ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്, കൊച്ചി -11
വരു.... രൂപീകരിക്കാം നാളികേര ഉത്പാദകസംഘങ്ങൾ നാളികേരത്തിന്റെ നല്ല ഭാവിക്കായ്. കേരളീയരുടെ ദേവവൃക്ഷമായ തെങ്ങിന്റെ രക്ഷയ്ക്കായ് നാടെങ്ങും കേരകർഷക കൂട്ടായ്മകൾ നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ രൂപം കൊണ്ട് വരുകയാണല്ലോ. വർഷങ്ങളായി കേരകൃഷി ചെയ്യുന്ന കേരകർഷകർക്കില്ലായിരുന്ന ഒരു ജനകീയ അടിത്തറ പലസ്ഥലങ്ങളിലും വേരുപിടിച്ചു വരുന്നു. വിവിധ ചിന്താഗതിക്കാരും, രാഷ്ട്രീയ പാർട്ടിക്കാരും, സാമ്പത്തിക ചുറ്റുപാടുള്ളവരുമായ കേരകർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവയെ സുസ്ഥിരത കൈവരിക്കുന്നതുവരെ നടത്തികൊണ്ടു പോകുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. തട്ടുതട്ടുകളായി ചിതറി കിടക്കുന്ന പരിമിത സ്ഥലത്തുള്ള വീട്ടു വളപ്പിലെ തെങ്ങുകൃഷിയാണ് നമ്മുടെ നാട്ടിൽ അധികവും. കർഷക കൂട്ടായ്മയിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം ചെറുകിട - പരിമിത കർഷകരുടെ തെങ്ങിൽ നിന്നു വരുമാനം പരമാവധി ഉയർത്തുവാനും, ഉൽപാദന ക്ഷമത വർദ്ധന ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുകയുള്ളു എന്ന സത്യം നാമിനിയും വിസ്മരിച്ചു കൂട.
കേരകർഷകരുടെ പൊതുസാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആവശ്യങ്ങൾക്കും, അഭിലാഷങ്ങൾക്കും കൂട്ടായ ഉടമസ്ഥതയിലും, ജനാധിപത്യ നിയന്ത്രണത്തിലും നടത്തുന്ന സംരംഭങ്ങളിലൂടെ സാധിക്കാൻ സ്വമേധയാ രൂപീകരിക്കുന്ന സ്വതന്ത്ര സംഘടനയായിരക്കണം നാളികേരോൽപാദക സംഘങ്ങൾ. കേരകർഷക കൂട്ടായ്മയുടെ താഴെതട്ടിൽ പ്രവർത്തിക്കുന്ന അടിസ്ഥാന ഘടകമാണ് നാളികേര ഉൽപാദക സംഘങ്ങൾ. ഒരു ഉത്പാദക സംഘം എന്നാൽ 50 - 100 കേര കർഷകർ. അവരുടെ ഉടമസ്ഥതയിലുള്ള 15 - 20 ചെറുസംഘങ്ങൾ ചേർന്ന് കൂട്ടായ്മയുടെ മദ്ധ്യഘടകമായി പ്രവർത്തിക്കുന്ന ഫെഡറേഷനുകളും, 10 ഫെഡറേഷനുകൾ ചേർന്ന് ഒരു കേരഉൽപാദന കമ്പനിയും രൂപം കൊണ്ടുവരുന്നു. അതായത് ഒരു കമ്പനിയുടെ കീഴിൽ 10 ലക്ഷത്തോളം തെങ്ങുകളുണ്ടാവും. ഇപ്രകാരം മൂന്നു തട്ടിൽ പ്രവൃത്തിക്കുന്ന ജനാധിപത്യ നിയന്ത്രണത്തിലുള്ള കർഷക സംഘങ്ങൾ നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ രൂപീകരിച്ചു വരുന്നു. ഇനിയും തൽപറയായ കേരകർഷകർ പുതിയ പുതിയ സംഘങ്ങൾ രൂപീകരിച്ച് ഈ കർഷക കൂട്ടായ്മയായി കൂട്ടായ്മ ശക്തമാക്കാൻ കടന്നു വരുന്നു. ഇതിനകം 5784 കേരകർഷകസംഘങ്ങളും 311 ഫെഡറേഷനുകളും 15 കമ്പനികളും രൂപീകരിച്ചു കഴിഞ്ഞു. വരും കാലങ്ങളിൽ ഈ കൂട്ടായ്മകൾ ശക്തിയാർജ്ജിച്ച് ഒത്തൊരുമയോടെ പ്രവൃത്തിച്ചാൽ മാത്രമെ കൽപവൃക്ഷത്തെ ഉയർന്ന വരുമാനം തരുന്ന ഒരു ദേവവൃക്ഷമായി ഭാവിയിൽ നിലനിർത്താൻ കഴിയു.
വ്യക്തി സമൂഹത്തിനും, സമൂഹം വ്യക്തിക്കും, പരസ്പര സഹായത്തിലൂടെ സ്വശ്രയത്വം എന്നീ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിലൂടെ പടുത്തുയർത്തിയ സാമൂഹിക സാമ്പത്തിക സംരംഭമായി ഭാവിയിൽ കേരകർഷക കൂട്ടായ്മ മാറണം. എങ്കിൽ മാത്രമേ ഈ കൂട്ടായ്മയിൽ അർപ്പിതമായിരിക്കുന്ന കേരകൃഷിയുടെയും അതിനോടനുബന്ധപ്പെട്ട വ്യവസായങ്ങളുടെയും സമഗ്രവികസനം കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാകൂ. കേരകർഷകരുടെ പൊതു സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും കൂട്ടായ ഉടമസ്ഥതയിലും, ജനാധിപത്യ നിയന്ത്രണത്തിലും നടത്തുന്ന സംരംഭങ്ങളിലൂടെ സാധിക്കുവാൻ സ്വമേധയ രൂപീകരിക്കുന്ന സ്വതന്ത്ര സംഘടനയായിരിക്കണം ഈ കർഷക കൂട്ടായ്മകൾ.
ലോകത്ത് ആദ്യമായി കൂട്ടായ്മ ഉടലെടുത്തത് 1954ൽ ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിലെ റോച്ച്ഡെയിൽ എന്ന സ്ഥലത്തെ വ്യവസായിക വിപ്ലവത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട ഒരു കൂട്ടം പാവപ്പെട്ട നെയ്ത്ത് തൊഴിലാളികൾ കൂട്ടുകൂടി അവർക്ക് ആവശ്യമായ ആഹാരം വിതരണം ചെയ്യുന്നതിനായി രൂപം കൊണ്ടതാണ് ലോകത്തെ ആദ്യത്തെ കൂട്ടായ്മ അഥവാ സംഘം. കൂട്ടായ്മ എന്ന ഈ ആശയം ആദ്യം രൂപം കൊണ്ടത് സഹകരണ പ്രസ്താനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓവൻ എന്ന മഹാനിലാണ്. അദ്ദേഹം വിഭാവന ചെയ്ത സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും പാതയിലൂടെ പരസ്പര സഹായത്തിലൂടെ സ്വാശ്രയത്വം എന്ന ആശയത്തിലധിഷ്ഠിതമായ പ്രവർത്തനമാണ് കൂട്ടായ്മകളുടെ വിജയത്തിനാധാരം.
വീട്ടുവളപ്പിലെ ചുരുങ്ങിയ സ്ഥലത്ത് തെങ്ങുകൃഷി ചെയ്യുന്ന ചെറുകിട പരിമിത കർഷകരാണ് കേരളത്തിലെ ഭൂരിഭാഗം കേര കർഷകരും. പത്തുതെങ്ങുകളുള്ള കൂലി വേലക്കാരനും, വിദേശത്തു നിന്നു മടങ്ങിവന്ന പ്രവാസികളും, സർക്കാർ ഉദ്യോഗസ്ഥരുമെല്ലാ മടങ്ങുന്നതാണ് കേരകർഷകർ. വ്യത്യസ്ത മനോഭാവവും താൽപര്യവുമുള്ള ഇവരെ ഒരുമിച്ച് കൊണ്ടുപോയി കൂട്ടായ പ്രവർത്തനങ്ങളിലൂടെ കേര വികസനം സാദ്ധ്യമാകണമെങ്കിൽ സഹകരണ മൂല്യങ്ങൾ ഉൾകൊണ്ട് പ്രവൃത്തിക്കുന്ന ഒരു ശക്തമായ നേതൃത്വവും, അംഗങ്ങളുടെ നിസ്വർത്ഥമായ പ്രവൃത്തനവും അത്യാവശ്യമാണ്. ഏതൊരു കൂട്ടായ്മ പ്രസ്ഥാനത്തിന്റെയും നിലനിൽപ്പിനേയും, നടത്തിപ്പിനേയും നിയന്ത്രിക്കുന്ന ഒരു കൂട്ടം ചട്ടങ്ങളാണ് സഹകരണ തത്വങ്ങൾ. ഈ തത്വങ്ങൾ ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് തനതായ ഒരു തിരിച്ചറിവോ നിലനിൽപ്പോ ഉണ്ടാവുകയില്ല. ഈ തത്വങ്ങൾ കളാൺതരത്തിൽ രൂപം പ്രാപിച്ചവയും, ലോകമനസാക്ഷി പൊതുവേ അംഗീകരിച്ചതുമാണ്.
ഏതൊരു കൂട്ടായ്മയുടെ നിലനിൽപ്പിനെയും നടത്തിപ്പിനെയും നിയന്ത്രിക്കുന്ന, ലോക മനഃസാക്ഷി അംഗീകരിച്ച തത്വങ്ങൾ ഇവയാണ്.
* തുറന്നതും സ്വമേധയാ ഉള്ളതുമായ അംഗത്വം.
* അംഗങ്ങളുടെ ജനാധിപത്യ നിയന്ത്രണം.
* അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം.
* സ്വയംഭരണവും സ്വാതന്ത്രവും.
* സഹകരണ വിദ്യഭ്യാസവും,
വിജ്ഞാനവും പരിശീലനവും
* സംഘങ്ങൾ തമ്മിലുള്ള സഹകരണം.
* സാമൂഹ്യ പ്രതിബനദ്ധത
നാളികേര ഉൽപാദക സംഘങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഈ തത്വങ്ങൾ ഉൾക്കൊണ്ട് ഓരോ അംഗങ്ങളും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ നാളികേര മേഖലയിൽ സുസ്ഥിരമായ വികാസം സാദ്ധ്യമാകൂ. ഈ സത്യം മനസ്സിലാക്കി കേരകർഷകരുടെ കൂട്ടായ്മകൾ രൂപീകരിച്ച് അവരിലൂടെ പൂർണ്ണമായ കർഷക പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പിലാക്കുവാനും നാളികേര വികസന ബോർഡ് തുടക്കമിട്ടു കഴിഞ്ഞു. കഴിഞ്ഞ 3 വർഷമായി തൃത്താല സംവിധാനത്തിൽ പ്രവൃത്തിക്കുന്ന കമ്പനികളും, അതിനു താഴെയായി 10 മുതൽ 12 ചെറുസംഘങ്ങൾ ചേർന്ന് നാളീകേര ഉൽപാദന ഫെഡറേഷനുകളും, ഏറ്റവും താഴെ തട്ടിലായി നാളികേര ഉൽപാദക സംഘങ്ങളും നിലവിൽ വന്നു കഴിഞ്ഞു. ഇനിയും കൂടുതൽ കൂടുതൽ കർഷകർ സംഘടിച്ച് വിവിധ ജില്ലകളിൽ കൂടുതൽ ഉൽപാദക സംഘങ്ങും, ഫെഡറേഷനുകളും, കമ്പിനികളും രൂപം കൊടുക്കേണ്ടിയിരിക്കുന്നു.
ഓരോ പ്രദേശത്തേയും ജനസമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾകൊണ്ട് അവയുടെ സങ്കീർണ്ണതയും പ്രദേശികമായ പ്രത്യേകതകളും തിരിച്ചറിഞ്ഞു വേണം പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യുവാൻ. പ്രാദേശികമായ പ്രത്യേകതകളും പ്രവർത്തനങ്ങളും അതായത് കേരകർഷകർ ഉത്പാദക കമ്പനികളുടെ കീഴിൽ തൃത്താല സംവിധാനത്തിൽ സംഘടിക്കുക വഴി കുത്തകകളുടെ ചൂഷണത്തിൽ നിന്നും രക്ഷ നേടുവാനും ഉത്പാദന സംഘങ്ങളിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നാളികേരത്തിന് ന്യായമായ വില ഉറപ്പുവരുത്തുവാനും കഴിയും. 50 - 100 കർഷകരും അവരുടെ ഉടമസ്ഥതയിൽ 5000 തെങ്ങുകളുമാണ്. ഇത്തരത്തിലുള്ള 10- 15 സംഘങ്ങൾ ചേർന്ന് ഫെഡറേഷുകളും, പത്തു ഫെഡറേഷനുകൾ ചേരുമ്പോൾ ഒരു കമ്പിനിയും രൂപം കൊള്ളുന്നു. അതായത് ഒരു കമ്പിനിയുടെ കീഴിൽ ഏകദേശം 10 ലക്ഷം തെങ്ങുകളുണ്ടാവും.
ഒരു തെങ്ങിൽ നിന്ന് ഒരു ഇടീലിന് ഒരു നാളികേരം എന്ന നിലയിൽ ഓഹരി മൂലധനം ഓരോ കർഷകരും നൽകിയാൽ 10 ലക്ഷം തെങ്ങുകളിൽ നിന്ന് വർഷത്തിൽ 6 പ്രാവശ്യം വിളവെടുത്താൽ തന്നെ 60 ലക്ഷം നാളികേരം ലഭിക്കും. ഇന്നത്തെ വിലയ്ക്ക്, പതിനഞ്ചു രൂപാ നിരക്കിൽ 9 കോടി രൂപ ഓഹരി മൂലധനമായി കമ്പനികൾക്ക് സമാഹരിക്കാൻ കഴിയും. അംഗങ്ങൾ ഓരോരുത്തരും അവരവരുടെ തെങ്ങുകളുടെ എണ്ണത്തിനനുസരിച്ച് ഓഹരി എടുത്ത് സാമ്പത്തിക ഭദ്രതയിൽ പാങ്കളികളായെങ്കിൽ മാത്രമേ ഈ തൃത്താല കൂട്ടായ്മ സുസ്ഥിരമായി നിലനിൽക്കുകയുള്ളു
ഇങ്ങനെ മൂന്നു തലത്തിൽ വളർന്നു വരുന്ന കൂട്ടായ്മകൾ തമ്മിൽ ദൃഢമായ ബന്ധവും വ്യക്തമായ പ്രവർത്തിമേഖലകളും വേണം. സംഘങ്ങൾ തമ്മിലുള്ള സഹകരണം എന്ന തത്വം ഉൾക്കൊണ്ട് വേണം തൃത്താലസംഘങ്ങൾ പ്രവർത്തിക്കാൻ. ഓരോ തലത്തിലുള്ള സംഘങ്ങളുടെ പ്രവർത്തന മേഖലകൾ ഓരോ വർഷവും പൊതുയോഗത്തിൽ വിലയിരുത്തി നിശ്ചയിച്ച് വേണം പ്രവർത്തനങ്ങൾ തുടങ്ങാൻ. വില്ലേജ് തലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉൽപാദക സംഘങ്ങൾക്ക് തെങ്ങിൽ നിന്നുള്ള ഉൽപാദനക്ഷമത പരമാവധി വർദ്ധിപ്പിക്കുന്നതിനുള്ള, അതുപോലെത്തന്നെ ഓരോ പ്രദേശത്തേക്ക് യോജിച്ച ഇടവിള കൃഷി ചെയ്ത് കർഷകന്റെ വരുമാനം പരമാവധി ഉയർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂട്ടായി നടപ്പിലാക്കാൻ ശ്രമിക്കണം. മദ്ധ്യതലത്തിൽ പ്രവർത്തിക്കുന്ന ഫെഡറേഷനുകൾ, ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യൽ, തേങ്ങായും, കൊപ്രായും സംഭരിച്ച് വിപണനം, എന്നിവയിൽ ശ്രദ്ധിക്കണം. ഫെഡറേഷൻ തലത്തിൽ കർഷകരുടെ ഒരു വിപണി രൂപീകരിച്ചാൽ ഫെഡറേഷന്റെ പരിധിയിൽ വരുന്ന കർഷകരുടെ ഉൽപന്നങ്ങൾ സംഭരിച്ച് വിപണനം നടത്തി കർഷകർക്ക് ന്യായമായ വില ഉറപ്പു വരുത്താൻ കഴിയും. എന്നാൽ മുകളിലെത്തട്ടിൽ പ്രവർത്തിക്കുന്ന കമ്പനികൾ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉൽപാദനത്തിലും വിപണനത്തിലും ശ്രദ്ധകേന്ദ്രീകരിക്കണം. ഇപ്രകാരം ഓരോ തലത്തിലേയും കൂട്ടായ്മകളുടെ പങ്ക് വ്യക്തമായി നിർവചിക്കപ്പെട്ടുവേണം പ്രവർത്തനങ്ങൾ നടത്താൻ.
പ്രബുദ്ധരായ അംഗങ്ങളും, കഴിവുള്ള കാര്യനിർവഹണ ഉദ്യോഗസ്ഥരും, അർപ്പണ മനോഭാവമുള്ള ഭരണസമിതിയും ചേരുന്നതാണ് സംഘങ്ങൾ. ഇതിൽ ഭരണസമിതിയാണ് ഏറ്റവും പ്രധാന ഘടകം. കേരകർഷക കൂട്ടായ്മകളിലും നേതൃത്വംകൊടുക്കുന്ന ഭരണസമിതി തന്നെയാണ് വിവിധ തലങ്ങളിലെ പ്രധാന ഘടകം. ഈ കൂട്ടായ്മകളുടെ നിലനിൽപ്പും, ഭാവി പ്രവർത്തനങ്ങളും ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും എത്ര ഇച്ഛാശക്തിയോടും, കൂട്ടുത്തരവാദിത്വത്തോടും, പ്രവർത്തിക്കുന്നുവോ അതനുസരിച്ചിരിക്കും അതാവും കേരകൃഷിയുടെയും ഭാവി.