രേ. എന്നാൽ വിഷ്ണു ഭഗവാൻ ഈ ഉദ്ദേശശുദ്ധിയുടെ  വരുംവരായ്കകളെപ്പറ്റി ആകുലനാവുകയും ഇത്തരത്തിൽ മനുഷ്യസൃഷ്ടി തുടർന്നാൽ അവർക്കു വേണ്ടതായ ഭക്ഷണത്തിന്‌ ഭാവിയിൽ ബുദ്ധിമുട്ട്‌ വന്നേക്കാമെന്ന്‌ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇനിയങ്ങോട്ട്‌ നാളികേരത്തിൽ നിന്നും മനുഷ്യ സൃഷ്ടി വേണ്ടെന്ന്‌ തീരുമാനത്തിലെത്തുകയും ചെയ്തു. എന്നാൽ നാളികേരത്തിന്‌ അർഹമായ പ്രാധാന്യം അതാതു മേഖലകളിൽ തുടർന്നും ഉണ്ടാവണമെന്ന്‌ തത്വത്തിൽ അംഗീകരിക്കുകയാറുന്നത്രെ.
നാളികേരം 'ശ്രീഫൽ', 'ലക്ഷ്മിഫൽ', 'നാരികേൽ' എന്നൊക്കെ അറിയപ്പെടുന്നു. ഹിന്ദു-പാർസി-സിക്ക്‌ തുടങ്ങി വിവിധ മതസ്ഥർ തങ്ങളുടെ വിശ്വാസപ്രമാണങ്ങളുടേയും ആചാരണുഷ്ഠാനങ്ങളുടേയും ഭാഗമായി നാളികേരം ഏതൊരു ശുഭകർമ്മത്തിനും ഉപയോഗിക്കാറുണ്ട്‌. അയ്യപ്പ സന്നിധിയിലേക്ക്‌ ഇരുമുടി കെട്ടുമേന്തി പോകുന്ന അയ്യപ്പൻമാർ, കെട്ടുനിറ തുടങ്ങി ദർശനാന്ത്യം വരെ വിവിധ ആവശ്യങ്ങൾക്കായി നാളികേരം ഉപയോഗിച്ചു വരുന്നു. നെയ്ത്തേങ്ങയായി ഉപയോഗിക്കുവാൻ നാളികേരത്തിന്റെ കണ്ണ്‌ തുരന്ന്‌ വെള്ളം കളഞ്ഞ്‌ ഉണങ്ങി, അതിൽ നെയ്‌ നിറച്ച്‌ കോർക്കിട്ട്‌ കൊണ്ടുപോകും. ശബരിമലയിൽ അയ്യപ്പന്മാർ അവരവരുടെ വരവിന്റെ എണ്ണമനുസരിച്ച്‌ യഥാക്രമം പടികളിൽ നാളികേരമുടയ്ക്കുന്ന പതിവുണ്ട്‌. പതിനെട്ടാം തവണ ദർശനം നടത്തുന്നയാൾ പതിനെട്ടാം പടിയിൽ നാളികേരം ഉടച്ചശേഷം ദേവസന്നിധിയിൽ ഒരു തെങ്ങിൻ തൈ നടും.
വിഘ്നങ്ങൾ മാറ്റാൻ വേണ്ടി നാളികേരം ഉടയ്ക്കാറുണ്ട്‌. പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ, പുതിയ വാഹനം വാങ്ങുമ്പോൾ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കു മുമ്പും വിഘ്നേശ്വരന്‌ മുന്നിൽ നാളികേരം ഉടയ്ക്കാറുണ്ട്‌.
വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങളിലാകട്ടെ പന്തീരടി പൂജ നടത്താറുണ്ട്‌. അത്‌ ദേവസന്നിധിയിൽ പന്ത്രണ്ടായിരം  നാളികേരം ഉടച്ചു കൊണ്ടാണ്‌. ഉടയ്ക്കുന്ന നാളികേരം പ്രസാദമായി ഭക്തർക്ക്‌ നൽകുന്ന പതിവുണ്ട്‌.
ഇളനീരാട്ടം എന്ന പൂജ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്‌. ഇളനീർ കൊണ്ട്‌ വിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്‌. 'കൊട്ടിയൂർ ആനയ്ക്ക്‌ ഒരു കൊട്ടത്തേങ്ങ' എന്നിങ്ങനെ ഭക്തന്മാർ നേർച്ച നേരാറുമുണ്ട്‌.
പൂമൂടൽ, മുട്ട്‌ അറക്കൽ എന്നീ ചടങ്ങുകളിലൂടെ പ്രശസ്തിയാർജ്ജിച്ച ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ മുട്ട്‌ അറക്കൽ ചടങ്ങ്‌ നടക്കുന്നത്‌ ഭക്തർ അർപ്പിക്കുന്ന നാളികേരം പൂജാരി ദേവസന്നിധിയിൽ ധ്യാനിച്ചുകൊണ്ട്‌ തറയിൽ ഉടച്ചുകൊണ്ടാണ്‌. നാളികേരം നെടുനീളെ പിളർന്നാൽ മുട്ടുകൾ ; മുടക്കങ്ങൾ തീർന്നു എന്നതാണ്‌ വിശ്വാസം. അങ്ങിനെ നെടുനീളെ പിളർന്നില്ലെങ്കിൽ പിളരുന്നതുവരെ നാളികേരം ഉടച്ചുകൊണ്ടിരിക്കും. നാളികേര മുറിപ്പാട്‌ നോക്കി ഫലം പ്രവചിക്കുന്ന പതിവുമുണ്ട്‌.
ആറന്മുള ക്ഷേത്രത്തിൽ മത്സ്യ ഊട്ടിനായി തേങ്ങാപ്പീര ഉപയോഗിക്കാറുണ്ട്‌. ബ്രാഹ്മണ വിവാഹചടങ്ങുകളിൽ നാളികേരം കുംഭത്തിലാക്കി വെക്കുന്ന പതിവുമുണ്ട്‌. തേങ്ങപ്പീര ഭർതൃവീട്ടുകാർക്ക്‌ വെറ്റിലയോടൊപ്പം മുറുക്കാൻ കൊടുക്കാറുണ്ട്‌.
കേരളത്തിൽ വിഷുകണി വെക്കുന്നതിലേക്ക്‌ നാളികേരമുടച്ച്‌ രണ്ടായി പിളർന്ന്‌ ആയതിൽ എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ മറ്റു കാണിക്കാഴ്ചകളോടൊപ്പം വെക്കുന്ന പതിവുമുണ്ട്‌. വിശിഷ്ട വ്യക്തികളെ ഹാർദ്ദമായി സ്വീകരിക്കുന്നതിലും താലപ്പൊലി എന്ന ചടങ്ങിലും നാളികേരത്തിന്റെ ഉപയോഗം കാണാം. നാളികേര വെള്ളത്തിൽ ഇട്ടുവെച്ചിരിക്കുന്ന പുഷ്പത്തിന്റെ നീക്കം നോക്കി ദോഷഫലങ്ങൾ പ്രവചിക്കുന്ന രീതിയും നിലവിലുണ്ട്‌.
കേരളത്തിനു പുറത്തും ശുഭകർമ്മങ്ങൾക്കും മറ്റും നാളികേരത്തിന്റെ പ്രസക്തി ഏറെയാണെന്ന്‌ കാണാം. ആസാമിലെ പല ക്ഷേത്രങ്ങളിലും നാളികേര പൂജ പതിവാണ്‌. വിശിഷ്ട വ്യക്തികളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുമ്പോൾ കുംഭത്തിന്‌ മുകളിൽ മാവിലയ്ക്കുള്ളിൽ ഒരു പൊതിച്ച നാളികേരം കൂടി വെയ്ക്കുന്ന പതിവുണ്ട്‌.
പഞ്ചാബിൽ പുതിയ കിണർ കുഴിക്കുമ്പോൾ ബഹുവർണ്ണ നൂലിൽ നാളികേരം കെട്ടിത്തൂക്കുന്ന പതിവും, പുഴ കരകവിഞ്ഞൊഴുകുമ്പോൾ രൗദ്രഭാവം ശമിക്കാൻ നാളികേരവും സ്വർണനാണയവും സമർപ്പിക്കുന്ന പതിവുണ്ട്‌. പുതുതായി കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ നാളികേരം, സ്വർണ്ണം എന്നിവ ആദ്യത്തെ കല്ലിന്റെ അടിയിൽ സൂക്ഷിക്കുന്ന പതിവുണ്ട്‌. ആന്ധ്രയിൽ കാളയ്ക്കും, നുകത്തിനും മുമ്പാകെ നാളികേരം ഉടയ്ക്കുന്ന ചടങ്ങിനെ എ#​‍ുവകപൂർണ്ണിമ എന്ന്‌ വിളിക്കുന്നു.
മണിപ്പൂരിൽ വരന്റെ കൈയിൽ സമർപ്പിക്കുന്ന നാളികേരം നാലാംദിവസം ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്ന പതിവുമുണ്ട്‌. പഞ്ചാബിലും രാജസ്ഥാനിലും വധുവിന്റേ അച്ഛൻ വരന്‌ സമ്മാനമയി സ്വർണ്ണം, പണം, പഞ്ചസാര, ഉണക്ക ധാന്യങ്ങൾ എന്നിവയോടൊപ്പം നാളികേരവും നൽകാറുണ്ട്‌. പുതുതായി കീലിടുന്ന കപ്പൽ, ആദ്യമായി റോഡിലിറക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കുള്ള പൂജയോടൊപ്പം നാളികേരം ഉടയ്ക്കാറുണ്ട്‌.
കേരളത്തിൽ അലങ്കാരങ്ങൾക്കായി നാളികേരം കുലയോടെ ഉപയോഗിച്ചു വരുന്നുണ്ട്‌. നാളികേരം വിവാഹശേഷം നിലത്തുരുട്ടുന്ന പതിവും വിവാഹാഘോഷങ്ങളിൽ പങ്കെടുത്തവർക്ക്‌ നാളികേരം സമ്മാനമായി കൊടുക്കുന്ന പതിവുമുണ്ട്‌.
മരണാനന്തര ചടങ്ങുകൾക്കുപോലും നാളികേരം ഉപയോഗിക്കാറുണ്ട്‌. ശവസംസ്ക്കാരത്തിനു മുമ്പ്‌ ജഡത്തിനു ചുറ്റും നാളികേരം പൊളിച്ച്‌ അതിൽ തിരിയിട്ട്‌ കത്തിച്ചു വെക്കുന്ന പതിവും ഉണ്ട്‌.
പരിശുദ്ധമായ നാളികേര വെള്ളം ഒരു  ദാഹശമനിയും രോഗശമനിയുമാണ്‌. നാളികേരത്തിന്റെ സർവ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്‌. ചകിരി, ചിരട്ട എന്നിവ ഇന്ധനമായും കാമ്പ്‌, വെള്ളം എന്നിവ ഭക്ഷ്യ പദാർത്ഥമായും ഉപയോഗിക്കുന്നു. ഇത്രത്തോളം ഉപയോഗപ്രദമായ മറ്റൊരു ഫലം ഒരു പക്ഷേ ലോകത്ത്‌ ഉണ്ടാവില്ല. അതുകൊണ്ട്‌ തന്നെ കേരളം എന്ന പേരിലും കേരളീയർ എന്ന വിളിപ്പേരിലും നമുക്ക്‌ അഭിമാനം കൊള്ളാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...