22 Feb 2015

കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല



ഡോ. സി.എൻ. മോഹനൻ നായർ
കാൻസർ രോഗ ചികിത്സാവിദഗ്ദൻ, കൊച്ചി

* ലോകാരോഗ്യ സംഘടന  (4.2.2015)
  കാൻസർ ദിനമായി ആചരിച്ചു
*  ഈ വർഷത്തെ മൂദ്രാവാക്യം
  "കാൻസർ നിയന്ത്രണം നമുക്ക്‌ അപ്രാപ്യമല്ല".

കഴിഞ്ഞ നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം തന്നേ കാൻസറിനെ ഭയത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. ഈ കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മഹത്തായ ഗവേഷണങ്ങൾ കാൻസർ രംഗത്ത്‌ ഇന്ന്‌ ഒരു പുതിയ ഉണർവ്വും ആത്മവിശ്വാസവുമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇന്ന്‌ നമുക്ക്‌ ലഭ്യമായ വിവരങ്ങൾ ശരിക്കും പ്രാവർത്തികമാക്കുകയാണെങ്കിൽ ഏകദേശം 50 ശതമാനത്തിലധികം കാൻസറുകളും പ്രതിരോധിക്കുവാൻ സാധിക്കും. കൂടാതെ 40 ശതമാനത്തിലധികം രോഗങ്ങളും ഭേദപ്പെടുത്തുവാൻ സാധിക്കും. ചുരുക്കത്തിൽ, ഏതാനും ചില കാൻസറുകൾ മാത്രമേ ജീവനു ഭീഷണിയാവുന്നുള്ളൂ.
കാൻസറും മൂന്നാം ലോകരാഷ്ട്രങ്ങളും
കഴിഞ്ഞ വർഷം ആഗോളതലത്തിൽ 142 ലക്ഷം പേർക്കാണ്‌ കാൻസർ ബാധിച്ചതു. ഏകദേശം 82 ലക്ഷം രോഗികൾ മരണമടഞ്ഞിട്ടുണ്ട്‌. ഇതിൽ പകുതിയോളം മരണങ്ങൾ അകാലത്തിലാണ്‌ (30-69 വയസ്സ്‌) സംഭവിക്കുന്നത്‌. കാൻസർ മൂലമുള്ള മരണങ്ങളിൽ 70 ശതമാനത്തിലധികം മൂന്നാം ലോക രാജ്യങ്ങളിലാണ്‌ ഉണ്ടാക്കുന്നത്‌. കാൻസറിനെക്കുറിച്ച്‌ നമ്മുടെ സമൂഹത്തിലുള്ള അജ്ഞതയാണ്‌ പ്രധാന കാരണം. അതിനാൽ കാൻസർ കൊണ്ടുണ്ടാവുന്ന മരണങ്ങളിൽ ഭൂരിപക്ഷവും നീതികരിക്കാൻ സാധിക്കാത്തവയും പ്രതിരോധിക്കുവാൻ സാധിക്കുന്നവയും ആണ്‌. ഇന്ത്യയിലെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല.
നാം എന്താണ്‌ ചെയ്യേണ്ടത്‌?
കാൻസറിനെക്കുറിച്ചുള്ള അവബോധം നമ്മുടെ ജനങ്ങൾക്കുണ്ടാവണം. കാൻസർ നിദാനങ്ങൾ, ആരംഭദശയിൽ രോഗനിർണ്ണയത്തിനുള്ള പ്രാധാന്യം, ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങൾ, സാന്ത്വനചികിത്സക്കുള്ള പങ്ക്‌ തുടങ്ങിയ വിവരങ്ങൾ സമൂഹത്തിൽ എത്തിക്കുവാൻ പരിശ്രമിക്കണം.
കാൻസർ നിദാനങ്ങളെക്കുറിച്ച്‌ വൈദ്യശാസ്ത്രത്തിന്‌ ശരിയായ അറിവുണ്ട്‌. പുകയിലയുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗം (വലിക്കുക, മുറുക്കുക, പൊടു വലിക്കുക) ആണ്‌ ഇന്ത്യയിൽ കാണുന്ന 35 ശതമാനം കാൻസറുകൾക്കും കാരണം. വായ്‌, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രാശയം, വൃക്ക, ആമാശയം, തുടങ്ങിയ അവയവങ്ങളേയാണ്‌ പുകയിലയുടെ ഉപയോഗം കൂടുതൽ ബാധിക്കുന്നത്‌. നിഷ്ക്രിയ പുകവലി (passive smoking)യും ശ്വാസകോശാർബ്ബുദത്തിനിടയാക്കാം. കുട്ടികൾ, സ്ത്രീകൾ, സഹപ്രവർത്തകർ തുടങ്ങിയവരേയാണ്‌ അന്യരുടെ പുകവലി അപായപ്പെടുത്തുന്നത്‌.
5 ശതമാനം കാൻസറുകൾക്ക്‌ കാരണം മദ്യത്തിന്റെ ദുരുപയോഗമാണ്‌. വായ്‌, തൊണ്ട, കരൾ, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാൻസറിന്‌ മദ്യം കാരണമാവുന്നു.
രോഗാണൂബാധ
ചില കാൻസറകൾക്ക്‌ കാരണം രോഗണുബാധയാണ്‌. സ്ത്രികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഗർഭാശയ ഗളകാൻശറിന്‌ (Cervical cancer) പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ്‌ (HPV) രോഗാണുബാധയാണ്‌. 2012ൽ ഏകദേശം 5.5 ലക്ഷം സ്ത്രീകൾക്ക്‌ ഈ കാൻസർ ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കൂടാതെ Hepatitis B & C വൈറസ്‌ (കരൾ കാൻസർ)  H. Pylori  (ആമാശയ കാൻസർ) തുടങ്ങിയ രോഗണുക്കളും കാൻസർ ഉണ്ടാവുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നു.
തെറ്റായ ഭക്ഷണരീതി
ചെറുപ്പത്തിലെ ശീലിച്ചു വരുന്ന തെറ്റായ ആഹാരരീതി മൂലം, ഗർഭാശയം, കുടൽ, പ്രോസ്റ്റേറ്റ്‌, അന്നനാളം, തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കീടനാശിനികളുടെ നീതികരിക്കാനാവാത്ത ഉപയോഗം പച്ചക്കറികളേയും, ഫല വർഗ്ഗങ്ങളേയും കൂടുതൽ വിഷമയമാക്കുന്നു. പൂരിതകൊഴുപ്പുകൾ ഉള്ള എണ്ണ, നാരു കുറഞ്ഞ ആഹാരം, ചുവന്ന മാംസം (പോത്ത്‌, പന്നി, ആട്‌, പശു) കൃത്രിമ നിറങ്ങൾ ചേർത്ത പാനീയങ്ങൾ, ഉയർന്ന ചൂടിൽ പൊരിക്കുന്ന ആഹാര സാധനങ്ങൾ തുടങ്ങിയവയും കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്ന്‌ ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ദുർമേദസ്സ്‌, അമിതഭാരം, വ്യായാമക്കുറവ്‌, അന്തരീക്ഷമലിനീകരണം തുടങ്ങിയവയും കാൻസറിലേക്ക്‌ നയിക്കാം.
പത്ത്‌ ശതമാനത്തിൽ താഴെ മാത്രം പാരമ്പര്യം ഒരു ഹേതു ആവുന്നുണ്ട്‌. ചുരുക്കത്തിൽ, ഭൂരിപക്ഷം കാൻസറുകളും നാം ക്ഷണിച്ചു വരുത്തുന്നതാണ്‌ എന്ന്‌ മനസ്സിലാക്കാൻ പ്രയാസം ഇല്ല.
കാൻസറിന്റെ സൊ‍ാചനകളും നേരത്തേയുള്ള രോഗനിർണ്ണയവും
ആരംഭത്തിലുള്ള രോഗനിർണ്ണയം ചികിത്സയെ കൂടുതൽ ഫലപ്രദമാക്കുന്നു. കാൻസറിന്റെ സൊ‍ാചനകളെക്കുറിച്ചും സ്ക്രീനിംഗിനെക്കുറിച്ചുമുള്ള അവബോധം ആവശ്യം ആണ്‌.
കാൻസർ സൊ‍ാചനകൾ
1.     മുഴകൾ, തടിപ്പുകൾ, (പ്രത്യേകിച്ച്‌ സ്ത്രീകളുടെ സ്തനങ്ങളിൽ)
2.     അസാധാരണമായ രക്തസ്രാവം
3.     ഉണങ്ങാത്ത വൃണങ്ങൾ
4.     മറുക്‌, അരിമ്പാറ- നിറത്തിലും, വലിപ്പത്തിലും, ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങൾ
5.     നീണ്ടുനിൽക്കുന്ന്‌ ശബ്ദമടപ്പും, വരണ്ട ചുമയും (പ്രത്യേകിച്ച്‌ പുകവലിക്കുന്നവരിൽ)
6.     മലമൂത്ര വിസർജ്ജനത്തിലുണ്ടാവുന്ന മാറ്റങ്ങൾ
7.    നീണ്ടുനിൽക്കുന്ന പനി, വിളർച്ച, കഴലകളിൽ വരുന്ന വീക്കം.
മേൽ സൂചിപ്പിച്ചിരിക്കുന്ന ലക്ഷണങ്ങൾ എപ്പോഴും കാൻസറിന്റേത്‌ ആവണമെന്നില്ല. സാധാരണ ചികിത്സകൊണ്ട്‌ ഈ പ്രയാസങ്ങൾ മാറുന്നില്ല എങ്കിൽ, തുടർ പരിശോധനകൾ കൃത്യമായി നടത്തുന്നതിൽ വിമുഖത പാടില്ല. ഇത്‌ രോഗം നേരത്തെ കണ്ടുപിടിക്കുവാൻ സഹായിക്കും.
എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതിന്‌ മുൻപ്‌ കാൻസർ രോഗം കണ്ടുപിടിക്കാൻ സ്ക്രീനിംഗ്‌ സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദവും, ഗർഭാശയഗള കാൻസറും വളരെ ആരംഭ ദശയിൽ തന്നെ രോഗനിർണ്ണയം നടത്തുന്നതിന്‌ സ്ക്രീനിംഗ്‌ സഹായിക്കുന്നു. 40 വയസ്സിന്‌ മുകളിലുള്ള സ്ത്രീകൾ 1-2 വർഷത്തിലൊരിക്കൽ മാമോഗ്രാഫിക്ക്‌ വിധേയമാകുക, 20 വയസ്സിന്‌ മുകളിലുള്ളവർ എല്ലാ മാസവും സ്തന സ്വയം പരിശോധന തുടങ്ങിയ മാർഗ്ഗങ്ങൾ സ്തനാർബുദത്തിന്റെ നേരത്തെയുള്ള രോഗനിർണ്ണയത്തിൽ നിർണ്ണായക പങ്ക്‌ വഹിക്കുന്നു. പാപ്പ്‌ സ്മിയർ (Pap Smear) പരിശോധന മൂലം, Cervical Cancer മാത്രമല്ല, ഈ കാൻസറിന്റെ മുന്നോടിയായിട്ടുള്ള രോഗാവസ്ഥ (Pre-Cancerous Condition)യേയും വളരെ നേരത്തെ കണ്ടുപിടിക്കുവാൻ സാധിക്കും. കുടൽ കാൻസർ (Colonoscopy) പ്രോസ്റ്റേറ്റ്‌ കാൻസർ (ശാരീരിക പരിശോധന), വായിലുണ്ടാവുന്ന കാൻസർ (ശാരീരിക പരിശോധന) എന്നീ രോഗങ്ങൾ വിവിധ പരിശോധന മാർഗ്ഗങ്ങളിൽ കൂടി നേരത്തേ രോഗനിർണ്ണയം സാധ്യമാവുന്നു.
നേരത്തേയുള്ള രോഗനിർണ്ണയം കൊണ്ടുള്ള പ്രയോജനങ്ങൾ
1.     രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.
2.     മരുന്നുകൾ കൊണ്ടുള്ള ചികിത്സ (ക്രീമോതെറാപ്പി) ചിലപ്പോൾ ആവശ്യം വരില്ല.
3.     ചില സന്ദർഭങ്ങളിൽ രോഗം ബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാൽ മതിയാകും (ശസ്ത്രക്രിയ, റേഡിയേഷൻ)
4.     ചികിത്സാ ചിലവും, ചികിത്സയുടെ കാലയളവും കുറയ്ക്കുവാൻ സാധിക്കും.
5.     മാനസിക സംഘർഷത്തിൽ കുറവ്‌, കൂടുതൽ ആത്മവിശ്വാസം
6.     കൂടുതൽ ഗുണനിലവാരം ഉള്ള ജീവിതം
7.     സാധാരണ ജീവിലത്തേലക്ക്‌ വേഗത്തിലുള്ള തിരിച്ചുപോക്ക്‌.
മികച്ച ചികിത്സ
എല്ലാ കാൻസർ ബാധിതർക്കും മികച്ച ചികിത്സ ലഭ്യമാവേണ്ടത്‌ ആവശ്യം ആണ്‌. എന്നാലിന്ന്‌ വളരെ കുറഞ്ഞ ശതമാനം രോഗികൾക്കേ നമ്മുടെ രാജ്യത്ത്‌ കൃത്യമായ ചികിത്സ കൃത്യമായ സമയത്ത്‌ ലഭിക്കുന്നുള്ളൂ. ഇന്ന്‌ കാൻസർ രംഗത്ത്‌ നാം നേരിടുന്ന പരാജയങ്ങളുടെ കാരണങ്ങളിൽ ശരിയായ ചികിത്സയുടെ അഭാവം ഒരു സുപ്രധാന ഘടകം തന്നെയാണ്‌.
ഫെബ്രുവരി 4 ലോക കാൻസർ ദിനം ആണ്‌. കാൻസർ നിയന്ത്രണം "നമുക്ക്‌ അപ്രാപ്യം അല്ല" എന്നുള്ള മുദ്രാവാക്യവുമായിട്ടാണ്‌ 2015ലെ ഈ ദിനം ആഘോഷിക്കുന്നത്‌.

Dr. C.N. Mohanan Nair M.D (AIIMS)
Consultant Oncologist
Specialist in Pain and Palliative Medicine

Visiting Consultant:
Specialists Hospital
Ernakulam Medical Centre
Krishna Hospital
Lakshmi Hospital
Sudheendra Medical Mission
Cochin Hospital
Port Trust Hospital
Indira Gandhi Co-operative Hospital

President:
 'G' Foundation for Cancer Care & Research

Medical Advisor:
CANCURE Foundation

Mob: 94465 02701
Email: cnmn2012@gmail.com


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...